Followers

Tuesday, April 2, 2013

പെണ്ണ്

രാജേഷ് ചിത്തിര 


എന്തൊക്കെ പറഞ്ഞാലും
നീ വെറും പെണ്ണ് തന്നെ!...

എന്നെക്കാള് വലിയ മാറും,
എന്നെക്കാള് നീണ്ട മുടിയും
വരിഞ്ഞു കെട്ടിയും,
നീട്ടി വളര്ത്തിയും
നീ പെണ്ണ് തന്നെയാവുന്നു...

നടത്തം എന്റെ പുറകിലാണ്
എന്റൊപ്പം ഉയരവുമില്ല
എങ്കിലും കണ്ണുകളൊക്കെ നിന്നിലേക്കാണ്
കാരണം നീയാണല്ലോ പെണ്ണ്...

എനിക്കൊരു ആലസ്യത്തിന്റെ
മയക്കം വരെ മാത്രം,
നിനക്കൊരു പേറ്റുനോവിന്റെ
കടല് താണ്ടണം...

കരിപിടിച്ച കണ്ണെന്നു
പറയാതിരിക്കാനാണ്
കണ്മഷിയെഴുതിപ്പഠിച്ചത്
എങ്കിലും,
കരഞ്ഞു കലങ്ങേണ്ടതും
കരിഞ്ഞുണങ്ങേണ്ടതും
എന്നും നീ തന്നെ...

എന്തൊക്കെപ്പറഞ്ഞാലും
എങ്ങനൊക്കെപ്പറഞ്ഞാലും
ഏറ്റവുമൊടുവില്
പെണ്ണെന്നും വെറും പെണ്ണുതന്നെ!...

ഞാന് ഒരാണായിരിക്കുന്നിടത്തോളം കാലം !!!...