ശ്രീകൃഷ്ണദാസ് മാത്തൂർ
പച്ചക്കൈപ്പത്തികളിൽ നിറച്ച്
ആകാശക്കണ്ണീരു കോരി നനഞ്ഞ്
ചേമ്പുകൾ മഴച്ചള്ളകുത്തുന്നു.
ഒരു വിമതന്റെ ചോരച്ചാലായ്
മഴ മുറ്റംവഴി വീടിനെ ചുറ്റുന്നു.
അതിവൃഷ്ടിയും പാടവും കൈകോർത്ത
പ്രളയപ്പരപ്പിലെ ഒറ്റവരമ്പിലൂടെ
ഒരു കറങ്ങും കരിങ്കുടക്കീഴുപറ്റി
ഒടുവിലെ ഒറ്റയാനും മടങ്ങുന്നു.
ഒറ്റയാന്മാരൊഴിയുന്ന ഭൂമിയിൽ
പേടി ഒളിഞ്ഞിരുന്നലറിക്കരയുന്നു.
നർത്തകിയിൽ നിന്നഴിഞ്ഞുപോയ
കാൽചിലമ്പുപോലെ വെറുംകാവ്
കിലുക്കും നിറമുള്ള ശബ്ദങ്ങളിൽ
മഴക്കുമിള പൊങ്ങിപ്പറക്കുന്നു.
ശരിയായ പ്രാതിനിദ്ധ്യത്തിനായ് കാട്
വംശനാശ ഭീഷണിമുഴക്കി, വായ്ത്തല-
ത്തുമ്പത്തിരുന്നുണ്ണാവ്രതം നോൽക്കുന്നു.
ഒരു മുഴുക്കുടിയനായ് മഴ വന്ന്
വേച്ചുവേച്ചു പെയ്യുന്നു.
ഇടി പുലഭ്യം!
മിന്നൽ ഛർദ്ദി..!
************