ഡോ കെ ജി ബാലകൃഷ്ണൻ
==========================
അപ്പനാനപ്പുറമേറിയാൽ
ചെക്കനും തയമ്പെന്ന്
കലികാലക്കണക്ക്.
അവിടം തിരുമ്മിത്തിരുമ്മി
മെഴുക്കിട്ട് മിനുക്കി
കൈ കുഴയുവൊനൊന്നരക്കാശ്.
അന്തിയാവോളം വെള്ളം കോരി
കുടമിട്ടുടയ്ക്കുവോൻ;
പിന്നെ,
പിറ്റേന്ന്,
വോട്ടുയന്ത്രത്തിൽ
പതിവുപോലെ
വിരലമർത്തുവോൻ -
ദരിദ്രവാസി.
(പൂമുഖത്ത് പൊന്നുരുക്കുന്നിടത്ത്
നിനക്കെന്ത് കാര്യമെന്ന്
പണ്ടേ പണ്ടേ
നാട്ടുനടപ്പ് )
കറുത്ത ഈ ചാവാലിപ്പശു
ഇനി പെറില്ല ;
പെറ്റാലും പാൽ തരില്ല ;
(അറവുകാരന്ന്
വിൽക്കാമെന്ന്
അടിയന്റെ
പഴമനസ്സ് )
ഇംഗ്ലീഷ് വളമുള്ളപ്പോൾ
ചാണോം മൂത്രോം
എന്തിനെന്ന്
പരിഷ്കാരി.
അതെ,
പൊന്മുട്ടയിടുന്ന
താറാവിനെ
കൊല്ലുന്നത്
നിന്റെ നീതി.
നിന്റെ
അടുക്കളയിൽനിന്ന്
പൊരിച്ച
ഇറച്ചിമണം.
2 .
ജനുവരി ഇരുപത്തി യാറുകൾ
വന്നേ പോകുന്നു;
മലയപ്പുലയൻ
മഴവന്നനാൾ
വാഴനട്ടുകൊണ്ടെയിരിക്കുന്നു;
ഇവിടെ
മാതേവന്റെ
പകൽക്കിനാവ്
പുതിയ കുപ്പിയിലെ
അളിഞ്ഞ വീഞ്ഞ്.
(ഇതിനൊക്കെ
പ്രതികാരം
ചെയ്യാതടങ്ങുമോ
പിന്മുറക്കാരെന്ന്
കവി
ഒച്ച വെച്ചുകൊണ്ടേയിരിക്കുന്നു.
(കൂടെ നാണോം മാനോമില്ലാത്ത നീയും
നിന്റെ കൂട്ടരും!)
============================== ========