ശ്രീകൃഷ്ണദാസ് മാത്തൂര്‍
ഈ തണല്‍തിറ വലിച്ചു കീറി
വെയിലിലേക്ക് മാറിനില്‍കുമ്പോള്‍
കവിതയുടെ സിഗ്നല്‍ വരുന്നു,
ചുവന്നതൊണ്ടിപ്പഴക്കണ്ണുകള്‍ സാക്ഷ്യം.
രൂപമില്ലാത്ത കിളിപ്രവാളം
താണചില്ലയിലേക്ക് ഒഴുകുന്നു.
എവിടെയൊക്കെയോ കൊല്ലപ്പെട്ട
പെണ്ണുങ്ങളുടെ കൂട്ടിയിട്ട ശരീരങ്ങള്‍(*),
മണലും, പ്രാഡോ വണ്ടികളും കയറി
മരുഭൂമിയില്‍ മുഴുത്തു കിടക്കുന്നു,
കാറ്റിലെണീറ്റവ മാറിക്കിടക്കുമ്പോള്‍
കല്ലറയും തോണ്ടി ഭോഗിച്ചവന്റെ മുന്നേ
ഉടഞ്ഞ വള കൊണ്ടുമുറിഞ്ഞ കൈനീട്ടി
അവള്‍ വിങ്ങല്‍വിളിയായ് വരുന്നു.
പര്‍ദ്ദയിലൊളിച്ചൊരു ഹൂറിയായ്
തുറസ്സിലേക്ക് പുറംതിരിഞ്ഞിരിക്കുന്നു.
കാഴ്ച്ചപ്പാടങ്ങളെ തോണ്ടിയെടുത്ത്
നട്ടുവളര്‍ത്തി കുടമാറ്റം നഗരത്തില്‍,
മുസലം പിളര്‍ത്തിയ യോനിയില്‍നിന്നും
പ്രാണവായു പകുത്ത പുകയടുപ്പില്‍ നിന്നും
ചെന്തെരുവിലെ ഏറ്റവും പിഴച്ച തെച്ചിയില്‍ നിന്നും
മാറില്‍ നിന്ന്
മനസ്സില്‍ നിന്ന്
മതിലില്‍ നിന്ന്
കടവുകളിലെ തേച്ചുകുളിയില്‍ നിന്ന്‍
ഒറ്റപ്പെട്ട നിലവിളികളില്‍ നിന്ന്
നേരുകള്‍ ചീര്‍ത്ത് പൊട്ടിക്കൊണ്ടെയിരിക്കും
പുരാണേതിഹാസങ്ങളില്‍ നിന്ന്‍ ,
കിണറ്റിന്‍ കരയിലെ തേങ്ങലുകളില്‍ നിന്ന്‍ ,
അഴുക്ക് ചാലുകളില്‍ നിന്ന്‍,
നശിച്ച കാലുകളില്‍ കേട്ടിപ്പോയ
കൊലുസ്സുകളില്‍ നിന്ന്‍ ,
എറ്റുവാങ്ങാനാളില്ലാതെ ചുറ്റും
മേലോഴുക്കിലെ ശവങ്ങളില്‍ നിന്ന്‍ ,
"സൌണ്ട് ഹോണി" നു പിന്നിലെ
'വാഗണ്‍' ദുരന്തങ്ങളില്‍ നിന്ന് ,
പറിച്ചെടുത്ത തീക്കണ്ണുകളൊട്ടിച്ച്
കടല്‍ചുരം കടന്നൊരു ജീവതയായവള്‍ ...
മഴക്കാറുകള്‍ തിര്യക്കായ് വിലങ്ങും
വഴിയമ്പലത്തിന്റെ ഇടനാഴിയില്‍
ഒരിടവമഴയുടെ ഇടിപ്പാളി
വലിച്ചിട്ടു മയങ്ങാന്‍ കിടക്കുമ്പോള്‍
മിന്നല്‍ചിലങ്കയുടെ സാമീപ്യം,
ഇറങ്ങിപ്പോയ കടലുകളെല്ലാം
തിരിച്ചിരമ്പി വരും പ്രതീതി.
വാതില്‍ അകമേനിന്നു പൂട്ടിയിട്ടെല്ലാരും
ഒരു ടബ്ബ് കടലില്‍ കുളിക്കവേ
എന്റെ ഹൃദയത്തിന്റെ സിഗ്നല്‍
എനിക്ക് നന്നായി കേള്‍ക്കാവുന്നു.
അതിന്റെ സ്വരപ്രവാളത്തില്‍ നിന്ന്
ഒരു കവിയേറ്റുവന്നെന്നെ പിടിച്ചെടുക്കുന്നു.
******************