ഇന്ദിരാബാലൻ
വിത്തഹന്കാരത്തിന്റെ
പൊത്തുകളിൽ കയറിയിരുന്ന്
പത്തികളുയർത്തി...........
കൂച്ചുവിലങ്ങുകളുടെ നാക്കു നീട്ടി
കാട്ടുപോത്തിനെപ്പോലെ മുരണ്ട്
കൊമ്പുകൾ കോർത്തു
നിറവ്യതാസങ്ങളുടെ ഇഴ പാകി
ചപ്പുചവറുകൾ കടിച്ചുതുപ്പി
ക്രൗര്യനിമിഷങ്ങൾക്ക് ആക്കം കൂട്ടി
പൊരുത്തക്കേടുകളുടെ
കൂട്ടിൽ കയറ്റി വിചാരണക്കൊരുങ്ങി..
അനീതികളുടെ അമ്പുകളെറിഞ്ഞ്
ചിറകുകൾ അരിഞ്ഞുവീഴ്ത്തി
ദഹനക്കേടുകളുടെ വയറുവേദന
ഉറക്കം കെടുത്തുമ്പോഴും
ആത്മസംയമനത്തിന്റെ പടവുകളെ
അള്ളിപ്പിടിച്ചു....
മിന്നലും കോളുമായി
മുറുകുന്ന ജീവിതക്കടലിലൂടെ
വെള്ളിരശ്മികൾ പൊഴിയുന്ന
കര തേടി
തുള വീണ് വെള്ളം കയറിയ
ദാമ്പത്യവഞ്ചി തുഴഞ്ഞുകൊണ്ടിരുന്നു...........