Followers

Sunday, May 16, 2010

മൈക്രോസോഫ്റ്റ്‌ ഉണ്ണികളുടെ ജനനം


thomas p kodiyan

"അയ്യോ അച്ഛാ ദേ ഇന്നലെ വിരിഞ്ഞുനിന്ന നന്ത്യാർവട്ടപ്പൂവു താഴെ വീണു കിടക്കുന്നു" ചെക്കൻ സങ്കടത്തോടെ വിളിച്ചു പറഞ്ഞു. അവൻ നട്ട ചെടിയാണത്‌. അതിനെ വളർത്തിയതും അവനാണ്‌. അതിലെ ആദ്യ പുഷ്പം അവനെ അത്ഭുതപ്പെടുത്തുകയും അമ്പരപ്പിക്കുകയും ചെയ്തു. ആ പൂവിൽ അവൻ അഭിമാനം കൊള്ളുകയും ചെയ്തു. സ്വന്തം അദ്ധ്വാനഫലത്തിന്റെ സൗന്ദര്യവും സൗരഭ്യവും അവനെ പ്രകാശിതനാക്കിയിരുന്നു-ഇന്നലെവരെ.
ഇപ്പോൾ അവന്റെ അത്ഭുതവും, അമ്പറപ്പും അഭിമാനവുമാണ്‌ പുലർകാലത്തെ ഇളം വെയിലത്തു ഞെട്ടറ്റുവീണു കിടക്കുന്നത്‌. പൂവും നഷ്ടപ്പെട്ട ചെടിയെക്കണ്ടപ്പോൾ അവന്‌ കുഞ്ഞു ചത്തുപോയ തള്ളയാടിന്റെ നിലവിളിയുടെ ഓർമ്മ വന്നു.
അവനൊന്നുറക്കെ കരഞ്ഞാൽ കൊള്ളാമെന്നു തോന്നിയ സമയത്താണ്‌ പിന്നിലൊരു കാൽപെരുമാറ്റം. അച്ഛൻ!
"കാലത്തെ നീ പല്ലു തേച്ചോടാ?"
"ഇല്ല"
"ഇന്നലത്തെ ഹോം വർക്കിന്റെ ബാക്കി ചെയ്തുതീർത്തോടാ?"
"ഇല്ല"
"കമ്പ്യൂട്ടറിൽ ഇന്നലെ ഞാൻ വരക്കുവാൻ പറഞ്ഞ പൂക്കൾ വരച്ചോ? അതിനു കളറു കൊടുത്താ?
"ഇല്ല"
"ഇതൊന്നും ചെയ്യാണ്ട്‌ നേരംവെളുക്കെ ഇവിടെവന്നു വായുംപൊളിച്ചു നിക്കണ നിന്നേണ്ടല്ലോ..." പറഞ്ഞുതീരുന്നതിനുമുമ്പ്‌ ചെക്കന്റെ തലമണ്ടയ്ക്ക്‌ 'ടൊക്‌' എന്നൊരു ഞൊട്ടുകൂടി കൊടുത്തു പിതാശ്രീ. പിന്നെ പ്രതികരണത്തിനൊന്നും കാത്തുനിൽക്കാതെ തിരിഞ്ഞു നടക്കുമ്പോൾ ഇത്രയും കൂടി കൂട്ടിച്ചേർത്തു. "ഓ! ഒരാശാൻ വന്നേക്കണ്‌, കുമാരനാശാൻ..."
മനോവേദനയോടും, ശരീരവേദനയോടെയും നിന്ന ചെക്കന്റെ കണ്ണുനീർ, പൂവിനുമേലെ വീണു ചിതറി.
അൽപനേരം കൂടി കണ്ണുനീർ തൂവി നിന്ന അവന്റെ മുഖം സാവധാനം മുറുകി മുറുകി വന്നു.
അൽപം കഴിഞ്ഞപ്പോൾ പുറംകൈകൾ കൊണ്ടു രണ്ടു കണ്ണുകളും തുടച്ചു കളഞ്ഞതിനുശേഷം അവൻ സാവധാനം, എന്നാൽ കണിശമായും ശക്തമായും ആ പൂവു ചവിട്ടിയരച്ചു കളഞ്ഞു...
പിന്നെ തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോഴാണവൻ നിലത്തുകൂട്ടംകൂടിയിരിക്കുന്ന ഒരുപറ്റം മഞ്ഞ ചിത്രശലഭങ്ങളെ കണ്ടത്‌. അവയുടെ ചിറകുകൾ സ്പന്ദിക്കുന്നുണ്ടായിരുന്നു അതുകണ്ടപ്പോൾ അവന്‌ ടീവിയിൽ ഒരു ശാസ്ത്ര പരിപാടിക്കിടെ കണ്ട ഒരു മിടിക്കുന്ന മനുഷ്യ ഹൃദയത്തെ ഓർമ്മ വന്നു.
അൽപ്പനേരം ആലോചിച്ചു നിന്നതിനു ശേഷം അവൻ, ഒരു വടിയെടുത്തുകൊണ്ടു വന്ന്‌ അവയെ പൊതിരെ തല്ലി. കുറച്ചെണ്ണം ഉടൻ ചത്തു. ചിലവ കുഞ്ഞിക്കൈകളും ചിറകുകളും വിറപ്പിച്ച്‌ കിടന്നു. ബാക്കിയുള്ളവ, ചകിതരായി ചിതറിത്തെറിച്ചു.
പറന്നുപൊന്തിയ മറ്റു ശലഭങ്ങളോടവൻ ആജ്ഞാപിച്ചു."കടന്നുപോ അസത്തുക്കളേ..."
അവ അവനെ അനുസരിച്ചു.
തന്റെ പുതിയ ആജ്ഞാശക്തിയുടേയും സംഹാരശക്തിയുടേയും ഗർവ്വുമായി അവൻ പല്ലുതേയ്ക്കുന്നതിനും ഹോം വർക്കു ചെയ്യുന്നതിനും, കമ്പ്യൂട്ടറിൽ പൂക്കൾ വരയ്ക്കുന്നതിനും പൂവിനു കളർകൊടുക്കുന്നതിനുമായി തിരിഞ്ഞുനടന്നു.