Followers

Friday, July 2, 2010

രണ്ടു കവിതകൾ

indira balan

ചുരുളഴിയാത്ത ഭൂപടം


അയാൾ അങ്ങിനെയാണ്‌
ചിലപ്പോൾ ഓട്ടിൻപുറത്തു നിന്നും
ഭൂമിയുടെ തണുത്ത പ്രതലത്തിലേക്ക്‌
ഇറ്റുവീഴുന്ന നനുത്ത മഴയുടെ
താളാത്മകമായ ചലനം പോലെ
മറ്റു ചിലപ്പോൾ തീക്ഷ്ണമായ മടുപ്പിന്റെ
ചുട്ടുപൊള്ളിക്കുന്ന വെയിലു പോലെ
വേറെ ചിലപ്പോൾ നിർവ്വികാരതയുടെ
തണുത്തുറഞ്ഞ നീഹാരശൈലം പോലെ
ചിലപ്പോൾ മണ്ണിന്റെ അറിയാമിടങ്ങളിൽ
പമ്മിക്കിടക്കുന്ന കള്ളിമുള്ളുകളെപ്പോലെ......
ചിലപ്പോൾ ഇരുൾപ്പടർപ്പുകളും ,മുൾപ്പടർപ്പുകളും
തിങ്ങി മൗനമുദ്രിതമാക്കപ്പെട്ട
ഇടവഴികളിലൂടെ സഞ്ചരിക്കുന്നവൻ
പലപ്പോഴും ഒരവധൂതനെപ്പോലെ....
സമശീതോഷ്ണമായ ഒരവസ്ഥ അയാളിലില്ല
അയാൾ അങ്ങിനെയാണ്‌
ചുരുളഴിക്കാൻ കഴിയാത്ത ഭൂപടം പോലെ.......


തേടി നടന്നു ഞാൻ
തേടി നടന്നു ഞാൻ
വെളുത്ത സൂര്യന്മാരെ
കണ്ടില്ല,കണ്ടതു
കറുത്ത സൂര്യന്മാരെ

തേടി നടന്നു ഞാൻ
പൗർണ്ണമി തിങ്കളെ
കണ്ടില്ല, കണ്ടതു
തിങ്ങുമമാവാസികളെ

തേടി നടന്നു ഞാൻ
ജലമുഖരിതമാം തീരങ്ങളെ
കണ്ടില്ല, കണ്ടതു
നിർവ്വേദമാം മണൽക്കൂമ്പാരങ്ങളെ

തേടി നടന്നു ഞാൻ
കിളികൾ പാടും വയൽവഴികളെ
കണ്ടില്ല, കണ്ടതു
കണ്ണീരു വറ്റിയ ഭൂമിയെ


തേടി നടന്നു ഞാൻ
ചിരിക്കും നക്ഷത്ര ജാലങ്ങളെ
കണ്ടില്ല, കണ്ടതു
വാനം കീറിമുറിക്കും ഗർജ്ജനങ്ങളെ

തേടി നടന്നു ഞാൻ
ചന്ദ്ര മയൂഖത്തെ
കണ്ടില്ല, കണ്ടതു
തേർവാഴ്‌ച്ച നടത്തും ഇരുൾ മാലകളെ

തേടി നടന്നു ഞാൻ
പൂർണ്ണതയെന്ന സത്യത്തെ
കണ്ടില്ല, കണ്ടതു
അപൂർണ്ണമാം സമസ്യകളെ


പൂർണ്ണതയെന്നൊന്നില്ലെന്നറിവൂ
അന്ത്യത്തിൽ പ്രജ്ഞയും
വിണ്ണിലും മണ്ണിലും വിളങ്ങു-
മൊരേ ചൈതന്യം സനാതനം.