Followers

Monday, February 3, 2014

സന്ദര്‍ശകര്‍



രജീഷ് പാലവിള

കുഞ്ഞിനെക്കാണാനോരോ ബന്ധുക്കള്‍ വീട്ടില്‍ വരും;
കുഞ്ഞിനുടുപ്പും സോപ്പും പാവയും കൊണ്ടുത്തരും !

കുരുന്നാമാതിഥേയന്‍ അവരെ സല്‍ക്കരിക്കും;
വിരുന്നുകാരെയെല്ലാമെത്രയോ രസിപ്പിക്കും ;

ചുറ്റിലുമിരുന്നവര്‍ അവനെക്കളിപ്പിക്കും ;
ഉറ്റബന്ധത്തിന്‍റേതാം കണ്ണികള്‍ പഠിപ്പിക്കും !

നീട്ടിയും കുറുക്കിയും വാക്കുകള്‍ താരാട്ടാകും ;
നീട്ടിയ കൈകളെല്ലാമവന്‍റെ തൊട്ടിലാകും!

പറയാനവര്‍ക്കുണ്ടാ,മെത്രയോ വിശേഷങ്ങള്‍!;
പഴയനൂറ്റാണ്ടുകള്‍ പകര്‍ന്ന വിശ്വാസങ്ങള്‍!!

''കണ്ണേറ് ജയിക്കുവാന്‍ കവിളില്‍ പൊട്ടുവേണം!
കണ്ണിനുമുകളിലും കറുപ്പ് തൊട്ടിടേണം!!'';

''അരയില്‍,മൂരിമണി,ച്ചരട് കെട്ടീടേണം!
മുളകു,മുപ്പുമെന്നും ഉഴിഞ്ഞു ചുട്ടീടണം!'';

ജന്മനാളറിഞ്ഞെന്നാല്‍ തുടങ്ങും വരുംകാല-
കര്‍മ്മമണ്ഡലത്തിന്‍റെ നക്ഷത്രകക്കണക്കുകള്‍!

പറയാനവര്‍ക്കുണ്ടാമെത്രയോ വര്‍ത്തമാനം;
പഴയനൂറ്റാണ്ടുകള്‍ പകര്‍ന്ന തത്വശാസ്ത്രം!

നക്ഷത്രഗണാകീര്‍ണ്ണനഭസ്സില്‍, ഗ്രഹനില
തല്‍ക്ഷണം പരതുന്നു ചതുരപ്പലകകള്‍!!

ഇന്നോളമാകാശത്തോ,ട്ടൊന്നു നോക്കിയിട്ടില്ല;
കുന്നോളം ജല്പനങ്ങള്‍ക്കെന്നിട്ടും കുറവില്ല!

ഓമലേ!വിരല്‍ത്തുമ്പില്‍ മുറുക്കെ പിടിക്കുവിന്‍ ;
ഓരോരോ കുരുക്കുമായ്‌ വേറെയും നായാട്ടുകാര്‍!!