
കന്നിവെറിയാണ്
കടലുവറ്റുമെന്നാണ് ചൊല്ല്ല്,
തുടുത്ത സൂര്യൻ കുടിച്ചുവറ്റിക്കുന്ന
തിളച്ച പാലാണ് പകൽ...
പകലിലങ്ങനെ നോക്കിയിരിക്കുമ്പോൾ,
പറമ്പിൽ മരങ്ങൾ,
സ്കൂൾമുറ്റത്തസംബ്ലി പോലെ
വെയിലത്തറ്റൻഷനായി നിൽക്കുന്നു..
പകൽ കുടിച്ചു പാത്രം കഴുകാൻ
കടലിൽ പോകുന്നു സൂര്യൻ.
ഇരതേടിപ്പോയിരുന്ന ഇരുട്ടുകൾ
ചേക്കേറാൻ മടങ്ങിയെത്തുന്നു.
ഇരുട്ടിന്റെ കലപില നോക്കിയിരിക്കുമ്പോൾ
നിലാവിൽ മരങ്ങളെക്കാണാം.
ഇരിക്കാനോ നടുനിവർത്താനോ
കഴിയാതെയിപ്പൊഴും,
അതേ നിൽപ്പാണു പാവങ്ങൾ.
മരങ്ങളേ, അനങ്ങാപ്പൈതങ്ങളേ
ഏതു ഹെഡ്മാഷാണ്
നിങ്ങളെയിങ്ങനെ ശിക്ഷിച്ചത്?
ഇതിനുംമാത്രം
എന്തു കുസൃതിയൊപ്പിച്ചുനിങ്ങൾ?