Followers

Sunday, May 16, 2010

കവിത


b sreerekha

തിരശ്ശീല

ജൂലൈ,
ഒരു മെയിലാഞ്ചിമരം നിറയെ മഴയെ
എനിക്കു തരിക
എന്റെ ഇമകളിൽ
ഒരു കടുംപച്ച വിരിയായ്‌
മഴയെ എനിക്കു വിരിച്ചിടണം.
എന്റെ കണ്ണുകൾക്കും ദൃശ്യങ്ങൾക്കും ഇടയ്ക്ക്‌
ജലംകൊണ്ട്‌ ഒരു തിരശ്ശീല കെട്ടാൻ.
ഒരു മെയിലാഞ്ചിമരം നിറയെ മഴയെ മാത്രം
എനിക്കു തരിക.


ജനൽ

ബി.ശ്രീരേഖ

ജനൽ,
നിനക്കറിയാമെല്ലാമെന്ന്‌ എനിക്കറിയാം.
നിന്റെ അഴികളിൽ
നെഞ്ചമർത്തി നിന്നാണു ഞാൻ
ദൂരെ മലമുകളിൽ
തീ കത്തിയെരിയുന്ന കാടിനെ നോക്കിയത്‌
ചിലപ്പോഴൊക്കെ നീ
ഒരു കണ്ണാടിയായിരുന്നു.
നിന്നെ തുറന്നിട്ടപ്പോൾ
ഞാൻ ഹൃദയം കണ്ടു-
ചിലപ്പോഴൊക്കെ
എന്റെ കണ്ണുകൾ തുറക്കുന്ന പോലെ
ഞാൻ നിന്റെ ചില്ലുപാളികൾ തുറന്നിട്ടു
ഞാൻ കാണാനാശിച്ച ചിത്രം
ആൽബത്തിലെ പ്രിയപ്പെട്ട താൾ പോലെ
നീ ഒരു ചതുരത്തിലാക്കി
മുന്നിൽ വിടർത്തിവച്ചു.
ചില നേരത്ത്‌,
മഴ പെയ്ത സന്ധ്യകളിൽ നീ
മരിച്ച കുട്ടി പാതി വരച്ചുപോയൊരു
ജലച്ചായ ചിത്രമാണെന്ന്‌ എനിക്കു തോന്നി.
നിറങ്ങളില്ലാത്തിടത്ത്‌
ഞാൻ എനിക്കിഷ്ടമുള്ള ചായങ്ങൾ കൊടുത്തു.
ജനൽ,
നിനക്കറിയാമെല്ലാമെന്ന്‌ എനിക്കറിയാം.
മഴയല്ലായിരുന്നു
നിന്റെ വെള്ളവിരികളെ കരിമ്പനടിപ്പിച്ചതെന്ന്‌....