Followers

Sunday, May 16, 2010

നിശാഗന്ധികൾ പൂക്കുന്നു


mathew nellickunnu

പട്ടണത്തിലെ രാവുകൾ സജീവമാക്കുന്ന ഒരു നൃത്തകേന്ദ്രത്തിലേക്ക്‌ സുഹൃത്തുമൊത്ത്‌ സാംസൺ കടന്നുചെന്നു. കയറവെ അകത്തുനിന്നും മലയാളിച്ചുവയുള്ള ഒരു ഏമ്പക്കം ഉയരുന്നതുകേട്ടു. നൃത്തശാലയിലോ ബാറിലോ നിന്നായിരുന്നില്ല ശബ്ദം പുറപ്പെട്ടത്‌. ആ നൃത്തശാലയിൽ പ്രത്യേകം രഹസ്യമുറികൾ നിർമ്മിച്ചിട്ടുണ്ട്‌. ആ രഹസ്യ അറകളിലെ നിമിഷങ്ങൾ വിലപിടിപ്പുള്ളതാണ്‌. അതിൽ ചിലവഴിക്കുവാൻ ധാരാളം പണം കൊടുക്കണമെന്നാണ്‌ ചട്ടം.
കുടവയറനായ അച്ചായൻ ഷർട്ടിന്റെ ബട്ടനുകൾ ഇട്ടുകൊണ്ട്‌ മുറിയിൽ നിന്നും ഇറങ്ങിവന്നു. "അച്ചായനെന്താ മലയാളത്തിൽ ഏമ്പക്കം വിടുന്നത്‌. ഇത്‌ സായിപ്പിന്റ ആലയമാണെന്ന്‌ അറിഞ്ഞുകൂടെ. അതിനെ മലയാളികരിക്കുന്നത്‌ ശരിയാണൊ?" സാംസൺ പരിഹാസപൂർവ്വം ചോദിച്ചു.
"തൂശനിലയിൽ വിളമ്പിയ ചോറും കറികളും പായസവും കുംഭനിറയെ കയറ്റിക്കഴിയുമ്പോൾ എവിടെയാണെങ്കിലും വിസ്തരിച്ച്‌ രണ്ടേമ്പക്കം മലയാളത്തനിമയിൽ വിടണം. അതിപ്പോൾ അലാസ്ക്കായിലായിലും അറ്റ്ലാന്റായിലായാലും ഞാൻ വിട്ടിരിക്കും. എനിക്ക്‌ തൃപ്തിയായതിന്റെ സൈറനടി നാലാൾ അറിയണമല്ലേ."
"അകത്തെ മുറിയിൽ നല്ല സദ്യയാണെന്നാണൊ അവകാശവാദം?"
അച്ചായന്റെ പ്രതികരണം. "അകത്തു കയറി രുചിച്ചു നോക്കു. അപ്പോൾ വിവരം അറിയും. ഞങ്ങൾക്കും വിസ്തരിച്ച്‌ നാല്‌ ഏമ്പക്കം വിടണമല്ലോ. നോക്കാം."
"ഏതു സായിപ്പിന്റെ നാടായാലും നിരത്തിൽ നാലാൾ കൂടി നിന്ന്‌ മൂത്രമൊഴിക്കുന്ന മലയാളിത്തനിമ താങ്കൾ മറന്നു കഴിഞ്ഞുവൊ? "ഞാനിതൊന്നും മറന്നിട്ടില്ല. അതിന്റെ സുഖം വല്ലപ്പോഴും പാർക്കു ചെയ്തിരിക്കുന്ന കാറുകളുടെ ഇടയിൽ പരീക്ഷിക്കാറുമുണ്ട്‌." അച്ചായൻ തന്റെ പ്രതാപം പ്രഖ്യാപിക്കുകയാണ്‌.
"മെയിലെടുക്കാനും ഗാർബേജ്‌ വെക്കാനും സായിപ്പ്‌ കളിയാക്കുന്ന പാവാട ഉടുത്തുതന്നെയാണ്‌ ഞാൻ വീടിന്‌ വെളിയിൽ ഇറങ്ങാറ്‌. മുണ്ടുടുത്ത്‌ മടക്കികുത്തി നടക്കുന്ന സുഖം സായിപ്പിന്‌ അറിയുമോ. കൈലീകരണം കേരളത്തിൽ നിന്നും മറയുന്നതിന്റെ പ്രസക്തി മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ട്‌." "അച്ചായൻ ലോകമലയാളി എന്ന്‌ വിശേഷണത്തിന്‌ തികച്ചും അർഹനാണ്‌."
അച്ചായന്‌ എല്ലാറ്റിനും പ്രതികരണമുണ്ട്‌. അതുടൻ പറയും.
"കടലിൽ ചെന്നാൽ നക്കിക്കുടിക്കുന്ന സ്വഭാവം എനിക്കില്ല. ഞാൻ അമേരിക്കയിൽ വന്നത്‌ ഇവിടത്തെ സുഖസൗകര്യങ്ങൾ ആസ്വദിക്കാനാണ്‌. കിട്ടാവുന്നിടത്തോളം കോരിക്കുടിക്കണം. പിന്നെ മോന്തിക്കുടിക്കണം. ഒരു ലോകമലയാളിയുടെ കാഴ്ചപ്പാട്‌ ഇതൊക്കെ തന്നെയാ."
"നാടിന്റെ പൈതൃകങ്ങൾ എവിടെ ചെന്നാലും മറക്കാതിരിക്കുക, കൈയ്യിലിരിക്കുന്ന തുറുപ്പു ഗുലാൻ പരുവംപോലെ എടുത്ത്‌ പ്രയോഗിക്കുക. ഇതൊക്കെയാണ്‌ എന്റെ സിദ്ധാന്തം. പക്ഷെ നാലു പേഗ്ഗ്‌ ഉള്ളിൽ ചെന്നിരിക്കണം. "അച്ചായൻ വിടുന്നില്ല."
"പള്ളിയാണ്‌ എന്റെ പ്രവർത്തനമണ്ഡലത്തിന്റെ ആദ്യത്തെ ചുവടുവയ്പ്‌. അവിടെ വികാരിയച്ചന്‌ മീൻകറിയും പലഹാരങ്ങളും നൽകി സൽക്കരിച്ചപ്പോൾ ഞാൻ അവിടത്തെ സ്ഥിരം നേതാവായി. അവിടെനിന്നും എന്റെ പ്രവർത്തന മണ്ഡലം സാമൂഹികസേവനത്തിലേക്ക്‌ തിരിഞ്ഞു. സമൂഹത്തെ ഉദ്ധരിക്കുക എന്നതാണ്‌ എന്റെ ഇപ്പോഴത്തെ പ്രധാന അജണ്ട. അതോടൊപ്പം അമേരിക്കൻ ജീവിതത്തിലേക്കുള്ള നുഴഞ്ഞുകയറ്റത്തിന്റെ ഭാഗമാണ്‌ ഇതുപോലത്തെ സ്ഥാപനങ്ങളിലേക്കുള്ള എന്റെ നിത്യസന്ദർശനങ്ങൾ. ക്രമേണ ഇത്തരം സ്ഥാപനങ്ങൾ സ്വന്തമാക്കുവാനും ഞാൻ ഉദ്ദേശിക്കുന്നു. എളുപ്പത്തിൽ മണ്ടന്മാരുടെ കാശ്‌ പോക്കറ്റിലാക്കാൻ ഇത്തരം നിശാസംവിധാനങ്ങൾ ഉപകരിക്കും. ആർജ്ജിക്കുവാനുള്ള പഴുതുകൾ ഇവിടെ ഉറങ്ങിക്കിടപ്പുണ്ട്‌. എളുപ്പത്തിൽ പണം സമ്പാദിക്കുക അതാണെന്റെ ഇപ്പോഴത്തെ തന്ത്രം. നിങ്ങൾക്ക്‌ താൽപര്യമെങ്കിൽ എന്റെ പ്രോജക്ടിൽ പങ്കുകാരനാവാം. പലതും നേടിയെടുക്കാം."
സാംസണും മനസ്സിൽ ചാഞ്ചാട്ടം. ആശങ്കയോടെ പറഞ്ഞു. "അച്ചായൻ രണ്ട്‌' 'ചിപ്പാസിയം' കൂടി അകത്താക്കിയപ്പോൾ കൂടുതൽ വാചാലനായി."
"അച്ചായാ ഇത്തരം പരീക്ഷണങ്ങളിൽ ഞങ്ങൾക്കും താൽപര്യമുണ്ട്‌."
അതുകേട്ടപ്പോൾ അച്ചായൻ ആനന്ദതുണ്ടിലനായി.
"അങ്ങനെ നിങ്ങൾ നല്ലവഴിക്കുവാ. നമ്മളൊത്തൊരുമിച്ചു നിന്നാൽ എല്ലാ നിശാഗന്ധികളും പൂക്കുന്ന ഒരു പൂന്തോട്ടം നമുക്കുണ്ടാക്കാം. നല്ല പൂക്കളൊക്കെ പറിച്ചു കീശയിലാക്കാം. പൂന്തോട്ടത്തിൽ പാറിപ്പറന്നു നടക്കാം കൂടുന്നോ? ശരിക്കും വിലസാം.
-സാംസൺ ആലോചനയിൽ മുഴുകി.