Followers

Wednesday, February 29, 2012

തെളിവുജീവിതം


സനൽ ശശിധരൻ

ലോകമേ എനിക്ക് വല്ലാത്ത സങ്കടം വരുന്നു
എന്റെകാര്യമോര്‍ത്തല്ല
എന്റെ കാര്യമൊട്ടുമോര്‍ക്കാത്ത നിന്റെകാര്യമോര്‍ത്ത്
'നിന്നെക്കുറിച്ചോര്‍ക്കാന്‍ നീയാര്'
എന്നൊരു ചിരി നിന്റെ ചുണ്ടിന്റെ ചുവരില്‍
വരച്ചുപിടിപ്പിക്കുന്നവനെ ഇപ്പോള്‍ ഞാന്‍ കാണുന്നുണ്ട്
അവന്റെ ചുണ്ടില്‍ നിന്നുയരുന്ന പുകക്കുഴല്‍കൊണ്ട്
അവന്‍ നിന്നെ ചുംബിക്കുന്നതും
എന്റെകാര്യം വീണ്ടും നീ മറന്നുപോകുന്നതും കാണുന്നു
അവന്റെ പെയിന്റുതൊട്ടിയില്‍ നിന്നും
മരങ്ങളില്‍ , പച്ചയും മഞ്ഞയും ചുവപ്പും പറന്നൊട്ടുന്നു
അവനെന്റെ നിഴലില്‍ ചവുട്ടി ഉള്ളിലേക്ക് നടന്നുമറയുന്നു.
വജ്രം ഖനിക്കുന്നവര്‍ തീര്‍ത്ത തുരംഗങ്ങള്‍ നീ കണ്ടിട്ടുണ്ടോ
മണ്ണിലൊരു വന്‍മരത്തിന്റെ കുഴിശില്പം പോലെയാണത്
അതുപോലൊന്നവന്‍ എന്റെ ഉള്ളില്‍ തുരന്നു തീര്‍ക്കുന്നു
അറവുശാലയുടെ പിന്നാമ്പുറം പോലെ
വര്‍ണാഭമായ ആകാശം നീ കണ്ടിട്ടുണ്ടോ
അവിടെ നിന്നും ബാറ്ററിതീര്‍ന്ന തന്റെ ടോര്‍ച്ചു ലൈറ്റ്
എന്റെ മുഖത്തേക്കടിച്ചൊരുവന്‍ കുടുകുടെ ചിരിക്കുന്നു
മരച്ചില്ലയില്‍ വന്നിരുന്ന് എന്നെനോക്കി
കൊഞ്ഞനം കുത്തുന്ന കാക്കപ്പക്ഷികളെ കണ്ടോ
അവയുടെ ഭാഷയുടെ തോടുപൊട്ടിച്ച്
ബസുകാത്തു നില്‍ക്കുന്നവര്‍ കൊറിക്കുന്നു
തിരതീര്‍ന്നുപോയ ഒരു കടല്‍
കാലും ചിറകുകളും പിഴുതെടുത്ത കൊതുകിനെപ്പോലെ
പിടയ്ക്കാനാവാതെ എന്നെനോക്കി കിടക്കുന്ന കണ്ടോ
എന്റെ മേല്‍ ഒരു കണ്‍പോളപോലെ വന്നടയുന്ന രാത്രിയെക്കണ്ടോ
എല്ലാത്തിനുമിപ്പുറം ഞാനാണ്
ഞാനീയിരുപ്പു തുടങ്ങിയിട്ട് ഏറെക്കാലമായി ദൈവമേ
ഇനിയിപ്പോള്‍ ചന്ദ്രന്‍ വരും
അതിന്റെ വെളിച്ചവും എന്റെ മേല്‍ വന്നു വീഴും
ഞാനിനി എന്നെയെങ്ങനെ നിനക്ക് കാണിച്ചുതരണം ലോകമേ
എനിക്ക് വല്ലാത്ത സങ്കടം വരുന്നു,
എന്നെമാത്രം വിട്ടുപോകുന്ന നിന്നെയോര്‍ത്ത്..
അലഞ്ഞു തളര്‍ന്ന് ഉറക്കം തൂങ്ങുന്ന പാവം ലോകമേ
നിന്റെ കണ്ണില്‍ പെട്ടുപോകാതെ ഞാനീ രാത്രിയും കടക്കും..