Followers

Showing posts with label indira balan. Show all posts
Showing posts with label indira balan. Show all posts

Tuesday, March 4, 2014

പാവക്കൂത്ത്-

ഇന്ദിരാബാലൻ


ചലിക്കുന്നു പാവകളോരോന്നും 
സൂത്രധാരൻ കൊരുത്തൊരീ ചരടിലായ് 

ഇഴഞ്ഞുനീങ്ങുന്നിവർ തൻ രാവുകളും 
നനഞ്ഞ ശീലപോലിരുളിൽ മുങ്ങുന്നു നിശ്വാസവും.


. കഥയറിയാതെയല്ലയോ ചമയങ്ങളണിവതും

 പരകായങ്ങളായിയേറെ നടന്മാരും 
കൂടുവിട്ടു കൂടുമാറി കാണികളുമീ രംഗവീഥിയിൽ 

നിഴൽപ്പാവക്കൂത്തുകൾ കാൺമതിന്നായ്...

 നിലാവു പെയ്ത മുഖങ്ങളുമഴിഞ്ഞു വീഴുന്നുയീ- 
സൂത്രധാരനൊരുക്കിയ വാരിക്കുഴികളിൽ 

അലക്കിവെളുപ്പിക്കുവാൻ നോക്കി പല കല്ലിലും 
നോവു സഹിയാഞ്ഞവയും തിരിഞ്ഞു പല വഴിയേ


 സത്യം ചവിട്ടിക്കുഴച്ച മണ്ണിലല്ലയോ 

സൂത്രധാരനാമീ കുശവൻ കുടങ്ങൾ തീർക്കുന്നതും
 വെന്തുനീറിപ്പുകയുന്നോരടുപ്പു പോൽ 

ചുട്ടുപൊള്ളുന്നു സത്യമാനസങ്ങളും 

നിഴലുപോലുമന്യമാകുന്നൊരീ വേളയിൽ
 പ്രതിരോധഭാഷ്യം മുഴക്കി പാവകൾ 

നിലച്ചു നിഴൽപ്പാവക്കൂത്തുകളും 
അണഞ്ഞു ,ജ്വലിക്കും ദീപനാളങ്ങളും 


പാവകൾ തൻ ചലനഭേദം കണ്ടു 

ഭയക്കുന്നുവോയീ സൂത്രധാരൻ 
ഏറെയായാൽ തിരിഞ്ഞെതിർക്കും 

ഏതു സാധുജീവി തൻ കരങ്ങളുമെന്നറിവീലെ?

 കൊലവിളി മുഴക്കി ചുവടുകൾ വെച്ചു 
സൂത്രധാരൻ തൻ ശിരസ്സറുത്തു പാവകൾ 

കത്തീ പടുതിരിനാളങ്ങൾ രംഗമണ്ഡപത്തിൽ
 ആടി വീണു,ഒരു ജീവിതത്തിൻ യവനികയും


 അശാന്തി തൻ കരുക്കൾ നീക്കി 

കുടിയിരിപ്പൂയനേകം സൂത്രധാരന്മാരിവിടെ
 ഒടുക്കയവരെ ധർമ്മത്തിൻ വാൾത്തലയാൽ

 ശുദ്ധികലശം ചെയ്തു പുണ്യമാക്കുകീ ലോകത്തേയും........!

പാവക്കൂത്ത്-

     

ഇന്ദിരാബാലൻ


ചലിക്കുന്നു പാവകളോരോന്നും 
സൂത്രധാരൻ കൊരുത്തൊരീ ചരടിലായ് 
ഇഴഞ്ഞുനീങ്ങുന്നിവർ തൻ രാവുകളും 
നനഞ്ഞ ശീലപോലിരുളിൽ മുങ്ങുന്നു നിശ്വാസവും.

. കഥയറിയാതെയല്ലയോ ചമയങ്ങളണിവതും
 പരകായങ്ങളായിയേറെ നടന്മാരും 
കൂടുവിട്ടു കൂടുമാറി കാണികളുമീ രംഗവീഥിയിൽ 
നിഴൽപ്പാവക്കൂത്തുകൾ കാൺമതിന്നായ്...

 നിലാവു പെയ്ത മുഖങ്ങളുമഴിഞ്ഞു വീഴുന്നുയീ- 
സൂത്രധാരനൊരുക്കിയ വാരിക്കുഴികളിൽ 
അലക്കിവെളുപ്പിക്കുവാൻ നോക്കി പല കല്ലിലും 
നോവു സഹിയാഞ്ഞവയും തിരിഞ്ഞു പല വഴിയേ

 സത്യം ചവിട്ടിക്കുഴച്ച മണ്ണിലല്ലയോ 
സൂത്രധാരനാമീ കുശവൻ കുടങ്ങൾ തീർക്കുന്നതും
 വെന്തുനീറിപ്പുകയുന്നോരടുപ്പു പോൽ 
ചുട്ടുപൊള്ളുന്നു സത്യമാനസങ്ങളും 

നിഴലുപോലുമന്യമാകുന്നൊരീ വേളയിൽ
 പ്രതിരോധഭാഷ്യം മുഴക്കി പാവകൾ 
നിലച്ചു നിഴൽപ്പാവക്കൂത്തുകളും 
അണഞ്ഞു ,ജ്വലിക്കും ദീപനാളങ്ങളും 

പാവകൾ തൻ ചലനഭേദം കണ്ടു 
ഭയക്കുന്നുവോയീ സൂത്രധാരൻ 
ഏറെയായാൽ തിരിഞ്ഞെതിർക്കും 
ഏതു സാധുജീവി തൻ കരങ്ങളുമെന്നറിവീലെ?

 കൊലവിളി മുഴക്കി ചുവടുകൾ വെച്ചു 
സൂത്രധാരൻ തൻ ശിരസ്സറുത്തു പാവകൾ 
കത്തീ പടുതിരിനാളങ്ങൾ രംഗമണ്ഡപത്തിൽ
 ആടി വീണു,ഒരു ജീവിതത്തിൻ യവനികയും

 അശാന്തി തൻ കരുക്കൾ നീക്കി 
കുടിയിരിപ്പൂയനേകം സൂത്രധാരന്മാരിവിടെ
 ഒടുക്കയവരെ ധർമ്മത്തിൻ വാൾത്തലയാൽ
 ശുദ്ധികലശം ചെയ്തു പുണ്യമാക്കുകീ ലോകത്തേയും........!

Sunday, June 2, 2013

സ്വപ്നസൂര്യൻ





 ഇന്ദിരാബാലന്‍

പകൽ വെളിച്ചത്തിലേക്കൊന്നെത്തിനോക്കാതെ
യാത്ര ചൊല്ലിയൊരുണ്ണീ, നീയെൻ ജീവനിലുദിച്ച സൂര്യൻ
പത്തുമാസമൊരേ ഹൃദയത്തുടിപ്പിൻ താളമായ്‌
എൻ ജീവനിലലിഞ്ഞു ചേർന്ന വാത്സല്യശംഖേ
നിനയ്ക്കാതെയിരിക്കുന്ന നേരത്തല്ലയോ കഷ്ടം
പുക്കിൾക്കൊടിബന്ധമറുത്തടർന്നു പോയതും
വിങ്ങുമെൻ ചിത്തത്തിന്നുത്തരമെങ്ങുനിന്ന്‌?
നീറി ചുരന്നൊഴുകുന്നു നെഞ്ഞിലെ പുഴയും
എങ്ങോഴുക്കുമുണ്ണീ നിനക്കായ്‌ കാത്തുവെച്ച
വാത്സല്യദുഗ്ദ്ധത്തിൻ കദനനീരാഴിയും?
തപ്തമാനസത്തിലൂർന്നിറങ്ങുന്നു തിരയിളക്കങ്ങൾ
തപിക്കും രശ്മികൾ തൻ ഉഷ്ണപ്രവാഹമുയരുന്നു
കാണാതെ കണ്ടിട്ടുമെൻ കണ്മണീ നിനക്കി-
ത്തിരി നറും പാലിറ്റിക്കാനാകാത്ത പാപി ഞാൻ
അമ്മയല്ലേ ഞാനൊരു വെറും പാവമമ്മ
ഈറ്റുനോവിൻ കടച്ചിലിൽ വേവുന്നൊരമ്മ
എന്നുണ്ണിക്കായ്‌ നെഞ്ഞിലൂറും വാത്സല്യപ്പുഴയുമായ്‌
കാത്തിരിപ്പൂയിനി മറുജന്മത്തിലേക്കായ്‌

Saturday, October 6, 2012

വരകളും, ചിഹ്നങ്ങളും--



ഇന്ദിരാബാലൻ

 വരകൾക്കും
ചിഹ്നങ്ങൾക്കും
എന്നും വാക്കുകളേക്കാൾ
അർത്ഥവ്യാപ്തിയായിരുന്നു....
മുന്നിൽ നെടുകേയും, കുറുകേയും വരകൾ
ചോദ്യങ്ങൾ, ആശ്ച്ചര്യങ്ങൾ, ഫുൾസ്റ്റോപ്പുകൾ....
രണ്ടറ്റവും കൂട്ടിമുട്ടിക്കാനാവാതെ
ചോദ്യങ്ങൾ
ഉന്നയിച്ചപ്പോൾ
ഒരു ബിന്ദുവിലേക്കൊതുക്കി
കണക്കിലെ കളികളെത്ര
കൂട്ടിയിട്ടും, കിഴിച്ചിട്ടും
വരകളുടെ പെരുക്കങ്ങൾ മാത്രം
പിന്നീട്‌ ,വരകളിൽ
നിറങ്ങൾ തെളിഞ്ഞു തുടങ്ങി
പച്ച, നീല, ചുവപ്പ്‌
പച്ചയും, നീലയും ശാന്തരായി കിടന്നു
പക്ഷേ, ചുവപ്പ്‌...വെല്ലുവിളികളുയർത്തി
വരകൾ മുറിച്ചുകടന്നാൽ
ആക്രമിക്കപ്പെട്ടേയ്ക്കാം
എന്ന പൊതുബോധത്തിന്റെ
കടയ്ക്കല്‍  കോടാലി വെച്ചു
വരകളെ ...മുറിച്ചുകടക്കുക തന്നെ വേണം
എന്നാലേ
സ്വാതന്ത്ര്യത്തിന്റെ
നക്ഷത്രങ്ങളെ കാണാനാകു.

Thursday, December 1, 2011

സാറാജോസഫിന്റെ ഒതപ്പ്‌


ഇന്ദിരാബാലൻ


“ഇതൊരു ഇരുട്ടുമുറിയാണ്‌. കാറ്റോ, വെളിച്ചമോ, ഒരു പഴുതിലൂടേയും ഇതിനകത്തേക്കു കടക്കില്ല. നടുമ്പുറത്ത്‌ ഒറ്റച്ചവിട്ടിന്‌ മാർഗ്ഗലീത്ത ഇതിനകത്തേക്കു തെറിച്ചു വീഴുകയായിരുന്നു. കമിഴ്ന്നടിച്ചാണ്‌ വീണത്‌. വീണു കിടക്കുന്ന അവൾക്കു പിന്നിൽ വാതിലടഞ്ഞ ഒച്ചയിൽ ഭൂമിയിലെ മുഴുവൻ ഗർഭപാത്രങ്ങളും ഞെട്ടിവിറച്ചു”..... ഈ വാചകങ്ങൾ ഒതപ്പെന്ന നോവലിന്റെ തുടക്കമാണ്‌.

ഇതു വായിക്കുമ്പോൾ ഒരു ഇടിത്തീ പോലെ മനസ്സിലേക്കിരച്ചുകയറുന്ന ഒരവസ്ഥയാണ്‌അനുഭവപ്പെട്ടത് . . സ്വാതന്ത്ര്യം കൊതിക്കുന്ന ഏതൊരു പെണ്ണിനു മുന്നിലും അധീശത്വത്തിന്റേയോ, മുതലാളിത്തത്തിന്റേയോ തൊഴിക്കാലുകൾ ഉയരുന്നു. ഈയൊരു വെല്ലുവിളിയെ അതിജീവിച്ചാലേ പുറത്തിറങ്ങാനും കഴിയു.ഇങ്ങിനെ പ്രത്യേക രൂപീകരണതന്ത്ര ങ്ങൾക്കുള്ളിൽ തളച്ചിടുമ്പോഴാണ്‌ സ്ത്രീ നിലവിലുള്ള ഹേതുക്കളോടു കലഹിക്കുന്നതും, സ്വാതന്ത്ര്യത്തിന്റെ ആകാശങ്ങളെ തിരയുന്നതും. എപ്പോഴും പെണ്ണ്‌` ഇരയും സമൂഹം വേട്ടക്കാരനുമാവുന്നു. മതത്തിന്റെ കെട്ടുപാടുകൾക്കുള്ളിൽ കന്യാസ്ത്രീയുടെ ഉടുപ്പഴിച്ചുവെച്ച്‌ സമൂഹത്തിലേക്കിറങ്ങിയ മാർഗ്ഗലീത്തയുടേയും, അച്ചൻ പട്ടത്തിൽ നിന്നും ഒരു സാധാരണക്കാരന്റെ വിചാര വികാരങ്ങളുമായി പുറത്തിറങ്ങിയ റോയ് ഫ്രാൻസിസ്‌ കരീക്കന്റേയും ജീവിതത്തിലൂടെ ഇഴ വിടർത്തുന്നു ഈ നോവലിന്റെ ഭൂമിശാസ്ത്രം.. സ്വയം പര്യാപ്തതയോടെ സ്ത്രീക്ക്‌ ഏതൊരു കാര്യത്തിലേക്കും ഇറങ്ങാമെന്ന ബോധത്തെ സമൂഹം സദാചാരത്തിന്റെ (കപട) വിലങ്ങണിയിക്കുന്നു. പെണ്ണിനു മാത്രം എന്ന രീതിയിൽ മുദ്ര കുത്തപ്പെട്ട സമൂഹബോധത്തിലേക്ക്‌ ആഴ്ന്നിറങ്ങിയ ചില ആശയ നിര്‍മ്മിതികളുടെ തായ്‌വേരു മുറിക്കാതെ പെണ്ണിനു മുന്നേറ്റമില്ല. മാർഗ്ഗലീത്തക്ക്‌ ഇടക്കെല്ലാം ശക്തി പകരുകയും ചിലപ്പോ ൾ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്ന ആബേലമ്മയുടെ വാക്കുകളിലൂടെ സഞ്ചരിക്കാം. ":അവരാര്‌ടെ മനസ്സ്‌ പറയുന്ന പോലെ ചെയ്യാ“. ബോധമനസും അബോധമനസ്സും തമ്മിലുള്ള മല്പ്പിടുത്തത്തിന്റെ പരിണതഫലമായുള്ള മൂര്ത്തരൂപമാണ് ആബേലമ്മയെന്ന കഥാപാത്രം. ഒരു പക്ഷേ മാർഗ്ഗലീത്തയുടെ മനസ്സാക്ഷിതന്നെയാകുന്നു ഈ കഥാപാത്രം. കാരണം ഇവരുടെ വാക്കുകൾ ഇടക്കിടക്ക്‌ പിറകോട്ടും, മുൻപോട്ടും നയിക്കാൻ കാരണമാകുന്നു. മന സിന്റെ ഗതിവിഗതികൾ തന്നെയല്ലെ അത്‌?


ഓരോ താളിലൂടേയും സഞ്ചരിക്കുമ്പോൾ നിരവധി സാമൂഹ്യ- മത-പ്രശ്നങ്ങളിലേക്കും നോവലിസ്റ്റ് വിരൽ ചൂണ്ടുന്നുണ്ട്‌. മാർഗ്ഗലീത്തയെ സ്നേഹിക്കുന്നവർ പോലും കപടസദാചാരത്തെ ഭയന്ന്‌ മൗനം ഭജിക്കുന്നു. സ്വാതന്ത്ര്യത്തേയും പുരോഗമനത്തേയും കാംക്ഷിക്കുന്നവരും, എല്ലാറ്റിനും പിന്തിരിപ്പൻ ന്യായങ്ങളുമായി വരുന്നവരുമായ നിരവധി കഥാപാത്രങ്ങൾ ഈ നോവലിലുടനീളം രംഗത്തു വരുന്നുണ്ട്‌. പുരോഗമനവാദികൾ നിലവിലുള്ളതിനെ അഴിച്ചുപണിത് വിമലീകരിച്ചുകൊണ്ടിരിക്കുന്നു. ശുദ്ധീകരണപ്രക്രിയയിലേർപ്പെടുമ്
പോഴും പിന്നോടു വലിക്കുന്ന പ്രതിലോമശക്തികളുടെ നടുവിൽ പെട്ട്‌ അന്തസംഘർഷത്തിന്നിര യാവുന്നവർ. സമൂഹത്തിലെ വിവേചനങ്ങളും .സ്ഥാപിതതാത്പര്യങ്ങളും വളരെ അനായസപാടവത്തോടെ നോവലിസ്റ്റ്‌ വരച്ചുകാണിക്കുന്നുണ്ട്‌.ശരിയായ പ്രാർത്ഥന ശരിയായ പ്രവർത്തനത്തിലാണെന്ന്‌ സമൂഹത്തെ ബോധ്യപ്പെടുത്താനും സാറാജോസഫ്‌ ശ്രമിക്കുന്നുണ്ട്‌. കൊല്ലും കൊലയും നടത്താനധികാരമുണ്ടായിരുന്ന ഒരു ക്രിസ്ത്യൻ കുടുംബത്തിലെ സന്തതിയാണ്‌ മാർഗ്ഗലീത്ത.

അദ്ധ്യാപകവൃത്തിയിലൂടെ സേവനമനോഭാവവും, കാരുണ്യവും വളർത്തുകയെന്ന ആശയം പ്രചരിപ്പിക്കുകയും, പ്രവർത്തിക്കുകയും ചെയ്ത്‌ അനേകം പേർക്ക്‌ താങ്ങായും തണലായും വർത്തിച്ച ചണ്ണേര വർക്കിമാഷടെ മകൾ. അവളുടെ ഉള്ളിൽ മുളച്ചുപൊന്തിയ സ്വാതന്ത്ര്യബോധത്താൽ കഠിനമായ ഒരു ചട്ടക്കൂടു ഭേദിച്ച്‌ സമൂഹമദ്ധ്യത്തിലേക്കിറങ്ങിയപ്പോൾ ---സ്വന്തം അമ്മയടക്കം വീട്ടുകാരുടേയും നാട്ടുകാരുടേയും അധിക്ഷേപത്തിനും പരിഹാസത്തിനും പാത്രമാകുന്നു. കായ പഴുക്കാനിടുന്ന കുണ്ടിലാണ്‌ മാർഗ്ഗലീത്തയെ ജലപാനമില്ലാതെ പൂട്ടിയിടുന്നത്‌. ഒരു വ്യവസ്ഥിതിക്കകത്തു പെട്ടുപോയാൽ പിന്നെ അതിനോട്‌ ചേർന്നുപോവുകയാണ്‌ നല്ലത്‌ .ധിക്കരിച്ചു പുറത്തു കടന്നാ ൽ ആത്മാവിനും ശരീരത്തിനും വലിയ വില കൊടുക്കേണ്ടി വരുമെന്ന ആബേലമ്മയുടെ വാക്കുകൾ അവളിൽ ഭീതി നിറക്കുന്നുണ്ടെങ്കിലും അതിനെ ധിക്കരിച്ചു തന്നെ മാർഗ്ഗലീത്ത നിലവിലുള്ള വ്യവസ്ഥിതിക്കു പുറത്തുകടക്കുകയാണ്‌. മതപരമായ വിശ്വാസ സ്സംഹിതകൾക്ക്‌ അകത്തു നിന്നും മാനസികമായ സമ്മർദ്ദങ്ങൾക്കു ശേഷം പുറത്തു കടക്കുന്ന മറ്റൊരു കഥാപാത്രമാണ്‌ റോയ് ഫ്രാൻസിസ്‌ കരീക്കൻ. മാർഗ്ഗലീത്തയിൽ നിന്നും അയാൾ തീർത്തും വ്യത്യസ്ഥനാകുന്നു. പൂർണ്ണമായി അയാൾക്കു സ്വതന്ത്രനാവാൻ കഴിയുന്നില്ല.

സ്ത്രൈണതയുടെ ആർജ്ജവം നേടിയ മാർഗ്ഗലീത്തയെന്ന കഥാപാത്രത്തിനു മുന്നിൽ കരീക്കൻ തീർത്തും പരാജയമാണ്‌. പകലിന്റെ ഉറപ്പുകളെ ഒരു രാത്രി കൊണ്ട്‌ തകർത്തെറിഞ്ഞ കരീക്കന്‌ മനസ്സമാധാനം പൂർണ്ണമായും നഷ്ടപ്പെടുന്നു. പള്ളി വിട്ടിറങ്ങിവന്ന അച്ചനും കന്യാസ്ത്രീയും എന്ന സമൂഹത്തിന്റെ ചെളി വാരിയെറിയലിനു മുന്നിൽ അയാളുടെ മാനസികാവസ്ഥ വികലവും ഭീതിദവുമാകുന്നു. അപ്പന്റെ മരണത്തിനു കരീക്കന്റെ പ്രവൃത്തികൾ ഹേതുവാകുന്നതോടെ അയാളെ പാപബോധം വേട്ടയാടുന്നു.എന്നാൽ അത്തരം വേളകളിൽ മാർഗ്ഗലീത്തയുടെ മനോധൈര്യം അസാധാരണതയേറിയ ശക്തിവിശേഷമുള്ളതാകുന്നു. “ദൈവത്തോടും, മനുഷ്യരോടും ഞാൻ നീതി പുലർത്തുന്നില്ല, സൗഹൃദത്തോടും പ്രണയത്തോടും നീതി ചെയ്യുന്നില്ല, മാതാപിതാക്കളോടും ഗുരുക്കന്മാരോടും ഞാൻ നീതി ചെയ്യുന്നില്ല , എന്റെ കണ്ണീർ അടയാളപ്പെടുത്തുക” എന്ന കരീക്കന്റെ ഏറ്റുപറച്ചിൽ അയാളുടെ പരാജയബോധം വ്യക്തമാക്കുന്നു.വൈകാരികതയുടെ ഏതോ നിമിഷത്തിൽ തോന്നിയ ഒരു സ്വാതന്ത്ര്യബോധമേ കരീക്കനിലുള്ളു. ആന്തരികമായി അയാൾ മതം, പള്ളി, കുടുംബം,സമൂഹം, സദാചാരസങ്കല്പ്പങ്ങൾ എന്നിവയുടെ കൂച്ചുവിലങ്ങിൽ ബന്ധിതനാകുന്നു. എന്നാൽ മാർഗ്ഗലീത്തയാകട്ടെ പ്രതിസന്ധികൾക്കിടയിലും ഈ വ്യവസ്ഥകളെല്ലാം പുതുക്കിപ്പണിയാൻ ശക്തിയാർജ്ജിക്കുന്നു. “ആനന്ദമാണ്‌ ദൈവമെന്നും, ലോകത്തിലെ എല്ലാവർക്കും പ്രണയത്തിന്റെ ആനന്ദം നിലനിർത്താൻ കഴിഞ്ഞാൽ സമാധാനമുണ്ടാകുമെന്നും, ഭൂമി ഹരിതാഭമാകുമെന്നും, പ്രണയിക്കുമ്പോൾ ശരീരം അനുഭവിക്കുന്നത്‌ ആദ്ധ്യാത്മികാനന്ദമാണെന്നുമുള്ള തിരിച്ചറിവ്‌ നോവലിസ്റ്റ്‌ മാർഗ്ഗലീത്തയിലൂടെ സമൂഹത്തെ ബോധ്യപ്പെടുത്തുന്നു.

അസഹിഷ്ണുതയേറിയ അപമാനങ്ങൾക്കിടയിലും ആനന്ദത്തെ വേർതിരിച്ചെടുക്കാൻ മാർഗ്ഗലീത്തക്കു കഴിയുന്നു. മാർഗ്ഗലീത്തക്കുള്ളിലെ കാവ്യാത്മക ഭാവനയാണ്‌ ഈ ശക്തിവിശേഷത്തിനു കാരണം. ഭാവനയുള്ളവർക്കേ ജീവിതത്തിന്റെ ക്രൂരതയിലും അതിനെ മധുരതരമാക്കുവാൻ കഴിയുകയുള്ളു, മതത്തിന്റെ ചട്ടക്കൂട്ടിൽ നിന്നും ഇറങ്ങിവന്ന കരീക്കൻ മാർഗ്ഗലീത്തയെ ജീവിതത്തിലേക്ക് വലിച്ചിഴച്ച്‌ കൈക്കഴുകി അവളിൽ നിന്നും ഒളിച്ചോടുന്ന കപടസദാചാരത്തിന്റെ പാരമ്പര്യക്കണ്ണിതന്നെയാണ്‌.

അയാൾ തന്റേതായ ശാന്തിമാത്രം തേടി പള്ളിയങ്കണങ്ങളിലെ പടികളിലേക്കു തന്നെ ശരണം പ്രാപിക്കുന്നു.ജീവിതത്തിന്റെ മുൾക്കിരീടങ്ങളണിഞ്ഞുകൊണ്ട്‌ ആവുന്നതും ചെറുത്തു നില്ക്കുന്ന മാർഗ്ഗലീത്ത ഇവിടെ പരാജയപ്പെടുകയല്ല വിജയിക്കുക തന്നെയാണ്‌. ഒരു മിന്നലിന്റെ നൈമിഷികവെളിച്ചത്തിൽ ഉള്ളും പുറവും ഒരുപോലെ പ്രകാശിക്കുകയും തൊട്ടടുത്ത നിമിഷത്തിൽ എല്ലാം കെട്ടുപോവുകയും ചെയ്യുന്നു. എന്നിട്ടും അവളുടെ മനസ്സ്‌ അസാധാരണമാം വിധം ശാന്തമാകുന്നു. എത്ര ലളിതമാണ്‌ ജീവിതത്തിന്റെ പൊരുളെന്നും, ഒടുവിൽ ഒരുകെട്ടഴിയും പോലെ ജീവിതവും അഴിഞ്ഞുപോവുന്നെന്ന ദാർശനിക ഇടത്തിലേക്ക് മാർഗ്ഗലീത്തയുടെ ചിന്താധാര ഒഴുകുന്നു.ദുഃസ്സഹമായ ജീവിതം നയിക്കുന്നവരാണ്‌ യഥാർത്ഥ്ത്തിൽ ജീവിക്കുന്നത്‌ കല്ലും മുള്ളും പാകിയ ജീവിതരഥ്യകൾ താണ്ടി പൊട്ടിയൊലിച്ച വ്രണങ്ങളുമായി നീങ്ങുമ്പോൾ ജീവിതം സത്യമാകുന്നു. മതവും സമൂഹവും പ്രണയവുമെല്ലാം ഒറ്റപ്പെടുത്തിയ മാർഗ്ഗലീത്തയെ വായിച്ചെടുക്കുമ്പോൾ കരളിലൊരു കൊളുത്ത്‌ വലിയാതിരിക്കില്ല. ഒരിറ്റു കണ്ണീർ വീഴാതെ ഈ പുസ്തകം മടക്കിവെക്കാനാവില്ല .


മിന്നലും കാറ്റുമായി തകർത്തു പെയ്യുന്ന ഒരു മഴയായിരുന്നു അവൾക്കെന്നും ജീവിതം . കണ്ണീരും വിയർപ്പും കൊണ്ട്‌ ലോകത്തെ പുതുക്കിപ്പണിയാൻ ശ്രമിക്കുന്ന ഒരു പിടി മനുഷ്യർ മാർഗ്ഗലീത്തക്കൊപ്പം നിന്നു. അവരെ മാർഗ്ഗലീത്ത ഹൃദയം കൊണ്ടു തൊടുന്നു. നഷ്ടപ്പെട്ട മതത്തിന്റെ ആത്മാവിനെ അവൾ തിരിച്ചുപിടിക്കുന്നു. മലയാള നോവൽ സാഹിത്യചരിത്രത്തിലെ സ്ത്രീജന്മങ്ങളിൽ ത്യാഗം കൊണ്ടും, സഹനം കൊണ്ടും ബുദ്ധിവൈഭവം കൊണ്ടും സ്ത്രൈണതയുടെ ശക്തി കൊണ്ടും വേറിട്ടുനില്ക്കുന്നു ഒതപ്പിലെ "മാർഗ്ഗലീത്ത "എന്ന്‌ ചുവന്ന മഷിയാൽ അടിവരയിട്ടുറപ്പിക്കുന്നു. ഒരു മാലാഖയെപ്പോലെ മാർഗ്ഗലീത്ത വിശുദ്ധിയാർജ്ജിച്ചിരിക്കുന്നു.....!




സ്വാതന്ത്ര്യം കൊതിക്കുന്ന ഏതൊരു പെണ്ണിനു മുന്നിലും അധീശത്വത്തിന്റേയോ, മുതലാളിത്തത്തിന്റേയോ തൊഴിക്കാലുകൾ ഉയരുന്നു. ഈയൊരു വെല്ലുവിളിയെ അതിജീവിച്ചാലേ പുറത്തിറങ്ങാനും കഴിയു.ഇങ്ങിനെ പ്രത്യേക രൂപീകരണതന്ത്ര ങ്ങൾക്കുള്ളിൽ തളച്ചിടുമ്പോഴാണ്‌ സ്ത്രീ നിലവിലുള്ള ഹേതുക്കളോടു കലഹിക്കുന്നതും, സ്വാതന്ത്ര്യത്തിന്റെ ആകാശങ്ങളെ തിരയുന്നതും. എപ്പോഴും പെണ്ണ്‌` ഇരയും സമൂഹം വേട്ടക്കാരനുമാവുന്നു. മതത്തിന്റെ കെട്ടുപാടുകൾക്കുള്ളിൽ കന്യാസ്ത്രീയുടെ ഉടുപ്പഴിച്ചുവെച്ച്‌ സമൂഹത്തിലേക്കിറങ്ങിയ മാർഗ്ഗലീത്തയുടേയും, അച്ചൻ പട്ടത്തിൽ നിന്നും ഒരു സാധാരണക്കാരന്റെ വിചാര വികാരങ്ങളുമായി പുറത്തിറങ്ങിയ റോയ് ഫ്രാൻസിസ്‌ കരീക്കന്റേയും ജീവിതത്തിലൂടെ ഇഴ വിടർത്തുന്നു ഈ നോവലിന്റെ ഭൂമിശാസ്ത്രം.. സ്വയം പര്യാപ്തതയോടെ സ്ത്രീക്ക്‌ ഏതൊരു കാര്യത്തിലേക്കും ഇറങ്ങാമെന്ന ബോധത്തെ സമൂഹം സദാചാരത്തിന്റെ (കപട) വിലങ്ങണിയിക്കുന്നു. പെണ്ണിനു മാത്രം എന്ന രീതിയിൽ മുദ്ര കുത്തപ്പെട്ട സമൂഹബോധത്തിലേക്ക്‌ ആഴ്ന്നിറങ്ങിയ ചില സാമൂഹ്യബോധങ്ങളുടെ തായ്‌വേരു മുറിക്കാതെ പെണ്ണിനു മുന്നേറ്റമില്ല. മാർഗ്ഗലീത്തക്ക്‌ ഇടക്കെല്ലാം ശക്തി പകരുകയും ചിലപ്പോ ൾ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്ന ആബേലമ്മയുടെ വാക്കുകളിലൂടെ സഞ്ചരിക്കാം. ":അവരാര്‌ടെ മനസ്സ്‌ പറയുന്ന പോലെ ചെയ്യാ“. ബോധമനസും അബോധമനസ്സും തമ്മിലുള്ള മല്പ്പിടുത്തത്തിന്റെ പരിണതഫലമാണെന്നു തോന്നുന്നു ആബേലമ്മയെന്ന കഥാപാത്രം. ഒരു പക്ഷേ മാർഗ്ഗലീത്തയുടെ മനസ്സാക്ഷിതന്നെയാകുന്നു ഈ കഥാപാത്രം. കാരണം ഇവരുടെ വാക്കുകൾ ഇടക്കിടക്ക്‌ പിറകോട്ടും, മുൻപോട്ടും നയിക്കാൻ കാരണമാകുന്നു. മന സിന്റെ ഗതിവിഗതികൾ തന്നെയല്ലെ അത്‌?


'ഒതപ്പി'ൽ ഓരോ താളിലൂടേയും സഞ്ചരിക്കുമ്പോൾ നിരവധി സാമൂഹ്യ- മത-പ്രശ്നങ്ങളിലേക്കും നോവലിസ്റ്റ് വിരൽ ചൂണ്ടുന്നുണ്ട്‌. മാർഗ്ഗലീത്തയെ സ്നേഹിക്കുന്നവർ പോലും കപടസദാചാരത്തെ ഭയന്ന്‌ മൗനം ഭജിക്കുന്നു. സ്വാതന്ത്ര്യത്തേയും പുരോഗമനത്തേയും കാംക്ഷിക്കുന്നവരും, എല്ലാറ്റിനും പിന്തിരിപ്പൻ ന്യായങ്ങളുമായി വരുന്നവരുമായ നിരവധി കഥാപാത്രങ്ങൾ ഈ നോവലിലുടനീളം രംഗത്തു വരുന്നുണ്ട്‌. പുരോഗമനവാദികൾ നിലവിലുള്ളതിനെ അഴിച്ചുപണിത് വിമലീകരിച്ചുകൊണ്ടിരിക്കുന്നു. ശുദ്ധീകരണപ്രക്രിയയിലേർപ്പെടുമ്
പോഴും പിന്നോടു വലിക്കുന്ന പ്രതിലോമശക്തികളുടെ നടുവിൽ പെട്ട്‌ അന്തസംഘർഷത്തിന്നിര യാവുന്നവർ. സമൂഹത്തിലെ വിവേചനങ്ങളും .സ്ഥാപിതതാത്പര്യങ്ങളും വളരെ അനായസപാടവത്തോടെ നോവലിസ്റ്റ്‌ വരച്ചുകാണിക്കുന്നുണ്ട്‌.ശരിയായ പ്രാർത്ഥന ശരിയായ പ്രവർത്തനത്തിലാണെന്ന്‌ സമൂഹത്തെ ബോധ്യപ്പെടുത്താനും സാറാജോസഫ്‌ ശ്രമിക്കുന്നുണ്ട്‌. കൊല്ലും കൊലയും നടത്താനധികാരമുണ്ടായിരുന്ന ഒരു ക്രിസ്ത്യൻ കുടുംബത്തിലെ സന്തതിയാണ്‌ മാർഗ്ഗലീത്ത. അദ്ധ്യാപകവൃത്തിയിലൂടെ സേവനമനോഭാവവും, കാരുണ്യവും വളർത്തുകയെന്ന ആശയം പ്രചരിപ്പിക്കുകയും, പ്രവർത്തിക്കുകയും ചെയ്ത്‌ അനേകം പേർക്ക്‌ താങ്ങായും തണലായും വർത്തിച്ച ചണ്ണേര വർക്കിമാഷടെ മകൾ. അവളുടെ ഉള്ളിൽ മുളച്ചുപൊന്തിയ സ്വാതന്ത്ര്യബോധത്താൽ കഠിനമായ ഒരു ചട്ടക്കൂടു ഭേദിച്ച്‌ സമൂഹമദ്ധ്യത്തിലേക്കിറങ്ങിയപ്പോൾ ---സ്വന്തം അമ്മയടക്കം വീട്ടുകാരുടേയും നാട്ടുകാരുടേയും അധിക്ഷേപത്തിനും പരിഹാസത്തിനും പാത്രമാകുന്നു. കായ പഴുക്കാനിടുന്ന കുണ്ടിലാണ്‌ മാർഗ്ഗലീത്തയെ ജലപാനമില്ലാതെ പൂട്ടിയിടുന്നത്‌.

ഒരു വ്യവസ്ഥിതിക്കകത്തു പെട്ടുപോയാൽ പിന്നെ അതിനോട്‌ ചേർന്നുപോവുകയാണ്‌ നല്ലത്‌ . പുറത്തു കടന്നാൽ ആത്മാവിനും ശരീരത്തിനും വലിയ വില കൊടുക്കേണ്ടി വരുമെന്ന ആബേലമ്മയുടെ വാക്കുകൾ അവളിൽ ഭീതി നിറക്കുന്നുണ്ടെങ്കിലും അതിനെ ധിക്കരിച്ചു തന്നെ മാർഗ്ഗലീത്ത നിലവിലുള്ള വ്യവസ്ഥിതിക്കു പുറത്തുകടക്കുകയാണ്‌. മതപരമായ വിശ്വാസ സ്സംഹിതകൾക്ക്‌ അകത്തു നിന്നും മാനസികമായ സമ്മർദ്ദങ്ങൾക്കു ശേഷം പുറത്തു കടക്കുന്ന മറ്റൊരു കഥാപാത്രമാണ്‌ റോയ് ഫ്രാൻസിസ്‌ കരീക്കൻ. മാർഗ്ഗലീത്തയിൽ നിന്നും അയാൾ തീർത്തും വ്യത്യസ്ഥനാകുന്നു. പൂർണ്ണമായി അയാൾക്കു സ്വതന്ത്രനാവാൻ കഴിയുന്നില്ല. സ്ത്രൈണതയുടെ ആർജ്ജവം നേടിയ മാർഗ്ഗലീത്തയെന്ന കഥാപാത്രത്തിനു മുന്നിൽ കരീക്കൻ തീർത്തും പരാജയമാണ്‌. പകലിന്റെ ഉറപ്പുകളെ ഒരു രാത്രി കൊണ്ട്‌ തകർത്തെറിഞ്ഞ കരീക്കന്‌ മനസ്സമാധാനം പൂർണ്ണമായും നഷ്ടപ്പെടുന്നു. പള്ളി വിട്ടിറങ്ങിവന്ന അച്ചനും കന്യാസ്ത്രീയും എന്ന സമൂഹത്തിന്റെ ചെളി വാരിയെറിയലിനു മുന്നിൽ അയാളുടെ മാനസികാവസ്ഥ വികലവും ഭീതിദവുമാകുന്നു. അപ്പന്റെ മരണത്തിനു കരീക്കന്റെ പ്രവൃത്തികൾ ഹേതുവാകുന്നതോടെ അയാളെ പാപബോധം വേട്ടയാടുന്നു.എന്നാൽ അത്തരം വേളകളിൽ മാർഗ്ഗലീത്തയുടെ മനോധൈര്യം അസാധാരണതയേറിയ ശക്തിവിശേഷമുള്ളതാകുന്നു.

“ദൈവത്തോടും, മനുഷ്യരോടും ഞാൻ നീതി പുലർത്തുന്നില്ല, സൗഹൃദത്തോടും പ്രണയത്തോടും നീതി ചെയ്യുന്നില്ല, മാതാപിതാക്കളോടും ഗുരുക്കന്മാരോടും ഞാൻ നീതി ചെയ്യുന്നില്ല , എന്റെ കണ്ണീർ അടയാളപ്പെടുത്തുക” എന്ന കരീക്കന്റെ ഏറ്റുപറച്ചിൽ അയാളുടെ പരാജയബോധം വ്യക്തമാക്കുന്നു.വൈകാരികതയുടെ ഏതോ നിമിഷത്തിൽ തോന്നിയ ഒരു സ്വാതന്ത്ര്യബോധമേ കരീക്കനിലുള്ളു. ആന്തരികമായി അയാൾ മതം, പള്ളി, കുടുംബം,സമൂഹം, സദാചാരസങ്കല്പ്പങ്ങൾ എന്നിവയുടെ കൂച്ചുവിലങ്ങിൽ ബന്ധിതനാകുന്നു. എന്നാൽ മാർഗ്ഗലീത്തയാകട്ടെ പ്രതിസന്ധികൾക്കിടയിലും ഈ വ്യവസ്ഥകളെല്ലാം പുതുക്കിപ്പണിയാൻ ശക്തിയാർജ്ജിക്കുന്നു. “ആനന്ദമാണ്‌ ദൈവമെന്നും, ലോകത്തിലെ എല്ലാവർക്കും പ്രണയത്തിന്റെ ആനന്ദം നിലനിർത്താൻ കഴിഞ്ഞാൽ സമാധാനമുണ്ടാകുമെന്നും, ഭൂമി ഹരിതാഭമാകുമെന്നും, പ്രണയിക്കുമ്പോൾ ശരീരം അനുഭവിക്കുന്നത്‌ ആദ്ധ്യാത്മികാനന്ദമാണെന്നുമുള്ള തിരിച്ചറിവ്‌ നോവലിസ്റ്റ്‌ മാർഗ്ഗലീത്തയിലൂടെ സമൂഹത്തെ ബോധ്യപ്പെടുത്തുന്നു. അസഹിഷ്ണുതയേറിയ അപമാനങ്ങൾക്കിടയിലും ആനന്ദത്തെ വേർതിരിച്ചെടുക്കാൻ മാർഗ്ഗലീത്തക്കു കഴിയുന്നു. മാർഗ്ഗലീത്തക്കുള്ളിലെ കാവ്യാത്മക ഭാവനയാണ്‌ ഈ ശക്തിവിശേഷത്തിനു കാരണം. ഭാവനയുള്ളവർക്കേ ജീവിതത്തിന്റെ ക്രൂരതയിലും അതിനെ മധുരതരമാക്കുവാൻ കഴിയുകയുള്ളു, മതത്തിന്റെ ചട്ടക്കൂട്ടിൽ നിന്നും ഇറങ്ങിവന്ന കരീക്കൻ മാർഗ്ഗലീത്തയെ ജീവിതത്തിലേക്ക് വലിച്ചിഴച്ച്‌ കൈക്കഴുകി അവളിൽ നിന്നും ഒളിച്ചോടുന്ന കപടസദാചാരത്തിന്റെ പാരമ്പര്യക്കണ്ണിതന്നെയാണ്‌. അയാൾ തന്റേതായ ശാന്തിമാത്രം തേടി പള്ളിയങ്കണങ്ങളിലെ പടികളിലേക്കു തന്നെ ശരണം പ്രാപിക്കുന്നു.

ജീവിതത്തിന്റെ മുൾക്കിരീടങ്ങളണിഞ്ഞുകൊണ്ട്‌ ആവുന്നതും ചെറുത്തു നില്ക്കുന്ന മാർഗ്ഗലീത്ത ഇവിടെ പരാജയപ്പെടുകയല്ല വിജയിക്കുക തന്നെയാണ്‌. ഒരു മിന്നലിന്റെ നൈമിഷികവെളിച്ചത്തിൽ ഉള്ളും പുറവും ഒരുപോലെ പ്രകാശിക്കുകയും തൊട്ടടുത്ത നിമിഷത്തിൽ എല്ലാം കെട്ടുപോവുകയും ചെയ്യുന്നു. എന്നിട്ടും അവളുടെ മനസ്സ്‌ അസാധാരണമാം വിധം ശാന്തമാകുന്നു. എത്ര ലളിതമാണ്‌ ജീവിതത്തിന്റെ പൊരുളെന്നും, ഒടുവിൽ ഒരുകെട്ടഴിയും പോലെ ജീവിതവും അഴിഞ്ഞുപോവുന്നെന്ന ദാർശനിക ഇടത്തിലേക്ക് മാർഗ്ഗലീത്തയുടെ ചിന്താധാര ഒഴുകുന്നു.ദുഃസ്സഹമായ ജീവിതം നയിക്കുന്നവരാണ്‌ യഥാർത്ഥ്ത്തിൽ ജീവിക്കുന്നത്‌ കല്ലും മുള്ളും പാകിയ ജീവിതരഥ്യകൾ താണ്ടി പൊട്ടിയൊലിച്ച വ്രണങ്ങളുമായി നീങ്ങുമ്പോൾ ജീവിതം സത്യമാകുന്നു. മതവും സമൂഹവും പ്രണയവുമെല്ലാം ഒറ്റപ്പെടുത്തിയ മാർഗ്ഗലീത്തയെ വായിച്ചെടുക്കുമ്പോൾ കരളിലൊരു കൊളുത്ത്‌ വലിയാതിരിക്കില്ല. ഒരിറ്റു കണ്ണീർ വീഴാതെ ഈ പുസ്തകം എനിക്കു മടക്കിവെക്കാനായില്ല.

മിന്നലും കാറ്റുമായി തകർത്തു പെയ്യുന്ന ഒരു മഴയായിരുന്നു അവൾക്കെന്നും ജീവിതം . കണ്ണീരും വിയർപ്പും കൊണ്ട്‌ ലോകത്തെ പുതുക്കിപ്പണിയാൻ ശ്രമിക്കുന്ന ഒരു പിടി മനുഷ്യർ മാർഗ്ഗലീത്തക്കൊപ്പം നിന്നു. അവരെ മാർഗ്ഗലീത്ത ഹൃദയം കൊണ്ടു തൊടുന്നു. നഷ്ടപ്പെട്ട മതത്തിന്റെ ആത്മാവിനെ അവൾ തിരിച്ചുപിടിക്കുന്നു. മലയാള നോവൽ സാഹിത്യചരിത്രത്തിലെ സ്ത്രീജന്മങ്ങളിൽ ത്യാഗം കൊണ്ടും, സഹനം കൊണ്ടും ബുദ്ധിവൈഭവം കൊണ്ടും സ്ത്രൈണതയുടെ ശക്തി കൊണ്ടും വേറിട്ടുനില്ക്കുന്നു ഒതപ്പിലെ "മാർഗ്ഗലീത്ത "എന്ന്‌ ചുവന്ന മഷിയാൽ അടിവരയിട്ടുറപ്പിക്കുന്നു. ഒരു മാലാഖയെപ്പോലെ മാർഗ്ഗലീത്ത വിശുദ്ധിയാർജ്ജിച്ചിരിക്കുന്നു.....!

Thursday, July 28, 2011

ശില്‍പ്പി


ഇന്ദിരാബാലന്‍
പരശതം രൂപഭാവങ്ങളെ
മനസ്സിലേക്കാവാഹിച്ച്‌
വർണ്ണങ്ങളുടെ മുഖത്തെഴുത്തുമായി
കല്ലിൽ കവിത വിരിയിക്കുന്നവനെ
ഉണങ്ങാത്തവ്രണം പോലെ
നീണ്ടു വലിഞ്ഞുകിടക്കുന്ന
ഏകാന്തത കളിൽ നിന്റെ കരവിരുതിന്റെ
ശിൽപ്പങ്ങൾ എന്നോടു സംസാരിക്കുന്നു
സർഗ്ഗശക്തിയുടെ ഉദാത്ത തലങ്ങൾ
ഹൃദയത്തെ തൊട്ടുണർത്തി തലോടുമ്പോൾ
നീ കൊത്തിയെടുത്ത ശിൽപ്പങ്ങൾ
എന്റെ ചിന്തയുടെ പന്തിപ്പായ ചവുട്ടികടന്നുപോയി...........
വേരുകൾ നഷ്ടപ്പെട്ട ഇന്നലേകൾക്കു മുന്നിൽ
ആശങ്ക മുറ്റി പകക്കുന്ന മിഴികളേയും
പേറി നിൽക്കുമ്പോൾ
നീ കൊത്തിവെച്ച്‌ ജീവൻ പകർന്ന
അമ്മയുടെ മാറിൽ പറ്റിച്ചേർന്നുകിടക്കുന്ന
ഈ അരുമ കുഞ്ഞ്‌ വരും തലമുറയുടെ
പ്രകാശനാളമാകുമോ?
എന്ന ചോദ്യം എന്നിലുരുത്തിരിയുന്നു
പരിസ്ഥിതി സംരക്ഷണമെന്നു പറഞ്ഞ്‌
തീർത്ഥജലം കണക്കെ അനായസേന
തളിച്ചുകൂട്ടുന്ന മാരകവിഷങ്ങൾ
വൈരൂപ്യത്തിന്റെ ബീ‍ഭത്സതകളെ പെറ്റുപെരുകുന്നു
മഹാദുരന്തങ്ങളുടെ വായ്‌ത്തലയിൽ
പിടഞ്ഞമരുന്ന അനന്തജീവിതച്ചിത്രങ്ങൾ
മരണത്തിന്റെ കരുക്കൾ നീക്കുകയാണോ................
നിന്റെ കരസ്പർശനത്താൽ ശിലകളിൽ ചൈതന്യത്തിന്റെ
സൂക്ഷ്മതന്തുക്കൾ വിരിയട്ടെ
സ്രഷ്ടാവിന്റെ അപരനായി നീ
കാലത്തിന്റെ ചുവരെഴുത്തുകളെ
ഈ ശിലകളിലേക്ക്‌ പകർത്തി
ശാശ്വതസമാധാനത്തിന്റെ
ഗോപുരവാതിൽ പണിതാലും.....................

Monday, October 25, 2010

ജലം

indira balan

പഞ്ചഭൂതങ്ങളിൽ
ജലാകാരം പൂണ്ടവൾ
ഒഴുകുകയെന്നതത്രെ നിയോഗം
സത്വരജസ്തമോഭാവങ്ങളിലൂടെ
ധർമ്മത്തിന്റെ ശ്രുതിഭേദങ്ങളായി
നിരന്തരം അപഹാസ്യയാക്കപ്പെടുന്ന വിശ്വത്തിൽ
കപടനാട്യത്തിന്റെ പർദ്ദയണിഞ്ഞവർക്കായി
ഒരിക്കലും ഒഴുകുവാനാകില്ല
പാതി മുറിഞ്ഞ സംഗീതം കണക്കെ
ചുളി വീണ ഓർമ്മകൾ കണക്കെ
ഗതി മുറിഞ്ഞുകിടന്നു പല വിധം
കുടിലതയുടെ ചാട്ടവാറുകൾ ആക്രോശിച്ചു.
“പെയ്തു നിറയേണ്ട ഒഴിയുക വേഗമെന്ന്‌”
വിഷമാലിന്യങ്ങളെറിഞ്ഞ്‌ മൃതപ്രായയാക്കി
നിറം കെടുത്തി,അരൂപയാക്കി
ധാർഷ്ട്യത്തിന്റെ കൊമ്പു മുളച്ചവർ...........
കുത്തനേയുള്ള പാറക്കെട്ടുകൾക്കിടയിലൂടെ
ഞെങ്ങി ഞരങ്ങി ഒഴുകി
വെളിച്ചത്തിന്റെ രഥ്യയിലേക്കായി
ആകാശത്തിന്റെ കാതര നീലിമ അപ്പോഴും
കാതിൽ മന്ത്രിച്ചുകൊണ്ടേയിരുന്നു
ഒഴുകുക......ഒഴുകുക............ഒഴുകി...ഒഴുകി
സ്ഫടികസമാനമാക്കുകീ ഭൂമിയെ....................

Friday, July 2, 2010

രണ്ടു കവിതകൾ

indira balan

ചുരുളഴിയാത്ത ഭൂപടം


അയാൾ അങ്ങിനെയാണ്‌
ചിലപ്പോൾ ഓട്ടിൻപുറത്തു നിന്നും
ഭൂമിയുടെ തണുത്ത പ്രതലത്തിലേക്ക്‌
ഇറ്റുവീഴുന്ന നനുത്ത മഴയുടെ
താളാത്മകമായ ചലനം പോലെ
മറ്റു ചിലപ്പോൾ തീക്ഷ്ണമായ മടുപ്പിന്റെ
ചുട്ടുപൊള്ളിക്കുന്ന വെയിലു പോലെ
വേറെ ചിലപ്പോൾ നിർവ്വികാരതയുടെ
തണുത്തുറഞ്ഞ നീഹാരശൈലം പോലെ
ചിലപ്പോൾ മണ്ണിന്റെ അറിയാമിടങ്ങളിൽ
പമ്മിക്കിടക്കുന്ന കള്ളിമുള്ളുകളെപ്പോലെ......
ചിലപ്പോൾ ഇരുൾപ്പടർപ്പുകളും ,മുൾപ്പടർപ്പുകളും
തിങ്ങി മൗനമുദ്രിതമാക്കപ്പെട്ട
ഇടവഴികളിലൂടെ സഞ്ചരിക്കുന്നവൻ
പലപ്പോഴും ഒരവധൂതനെപ്പോലെ....
സമശീതോഷ്ണമായ ഒരവസ്ഥ അയാളിലില്ല
അയാൾ അങ്ങിനെയാണ്‌
ചുരുളഴിക്കാൻ കഴിയാത്ത ഭൂപടം പോലെ.......


തേടി നടന്നു ഞാൻ
തേടി നടന്നു ഞാൻ
വെളുത്ത സൂര്യന്മാരെ
കണ്ടില്ല,കണ്ടതു
കറുത്ത സൂര്യന്മാരെ

തേടി നടന്നു ഞാൻ
പൗർണ്ണമി തിങ്കളെ
കണ്ടില്ല, കണ്ടതു
തിങ്ങുമമാവാസികളെ

തേടി നടന്നു ഞാൻ
ജലമുഖരിതമാം തീരങ്ങളെ
കണ്ടില്ല, കണ്ടതു
നിർവ്വേദമാം മണൽക്കൂമ്പാരങ്ങളെ

തേടി നടന്നു ഞാൻ
കിളികൾ പാടും വയൽവഴികളെ
കണ്ടില്ല, കണ്ടതു
കണ്ണീരു വറ്റിയ ഭൂമിയെ


തേടി നടന്നു ഞാൻ
ചിരിക്കും നക്ഷത്ര ജാലങ്ങളെ
കണ്ടില്ല, കണ്ടതു
വാനം കീറിമുറിക്കും ഗർജ്ജനങ്ങളെ

തേടി നടന്നു ഞാൻ
ചന്ദ്ര മയൂഖത്തെ
കണ്ടില്ല, കണ്ടതു
തേർവാഴ്‌ച്ച നടത്തും ഇരുൾ മാലകളെ

തേടി നടന്നു ഞാൻ
പൂർണ്ണതയെന്ന സത്യത്തെ
കണ്ടില്ല, കണ്ടതു
അപൂർണ്ണമാം സമസ്യകളെ


പൂർണ്ണതയെന്നൊന്നില്ലെന്നറിവൂ
അന്ത്യത്തിൽ പ്രജ്ഞയും
വിണ്ണിലും മണ്ണിലും വിളങ്ങു-
മൊരേ ചൈതന്യം സനാതനം.