രാം മോഹൻ പാലിയത്ത്
Death in Venice |
കവിതയെഴുതാൻ ശ്രമിക്കുന്നയാളുടെ, അയാൾ ഗ്രേറ്റ് കവിയോ പറട്ട കവിയോ ആകട്ടെ, കവിതകളിലും പാട്ടുകളിലുമെല്ലാം എല്ലാ കാലത്തും ‘നീ’ കടന്നു വരും. കലാകാരന്മാർ മനുഷ്യരെപ്പോലെ തന്നെ പൊതുവേ പ്രേമരോഗികൾ ആയിരിക്കുമല്ലൊ. പോരാത്തതിന് ജ്യോതിഷത്തിൽ കലയുടേയും കാമുകത്വത്തിന്റേയും കാരകൻ ഒരാൾ തന്നെ - ശുക്രൻ [വീനസ്]. എഴുതപ്പെട്ട സാഹിത്യത്തിൽ ഏറിയ പങ്കും പ്രണയവുമായി ബന്ധപ്പെട്ടതാണെന്നതും ഇവിടെ ഓർക്കാവുന്നതാണ്.
ഒരാളുടെ എഴുത്തുകളിലെ ‘നീ’ എല്ലാക്കാലത്തും ഒരേ ആൾ തന്നെയാകണമെന്നില്ല. നെരൂദയുടെ വൈധവ്യനൃത്തത്തിലെ ‘നീ’യല്ലല്ലൊ ഏറ്റവും ശോകഭരിതമായ വരികളിലെ ‘നീ’. റങ്കൂൺകാലത്തെ നെരൂദയുടെ കാമുകിയായിരുന്ന മേരി ജോ ബ്ലിസ് ആണ് വിഡോവേഴ്സ് ടാങ്കോയിലെ നായിക. എല്ലാ നല്ല പ്രണയികളേയും പോലെ അവരും പൊസസ്സീവ് ആയിരുന്നു. എല്ലാ നല്ല പ്രണയികളേയും പോലെ എന്നെങ്കിലും നെരൂദൻ മുങ്ങിക്കളയുകയാണെങ്കിൽ വെട്ടിക്കൊല്ലാൻ വേണ്ടി അവരും തലയിണക്കീഴിൽ ഒരു സാങ്കൽപ്പിക കഠാര സൂക്ഷിച്ചു. നെരൂദയല്ലെ ആള്, എത്ര കൊളം കണ്ടതാ. മേരി ജോ മുള്ളാൻ പോയ തക്കം നോക്കിയാവും അങ്ങേര് കപ്പലീക്കേറി കൊളംബോയ്ക്കു വിട്ടു. കപ്പൽ തുറമുഖം വിട്ടയുടൻ മേരി ജോ ഓടിയെത്തി. തുറമുഖം മുഴുവൻ അലറി വിളിച്ചു കരഞ്ഞു. ആ കപ്പലിലിരുന്ന് നെരൂദ എഴുതിയതാണ് വിഡോവേഴ്സ് ടാങ്കോ. [പിന്നീട് ഓള് നെരൂദയെ കാണാൻ വേണ്ടി കൊളംബോയിലേയ്ക്ക് വരുന്നുണ്ട്. അതാണ് മോനേ പ്രേമം. അസ്ഥിക്ക് പിടിച്ച പ്രേമമല്ല, അസ്തിക്ക് പിടിച്ച പ്രേമം!]
മലയാളത്തിലെ ഏറ്റവും പ്രസിദ്ധനായ കവിയുടെ ഏറ്റവും പ്രശസ്തമായ പ്രണയകവിതകളിലൊന്നിലെ ‘നീ’ അദ്ദേഹത്തിന്റെ കൌമാരപ്രായക്കാരനായ കുണ്ടൻ ചെക്കനാണെന്ന് [catamite] കേട്ടിട്ടുണ്ട്. ഖസാക്കിലെ കാറ്റമൈറ്റിനെ ഓർമയില്ലെ? അള്ളാപ്പിച്ചാ മൊല്ലാക്കയുടെ സ്വന്തം കുണ്ടൻ നൈജാമലി. നൈജാമലിയെ വീട്ടിൽ കൊണ്ടുവന്ന അന്നു രാത്രി ആ വീട്ടിൽ ആരും ഉറങ്ങിയില്ല എന്നാണ് വിജയൻ എഴുതിയിരിക്കുന്നത്. പാവം തിത്തിബിയുമ്മ. അപ്രതീക്ഷിതമായ കോർണറിൽ നിന്ന് കോമ്പറ്റീഷൻ വരുമ്പോൾ ഏത് ജീവിക്കാണ് ഉറങ്ങാൻ പറ്റുക? അള്ളാപ്പിച്ച+നൈജാമലിയെ വെട്ടുന്ന പ്രണയമാണ് കസാന്ദ്സകീസിന്റെ ക്രൈസ്റ്റ് റീക്രൂസിഫൈഡിലുള്ളത് - ഈ നോവലിന് ഗ്രീക്ക് പാഷനെന്നും പേരുണ്ട്. ഇരട്ടച്ചങ്കുള്ള ആളോളെപ്പോലെ രണ്ടു പേരുള്ള ഈ നോവലും കിടു, കിക്കിടു. ക്രൈസ്റ്റ് റീക്രൂസിഫൈഡിലെ ഇക്ക ടർക്കിക്കാരനാണ് - ആഗ. അയാളുടെ ചെക്കൻ യൂസഫകൈ. ചെക്കൻ കൊല്ലപ്പെടുമ്പോഴുള്ള അയാളുടെ കരച്ചിൽ വായിക്കുമ്പോൾ ആരിലും ഉണർന്നുപോം ഹോമോസെക്ഷ്വാലിറ്റി. അത് പക്ഷേ വായനക്കാരന്റെ ദൌർബല്യമല്ല, കസാൻസാകിസിന്റെ ശക്തിയാണ്. നൈജാമലിയെ വർണിക്കുമ്പോൾ വിജയനും ആ ശക്തി പങ്കിടുന്നു. തോമസ് മൻ എന്ന ജർമൻ നൊബേൽ ജേതാവിന്റെ ഡെത്ത് ഇൻ വെനീസിലുമുണ്ട് ഒരു പയ്യൻ. എഴുത്തുകാരനായ നായകൻ ഇവിടെ പയ്യനെ തൊടുന്നതു പോയിട്ട് മിണ്ടുന്നതു പോലുമില്ല. പക്ഷേ അതൊരു റൂയിനസ് പാഷനായിരുന്നു. drunken by those eyes എന്നാണ്. [ബ്രാൻഡി മാത്രം കുടിക്കുന്നവരോട് എന്തു പറയാൻ!].
പറഞ്ഞു വന്നത് ഹോമോസെക്ഷ്വാലിറ്റിയെപ്പറ്റില്ല
പ്രിയപ്പെട്ട കവികളേ, പാട്ടെഴുത്തുകാരേ, നിങ്ങളുടെ എഴുത്തുകളിലെ സാധാരണവും അസാധാരണവുമായ 'നീ'കൾ ആരെല്ലാമായിരുന്നു? ഓർത്തെടുക്കാൻ രസമുണ്ടോ? പിന്നെയും വേദനിക്കുന്നുണ്ടോ? അതെന്നും ഒരേ ആൾ തന്നെ ആയിരുന്നു എന്ന് നുണ പറയാൻ തോന്നുന്നുണ്ടോ?