Followers

Saturday, December 31, 2011

പിരിയാന്‍ എത്ര ദുഃഖം


ശ്രീദേവിനായർ


ജീവിതം നിഴലുകളായി,
ഞരമ്പുകളായി,ഓര്‍മ്മകളായി
മറ്റൊരാളിലേയ്ക്ക് പ്രവേശിക്കുകയാണ്!
ഇത്തിരി നേരത്തെ സൌഹൃദം
നൊടിനേരം കൊണ്ട്
ആത്മാവിന്റെ ഭാഗമായ ബന്ധങ്ങള്‍,
പ്രണയങ്ങള്‍,
ഒരേകാലത്തിന്റെ മാന്ത്രികത;
ഏതു മാന്ത്രിക വിരലുകളാണ്
ഈ കാലത്തില്‍ തന്നെ നമ്മെ ഒന്നിപ്പിച്ചത്?
പരിചിത ബന്ധങ്ങള്‍ക്കിടയില്‍ നാം
ഉറ്റവരായി,
പിരിയുമ്പോള്‍ നമുക്കെത്ര ദുഃഖം!
കാലങ്ങളായീ നാം ഒന്നായിരുന്നെന്ന
ധാരണയില്‍,
നാം ചിരകാല വ്യക്തികളാണെന്നു ധരിക്കുന്നു.
കാലം മാറുമ്പോള്‍
നാം വെറും പഴങ്കഥകള്‍ മാത്രം!
നമ്മെക്കുറിച്ചുള്ള മറ്റുള്ളവരുടെഓര്‍മ്മകളും
വൃത്തിഹീനമായ പാത്രങ്ങള്‍ പോലെ
എവിടെയോ ഉപേക്ഷിക്കപ്പെടുന്നു!