Followers

Sunday, May 16, 2010

സ്ത്രീ അംഗീകാരം അർഹിക്കുന്നു


k m radha


സ്ത്രീ തന്റേതായ രീതിയിൽ അവളുടെ പ്രാധാന്യം തെളിയിക്കുന്നതോടെ പുരുഷൻ അവളെ അംഗീകരിക്കാൻ നിർബ്ബന്ധിതനായിത്തീരും. ആ അംഗീകാരം അവളുടെ മുന്നേറ്റത്തിന്‌ കൂടുതൽ ശക്തിപകരും.
പിതാ രക്ഷതി കൗമാരേ
ഭർത്താ രക്ഷതി യൗവ്വനേ
പുത്രോ രക്ഷതി വാർദ്ധക്യേ
നസ്ത്രീ സ്വാതന്ത്ര്യ മർഹതി
മനുസ്മൃതിയിൽ എഴുതിയിരിക്കുന്ന ഈ വരികളിലെ അവസാനഭാഗമായ 'ന സ്ത്രീ സ്വാതന്ത്ര്യമർഹതി' എന്ന വാക്യം മാത്രം പ്രാധാന്യത്തോടെ എടുത്ത്‌ പറഞ്ഞ്‌ സ്ത്രീകൾ സ്വാതന്ത്ര്യമർഹിക്കുന്നില്ല എന്ന നിഗമനത്തിലെത്തുകയാണ്‌ പലരും. സ്ത്രീയുടെ സ്വാതന്ത്ര്യത്തിന്‌ വിലങ്ങുവെയ്ക്കാനുള്ള ശ്രമത്തിൽ ഇത്തരം നിഗമനങ്ങൾ ഒട്ടും ശരിയായ രീതിയല്ല. കാരണം പിതാവും ഭർത്താവും പുത്രനും സ്ത്രീയെ സംരക്ഷിക്കണമെന്ന നിർദ്ദേശത്തിന്‌ ഊന്നൽ കൊടുക്കുന്ന ഈ വാക്കുകളിൽ സ്ത്രീ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുവാൻ മനുപോലും ഇന്നത്തെ പുരുഷ ജനങ്ങൾ കാണിക്കുന്ന താൽപര്യം പ്രകടിപ്പിച്ചിട്ടില്ല. സ്ത്രീയുടെ സംരക്ഷകനാകുന്നതിന്‌ പകരം അവളുടെ സ്വാതന്ത്ര്യത്തെ ഹനിച്ച്‌ അവളെ പരമാവധി ചൂഷണം ചെയ്യുവാനാണ്‌ പുരുഷന്റെ ശ്രമം. അതിന്‌ അവൻ മനുവിന്റെ വാക്കുകളിൽ പൈന്തുണ കണ്ടെത്തുന്നു.
തന്റെ കൽപനാ ശക്തിക്ക്‌ മുന്നിൽ സ്ത്രീ എന്നും കീഴ്പെട്ട്‌ നിൽക്കണമെന്നാണ്‌ പുരുഷൻ എന്നും ആഗ്രഹിക്കുന്നത്‌. ഒപ്പത്തിനൊപ്പമുള്ള ഒരു കാര്യത്തിനും അവൻ തയാറല്ല. സ്ത്രീ അവന്റെ പിന്നിൽ, അമ്മ, സഹോദരി, ഭാര്യ, കാമുകി തുടങ്ങി ഏത്‌ വേഷത്തിലായാലും ഒതുങ്ങിനിൽക്കണമെന്ന സ്വാർത്ഥ മോഹമാണ്‌ പുരുഷന്റേത്‌. അതിന്‌ സ്ത്രീ തയ്യാറല്ലെങ്കിൽ അവളെ കുത്തിനോവിക്കാനുള്ള തന്ത്രങ്ങൾ അവൻ മെനയുകയായി. അപവാദ പ്രചാരണമോ, ബുദ്ധിശക്തി കുറവേന്നോ, കഴിവില്ലായ്മയെന്നോ ഒക്കെ അവൻ ആരോപിക്കും.
സ്ത്രീകൾ പൊതുരംഗത്ത്‌ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്തും പുരുഷ മേധാവിത്വം സജീവമായി നിൽക്കുന്നെങ്കിൽ പഴയ കാലത്തെ അവസ്ഥ എന്തായിരിക്കും.
സ്ത്രീകൾക്ക്‌ അക്ഷരാഭ്യാസം നിഷേധിക്കപ്പെട്ട കാലഘട്ടം. കുടുംബ പ്രാരാബ്ധങ്ങളും അവഗണനയും അപമാനവും നിരക്ഷരതയും ശാപമായിരുന്ന കാലഘട്ടത്തിൽ സർഗപ്രക്രിയ നടത്തുക എന്നത്‌ സ്ത്രീയെ സംബന്ധിച്ചിടത്തോളം അസാധ്യമായിരുന്നു. എന്നിട്ടും അവൾ എഴുതി ശ്രദ്ധപിടിച്ചുപറ്റി. ആ കഴിവ്‌, അതിന്‌ പിന്നിലെ സാഹസികത സമ്മതിച്ചേ പറ്റു. ഇതുപോലെ പ്രതികൂലമായ സാഹചര്യങ്ങളിലൂടെയാണ്‌ അവൾ മുന്നേറുന്നത്‌. പുരുഷൻ തന്റെ അധികാര ഭാവം മാറ്റിവച്ച്‌ അവൾക്ക്‌ പൈന്തുണ നൽകിയാൽ അവളുടെ മുന്നേറ്റം എളുപ്പമാവും. പക്ഷേ അതിനവൻ തയ്യാറല്ല.
വീട്ടിലായാലും ഓഫീസിലായാലും അഭിപ്രായ വൈരുധ്യങ്ങൾ ഉണ്ടാകുമ്പോൾ പുരുഷനും സ്ത്രീയും ഒരുമിച്ചുള്ള സഹവർത്തിത്വത്തിന്‌ എന്നും പ്രസക്തിയുണ്ട്‌. ശക്തിയും, സൗന്ദര്യവും തമ്മിലുള്ള ചേർച്ചയ്ക്ക്‌ തടസ്സമായി നിൽക്കുന്നത്‌ പുരുഷന്റെ അഹംബുദ്ധിയും ധാർഷ്ട്യവുമാണ്‌.
തനിക്കെതിരെ പുരുഷൻ നടത്തുന്ന അടിച്ചമർത്തലുകളെയും ആക്രമണങ്ങളെയും കുറിച്ച്‌ സ്ത്രീ ബോധവതിയാവണം. ആ രീതിയിൽ അവളെ ബോധവത്ക്കരിക്കാൻ ശക്തമായ സ്ത്രീപക്ഷ രചനകൾ ഉണ്ടാവണം.
പുരുഷന്മാരെപോലെ കഴിവും തന്റേടവും ജീവിതാവബോധവും ബുദ്ധികൂർമ്മതയുമുള്ള എത്രയോ സ്ത്രീകൾ നമ്മുടെ ഇടയിലുണ്ട്‌. ആ കഴിവുകളെ അംഗീകരിക്കാനും ആദരിക്കാനും പുരുഷൻ തയ്യാറാവുകയാണ്‌ വേണ്ടത്‌. പുച്ഛത്തിന്‌ പകരം സഹജീവികളെന്ന ബോധം അവനിലുണ്ടാവണം. സ്ത്രീയെ വെറും ഒരു ഉപഭോഗ വസ്തുവായി കാണുന്ന ചിന്താഗതി മാറണം. അവളോട്‌ ദയവും വാത്സല്യവും സ്നേഹവും പ്രകടിപ്പിക്കണം. ഇതൊന്നും ചെയ്തില്ലെങ്കിലും അവളെ അടിച്ചമർത്താതിരിക്കാനുള്ള മനസ്സെങ്കിലും കാണിക്കണം. അസ്തിത്വത്തിന്‌ വേണ്ടി സ്ത്രീ ചെയ്യുന്ന പ്രവർത്തനങ്ങളെ അവൾക്ക്‌ എതിരായി പ്രയോഗിക്കാൻ ശ്രമിക്കാതിരിക്കണം.
പുരുഷന്റെ പൈന്തുണയും അംഗീകാരവും നേടിയെടുക്കുവാൻ സ്ത്രീ ചെയ്യേണ്ടത്‌ സ്ത്രീകളുടെ തന്നെ സഹകരണത്തോടെയും സഹായത്തോടെയും മുന്നോട്ട്‌ വരികയാണ്‌. സ്ത്രീകൾക്കായി സ്ത്രീകൾ തന്നെ നടത്തുന്ന വിദ്യാഭ്യാസ വ്യവസായ സ്ഥാപനങ്ങൾ, വാഹനങ്ങൾ അവരുടെ പ്രശ്നങ്ങൾ തീർക്കാൻ പ്രത്യേക കൗൺസലിംഗ്‌ സെന്ററുകൾ എന്നിവ ഈ മുന്നേറ്റത്തിന്‌ ഒരു പരിധിവരെ ശക്തിപകരും. സ്ത്രീ തന്റേതായ രീതിയിൽ അവളുടെ പ്രാധാന്യം തെളിയിക്കുന്നതോടെ പുരുഷൻ അവളെ അംഗീകരിക്കാൻ നിർബന്ധിതനായിത്തീരും. ആ അംഗീകാരം അവളുടെ മുന്നേറ്റത്തിന്‌ കൂടുതൽ ശക്തി പകരും.
(ശക്തിയും സൗന്ദര്യവും തമ്മിലുള്ള ചേർച്ചക്ക്‌ തടസ്സമായി നിൽക്കുന്നത്‌ പുരുഷന്റെ അഹംബുദ്ധിയും ധാർഷ്ട്യവുമാണ്‌.)