Followers

Monday, February 3, 2014

പുതപ്പ്

സി വി പി നമ്പൂതിരി


---------------
പുറമേനിന്നുമെത്തുന്നൂ
ശബ്ദത്തിന്റെ പുകച്ചുരുള്‍...
കാലൊച്ച,തേങ്ങല്‍,ഒറ്റപ്പെ-
ട്ടകലുന്ന ചിലമ്പൊലി...

നേരമേറെപ്പുലര്‍ന്നെന്നു
പുറംലോകം മുഴങ്ങവേ
പുതപ്പിന്നുള്ളിലെച്ചൂടില്‍
മുഖം മൂടിക്കിടന്നു ഞാന്‍

വീഞ്ഞും,കവിതയും വാക്കു-
കണ്ടെത്താത്ത കിനാവുമായ്
വിരുന്നൊരുക്കിയെന്നെക്കാ-
ത്തവളൊറ്റയ്ക്കിരിക്കയാം

തണുപ്പത്തീ പുതപ്പിന്റെ
പുറത്തെങ്ങിനെ പോകുവാന്‍?
പിന്നിട്ടരാവും തെരുവും
വയ്യ വയ്യിനി താണ്ടുവാന്‍...

പുതപ്പാണഭയം നല്‍കും
കവചം പലനേരവും
ഇതിന്നകത്തെ ലോകത്തു-
ണ്ടെനിക്കൊറ്റയ്ക്കു ജീവിതം...

കടക്കണക്കും കണ്ണീരും
കലാപത്തിന്‍റെ മൌനവും
തണുപ്പും,പ്രണയത്തിന്‍റെ
നോവു മില്ലാത്തജീവിതം...

പുതപ്പിന്നുള്ളിലുണ്ടെന്റെ
യാത്മാവിന്‍ ജലയാത്രകള്‍....
ഒളിപ്പോ,രൊറ്റ്;ഞാനെന്നെ
സമസ്യക്കുള്ള പൂരണം...

കണ്ണടച്ചു കിടക്കുമ്പോള്‍
ഒരു കാലൊച്ച പിന്നെയും!
അതുംകൂടി പുറത്താകാന്‍
പുതപ്പില്‍ ചുരുളുന്നു ഞാന്‍.........
---------------------------------------