പഴനി ഭാരതി /പരിഭാഷ : ഭൈരവി നീം
ഇപ്പോഴൊക്കെ
നിന്റെ മര ചർക്കയിൽ
സ്വര്ണ കസവുകളെ
നെയ്തെടുക്കുന്നു
അഴിമതിക്കാർ
ചോദിച്ചാലോ
നിന്റെ താങ്ങ് വടി മർദ്ദനം
നീ ചുമന്ന
മലം നിറച്ച ചട്ടി
പോലെ നാറുന്നു
ജാതി ഭേദങ്ങൾ
പക്ഷെ
നിന്റെ കണ്ണട ഇവിടെ ഭദ്രമാണ്
നിന്റെ ദർശനങ്ങളെ
ഞങ്ങൾ നഷ്ടപ്പെടുത്തിയെങ്കിലും
നിന്റെ പാദുകങ്ങൾ ഭംഗിയായി
സൂക്ഷിക്കുന്നുണ്ട്
പാത ഞങ്ങൾ കളഞ്ഞുവെങ്കിലും
നിന്റെ കാലവും ഘടികാരവും
ഇവിടെ പ്രദർശന ശാലയിൽ ഭദ്രമാണ്.
ഇവിടെ
തപാൽ നിലയങ്ങൾ
ഇല്ലാതാകും
എന്നതിനാൽ
നിന്റെ തല ഞങ്ങൾ സ്റ്റാമ്പുകളിൽ
നേരത്തേ അച്ചടിച്ചിട്ടുണ്ട്
നിനക്ക് ഇഷ്ടപ്പെട്ട
മൂന്നു കുരങ്ങു പാവകളെ
പോലെയാണ് ഞങ്ങൾ ഇപ്പോൾ
ദുർനടപടികളെ നോക്കാറില്ല
ദുര്നടപടികൾക്കെതിരെ ശബ്ടിക്കാറില്ല
ദുര്നടപടികളെ കേൾക്കാറില്ല .
പക്ഷെ
പേടിയുണ്ട് മഹാത്മാവേ
ഞങ്ങൾ
അന്ധരാണോ
ബാധിരരാണോ
ഊമകളാണോ
എന്ന് !
***