വി.രവികുമാർ
1912 നവംബർ 1
പ്രിയപ്പെട്ട ഫ്രൗളിൻ ബോവർ,
ഞാൻ ഇങ്ങനെ സംബോധന ചെയ്യുന്നതു കൊണ്ടു വിരോധം തോന്നരുതേ, ഈയൊരു സന്ദർഭത്തിലെങ്കിലും. കാരണം, നിങ്ങൾ പലപ്പോഴും ആവശ്യപ്പെട്ട പ്രകാരം, സ്വന്തം ജീവിതത്തെക്കുറിച്ചെഴുതാനാണെങ്കിൽ തികച്ചും വ്യക്തിപരമായ പലതും എനിക്കു പരാമർശിക്കേണ്ടിവരും; അവയൊക്കെ വെറുമൊരു ‘ഫ്രൗളിൻ ബോവറോ’ടു പറയാൻ എനിക്കു പറ്റുകയുമില്ല. മറ്റൊരു കാര്യം, ഈ പുതിയ സംബോധനാരൂപം അത്ര മോശമാണെന്ന് എനിക്കു തോന്നുന്നുമില്ല. അതല്ലെങ്കിൽ ഇത്രയും സംതൃപ്തിയോടെ, നീണ്ടുനില്ക്കുന്ന സംതൃപ്തിയോടെ എനിക്കിത് ആലോചിച്ചെടുക്കാനും കഴിയുമായിരുന്നില്ലല്ലോ.
എന്റെ ജീവിതമെന്നത് അടിസ്ഥാനപരമായി പറഞ്ഞാൽ എഴുതാനുള്ള ശ്രമങ്ങളായിരുന്നു, മിക്കപ്പോഴും പരാജയപ്പെട്ടവയും. പക്ഷേ എഴുതാത്ത സമയത്ത് നിലത്തു ചടഞ്ഞുവീഴുകയാണു ഞാൻ; പിന്നെയെന്നെ കുപ്പത്തൊട്ടിയിലേക്കെടുത്തിടുകയേ വേണ്ടു. എന്റെ കരുത്തുകൾ എന്നും വളരെ തുച്ഛമായിരുന്നു. അന്നതെനിക്കത്ര ബോധ്യമായിരുന്നില്ലെങ്കില്ക്കൂടി, വൈകാതെ എനിക്കു മനസ്സിലായി, എന്റെ മുഖ്യലക്ഷ്യമെന്ന് എനിക്കു തോന്നിയതു കൈവരിക്കാൻ മാത്രമുള്ള കരുത്തു ബാക്കിയുണ്ടാവണമെങ്കിൽ എല്ലാ വശത്തും ഞാനല്പാല്പം ലോഭിക്കേണ്ടിവരുമെന്ന്, എല്ലാ വശത്തും ഞാനല്പം ത്യജിക്കേണ്ടിവരുമെന്നും. അങ്ങനെ ചെയ്യാതെ ( എന്റെ ദൈവമേ, ഈയൊരൊഴിവുദിവസം പോലും എനിക്കു സമാധാനം കിട്ടുന്നില്ല; എനിക്കു ഡ്യൂട്ടി ഓഫീസറുടെ ജോലി തന്നിരിക്കുകയാണ്; ആളുകളുടെ വരവു തന്നെ, ഒരു കൊച്ചുനരകത്തെ അഴിച്ചുവിട്ടപോലെ.)എന്റെ ശക്തിക്കുമപ്പുറത്തേക്കു പോകാൻ ഞാനൊന്നു ശ്രമിച്ചുപോയാൽ, മുറിപ്പെട്ടവനും, നിന്ദിതനും, ബലഹീനനുമായി പിന്നോട്ടടിക്കുകയാണു ഞാൻ. അതേസമയം, തല്ക്കാലത്തേക്കെന്നെ അസന്തുഷ്ടനാക്കുന്ന അതേ വസ്തുത തന്നെയാണ് കാലാന്തരത്തിൽ എനിക്കാത്മവിശ്വാസം തരുന്നതും; കണ്ടെത്തുക അത്ര ദുഷ്കരമാണെങ്കില്ക്കൂടി എനിക്കായിട്ടെവിടെയോ ഒരു ഭാഗ്യനക്ഷത്രം നില്പ്പുണ്ടെന്നും, അതിന്റെ ദൃഷ്ടിയ്ക്കു കീഴിൽ ജീവിതം നയിക്കുക സാധ്യമാണെന്നുമുള്ള ഒരു ചിന്ത എനിക്കുണ്ടായിവരുന്നു. എഴുത്തിനു വേണ്ടി ഞാൻ ബലി കൊടുത്ത സംഗതികളുടെ വിശദമായ ഒരു പട്ടിക ഒരിക്കൽ ഞാൻ തയാറാക്കുകയുണ്ടായി; എഴുത്തിന്റെ പേരിൽ എനിക്കു വിലക്കപ്പെട്ട പലതിന്റെയും. ഇങ്ങനെയൊരു വിശദീകരണം കൊണ്ട് അവയുടെ നഷ്ടം സഹിച്ചുപോകാൻ എനിക്കു കഴിയുന്നു എന്നു വേണമെങ്കിലും പറയാം.
ഞാൻ മെലിഞ്ഞയാളാണെന്ന പോലെതന്നെ ( എന്നെപ്പോലെ മെലിഞ്ഞൊരാൾ എന്റെ പരിചയത്തിലില്ല, സാനിറ്റോറിയങ്ങൾ എനിക്കപരിചിതവുമല്ല) എഴുത്തിനെ സംബന്ധിച്ചിടത്തോളം ഉപരിപ്ളവമെന്നു പറയാവുന്ന, കവിഞ്ഞൊഴുകുന്ന എന്ന അർത്ഥത്തിൽ, യാതൊന്നും എന്റെ കാര്യത്തിലില്ല. എന്നെ ഉപയോഗപ്പെടുത്താനിച്ഛിക്കുന്ന, അഥവാ ഉപയോഗപ്പെടുത്തുന്ന ഒരതീതശക്തിയുണ്ടെങ്കിൽ അതിന്റെ കാരുണ്യത്തിനു കീഴ്പ്പെട്ടവനാണു ഞാൻ, ഒരുക്കിവച്ച ഒരുപകരണം എന്ന നിലയ്ക്കാണെങ്കിൽ അങ്ങനെയെങ്കിലുമായി. അതുമല്ലെങ്കിൽ യാതൊന്നുമല്ല ഞാൻ; ഭീകരമായ ഒരു ശൂന്യതയിലേക്ക് എടുത്തെറിയപ്പെടുകയാണു ഞാൻ.
ഇപ്പോഴിതാ, നിങ്ങളെക്കുറിച്ചുള്ള ചിന്തകൾക്കു കൂടി ഇടം കണ്ടെത്താനായി ഞാൻ എന്റെ ജീവിതത്തെ വിപുലപ്പെടുത്തിയിരിക്കുന്നു; ഉണർന്നിരിക്കുന്ന സമയത്തിൽ ഒരു കാൽ മണിക്കൂർ പോലുമില്ല ഞാൻ നിങ്ങളെക്കുറിച്ചോർക്കാത്തതായി; മറ്റൊന്നും തന്നെ ചെയ്യാത്ത കാൽ മണിക്കൂറുകൾ എത്രയോ. അതും പക്ഷേ, എന്റെ എഴുത്തിനോടു ബന്ധപ്പെട്ടാണിരിക്കുന്നത്; എന്റെ ജീവിതത്തെ നിർണ്ണയിക്കുന്നതു തന്നെ എന്റെയെഴുത്തിന്റെ കേറ്റിറക്കങ്ങളാണ്; ഊഷരമായ ഒരു കാലമാണെങ്കിൽ നിങ്ങളിലേക്കു തിരിയാനുള്ള ധൈര്യം തന്നെ എനിക്കുണ്ടാവില്ല...
എഴുതാൻ വേണ്ടി മാത്രമായി ഇണക്കിവച്ചിരിക്കുകയാണു ഞാൻ എന്റെ ജീവിതരീതിയെ; അതിൽ ഏതെങ്കിലും ഭേദപ്പെടുത്തലുകൾ ഞാൻ ചെയ്യുന്നുണ്ടെങ്കിൽ എന്റെ എഴുത്തിനോടു കൂടുതൽ ഇണങ്ങിച്ചേരാൻ വേണ്ടി മാത്രവുമായിരിക്കും. എത്ര ഹ്രസ്വമാണു കാലം; പരിമിതമാണ് എന്റെ കരുത്തുകൾ; ഓഫീസാകട്ടെ, ഒരു പേടിസ്വപ്നം; താമസിക്കുന്നിടം ഒച്ചയൊഴിയാത്തതൊന്നും; ഒരു നേർജീവിതം സാദ്ധ്യമല്ലെങ്കിൽ ഉപായത്തിൽ ഞെരുങ്ങിക്കടന്നുപോകാനുള്ള വൈദഗ്ദ്ധ്യം തന്നെ കാണിക്കണം. താൻ പറയാൻ ഉദ്ദേശിക്കുന്നതല്ല, സ്വന്തം ക്ഷീണമാണ് താനെഴുതുന്നതിൽ വ്യക്തമായും ഭംഗിയായും പ്രകടമാവുന്നതെന്ന തിരിച്ചറിവിന്റെ ശാശ്വതദുഃഖത്തിനു മുന്നിൽ സ്വന്തം നേരം വിദഗ്ദ്ധമായി ചിട്ടപ്പെടുത്തുന്നതിൽ നിന്നു ലഭിക്കുന്ന സംതൃപ്തി ഒന്നുമല്ലാതാവുന്നു...
ഇപ്പോഴും ഞാൻ അധികമൊന്നും പറഞ്ഞിട്ടില്ല, ഒരു ചോദ്യവും ഞാൻ ചോദിച്ചിട്ടില്ല; കത്തവസാനിപ്പിക്കേണ്ടിയുമിരിക്കുന്നു. പക്ഷേ ഒരുത്തരം പോലും, അതിലുമുറപ്പായി ഒരു ചോദ്യം പോലും നഷ്ടപ്പെടാൻ പോകുന്നില്ല. രണ്ടു പേർക്ക് അന്യോന്യം കാണാതെ, അന്യോന്യം സംസാരിക്കാതെ അന്യന്റെ ഭൂതകാലത്തിന്റെ വലിയൊരു ഭാഗം ശരിക്കുമൊരു മിന്നായം പോലെ വെളിപ്പെട്ടുകിട്ടുന്നുവെങ്കിൽ അതൊരുതരം ആഭിചാരം തന്നെ; അതു പക്ഷേ, പുറമേ തോന്നുന്നില്ലെങ്കിൽത്തന്നെ, ഒരു ദുർമന്ത്രവാദപ്രയോഗമാണ്; ഫലം സുനിശ്ചിതമെങ്കിൽക്കൂടി അപായഭീതി കൂടാതെ നാമതെടുത്തുപയോഗിക്കുകയുമരുത്. അതിനാൽ ഞാനതു വെളിവാക്കുന്നില്ല; നിങ്ങൾക്കതൂഹിക്കാനാവുമോയെന്നു നോക്കട്ടെ. ഏതു മാന്ത്രികസൂത്രവും പോലെ അത്ര സംക്ഷിപ്തമാണിതും. വിട; നിങ്ങളുടെ കൈത്തലത്തിനു മേൽ തങ്ങിനിന്നുകൊണ്ട് ഈ ആശിസ്സിനെ ഞാനൊന്നുറപ്പിക്കുകയും ചെയ്യട്ടെ.
സ്വന്തം, ഫ്രാൻസ് . കെ