Followers

Monday, February 3, 2014

ഇനിയും കെടാത്ത വെളിച്ചം





എം.തോമസ്‌ മാത്യു
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള അഭിവാഞ്ഛ ഒരഭിനിവേശം പോലെ തന്നെ
ആവേശിച്ചിരുന്നെന്നും തന്റെ ജീവിതഗതിയെ നിർണ്ണയിച്ച ഘടകങ്ങളിൽ ഈ
വികാരത്തിന്‌ ഗണനീയമായ സ്ഥാനമുണ്ടായിരുന്നെന്നും ബർട്രന്റ്‌ റസ്സൽ തന്റെ
ആത്മകഥയുടെ ആരംഭത്തിൽത്തന്നെ പ്രസ്താവിക്കുന്നുണ്ട്‌.മനുഷ്
യന്റെ മൗലിക
ചോദനകളിൽ ഒന്നാണ്‌ ഇതെന്നു പറയാം. ജന്തുലോകം പൊതുവേ ജൈവികവാസനയുടെ
തലത്തിൽ നിന്ന്‌ അതിനെ ഉയർത്തി ഉദാത്തീകരിക്കുകയില്ല. ഏതു ജൈവവാസനയെയും
ആ നിഴലിൽ നിർത്താതെ ഉയർന്ന വിതാനത്തിലേക്ക്‌ ഉയർത്തി ഉദാത്തീകരിക്കാൻ
കഴിയുമെന്നത്‌ മനുഷ്യന്റെ വ്യാവർത്തക ധർമ്മമാണ്‌.

പ്രജനന വാസനയെ
ഉദാത്തീകരിച്ച്‌ പ്രേമത്തിന്റെ പാരിജാതപദവിയിൽ എത്തിച്ച്‌ അതിന്റെ
സങ്കീർത്തനം കൊണ്ട്‌ ലോകസാഹിത്യത്തെ രോമാഞ്ചമണിയിച്ചതു മനുഷ്യന്റെ മാത്രം
സിദ്ധിയാണ്‌. സ്നേഹത്തിന്റെ പ്രകാരഭേദങ്ങൾ വിവരിക്കുന്ന ഒരു ഗ്രന്ഥം
തന്നെ എറിക്‌ ഫ്രോം രചിച്ചിട്ടുണ്ട്‌. ദി ആർട്ട്‌ ഓഫ്‌ ലിവിംഗ്‌.
 
       എവിടെ നിന്നാണ്‌ മനുഷ്യന്‌ ഈ വരം ലഭിച്ചതു എന്ന ചോദ്യത്തിന്‌ നേരെ
ഉത്തരം പറയാൻ മതത്തിനു മാത്രമേ കഴിയുകയുള്ളു. ദൈവം തന്റെ സ്നേഹത്തിന്‌
ആവിഷ്കാരം നൽകിയത്‌ സൃഷ്ടിയിലൂടെയാണെന്നും എല്ലാ സൃഷ്ടികളുടെയും മകുടമായി
മനുഷ്യനെ തന്റെ സാദൃശ്യത്തിലും സാരൂപ്യത്തിലും സൃഷ്ടിച്ചു എന്നും
കൂട്ടിവായിക്കാവുന്ന വിധമാണ്‌ ബൈബിളിലെ വിവരണം. ഒരുപടികൂടി കടന്ന്‌
മനുഷ്യനെ ദൈവം കുടുംബമായി സൃഷ്ടിച്ചു എന്ന്‌ വ്യാഖ്യാനിക്കാവുന്ന വിധം
ഉപപന്നമാണ്‌ ആ വിവരണം. അങ്ങനെയാണെങ്കിൽ ദൈവിക സ്നേഹത്തിന്റെ പ്രകാശനം
നിർവ്വഹിക്കുമ്പോഴാണ്‌ മനുഷ്യൻ തന്റെ ഉണ്മയുടെ നിറവ്‌
ആവിഷ്കരിക്കുന്നതെന്ന്‌ പറഞ്ഞുകൂടെ? പങ്കിടലിന്റെയും ആത്മദാനത്തോളം
ചെയ്യുന്ന പരസ്പരസമർപ്പണത്തിന്റെയും പാഠങ്ങൾ ആദ്യംതൊട്ടെ പഠിക്കട്ടെ
എന്നു കരുതിയാവണം, മനുഷ്യനെ കുടുംബമായി സൃഷ്ടിച്ചതു. പക്ഷേ, ഇപ്പോൾ
കുടുംബത്തിൽ നിന്നും അതുപഠിക്കുന്നുണ്ടോ എന്ന്‌ ആർക്കറിയാം.
കുടുംബക്കോടതി സ്ഥാപിക്കേണ്ടത്‌ വിദ്യാലയത്തിന്റെ ഓരത്ത്‌ ആയിരിക്കണം
എന്ന്‌ ചിന്തിക്കാവുന്ന വിധം നമ്മൾ പുരോഗമിച്ചു കഴിഞ്ഞില്ലേ!!
 
       മനുഷ്യന്‌ ഈ ഉയരം അപ്രാപ്യമല്ലെന്ന്‌ ചരിത്രം ആവർത്തിച്ചു
കൊണ്ടിരിക്കുന്നു. മൊളൊക്കോയ്‌ ദ്വീപിലെ കുഷ്ഠരോഗികളെ ശുശ്രൂഷിച്ച്‌
അവരിൽ ഒരാളായിത്തീരുന്നതാണ്‌ ജീവിതത്തിന്റെ ധന്യത എന്നു ചിന്തിച്ച
ഫാ.ഡാമിയൻ പഴംകഥയാണോ? കൽക്കത്തയിലെ ഓടകളിൽ വീണു കിടക്കുന്ന
അർദ്ധപ്രാണങ്ങളെ വാരിയെടുത്തു ശുശ്രൂഷിക്കുമ്പോഴാണ്‌ തന്റെ പ്രേഷിതവൃത്തി
സ്വാർത്ഥകമാകുന്നതെന്നു കരുത്തിയ മദർതെരേസാ നമുക്ക്‌ വിദൂരസ്ഥയല്ലല്ലോ.
ഇതാ ഝാർഘണ്ഡിൽ കൽഖരി ഖാനി തൊഴിലാളികൾക്ക്‌ മനുഷ്യോചിതമായ ജീവിതം ലഭിക്കാൻ
പോരാടിക്കൊണ്ടിരുന്ന വത്സാജോണിന്റെ രക്തസാക്ഷിത്വത്തിന്റെ കഥകൾ
പത്രത്താളുകളിൽ നിറഞ്ഞുകൊണ്ടിരിക്കുന്നു. ഇവരൊക്കെ തങ്ങളുടെ ജീവിതത്തിലെ
സുഖങ്ങളെക്കുറിച്ചു വേവലാതിപ്പെട്ടു നടന്നവരല്ല. 

അഥവാ  സുഖത്തെക്കുറിച്ചുള്ള അവരുടെ സങ്കൽപം നമ്മുടേതിൽ നിന്ന്‌ എല്ലാം
വ്യത്യസ്തമാണ്‌. നമ്മൾ ബഹുഭൂരിപക്ഷം പേർ, ശരാശരിക്കുമേൽ ഉയരുന്നതെന്ന്‌
ശാഠ്യമുള്ളവർ, നരകേറിയ മുടിയിൽ ചായം പിടിപ്പിച്ച്‌ കറുപ്പിച്ച്‌, യൗവ്വനം
നടിച്ച്‌, ഉടലാകെ പരിമളം പൂശി, തിളങ്ങും ഉടയാടകൾ ചാർത്തി പൊങ്ങച്ചം വിതറി
പൊതുജീവിതം നയിക്കുന്ന അൽപന്മാർ! നാം സുഖമെന്നു കരുതുന്നതെന്ത്‌? മുന്തിയ
ഹോട്ടലിലെ പഴകിയ ഭക്ഷണത്തിനു മുമ്പിൽ വീരസ്യം വിളമ്പുന്നത്‌,
വാറ്റുചാരായത്തിന്‌ ചൂരും നിറവും പകർന്നത്‌,കാൽ കുപ്പി വെള്ളം ചേർക്കാതെ
വിഴുങ്ങി വേച്ചു നടക്കുന്നത്‌, ഏത്‌ അഴുക്കു കണ്ടാലും
കയറിപ്പിടിക്കുന്നതും പൗരുഷത്തിന്റെ അടയാളമെന്നു ഭ്രമിക്കുന്നത്‌,
വളർത്തു നായയുടെ കുലമഹിമയിലും വംശശുദ്ധിയിലുമാണ്‌, അന്തസ്സും
തറവാടിത്തവും  എന്നു തെറ്റദ്ധരിക്കുന്നത്‌... അങ്ങനെ എന്തെല്ലാം... ഈ
നമ്മൾ ഭോഷത്തം എന്നു പരിഹസിക്കുന്നത്‌ ജീവിതത്തിന്റെ ധന്യതയാണെന്നു
കരുത്തിയവരാണ്‌ അവർ!

 
       ഭോഷത്തം മനുഷ്യനിലെ ദൈവികസത്തയോടുള്ള വിശ്വസ്തത്തയാണ്‌. തങ്ങൾ
തങ്ങളോടുതന്നെ സത്യസന്ധരാവുകയാണ്‌ ചെയ്യുന്നതെന്ന്‌ അവർ അറിയുന്നുണ്ടോ
എന്തോ? അഥവാ, ഇതൊക്കെ നമ്മളെമാത്രം അലട്ടുന്ന പ്രശ്നങ്ങളായിരിക്കാം. അവർ
തങ്ങൾ പദം വെയ്ക്കാനായുന്നിടത്തു വീഴുന്ന ഇത്തിരി വെട്ടത്തിൽ മാത്രം
ദൃഷ്ടിയർപ്പിക്കുന്നവരായിരിക്കാ
ം. തങ്ങളുടെ ഉള്ളിൽ ഉണർന്നിരിക്കുന്ന
ശക്തി വഴിതെറ്റാതെ അവരെ നയിച്ചുകൊണ്ടിരിക്കുന്നു. വഴിയോരത്തു നിന്ന്‌
പരിഹാസം ഉതിർക്കുന്നവർ കാലംപോകെ അവരെ വിശുദ്ധപദവിയിലേയ്ക്ക്‌
ഉയർത്തണമെന്ന്‌ ആരവം ഉതിർക്കുകയും ചെയ്യും! വൈകിയാണെങ്കിലും നാം
മഹത്വത്തെ തിരിച്ചറിയുന്നുണ്ടല്ലോ. നമ്മുടെ ഉള്ളിലെ വെളിച്ചം തീരെ
കെട്ടുപോയിട്ടില്ലെന്നതിന്റെ ഉറപ്പാണല്ലോ ഈ ആരവം!
 
       മതിവരാത്ത ആസക്തിയിലും ഊനം തട്ടാത്ത സ്വാർത്ഥതയിലും ആണു കിടക്കുന്നവരെ ഈ
വരാഹജീവിതമല്ല തങ്ങളെക്കൊണ്ട്‌ ഉദ്ദേശിച്ചിരിക്കുന്നതെന്ന്‌ അറിയിച്ച്‌
മനുഷ്യത്വത്തിന്റെ വഴിയിൽ നടക്കാൻ വേണ്ടി അവരെ വീണ്ടെടുക്കാനാണ്‌
ദൈവപുത്രൻ മനുഷ്യാവതാരം കൊള്ളാൻ തീരുമാനിച്ചതു. അവൻ ഒരു പുതിയ മൂല്യക്രമം
അവതരിപ്പിക്കുകയായിരുന്നു.യഥാർ
ത്ഥത്തിൽ അത്‌ അത്ര പുതിയതൊന്നും
ആയിരുന്നില്ല. മനുഷ്യൻ സത്തചോർത്തിക്കളഞ്ഞ്‌ തൊണ്ടുമാത്രം അവശേഷിപ്പിച്ച
ദൈവിക നീതിശാസ്ത്രത്തിൽ ഇതൊക്കെ ഉണ്ടായിരുന്നു. കാരംപോയ ഉപ്പ്‌
എറിഞ്ഞുകളയാനേ കൊള്ളൂ. എണ്ണ വറ്റിയ വിളക്ക്‌ പുകപരത്തുകയേയുള്ളൂ.
സ്നേഹശൂന്യമായ മനസ്സ്‌ രാക്ഷസശൗര്യം പൂണ്ട്‌ അന്യർക്ക്‌ നരകം
സൃഷ്ടിക്കുന്നു. അതുനേടാൻ മാത്രം ശീലിക്കുന്നു. ഒന്നും കൊടുക്കാൻ
സന്നദ്ധമാകുന്നില്ല. അവിടെയാണ്‌ നൽകുന്നതിലാണ്‌ ആനന്ദം, നേടുന്നതിലല്ല,
ദ്വേഷിക്കുന്നവരെപ്പോലും സ്നേഹിക്കുന്നതിലാണ്‌ സ്വർഗ്ഗീയമായ സുഖം
കുടികൊള്ളുന്നത്‌ എന്ന സന്ദേശവുമായി ദൈവപുത്രൻ കടന്നുവരുന്നത്‌. ജീവൻ വരെ
കൊടുക്കുന്ന സ്നേഹത്തിന്റെ പരമാവധിയാണ്‌ അവിടുന്ന്‌ ഉദാഹരിച്ചതു.

 
സ്നേഹമാണ്‌ ജീവനിലേക്കുള്ള, നിത്യജീവനിലേക്കുള്ള, വഴി എന്ന്‌ അവിടുന്ന്‌
ഉപദേശിച്ചു. സ്നേഹമുള്ളിടത്താണ്‌ സ്വർഗ്ഗം, അവിടെ തൃഷ്ണകൾ ഒടുങ്ങുന്നു;
സ്വാർത്ഥം അസ്തമിക്കുന്നു. അശാന്തി വിട പറയുന്നു. സ്നേഹിച്ചു
തുടങ്ങുമ്പോൾ സ്നേഹം കിട്ടുന്നില്ലല്ലോ എന്ന പരാതിയും അവസാനിക്കുന്നു.
സ്നേഹത്താൽ സൃഷ്ടിക്കപ്പെട്ട ലോകത്തെ നിസ്നേഹതയുടെ നരകത്തിൽ നിന്ന്‌
സ്നേഹത്താൽ വീണ്ടെടുക്കാനുള്ള ദൈവീക പദ്ധതിയുടെ ഉദ്ഘാടനമാണ്‌
ബേത്ലെഹേമിലെ പുൽത്തൊട്ടിയിൽ കിശോര നിഷ്കളങ്കതയായി അവതരിച്ചതു.