ഇന്ദിരാബാലന്‍
പരശതം രൂപഭാവങ്ങളെമനസ്സിലേക്കാവാഹിച്ച്
വർണ്ണങ്ങളുടെ മുഖത്തെഴുത്തുമായി
കല്ലിൽ കവിത വിരിയിക്കുന്നവനെ
ഉണങ്ങാത്തവ്രണം പോലെ
നീണ്ടു വലിഞ്ഞുകിടക്കുന്ന
ഏകാന്തത കളിൽ നിന്റെ കരവിരുതിന്റെ
ശിൽപ്പങ്ങൾ എന്നോടു സംസാരിക്കുന്നു
സർഗ്ഗശക്തിയുടെ ഉദാത്ത തലങ്ങൾ
ഹൃദയത്തെ തൊട്ടുണർത്തി തലോടുമ്പോൾ
നീ കൊത്തിയെടുത്ത ശിൽപ്പങ്ങൾ
എന്റെ ചിന്തയുടെ പന്തിപ്പായ ചവുട്ടികടന്നുപോയി...........
വേരുകൾ നഷ്ടപ്പെട്ട ഇന്നലേകൾക്കു മുന്നിൽ
ആശങ്ക മുറ്റി പകക്കുന്ന മിഴികളേയും
പേറി നിൽക്കുമ്പോൾ
നീ കൊത്തിവെച്ച് ജീവൻ പകർന്ന
അമ്മയുടെ മാറിൽ പറ്റിച്ചേർന്നുകിടക്കുന്ന
ഈ അരുമ കുഞ്ഞ് വരും തലമുറയുടെ
പ്രകാശനാളമാകുമോ?
എന്ന ചോദ്യം എന്നിലുരുത്തിരിയുന്നു
പരിസ്ഥിതി സംരക്ഷണമെന്നു പറഞ്ഞ്
തീർത്ഥജലം കണക്കെ അനായസേന
തളിച്ചുകൂട്ടുന്ന മാരകവിഷങ്ങൾ
വൈരൂപ്യത്തിന്റെ ബീഭത്സതകളെ പെറ്റുപെരുകുന്നു
മഹാദുരന്തങ്ങളുടെ വായ്‌ത്തലയിൽ
പിടഞ്ഞമരുന്ന അനന്തജീവിതച്ചിത്രങ്ങൾ
മരണത്തിന്റെ കരുക്കൾ നീക്കുകയാണോ................
നിന്റെ കരസ്പർശനത്താൽ ശിലകളിൽ ചൈതന്യത്തിന്റെ
സൂക്ഷ്മതന്തുക്കൾ വിരിയട്ടെ
സ്രഷ്ടാവിന്റെ അപരനായി നീ
കാലത്തിന്റെ ചുവരെഴുത്തുകളെ
ഈ ശിലകളിലേക്ക് പകർത്തി
ശാശ്വതസമാധാനത്തിന്റെ
ഗോപുരവാതിൽ പണിതാലും.....................