Followers

Monday, February 3, 2014

മരണം ഒരു കവിതയാണ്...

ശ്രീപാർവ്വതി


ഒരു എപിസോഡ് കൊണ്ടു തീര്‍ക്കാനാകാത്ത
നീണ്ടു നിവര്‍ന്ന ഒരു കവിത
എന്‍റെയും നിന്‍റെയും
അവസാനം ഒരു പുസ്തകത്തില്‍ തുടങ്ങി
താളൊടുങ്ങുമ്പോള്‍ അവസാനിക്കുന്നു.
ഇടയിലാരോ സോളമന്റെ ഉത്തമ ഗീതം
ഉറക്കെ വായിക്കുന്നു.
പിന്നെയാരോ കുരുക്ഷേത്രയുദ്ധം കാണുന്നു.
പിന്നെയുമെത്രയോ പേജുകള്‍ മറിയാതെ പോകുന്നു.
രണ്ടു യാത്രകള്‍ക്കിടയിലുള്ള
വെറുമൊരു കവിതയെന്ന് മരണത്തെ വിളികുമ്പോള്‍
എത്രമനോഹരമായി ചിലരതിന്, രാഗമൊരുക്കുന്നു
താളനിബദ്ധമായി ഉറക്കെ പാടുന്നു.
പക്ഷേ ചിലപ്പോള്‍ ചിലര്‍ നിഴലില്‍ തിരയുന്നു,
കിട്ടാത്തതും അറിയാത്തതുമായ സത്യങ്ങളെ
തിരഞ്ഞ് തിരഞ്ഞ് മടുത്തൊടുവില്‍ തളര്‍ന്നുറങ്ങുന്നു.

മരണം ഒരു സ്വാതന്ത്ര്യമാണ്...
ഒരു ജീവിതത്തിനും പകരാനാകാത്ത
സ്വാതന്ത്യപ്പക്ഷികള്‍
ചിറകടിക്കുന്ന ദിനമാണത്.
സ്നേഹത്തിന്‍റെ പ്രണയത്തിന്‍റെ പുസ്തകങ്ങളുടെ
നിലാവിന്‍റെ ഭൂമിയുടെ ഒക്കെ ചങ്ങലക്കെട്ടുകള്‍
പൊട്ടിച്ചെറിഞ്ഞ് പറന്നു പോകാന്‍ ആത്മാവിനു കിട്ടുന്ന
അസുലഭ ദിനം.
ശരീരത്തിന്‍റെ മരവിപ്പിനും നെരിപ്പിനുമിടയില്‍
വെമ്പി വെമ്പി പുകഞ്ഞു പുകഞ്ഞ് പുറത്തേയ്ക്കു കടക്കുമ്പോള്‍
ആത്മാവ് ആദ്യം ചെയ്യുക ഭൂമിയില്‍ അമര്‍ത്തിയൊരു ചുംബനമണത്രേ...
പാദം വയ്ക്കാന്‍ ഇടം തന്ന മണ്ണേ നിനക്കു വിട...
പുനര്‍ജ്ജനിക്കാം ഞാന്‍ , മരമായോ, മാനായോ, മനുഷ്യനായോ...

മരണം ഒരു തടവറയാണ്...
മരത്തിന്‍റെ തണല്‍ നഷ്ടമായ ചെറു പുഷ്പങ്ങളില്‍
വെയില്‍ നിഴല്‍ വീഴ്ത്തിരിയിക്കുന്നു.
അതിജീവനത്തിന്‍റെ തുറന്നിട്ട വേദപുസ്തകം കയ്യില്‍
വെറുതേ തുറന്നു പിടിച്ച് അവര്‍ വിലപിക്കുന്നു
പിന്നെ നോഹയുടെ കഥ ഉറക്കെ വായിക്കുന്നു.
പ്രാണന്‍ നിറച്ച വഞ്ചികള്‍ ഉയിരു നിറച്ചു മടങ്ങുന്നു.
ഇനി പിടച്ചിലില്ല..
തലോടലില്ല...
രോഗശാന്തിയേകാന്‍ കാലം ബാക്കി വച്ച ചാരമല്ലാതെ...

ഇനി നീ സ്വയം കവിത രചിക്കും.
പുതിയ ജീവനത്തിന്‍റെ
പുതിയ നിലാവിന്‍റെ
പുതിയ പ്രണയത്തിന്‍റെ
പുതിയ കാറ്റിന്‍റെ
പുതിയ കാലത്തിന്‍റെ...
അവിടെ ജീവതാളമുണ്ടാകട്ടെ...
വിസുദ്ധിയുടെ സംഗീതമുണ്ടാകട്ടെ...