Followers

Sunday, May 16, 2010

സമാധാനം


vijayakumar kalarickal

"സ്നേഹിക്ക നീയീ പൂക്കളെ പുഴകളെ,
പറവജീവജാലങ്ങളെ, മലകളെ മാമരങ്ങളെ,
മർത്ത്യരെ മാതാവിനെ, വിളങ്ങട്ടെ
നിന്നിൽ സത്യവും ധർമ്മവും സമാധാനവും."
എന്റെ മകളോട്‌ ഞാനങ്ങിനെ പറയുമ്പോൾ അവൾക്ക്‌ വയസ്സ്‌ പത്താണ്‌. അപ്പോൾ വിരിഞ്ഞ പൂമ്പാറ്റയെപ്പോലെ എല്ലാം കാണാനും അറിയാനുമുള്ള ജിജ്ഞാസത്തോടെ പറന്നു നടക്കുകയായിരുന്നു.
അവൾക്കെന്റെ വാക്കുകൾ വളരെയിഷ്ടമായി, അവൾ പറഞ്ഞു:
"എന്റെ സ്ക്കൂളിലെ സിസ്റ്റേഴ്സും അങ്ങിനെതന്നെയാ പറയുക, സ്നേഹമാണ്‌ ദൈവമെന്നൊക്കെ...."
അവൾ പറന്നു നടന്നു. അവളുടെ മുഖം കൂടുതൽ ശോഭയുള്ളതായി, മനം കൂടുതൽ, കൂടുതൽ വിശാലമായി.
ഞാനറിഞ്ഞിരുന്നു, അവൾ എല്ലാറ്റിനെയും സ്നേഹിയ്ക്കുകയാണെന്ന്‌.
ഒരുനാൾ അവൾ സ്കൂൾവിട്ട്‌ വീട്ടിലെത്തിയില്ല.
ഞാൻ തേടി നടന്നു.
ഒടുവിലൊരു കുറ്റിക്കാട്ടിൽനിന്നും അവളെ കിട്ടി നീലച്ച്‌, നിർജ്ജീവമായി.......
വിഷദംശനമെന്ന്‌ ഡോക്ടർ എഴുതി,
അവൾ സ്നേഹിച്ചിരുന്നതിൽ ഒരു കാളകൂട വിഷസർപ്പമുണ്ടായിരുന്നെന്ന്‌ പോലീസ്‌ എഫ്‌.ഐ.ആർ എഴുതി.
ഇന്നു ഞാൻ സമാധാനിയ്ക്കുന്നു, ഇനിയും എനിയ്ക്കൊരു മകളില്ലല്ലോ എന്നോർത്ത്‌