Followers

Sunday, May 16, 2010

നാടു നശിപ്പിക്കുന്ന പ്രതിഭാസങ്ങൾmathew nellickunnu

കേരളത്തിൽ ഇന്നും വ്യാവസായിക ആവശ്യത്തിനുള്ള വൈദ്യുതി സുലഭമല്ല. പവർകട്ടും ലോഡ്ഷെഡ്ഡിഗുമില്ലാത്ത കാലം ചുരുക്കമാണ്‌. വേനൽക്കാലത്ത്‌ ഈ നാട്‌ വെന്തുരുകുകയാണ്‌. ഇടുക്കി പദ്ധതിയുടെ ആവീർഭാവത്തോടെ ധാരാളമായി ലഭിക്കുമെന്നു കരുതിയിരുന്ന വൈദ്യുതി കാലാവസ്ഥാവ്യതിയാനത്തിനനുസരിച്ച്‌ ഏറിയും കുറഞ്ഞും അനിശ്ചിതമായി മാത്രം കിട്ടുമെന്ന നിലയിലാണ്‌.
അമേരിക്കൻ ജനതയുടെ ജീവിതനിലവാരം ഉയരാനുള്ള പ്രധാന കാരണം ആവശ്യത്തിനുതകുന്ന ഊർജ്ജ സ്രോതസ്സുകളുടെ ലഭ്യതയും, നവീന യന്ത്രസാമഗ്രികളും, വിദഗ്ദ്ധരായ തൊഴിലാളികളും, എല്ലാത്തരം അസംസ്കൃതവസ്തുക്കളുടെ ലഭ്യതയുമാണ്‌. അമേരിക്കയിലെ എല്ലാസ്ഥാപനങ്ങളും ഫാക്ടറികളും കമ്പ്യൂട്ടർവത്കരിക്കപ്പെട്ടിരിക്കുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ ജീവനക്കാർ സ്വന്തം സ്ഥാപനത്തിന്റെ വളർച്ചയിൽ ഉത്തരവാദിത്വപൂർണ്ണമായ സമീപനം സ്വീകരിക്കുമ്പോൾ മലയാളി അവിടെക്കാണിക്കുന്ന ഉത്തരവാദിത്വവും താത്പര്യവും സ്വന്തം നാട്ടിൽ എന്തുകൊണ്ടാണ്‌ പ്രകടിപ്പിക്കാത്തത്‌ എന്ന ചോദ്യം ഉയർന്നു വരുന്നു. എങ്കിൽ എന്നേ കേരളം വികസിതരാജ്യങ്ങളുടെ ജീവിതനിലവാരം കൈവരിക്കുമായിരുന്നു.
ഇവിടെ അലസതയാണ്‌ നമ്മുടെ മുഖമുദ്ര. ലീവെടുക്കാനും പണിയെടുക്കാതിരിക്കാനുമുള്ള സൗകര്യം നോക്കിയാണ്‌ മലയാളി സർക്കാരുദ്യോഗത്തിൽ കണ്ണുവെയ്ക്കുന്നത്‌. സമീപകാലത്തുവന്ന ഒരു മലയാള സിനിമയിൽ മോഹൻലാൽ തൊഴിലന്വേഷിച്ചു വശം കെട്ട ഒരു ചെറുപ്പക്കാരനായി അഭിനയിക്കുന്നു. ആ കഥാപാത്രം പറയുന്ന ഒരു വാചകമുണ്ട്‌ "ഒരു ജോലി കിട്ടിയിട്ടു വേണം ഒരു മാസം ലീവെടുത്ത്‌ ഒന്നു വിലസാൻ" വിദേശരാജ്യങ്ങളിൽ ഇത്തരം അലസജീവികളെ കാണാൻ കിട്ടില്ല. അവിടെ അവസരങ്ങൾ എമ്പാടുമുണ്ട്‌; അധ്വാനശീലവും മത്സരബുദ്ധിയുമുള്ളവർക്ക്‌ നേടാനും വെട്ടിപ്പിടിക്കാനുമുള്ള വേദികൾ ധാരാളം.
അവിടെ സ്വന്തം താത്പര്യം മാത്രമല്ല സ്റ്റേറ്റിന്റെ താത്പര്യവും സംരക്ഷിച്ചുകൊണ്ടേ പൗരന്‌ മെച്ചപ്പെട്ട ജീവിതം കരുപ്പിടിപ്പിക്കാനാവൂ. ഇവിടെയോ? ആർക്കാണ്‌ സ്റ്റേറ്റിനെക്കുറിച്ച്‌ ചിന്തിക്കാൻ നേരം? രാഷ്ട്രീയക്കാരനോ? അവനെ സംരക്ഷിക്കുന്ന, അവനാൽ സംരക്ഷിക്കപ്പെടുന്ന ബ്യൂറോക്രാറ്റിനോ? അരാഷ്ട്രീയവാദത്തിലേക്കും അരാജകത്വത്തിലേക്കും കൂപ്പുകുത്തുന്ന സാധാരണക്കാരനോ?
ഉപഭോഗഭ്രാന്തുപിടിച്ച ഒരു സമൂഹമാണിന്ന്‌ കേരളം. എന്തും വിലകൊടുത്തുവാങ്ങുന്നതിൽ ഒരുതരം ലഹരി നുണയുന്ന സമൂഹം. എന്തും വിറ്റുപോകുന്ന സമൂഹം. എന്തും വാങ്ങിക്കൂട്ടുന്ന സമൂഹം-അത്‌ അമ്മയോ, അച്ഛനോ, പെങ്ങളോ, കാമുകിയോ, മക്കളോ, മാന്യതയോ ആവാം. ഈ സമൂഹത്തിൽ മൂല്യബോധം അവശേഷിക്കുന്നില്ല. ഭ്രാന്തമായ ഈ അവസ്ഥയെ പുനർവിചിന്തനംചെയ്യാൻ തയ്യാറാകാത്തപക്ഷം കേരളം രാഷ്ട്രീയമായും സാമ്പത്തികമായും സാംസ്കാരികമായും ഭ്രാന്തുപിടിച്ച ഒരു തീരമായി മാറുമെന്ന്‌ നിസ്സംശയം പറയാം.
കേരളത്തിനുവേണ്ടത്‌ വ്യാവസായിക പുരോഗതിയാണെങ്കിൽ നാം പൗരജീവിതത്തിന്റെ നാനാമേഖലകളിലും അച്ചടക്കം പാലിക്കേണ്ടതുണ്ട്‌; മിതത്വം ശീലിക്കേണ്ടതുണ്ട്‌. അനാവശ്യമായ പ്രകടനങ്ങൾ ഒഴിവാക്കേണ്ടതുണ്ട്‌. ദീർഘദർശിതയോടെ ചിന്തിക്കാനും കരുതലോടെ പ്രവർത്തിക്കാനും കരുത്തുപകരാനും കഴിയുന്ന നേതൃത്വം ആവശ്യമാണ്‌. ജാതീയവും വർഗ്ഗീയവും സാമൂഹ്യവുമായ അസമത്വങ്ങളില്ലാതെ ഏകോപിച്ച്‌ പ്രവർത്തിക്കാനുള്ള വിശാലവീക്ഷണം സ്വായത്തമാക്കേണ്ടതുണ്ട്‌. ഇതെല്ലാം ഒത്തുചേർന്നാൽ നമുക്ക്‌ നമ്മുടെ മനുഷ്യവിഭവശേഷിയും നൂതനസാങ്കേതികവിദ്യയും നാളേയ്ക്കുവേണ്ടി പ്രയോജനപ്പെടുത്താനാവും.
കേരളത്തിലെ തൊഴിലാളികൾ രാഷ്ട്രീയക്കാരുടെ പിണിയാളുകളായി വർത്തിക്കുന്നു. അവർക്ക്‌ തൊഴിലുടമയെ ശത്രുവായി കാണാനേ കഴിയുന്നുള്ളു. സമൂഹത്തിന്റെ പൊതുനന്മയ്ക്കും ഉൽപാദനവർദ്ധനവിനും ശ്രമിക്കാതെ സ്വാർത്ഥതാൽപര്യങ്ങൾക്ക്‌ മുൻതൂക്കം നൽകുന്നു. കേരളം ഇന്ന്‌ ലോകത്തിലെ മിക്കരാജ്യങ്ങളുടേയും കമ്പോളമാണ്‌. ജാപ്പനീസ്‌, അമേരിക്കൻ, ചൈനീസ്‌ ഉൽപന്നങ്ങൾ ഇവിടെ സാധാരണ കടകളിൽപോലും ലഭ്യമാണ്‌, അതും കുറഞ്ഞ വിലയ്ക്ക്‌.
കേരളത്തിൽ നിരന്തരമുണ്ടായിക്കൊണ്ടിരിക്കുന്ന ഹർത്താലും ബന്ദും ഇന്ന്‌ ദൈനംദിന ജനജീവിതത്തിന്റെ ഭാഗമാണല്ലോ. ആർക്കും എപ്പോൾവേണമെങ്കിലും ജനജീവിതം സ്തംഭിപ്പിക്കാൻ പറ്റിയ ഒരിടമായി കേരളത്തെ മാറ്റിയിരിക്കുന്നു. രാഷ്ട്രീയപ്പാർട്ടികൾക്ക്‌ ഹർത്താൽ ഒരു ഹോബിയാണ്‌. അഴിമതിയും ധൂർത്തും ദുർച്ചെലവും സർക്കാരിന്റെ സാമ്പത്തികഭദ്രതയെ തകർക്കുന്നു. വിദേശ ഏജൻസികളുടെ പണം കൊണ്ടാണ്‌ സർക്കാർ വികസന പ്രവർത്തനങ്ങളേറെയും നടത്തുന്നത്‌.
ആയിരക്കണക്കിന്‌ കോടികളാണ്‌ നമ്മുടെ വിദേശകടം. കാലിയായ ഖജനാവും ജംബോമന്ത്രിസഭയും ധൂർത്തരാജാക്കന്മാരായ മന്ത്രിമാരുമാണ്‌ നമുക്കുള്ളത്‌. ആരാണ്‌ ഇതിനോക്കെ നാളെ സമാധാനം പറയേണ്ടിവരിക? നമ്മുടെ മക്കൾതന്നെയാവില്ലേ ആ ദുര്യോഗത്തെ നേരിടുക.