Followers

Wednesday, August 5, 2009

ഓർക്കരുതിപ്പഴയ കാര്യങ്ങൾ-ദേശമംഗലം രാമകൃഷ്ണൻ


1
മാറിനിൽക്ക്‌
ഭൂമിപറഞ്ഞു, തന്റെ നിഴലിനോട്‌.
നീ മാറിയാൽ ഞാനും മാറാം
നിഴൽ പറഞ്ഞു.
മരണത്തിന്റെ നിഴൽവിളയുന്ന നിലങ്ങൾ കണ്ട്‌
ആഹ്ലാദിക്കുന്ന കൃഷിക്കാരനെപ്പോലെ ഞാൻ
2
ഇപ്പോൾ എഴുത്തുകൈയിന്റെ നിഴലിൽ എന്റെ മഷി
എങ്ങോട്ടൊഴുകുന്നു
ഏതു മനുഷ്യനെ വരയുന്നു അത്‌
വിശാലഹൃദയവും കടുക്കാകൃതിയുമുള്ള ഒരു മനുഷ്യൻ
ഇപ്പോൾ ഈ പേജിൽനിന്ന്‌
എന്റെ നേരെ നടന്നടുക്കുന്നു
എന്റെ മൂക്കത്ത്‌ ഒരൊറ്റ ഇടി
ആരുടെ അരിശമാണ്‌ ഈ സങ്കൽപജീവി.
3.
പഴയതോരോന്നോർത്തിരുന്നാൽ
ഇങ്ങനെ ചില ജന്മങ്ങൾപെറ്റുകൂട്ടേണ്ടിവരും
പിറവി എന്നിൽനിന്നല്ലെന്ന്‌ വാദിച്ചാലും
പേറ്‌ എന്റേതുതന്നെയെന്ന്‌ ജനം വിളിച്ചുകൂവും.
ഈ നിലം നിലക്കണ്ണാടി കൊട്ടാരം എല്ലാം
വിട്ടുകൊടുത്താലും
ഈ നിഴൽക്കുത്തിൽനിന്ന്‌ രക്ഷപെടാനാവില്ല
ഇത്‌ നിലമല്ല
നിഴലല്ല
നിഴലാനയല്ല
ഇതെന്റെയുള്ളം വെട്ടിപ്പിടിച്ചുകൂട്ടുന്ന ഭൂഖണ്ഡങ്ങൾ
ഇതാർക്കു വിട്ടുകൊടുക്കണം
ഇതിൽ നിറയെ വെട്ടുകിളികളാണെങ്കിലും
അവയെ ആട്ടിപ്പായിക്കാനരുതാതെ
അവയുടെ കൊത്തേറ്റ്‌ ഞാനുറങ്ങുന്നു
പ്രഭാതത്തിൽ അവയെന്നെ കൊത്തിയുണർത്തുന്നു

അതേ നിഴലുകളെ നിലങ്ങളെ കാട്ടിത്തരുന്നു
നിലങ്ങളിൽ എന്നെക്കൊണ്ടു
പുതിയ മരങ്ങൾ നടുവിക്കുന്നു
അവ പൂക്കുന്നു കായ്ക്കുന്നു
പിന്നെയും വെട്ടുകിളികൾ അവ വെട്ടിവെട്ടിക്കളയുന്നു
രാത്രികളിൽ അവയെന്നെ
ക്കൊത്തിക്കൊത്തിയുറക്കുന്നു
ചക്രവർത്തിയാണുഞ്ഞാനെന്നവർക്കറിയാഞ്ഞിട്ടില്ല
മ.രാ.രാ.ശ്രീ എന്നേ അവർ എന്നെ വിളിക്കുന്നുമുള്ളൂ
എന്റെ തല പിളർന്നിരിക്കുന്നു
എന്റെ കിരീടം നുറുങ്ങിയിരിക്കുന്നു
ഉടയാടകൾ കീറിപ്പോയിരിക്കുന്നു
വെപ്പാട്ടികൾ നഗ്നരായി എന്നെ കെട്ടിപ്പുണർന്നിട്ടും
എന്റെ കിരീടം തിരിച്ചുവന്നില്ല
ചെങ്കോലു തിരിച്ചുവന്നില്ല
(കഷ്ടം. ഞാനൊരു ചക്രവർത്തിയായിരുന്നു
അതു സങ്കൽപമോ യാഥാർത്ഥ്യമോ
ഏതായിരുന്നു എന്റെ നിലം
ഏതായിരുന്നു എന്റെ കര
ഏതായിരുന്നു എന്റെ കാമുകിമാർ
ഞാനൊന്നുമായിരുന്നില്ലേ
സങ്കൽപച്ചട്ടിയിൽ ചുട്ടെടുത്ത മോഹങ്ങളായിരുന്നുവോ.
പഴയ പഴയ മൂഢസ്വർഗ്ഗങ്ങൾ
അതാണ്‌ ഗുരു പറയാറുണ്ടായിരുന്നത്‌
കൊട്ടാരത്തിൽനിന്ന്‌ ആട്ടിപ്പുറത്താക്കുമ്പോൾ
ഗുരുപറഞ്ഞതിതാണ്‌
ആവോളമാവോളമോർക്കരുത്‌
ഓർക്കുന്നതൊന്നും ആചരിക്കരുത്‌
ഓർക്കാതിരിക്കുവാനാവില്ലയെങ്കിൽ
ഓർക്കാപ്പുറത്തവ പാകിമുളപ്പിച്ചു
നേർക്കുനേർ കുന്തങ്ങളാക്കരുത്‌)
4.
എങ്കിലും ഇല്ലാത്തതുണ്ടെന്ന്‌ സങ്കൽപിച്ചാൽ മാത്രമേ
എന്തെങ്കിലും ഉള്ളതായിത്തോന്നു.
പഴയത്‌ ഓർക്കാൻമാത്രംകൊള്ളാം
പഴയ കടലാസ്‌
പഴയ പേന
പഴയ കുഴിതാളം
പഴയ ചേങ്ങില
പഴയ തിരശ്ശീല
പഴയ ചുട്ടി
കഷ്ടം. ആക്രിയായ്‌ ആക്രാന്തപ്പെട്ടു
ചിക്കിച്ചിനക്കി നടക്കാതേ.
വെള്ളത്തിൽ നിർത്തിയ വടിക്കു വളവുണ്ടോ
വളവിൽ നിന്നെത്ര ചിനച്ചങ്ങൾ പൊട്ടും
പഴയ വിചാരങ്ങൾ വിചാരിക്കുവാൻ കൊള്ളാം
പുതിയ കാലത്തിനവ അസ്ഥിഖണ്ഡങ്ങൾ
അസ്ഥികൾ പൂക്കില്ല കായ്ക്കില്ല
ഉള്ളം ചുടുന്നോരോർമ്മകളാലവയിലൊരു
പച്ചപ്പുമുണ്ടാവുകില്ല.
5.
പഴയതു വേണം ഓർക്കുവാൻ മാത്രം
പഴത്തൊലി പോക്കറ്റിലിട്ടു നടക്കുവാനാവില്ല
മധുരമാവില്ല
പഴയതോർക്കുമ്പോൾ പലപ്പോഴും
മുലയിൽ ചെന്നിനായകം തേച്ചു
മുലകുടി നിർത്തുന്നതുപോലെ
മധുരത്തിലേയ്ക്കു പതുക്കെപ്പതുക്കനെ
കയ്പു കലർത്തിയാലല്ലേ
അമ്മയ്ക്കുചന്തം(കുഞ്ഞിനു വൈരാഗ്യം)
കൊത്തിപ്പിരിയിക്കാനെത്തുന്നവർക്കൊക്കെയും
ചന്തമുണ്ടാവൂ.
6.
പഴയ ഇടങ്ങളിൽ പോകണമെന്നു ശാഠ്യം പിടിച്ചിട്ടുകാര്യമില്ല
പഴയ മനുഷ്യർ കൊഴിഞ്ഞു പഴയപൂക്കൾ കൊഴിഞ്ഞു
പഴയ കാവുകൾ വെട്ടി ഈശ്വരന്മാർ കുടിയിറങ്ങി
തൊഴാനെന്ന മട്ടിൽ
എന്നെ കാണുവാൻ വന്ന്‌ നിൽക്കാറുള്ള ഇലഞ്ഞിത്തറയുമിന്നില്ല
വെറുതെ യാദൃഛികമെന്ന മട്ടിൽ
എന്റെ രാജ്യം കാണുവാൻ നീവന്നുനിൽക്കാറുള്ള
ഇടവഴിയുമിന്നില്ല.
കണ്ണടച്ചുതുറക്കുമ്പൊഴേയ്ക്കും ജനംപെരുകി
കുട്ടികുഞ്ഞുങ്ങൾ വലുതായി
സ്വാശ്രയ എഞ്ചിനീയർമാരായി ഡോക്ടർമാരായ്‌
പൂക്കൈത നിന്നേടത്തു
ഫ്ലൈഓവറുകൾ നിരന്നു.
മഴകൊള്ളില്ലതിൻ ചോട്ടിൽ ട്രാഫിക്ജാമിൽകുരുങ്ങി
പഴയകാലസ്വപ്നങ്ങൾ മധുരിച്ചിട്ടു തുപ്പാനും
കയ്ച്ചിട്ടിറക്കാനുമാകാതെ
ഒരിക്കലും വരാത്തൊരാളെത്തേടിനിൽക്കലേ ഗതിയുള്ളൂ.
7.
ഉണ്ണൊല്ലാ പഴഞ്ചോറ്‌ ഉടുക്കെല്ലാ പഴമുണ്ട്‌
കാണൊല്ലാ മണ്ഡപത്തിരി ക്കൈകൂപ്പോല്ലാ
അകത്താരുമില്ല പുറത്താരുമില്ല
പടിയിറങ്ങിയ ദൈവത്തിൻതിരുനാമം പാടൊല്ലാ
പഴയതൊക്കെ ഓർമ്മ മാത്രം
പുതിമ തേടുക
പച്ചിലച്ചാറിറ്റിച്ച്‌
പഴയ വൈദ്യൻ ചിരിച്ചാലും
പുതിയ നമ്മൾക്കതുപോരാ
ഓരോ സെക്കന്റിലും
സിരകളിൽ
ഡ്രിപ്‌ ഡ്രിപ്‌
ആന്റിബയോട്ടിക്കുകൾ
വീര്യവാൻമാർ
ആയുരാരോഗ്യസൗഖ്യം.
ഒന്നിന്റെയും വക്കിലല്ലോ
രസം നിന്നു തുടിക്കുന്നു
പഴയതൊക്കെ ഓർക്കാൻമാത്രം
പുതിയതല്ലോ രുചിതന്ത്രം.
തിരികെ തിരികെ എന്നു പറയാതിരിക്കു
തിരിച്ചുചെന്നാൽ ഇല്ല ബാല്യം
ചക്രവർത്തിയായ്‌ ഞാൻകുളിച്ചു
രാജ്ഞിയായി നീ രസിച്ചു
പന്തൽകെട്ടി കളിയരങ്ങായ്‌
ഓർമ്മയില്ലാക്കാലത്തല്ലോകാമമാടികളരിയിലെ
കോമരങ്ങളായി.
8.
പകളും രാത്രിയും തമ്മിൽ എന്നും കലഹമാണ്‌
ആ കലഹത്തിനുമുണ്ട്‌ ഒരു സൗന്ദര്യം
ആരുടെ കളംകാവലുകൊണ്ടാണ്‌
ഈ ഭൂമിയിങ്ങനെ ചലിക്കുന്നത്‌
ആരുടെ നോട്ടത്തിലാണ്‌ പൂക്കൾവിടരുന്നത്‌
ആരുടെ നോട്ടത്തിലാണ്‌ പൂക്കൾകൊഴിയുന്നത്‌
കൊഴിഞ്ഞില്ലെങ്കിൽ വിടരില്ലല്ലോ
വിടർന്നില്ലെങ്കിൽ കൊഴിയില്ലല്ലോ
ആരാണിതിൽ ഓർമ്മ
ആരാണിതിൽ മറവി
ആരാണിതിൽ ചിരി
ആരാണിതിൽ കരച്ചിൽ
കണ്ണടച്ചിരുട്ടാക്കാം
കൺതുറന്നാൽ പകലുണ്ടാവണമെന്നില്ല
പകലപ്പമാവാൻ
ഇരുട്ടിന്റെ പുളിവേണം
എന്നും പകൽ എത്രവിരസം
എന്നും രാത്രി എത്ര ഘോരം
എന്നുമിപ്പഴയതൊട്ടുതലോടൽ കെട്ടിപ്പുണർച്ച
എന്നുമിപ്പേറും തീണ്ടാരിയും കൊലവിളിയും
എന്നുമീസ്നേഹത്തിന്റെ വഴുവഴുപ്പിൽ മുങ്ങിക്കുളി
എന്നുമീതാരാട്ടുകൾ കണ്ണോക്കുകൾ
എന്തൊരാവർത്തന കോലാഹലസങ്കടം
ഒന്നു തുലഞ്ഞുകിട്ടിയെങ്കിൽ എന്നോർത്തിരിക്കെ
വന്നൂ നമ്മുടെ മരണവും
കുഴികുത്തിമൂടി ഒരു തേങ്ങോതാളോമീതെനട്ടു
വിതറി കുറേ കടുകിൻ മണികളും
9.
തെങ്ങിനുചൊട്ടയിടാം
കടുകുകൾക്കുപൂക്കാം, പിന്നെയും
പട്ടിൽകെട്ടിയെടുക്കും
അത്രമേൽ സ്നേഹിച്ചവരുടെയോർമ്മകൾ
എന്തിനീയോർമ്മകൾ
ഓർമ്മകൾ കൊള്ളാം ഓർക്കുവാൻമാത്രം, ഉള്ളിൽ
ഓരോ ജഡവും തിക്കിത്തിരക്കാൻ തുടങ്ങിയാൽ
ഓടുവാനാവില്ല നമ്മൾക്കു, കാലങ്ങൾ ഞൊട്ടയിട്ടു
മാടിവിളിക്കുമ്പോൾ വീഴുവാനല്ലേ കഴിയൂ.
പഴയമുഖങ്ങളിലെ
വക്രച്ചിരികളെ ഫലിതങ്ങളെ ഗൗരവങ്ങളെ
ഓർത്തോർത്തിരിക്കാതെ
അവയെ നിലവറയിൽ ചവിട്ടിപൂഴ്ത്തിപോവുക, പോവുക
കരിമ്പടക്കുപ്പായക്കാരനാണോർമ്മ
അവനിരിക്കാനിടം കൊടുത്താൽ
കിടക്കാനും ഇടം കൊടുക്കണം
പിന്നെ അവനെ ഉപചരിക്കണം സദാ
ശുശ്രൂഷിക്കണം, എങ്കിലും അവനിരിക്കട്ടെ
വീട്ടുമ്മറത്തൊരു നോക്കുകുത്തിയായ്‌
ഒരുവഴിയുമില്ലെന്നു വന്നാലേ
അവനെക്കുളിപ്പിച്ചു പുതുവസ്ത്രമണിയിച്ചു
സൽക്കരിക്കാവൂ.
എന്തൊക്കെയായാലും പുതുപുതുസങ്കട-
ക്കനവുകളാഹ്ലാദനിലാവുകൾകൊണ്ടുവനെ
ഊട്ടണം. തടിയൻകുട്ടപ്പനായവൻ
കാത്തുപോരട്ടെ നപുംസകക്കാവലാളായി
എങ്കിലും ഗൗനിക്കവേണ്ടവനെ
പുത്തനതിഥികൾക്കവനൊരു
ശല്യമാവാതെ നോക്കണം.
11.
നീയൊന്നിങ്ങോട്ടുമാറിനിൽക്ക്‌
സ്വകാര്യമായ്‌ ചിലതു പറയട്ടെ
പിറകോട്ടുനോക്കരുത്‌, നോക്കിയാൽതന്നെയും
മുൻപിലേയ്ക്കാവണമോരോരോ നോട്ടവും
പിറകോട്ടു നടക്കരുത്‌, നടന്നാൽതന്നെയും
മുൻപിലാവണമെത്തുന്നതെപ്പൊഴും
ഓർക്കരുത്‌ സാന്റ്‌വിച്ചു തിന്നുമ്പോൾ
ഓക്കാനം വരുത്തുന്ന കാര്യങ്ങൾ:
പണ്ടുനിനക്കിഷ്ടമായിരുന്നു മൂക്കിളതിന്നാൻ
പണ്ടെനിക്കിഷ്ടമായിരുന്നു
ആരുമേ കണ്ടിട്ടില്ലെന്ന ഭാവത്തിൽ
മുറിപ്പൊറ്റയോരോന്നടർത്തി
നാവിലിട്ടങ്ങനെ നൊട്ടിനുണയ്ക്കുവാൻ
ഓർക്കരുതിപ്പഴയകാര്യങ്ങൾ, ഓർത്താൽതന്നെ
ഓക്കാനിക്കാതിരിക്കാൻ മറക്കൊല്ലേ
എങ്കിലും ഓർക്കണം ഓർക്കുവാൻ മാത്രം
എന്തിനും പശ്ചാത്തലമൊന്നു വേണമേ.
പണ്ടുഞ്ഞാൻ ചക്രവർത്തിയായിരുന്നുഎന്ന
സങ്കൽപമാണെന്റെ പശ്ചാത്തലം
അതിനോടുതട്ടിച്ചുനോക്കുമ്പൊഴേ ഇന്നീ
ശവവസ്ത്രധാറിക്കൊരാഹ്ലാദമുള്ളു.