ഇന്ദിരാബാലൻ
കടുകുമണിക്കു സമാനം
ചെറിയ വിത്തില്‍ നിന്നും
ഉരുവം കൊണ്ട മഹാവൃക്ഷമേ
(ചെറുതില്‍ നിന്നാണല്ലോ വലിയതിന്റെ ജന്മം)
കോടി വര്‍ഷം തപം ചെയ്ത
മഹാമുനിയുടെ മഹാമൌനവും പേറി
നീ നില്‍ക്കുന്നു!
മണ്ണിന്നാഴങ്ങളിലേക്ക് വേടുകളിറക്കി
സ്വയം നവീകരിച്ച്
ആത്മവിശുദ്ധി ആര്‍ജ്ജിച്ച്
ആയുസ്സിനെ അനാദിയാക്കുന്നെങ്കിലും
നിന്നെ ഉന്മൂലനം ചെയ്യാന്‍
തമോരൂപികള്‍ അണിനിരക്കുന്നു
പകരം ലാഭാക്കൊയ്ത്തുകള്‍ക്കായ്
മണ്ണിന്റെ അവസാന ഈര്‍പ്പവും
വലിച്ചെടുത്ത്
ഊഷരമാക്കുന്നവര്‍ക്ക്
സ്ഥാനമേകുന്നു
തൊങ്ങലു പോലെ നില്‍ക്കുന്ന
നിന്റെ ഇലകള്‍
അനുനിമിഷം ജപയജ്ഞത്തിലാണ്
ഭൂമിയിലെ ക്രൂരഹത്യകള്‍ക്കെതിരെ
അവര്‍ സദാ സമാധാനമന്ത്രമുരുവിടുന്നു !
മണ്ണിലെ സകല പ്രാണികള്‍ക്കും
ആവാസവും, ആശ്രയവും, ഭക്ഷണവും
ഒരുക്കുന്ന നിന്നെ... അറിയാതെ പോകുന്നവരെത്ര!
അധമവ്യാപാരങ്ങളില്‍
വ്യാപൃതരായവര്‍ക്ക് പോലും
ചുമടുകളിറക്കി നീ തണലേകുന്നു
നീ പ്രസരിപ്പിക്കുന്ന
ജീവവായുവിനെപ്പോലും
അവരവഗണിക്കുന്നു
ജീവമണ്ഡലത്തിന്നെയാകമാനം
സന്തുലിതാവസ്ഥയുടെ
ഏകത്വത്തിലേക്ക് നയിക്കുന്ന
നിന്നിലാണല്ലൊ ഈ കാപാലികര്‍
ക്രൂരതയുടെ മഴുവെറിയുന്നത്
അനുഭവങ്ങളെ കടഞ്ഞ് കടഞ്ഞ്
അമൃതിനൊപ്പം
കൊടും വിഷത്തെയും
നീ മടിയാതെ സ്വീകരിക്കുന്നു
ശ്രേഷ്ഠതയുടെ പര്യായമായ
അരയാലേ....നീ ഈ അജ്ഞരോടു പൊറുത്താലും ........!
