Followers

Sunday, May 16, 2010

അരവിന്ദരൂപം

m k janardanan


വായനയുടേയും വളർച്ചയുടേയും ഇലപൊഴിയും കാലത്തിനുശേഷം കരിനീലം പുതഞ്ഞ ആകാശം കാൺകെ പ്രപഞ്ചം മാത്രമാണ്‌ ശാശ്വതമായിട്ടുള്ളതെന്നു അരവിന്ദനു തോന്നി. പ്രപഞ്ചം ശിവമാണെന്നു തോന്നി. ശിവം സുന്ദരമാണെന്നും സത്യം ശിവം സുന്ദരമായി താൻ ആകാശം നിറഞ്ഞു മുറ്റിയെന്നും തോന്നി. താനിപ്പോൾ സർവ്വം ശിവമയമായിരിക്കുന്നു. യാത്രയുടെ അന്ത്യഘട്ടത്തിൽ മാനസസരോവരത്തിന്റെ കരയിലെത്തിയിരുന്നു അയാൾ അപ്സര സ്ത്രീകളുടെ മനസ്സറിഞ്ഞ്‌ അവർക്കു കുളിക്കാൻ ബ്രഹ്മാവ്‌ നിർമ്മിച്ച സരസ്സാണിത്‌. തടാകം ഉറഞ്ഞ ഹിമപാളികൾ വിണ്ടുകീറി ഇടയിൽ ഇന്ദ്രനീല പട്ടുസാരി നീട്ടി വിരിച്ചിട്ടതുപോലെ അലൗകിക ഭംഗികൾ വിതറിനിന്നു. മുന്നിലേകാഴ്ചയിൽ കൈലാസ ശൈലം. ഇഹത്തിലെ പുണ്യാത്മാക്കൾ ലൗകിക ബോധങ്ങളെ പിഴിഞ്ഞൂറ്റി തീർത്ഥാടകരായി വന്നെത്തുന്നു. ഉറുമ്പുകളെപോലെ കൈലാസപരിക്രമണങ്ങളിലേർപ്പെടുമ്പോൾ, അവരെപ്പോലെ അവിടെയെത്തി മോക്ഷം നേടാൻ ഇനി ഏറെ ദിവസങ്ങൾ കഴിയേണ്ട. ഇപ്പോൾ തന്റെ സ്വപ്നത്തിനും മുക്തിക്കും ഇടയിലുള്ള ഐഹികമോഹങ്ങളെ പൂർണ്ണമായും മായ്ച്ചുകഴിഞ്ഞിരുന്നു. ശേഷ ജീവിതത്തെ ഒരു അദ്വൈതിയെപ്പോലെ സസന്തോഷത്തോടെ ഉൾക്കൊള്ളേണ്ടതാണ്‌. എന്നാൽ പരിക്രമണപഥങ്ങളിലേക്കു എത്തും മുമ്പ്‌ മൃൺമയമായ അനുഭവങ്ങളുടെ മൂടൽമഞ്ഞുകൾ ഹൃദയപാളികൾക്കുമേൽ ഇനിയും പാടപോലെ പറ്റിക്കിടപ്പുണ്ടായിരുന്നു അവിടെ- ആ സ്വർഗ്ഗസംഗമങ്ങളിൽ നിന്നുകൊണ്ടയാൾ വെറുതെ ലോകത്തെക്കുറിച്ച്‌ വീണ്ടും ഓർത്തുപോയി. മൃഗങ്ങൾക്കും പക്ഷികൾക്കും ആത്മസത്യമുണ്ടായിരുന്നു. കുറ്റിക്കാട്ടിലെ വിശന്നസിംഹം വിശപ്പിന്റെ പ്രതിസന്ധിയിൽ മാത്രമാണ്‌ മാൻ കൂട്ടങ്ങളിൽ ഒന്നിനെ മാത്രം കൊന്നു ഭക്ഷിച്ചതു. ബാക്കിയുള്ളവയെ സ്വതന്ത്രരാക്കി. ബുദ്ധിയും സദാചാരനിഷ്ഠയില്ലെങ്കിലും സത്യമുണ്ട്‌. ചെന്നായ്‌ മാളത്തിൽ ഒരു മനുഷ്യക്കുഞ്ഞിനെ മുലയൂട്ടിവളർത്തിയ സംഭവകഥതന്നെയുണ്ട്‌. സസ്യമാകട്ടെ പുഷ്പസുഗന്ധവും കായ്കനികളും കൊടുത്ത്‌ മനുഷ്യരേയും പക്ഷിമൃഗാദികളേയും ഊട്ടിവളർത്തുന്നു. നാദമധുരം തൂകി പക്ഷികൾ ലോകത്തെ ഉണ്മയിലേക്കു ഉണർത്തുന്നു. കുട്ടിക്കാലത്ത്‌ ഓടിക്കളിക്കുമ്പോൾ അരവിന്റെ തലയിലേക്കു ഒരു ചമ്പക മരം പൂക്കളെ ഉതിർത്തിയിട്ടു. അതിലൊന്നെടുത്തു മൂക്കിൽ ചേർത്തപ്പോൾ ശ്വാസം കയറിയിരങ്ങുന്ന തലച്ചോറിലെ ബോധവും പവിത്രമാകുന്നതുപോലെ അരവിന്ദനു തോന്നി. പുഷ്പങ്ങളുടെ ആരാധകനായി ഒരു ചമ്പകത്തൈ നട്ടു നനച്ചുവളർത്തി. പിച്ചി മുല്ല എല്ലാം പൂ ചൂടി സുഗന്ധം പെയ്ത്‌ മനസ്സുനിറയുകയായിരുന്നു. പൂക്കളെ മാത്രമല്ല ജീവികളേയും സ്നേഹിച്ചു ഒരു കണ്ടൻപൂച്ച വളർന്നു തടി മുറ്റിയപ്പോൾ വീട്ടിൽ വിരുന്നുവന്ന ഒരുവന്റെ കരിനാവു ഫലിച്ചു.
"ഹൊ ഇവൻ ഇത്രക്കു കേറിയങ്ങുമെഴുത്തല്ലോ. ആദ്യം കാണുമ്പൊ കുഞ്ഞായിരുന്നല്ലോ"
ആ കരിനാക്കു പിഴാൻ തോന്നിയെങ്കിലും അതിഥിയെ പിണക്കിയില്ല. ജലപാനം തൊടാതായ പൂച്ച മൂന്നു നാൾ തൂങ്ങിനിന്നു. ടാക്സിപിടിച്ചു മൃഗാശുപത്രിയിലേക്ക്‌ അരവിന്ദൻ പൂച്ചയേയും നെഞ്ചത്തടക്കി ഓടി. പൂച്ചയെ നാറ്റം ബാധിച്ചിരുന്നു. അത്‌ നെഞ്ചിൽ ചേർത്തു സഹിച്ചു. 100-150 രൂപയുടെ ചെലവ്‌. ഡോക്ടർ പറഞ്ഞപോലെ മരുന്നും സിറിഞ്ചും വാങ്ങാനോടി തിരികെവരുമ്പോൾ തൊട്ടടുത്ത പറമ്പിൽ പോയി തൂങ്ങിനിൽക്കുന്നു. മതിൽചാടിക്കടന്ന്‌ സാഹസപ്പെട്ടും പിടിച്ചു കൊണ്ടുവന്നു. ഡോക്ടർ ഇഞ്ചക്ഷൻ നൽകി. തിരിച്ചു വീട്ടിൽ വന്നു നെഞ്ചിൽ നിന്നും ഇറക്കി ഉമ്മറത്ത്‌ നിർത്തി. ഉടുപ്പിലെ നാറ്റം കഴുകി കുളിച്ചുതോർത്തി വരുമ്പോൾ അവനെ കാണാനില്ല. രണ്ടു നാലു നാൾ തിരക്കിയിട്ടും കണ്ടെത്തിയില്ല. ഒരു ദിവസം ഒരു വഴിപോക്കൻ കയറിവന്നു പറഞ്ഞു. നിങ്ങടെ പൂച്ച ദേ രണ്ടു വീടിനപ്പുറം വാഴത്തോട്ടത്തിൽ ചത്തു കിടക്കുന്നു. വാർത്ത കിട്ടിയതേ ഓടി കണ്ടെത്തി. താൻ അരുമയാക്കി ലാളിച്ചവൻ ചത്ത്‌ ഈച്ചയാർത്ത്‌ കിടക്കുന്ന ദാരുണമായ കാഴ്ചയിൽ ദുഃഖത്തോടെ ഒരു നിമിഷം. പിന്നെ ഉചിതമായി സംസ്കരിച്ചു. അവനു നിത്യശാന്തി നേർന്ന്‌ തലക്കൽ സാമ്പ്രാണിയെരിച്ചു. എന്റെ ദീർഘദർശിയായിരുന്ന ഈ സാധു. സ്വഗൃഹത്തിൽ മരണദോഷമാർജ്ജാര പ്രേതശല്യവും ഉണ്ടാകാതിരിക്കാൻ മരണ പീഡകളിലും അവൻ ശ്രദ്ധിച്ചിരിക്കുന്നു. എന്തിനോടും ഏതിനോടുമുള്ള അദമ്യ രാഗം, അന്യദുരിതം, അന്യവിശപ്പ്‌ പീഡകൾ അന്യരുടെ അത്യാഹിതങ്ങൾ (തന്റെയല്ല) എല്ലാം അരവിന്ദന്റെ ദുഃഖമാണ്‌. എന്തെന്നാൽ കടലിലേക്കു ഊളിയിട്ടു നീന്തുന്ന മത്സ്യത്തെപ്പോലെ അയാൾ സമഷ്ടിയിലേക്ക്‌ സ്വന്തം ചിന്തകളുടെ യാനപാത്രത്തിലേറി സ്വയം തുഴഞ്ഞുപോയി. കനത്ത വിലകൾ നൽകി ദുഃഖങ്ങളെ വിലക്കുവാങ്ങി കാറ്റും കോളും പിശറും യുദ്ധവും ദുർമൃതിയും അഹംഭാവവും അധികാരമോഹവും ധനമോഹവും ചോരച്ചാലുകളുമല്ലാതെ മനുഷ്യചരിത്രത്തിൽ മറ്റൊന്നും കാണാൻ കഴിഞ്ഞില്ല. ജീവിതം മടുപ്പുളവാക്കി. സർവ്വസംഗ പരിത്യാഗയാത്ര പുറപ്പെട്ടത്‌ അരവിന്ദൻ കാവിയും ചുവപ്പും ധരിച്ചില്ല. ഒറ്റക്ക്‌ യാത്രപുറപ്പെട്ടു ജനപഥങ്ങൾ പിൻതള്ളി കയറ്റിറക്കങ്ങളും ദുർഘടവഴികളും. കൊക്കകളും ചുരങ്ങളും പിൻതള്ളി മരണം പതിയിരിക്കുന്ന വഴികളിലൂടെ കൈലാസയാത്രികനായതെങ്ങിനെയാണ്‌. അടിവാരത്തുനിന്നും യാത്ര തുടങ്ങി രാജ്യാതിർത്തികൾ പിൻതള്ളി കമ്പിളിസൂട്ടിലേറി യാത്രികരായ യാക്കുകളുടേയും കുതിരകളുടേയും, കുതിരകളുടേയും സഞ്ചാരികളുടേയും ഒപ്പം മരണം ഏറ്റുവാങ്ങാൻ സജ്ജനായി ഇതാ ഒടുവിൽ ഈ പവിത്രഭൂമികളിലെത്തി. ആരോ കോരിയെടുത്ത തപ്തത്തകളിൽ നിന്നും വിമുക്തിയരുളി ഈ തടാകതീരത്തിന്റെ പ്രപഞ്ചസീമനിയിൽ ഇരുത്തിയതുപോലെ. വരുംവഴി ഓം പർവ്വതം നോക്കി നിന്നു മഞ്ഞുധൂളികൾ കൊണ്ട്‌ സ്വയം എന്നെഴുതുകയും മായ്ക്കുകയും വീണ്ടും എഴുതുകയും മായ്ക്കുകയും ചെയ്യുന്ന പർവ്വതം. ഓർമ്മയിലെ കാഴ്ചകളെ ധ്യാനിക്കുന്നതിനിടയിൽ നമഃശിവായ ജപിച്ചുകൊണ്ട്‌ ശോകമുക്തിയുടെ ജപമണിമാല ഉരുക്കഴിച്ചുകൊണ്ട്‌ അരവിന്ദൻ നിന്നു. ഭൂമിക്കുമെത്രയോ ഉയരെ സ്വർഗ്ഗത്തിലേക്കു അനുഗ്രഹിക്കപ്പെട്ടവനായി അയാൾ നിന്നു. സൂര്യാംശുക്കൾവർണ്ണ വിസ്മയങ്ങളായി അവിടേക്കു മായികസൗന്ദര്യം തൂവിക്കൊണ്ട്‌ വിരിഞ്ഞിറങ്ങി. മനസ്സിവിടെ അനന്തനിർവൃതി തേടുകയാണ്‌. നിസംഗനും നിർവ്വികാരനും നിരാകാരനുമായി തന്നെ തന്നെ മറക്കുന്ന നിമിഷങ്ങൾ. അതുതന്നെയാണ്‌ മുക്തി എന്നു തോന്നി. അനന്തത്തയിൽ നിന്നും, ദൈവത്തിന്റെ കൈയ്യൊപ്പുകൾ പതിഞ്ഞ നിശബ്ദമായി ഭാഷയില്ലാത്ത കവിതകൾ കേട്ടുകൊണ്ടിരുന്നു അയാൾ. കവിതയെഴുതുമായിരുന്നു അയാൾ താഴെ ഭൂമി പാതാളത്തിലെ മാധ്യമങ്ങളിലേക്കു തപാൽമുദ്ര ചാർത്തി പകർത്തി അയക്കുമായിരുന്നില്ല. പവിത്രചിന്തകളെ ലോകവുമായി പങ്കുവയ്ക്കാൻ. എന്നാൽ കഷ്ടം എഡിറ്റർമാരുടെ കസേരകൾ കൈയടക്കിയ 'ഗോസ്റ്റു'കൾ അവയെല്ലാം ചവറ്റുകുട്ടകളിൽ നിക്ഷേപിച്ചുകൊണ്ടിരുന്നു. നന്മനിറഞ്ഞ അയാളുടെ അക്ഷരങ്ങൾക്ക്‌ സൂചികുത്താൻ അവർ ഇടംനൽകിയില്ല. നാണാത്തരം ഹിംസകളുടെ ഭൗമക്കാഴ്ചകൾ ഉപേക്ഷിച്ച്‌ അലൗകികമായിരിക്കുന്ന സൗന്ദര്യങ്ങളിലേക്കു തിരിച്ചുവന്നു. തടാകത്തിൽ മഞ്ഞുപാളികൾ പൊടിയടർന്നു മാറിനിന്ന വിടവുകളുടെ ഇന്ദ്രനീലപ്പട്ടിലേക്കു മിഴികളെറിഞ്ഞുനിൽക്കുമ്പോൾ തന്റെ മൊബെയിലിലേക്ക്‌ ഭൂമിയിൽ നിന്ന്‌ ഒരു സന്ദേശമെത്തി. ചെവിയിൽ ചേർക്കുമ്പോൾ അമ്മയുടെ സ്വരം. "പലരും പറഞ്ഞു. ചമ്പകം പൂത്താൽ വീടിനു നാശമാണത്രേ. ഭർത്താവുമരിക്കും-മകൻ അകന്നു പോകും ഗൃഹനാശങ്ങൾ ഭവിക്കും. അതൊക്കെ കേട്ടപ്പോൾ ഞാൻ ഉമ്മറത്തെ ആ ചെമ്പകം വെട്ടിച്ചു. ഉണക്കി വിറകാക്കിവച്ച്‌. ഇനി വിഷമം തോന്നണ്ടാ."
"കടും കൈയായി അമ്മേ അത്‌ വിവരം തുല്യാത്തോര്‌ പറഞ്ഞൂന്നുവച്ചു." "സാരല്യാ. സുഗന്ധം ശരി തന്ന്യാ. പക്ഷെ ആ വൃക്ഷം ഗൃഹത്തിനു ചേരില്ല. പോവട്ടെ അത്‌. നീയെപ്പഴാ ടൂർ കഴിഞ്ഞ്‌ മടങ്ങിയെത്തുന്നത്‌." പ്രണയനൈരാശ്യം മറക്കുക. നിനക്കു ഒരു കല്യാണം ആലോചിക്കാനാ" "പറയാനാവില്യ. എന്നെ കാത്തിരിക്കണ്ടാ" ചമ്പകം നശിപ്പിച്ചതിൽ അതൃപ്തിതോന്നിയില്ല. വിശ്വാസമാണ്‌ ഓരോരുത്തരേയും കൊണ്ട്‌ ഓരോന്നു ചെയ്യിക്കുന്നത്‌. അതാകട്ടെ ചിലരുടെ സത്യവും മറ്റുള്ളവരുടെ മിഥ്യയുമാകാം. പക്ഷെ ആരേയും ആർക്കും തിരുത്താനാവില്ല. എങ്കിലും ഇടക്കിടെ അയാളുടെ ചുമലിലൂടെ ചെമ്പകം ഇടക്കിടെ പൂവിഴ്ത്തുമായിരുന്നു. പ്രത്യേകിച്ച്‌ യാത്ര പുറപ്പെട്ട്‌ എങ്ങോട്ടെങ്കിലും ഇറങ്ങുമ്പോൾ.. ഇത്‌ കീശയിലിട്ടോളൂ. ഇനി എപ്പഴാ കവി സംഘത്തിൽ നിന്നും വിടീലേക്കുള്ള മടക്കം എന്നാശംസിക്കുംപോലെ. ശരിയാണ്‌ ജീവിതത്തെ ഒരു ദുഃഖകവിതയായി അയാൾ ജീവശ്വാസങ്ങളായി ശ്വസിച്ചും ഉഛസിച്ചും നടക്കുന്നു. കവികൾക്കിടയിൽ എല്ലാ ജാതിമതസ്ഥന്മാരുമുണ്ട്‌. ഹിന്ദുവും, ക്രിസ്ത്യാനിയും, നായരും നമ്പൂതിരിയും, ഹരിജനും ഗിരിജനും ഇസ്ലാമും. അവരെല്ലാം സ്വന്തം കവി ഹൃദയങ്ങളെ പവിത്രസ്നേഹത്തിന്റെ തുളസീതീർത്ഥങ്ങൾ തളിച്ച്‌ പട്ടിൽ പൊതിഞ്ഞു സൂക്ഷിക്കുന്നവർ. ഏതോ ഗുരുവാക്യംപോലെ ഒരു ജാതിയും ഒരു ദൈവവും. ഒരു കുടുംബവുംമാത്രം. അവരുടെ അസ്ഥിത്വം പ്രപഞ്ചത്തിന്റെ മുന്നിൽ സുദൃഢം. സമൂഹമദ്ധ്യത്തിൽ ദുർബ്ബലം സമൂഹത്തിനു കായികാദ്ധ്വാനവും ശാപ്പാടും ഇണകൂടലും പ്രജനനവും മതി. മാധ്യമങ്ങൾക്കും ഭരണത്തിനും ഇവരുടെ തുണയാണ്‌ രക്ഷാമാർഗ്ഗം. പാവം. ഈ കവി കുലംഭൂമിയിൽ അനാഥം. അശരണം. ഇവരു ശാന്തിമന്ത്രങ്ങളാണ്‌ ഭാവിയുടെ സൂക്തങ്ങളായി നാടുനീളം കൽശിലകളിൽ കൊത്തിവയ്ക്കേണ്ടത്‌. പക്ഷെ ഇവർക്കാരുണ്ട്‌. ഭാവിയുടെ മക്കൾ പിറവികൾക്കു സ്നേഹിച്ച്‌ ശാന്തിയടയാൻ ആരുടെ ഹംസദൂതുണ്ട്‌! കൊടും തണുപ്പിനിടയിലും അരവിന്ദന്റെ മിഴിയിൽ ഒരു കണ്ണീർ മണി ഉരുണ്ടുകൂടി. അത്‌ ഖരമായിരിക്കണം ഒരു പക്ഷെ ഭൂമി ആ കണ്ണീർമുത്തിനെ അറിഞ്ഞിട്ടുണ്ടാവില്ല. സ്വർഗ്ഗം അതിനെ ഏറ്റുവാങ്ങിയിരിക്കാം. ചമ്പകത്തിന്റെ തിരോധാനത്തിൽ ഒടുവിൽ ഖേദം തോന്നി. ഭൗമദുഃഖങ്ങളിലുഴറുമ്പോൾ സുഗന്ധിപ്പൂക്കൾ സ്വർഗ്ഗം പുൽകി മോചനമേകിയിട്ടുണ്ട്‌. (ഉദാ: ഭൂമിയിൽ പരിചയപ്പെട്ട എല്ലാ സ്ത്രീകളിലും വച്ച്‌ ജീവനു തുല്യം പ്രണയിച്ചവൾ നിരാകരിച്ചപ്പോൾ ഒരാഴ്ചയോളം മിഴിനീർതൂകി നടന്നു. പിന്നെ ഹൃദയം താങ്ങാനാവാതെ മരിക്കാനുറച്ച്‌ ശയനൈഡ്‌ കരസ്ഥമാക്കി. മരണം ഉറപ്പാക്കിയ ചമ്പകച്ചുവട്ടിൽ ചെന്നു. ഒരു ചെറുകാറ്റിളകി അനേകം പൂക്കൾ കുടഞ്ഞിട്ടു. ഒരു സുഗന്ധമഴപൊഴിച്ചു. ആപാദചൂഡം സ്വർഗ്ഗസുഗന്ധം പൊതിഞ്ഞപ്പോൾ അവിച്ഛിന്നവും, അവിജ്ഞേയവുമായ ഏതോ അരൂപശക്തികൾ ഞൊടിയിടയിൽ മരണമുഹൂർത്തത്തെ തട്ടിയകറ്റി കളഞ്ഞു.
അരവിന്ദനിൽ ആ ചമ്പകനിമിഷങ്ങൾ മൃത്യുഞ്ജയമായി കവചമായി മരണത്തിൽ നിന്നും രക്ഷപ്പെട്ടു. പക്ഷേ ജീവിതം തുടരുമ്പോൾ വീണ്ടും ഓർമ്മയുടെ കനലെരിഞ്ഞു. ആ കനലാകട്ടെ ഒരിക്കലും അണയാതെ ചാരം മൂടിക്കിടന്നു. ചിലപ്പോൾ തോന്നി പ്രണയമാണു ഏറ്റവും വലിയവിഡ്ഢിത്വം. ചിലപ്പോൾ തോന്നി പ്രണയം ഗൗരിശങ്കരം തന്നെ. അർദ്ധനാരീശ്വരം - അഥവാ സത്യം ശിവം സുന്ദരം. മറിച്ചും തോന്നാതിരുന്നില്ല. മിഥ്യയാണു കാമചപലതകളുടെ മഹാമായം. പാവം അരവിന്ദൻ അറിയാതെ പ്രണയിച്ച്‌ തിരസ്കൃതനായി കക്കയുടെ നീറ്റുകളത്തിൽ സ്വയം നീറി ധൂളികളായി. ചമ്പകത്തെ കൊലചെയ്ത അമ്മയോട്‌ കാലുഷ്യം തോന്നിയില്ല. ദശാസ്യനെ നിഗ്രഹിച്ച രാമനോട്‌ പ്രിയമോ അപ്രിയമോ തോന്നിയില്ല. പ്രണയം പോയിട്ട്‌ ജീവിതം തന്നെയെന്ത്‌? നിശൂന്യം. ഒരേ പുഴവഴിയിലൂടെ ജലമായി ഒഴുകിയൊഴുകി തലമുറകൾ മായുകയും വീണ്ടുമൊഴുകുകയും ചെയ്യുന്ന പ്രക്രിയ. ഇതൊന്നു മറിയാതെ ഇതാണു കടലെന്ന മട്ടിൽ കിണർവട്ടത്തിൽകിടന്നു അങ്ങോട്ടുമിങ്ങോട്ടും ചാടുന്ന തവളകളോട്‌ സഹതാപം തോന്നി. നന്മകൾക്കു സ്വർഗ്ഗമോ തിന്മകൾക്കു നരകമോ ഇല്ല. അരവിന്ദന്റെ ഹൃദയം അംഗീകരിക്കപ്പെട്ടില്ല. അയാൾ അത്‌ ആർക്കും വേണ്ടി ചമയിച്ചൊരുക്കിയതല്ല. വലിയ ഭവനവും ധനവും ഭ്രമിച്ചിട്ടില്ല. ഈ സനാതനമായ സ്വന്തം ഹൃദയഭൂമികയിൽ അയാളുടെ സ്വന്തം കീശ ശുന്യമാണ്‌. ഓംപർവ്വതത്തിലെ പ്രണവശക്തിയായി അയാൾ സ്വർഗ്ഗത്തെ പുൽകിപ്പുൽകി അടുക്കുന്നു. ഒരിക്കൽ ഒരുപരിചിതൻ ചോദിച്ചതോർത്തു. ആ സുരതകളിന്മേലാണ്‌ ലോകസിംഹാസനങ്ങളുടെ ഇരിപ്പടം അതെന്തുകൊണ്ട്‌.
കാട്ടുനരനിൽ നിന്നായിരുന്നല്ലോ നരയാനങ്ങളുടെ തുടക്കം. എത്ര വിദ്യതേടിയാലും അവനിൽ പഴയൊരു വേട്ടക്കാരൻ ശേഷിക്കുന്നു. സദാ വേട്ടയാടിക്കൊണ്ടിരിക്കലാണ്‌ അവന്റെ ആനന്ദം"
അസുരന്മാർ നിറയുമ്പോൾ നന്മകളെ ആർ നിലനിർത്തും.
നന്മകൾപാടെ നിലച്ചാൽ ഭൂനാശം ഭവിക്കില്ലേ?
"ഉവ്വ്‌"
ഭൂമിയെങ്ങിനെ പിന്നെ നിലനിൽക്കും?"
"ഭൂമിയെ ദൈവംകാക്കും"
"എങ്ങിനെ?"
ഭൂമിയെ നന്മകളിലേക്കു പുനർസ്ഥാപിക്കാൻ ചിലരെ ജനിപ്പിക്കും. അവരെ അറിവുള്ളവരാക്കും".
"അതെങ്ങിനെ"
"നക്ഷത്രങ്ങളിൽ നിന്നും ഊറ്റിയെടുത്ത പ്രകാശങ്ങൾ കൊണ്ട്‌ അവരുടെ ശിരസ്സിനെ അണിയിക്കും.
മഹത്തുക്കളുടെ ശിരോവെളിച്ചങ്ങൾ അതാണ്‌.
ഓർമ്മകൾ മറന്നു. ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കും അതീതനായി നിലയുറപ്പിക്കുമ്പോൾ അനുനിമിഷം രൂപാന്തരപ്പെട്ട അനേകം വർണ്ണ ധൂളികളാൽ അയാളുടെ ശിരസ്സുപൊതിയപ്പെട്ടു. അപ്പോൾ അയാൾ ഭാഷയറ്റ ഭാഷയുടെ ശാന്തിമൊഴി കേട്ടു. ശീതക്കാറ്റുകൾ ഓം മുഴക്കിക്കൊണ്ടിരുന്നു. ഹൈമസാനുക്കളുടെ നിശബ്ദമായ വെള്ളാടകളിൽനിന്നും ഭാഷയില്ലാതെ ദേവമൊഴികൾ കേട്ടുകൊണ്ടിരുന്നു. നീരന്ത്രനീലം പുതഞ്ഞ ആകാശത്തിന്റെ നിശബ്ദമായ ശാന്തിമൊഴികേട്ടു. ജീവന്റെ അലൗകികതയുടെ ഗന്ധർവ്വസംഗീതം കേട്ടു. അങ്ങിനെ തന്നെ സ്വയം മായ്ച്ചുകൊണ്ടു നിലകൊൾകെ നീല സലിലത്തിലേയ്ക്കും ഒരുപറ്റം സ്വർണ്ണനിറമുള്ള അരയന്നങ്ങൾ പറന്നിറങ്ങി. അവനിത്യനിത്യസന്ദർശകരാണ്‌. മിനിയാന്നും ഇന്നലെയും ഇന്നും വന്നിരിക്കുന്നു. നാലോ അഞ്ചോ മണിക്കൂറുകൾ ഒരു ചെറുമീൻപോലും കൊത്താത്ത മോക്ഷ ധ്യാനത്തിൽ നിർന്നിമേഷനായി നോക്കിയിരുന്നു. അന്ധവിശ്വാസത്തിന്റെ അകമ്പടിയാൽ അമ്മ മുറിച്ചുമാറ്റിയ ഉമ്മറ ചെമ്പകത്തെപോലെ മോക്ഷത്തിന്റെ ഒരായിരം മൊട്ടുകൾ വിരിയുന്ന സ്വർണ്ണ അരയന്നങ്ങളും താനും അക്ഷരങ്ങൾമായ്ക്കപ്പെട്ട കവിതകളായി അക്ഷരങ്ങളുടെ മഷിപ്പാടുകൾ മായ്ച്ചുകളഞ്ഞ്‌ ധ്യാനത്തിൽ മുഴുകി. ധ്യാനവളർച്ചയിൽ ശരീരം നഷ്ടപ്പെട്ട്‌ സ്വർണ്ണചിറകുകൾ ഏറ്റുവാങ്ങി നാളെ വീണ്ടും വരാൻ അയാൾ ധ്യാനശേഷം അവയിലൊന്നായി അവയ്ക്കൊപ്പം പറന്നുപോയി.