Followers

Monday, February 3, 2014

ദൂതരെ സ്പർശിയ്ക്കപോലുമരുത് സുനിൽ എം എസ്

മഹാഭാരതകഥയിൽ യുദ്ധമൊഴിവാക്കാനായി ശ്രീകൃഷ്ണൻ പാണ്ഡവരുടെ ദൂതനായി കൌരവരുടെ അടുത്തേയ്ക്കു ചെല്ലുന്നുണ്ട്. ദൂതനായി വന്ന ശ്രീകൃഷ്ണനെ ഹസ്തിനപുരിയിലെ ധൃതരാഷ്ട്രമഹാരാജാവിന്റെ കൊട്ടാരത്തിൽ വച്ച് ദുര്യോധനനും കൂട്ടരും കൂടി പിടിച്ചുകെട്ടാനൊരുമ്പെടുമ്പോൾ ദൂതനെ ഒരിയ്ക്കലും ഉപദ്രവിയ്ക്കരുതെന്ന തത്വം ഭീഷ്മരും വിദുരരുമടങ്ങുന്ന മഹാത്മാക്കളെല്ലാം ദുര്യോധനപ്രഭൃതികളോട് ആവർത്തിച്ചാവർത്തിച്ച് അഭ്യർത്ഥിയ്ക്കുന്നുണ്ട്. പക്ഷേ, ആരു കേൾക്കാൻ! തന്നെ പിടിച്ചുകെട്ടാൻ കയറുമായി വന്നവരിൽനിന്നു രക്ഷപ്പെടാനായി മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീകൃഷ്ണൻ തന്റെ വിശ്വരൂപം പ്രദർശിപ്പിയ്ക്കേണ്ടി വന്നു. ക്രിസ്തുവിനും നാലു ശതാബ്ദം മുൻപ് മഹാഭാരതം എഴുതപ്പെട്ടെന്നാണു കണക്കാക്കപ്പെടുന്നത്. ദൂതരെ സ്പർശിയ്ക്കപോലും ചെയ്യരുതെന്ന തത്വം ഭാരതത്തിൽ അക്കാലത്തുതന്നെ നിലവിലിരുന്നിരുന്നെന്ന് ഇതിൽ നിന്നു മനസ്സിലാക്കാം. ആ തത്വത്തെ കാറ്റിൽപ്പറത്തിക്കൊണ്ട് ദൂതരെ പിടികൂടി തടവിലിടാൻ മടിയ്ക്കാത്തവർ ഭാരതത്തിൽ അന്നുണ്ടായിരുന്നെന്നും ഇതേ കഥയിൽ നിന്നു തന്നെ മനസ്സിലാക്കാം.
അന്യരാജ്യത്ത് എത്തിപ്പെട്ടുപോയ ദൂതർ നിസ്സഹായരാണ്. നിസ്സഹായരായ അന്യരാജ്യദൂതരെപ്പിടിച്ചു കുറ്റം ചുമത്തി ജയിലിലടയ്ക്കുക ഏതു രാജ്യത്തിനും എളുപ്പമാണ്. എന്നിട്ടും രാജ്യങ്ങൾ അങ്ങനെ ചെയ്യാറില്ല. രാജ്യങ്ങളെല്ലാം തന്നെ അന്യരാജ്യദൂതരെ ബഹുമാനിയ്ക്കുകയും സംരക്ഷിയ്ക്കുകയും ചെയ്യുന്നു. പാക്കിസ്ഥാന്റെ ദൂതന്മാരെ പിടിച്ചു തടവിലിടാൻ ഭാരതത്തിനും, ഭാരതത്തിന്റെ ദൂതന്മാരെ പിടിച്ചു തടവിലിടാൻ പാക്കിസ്ഥാനും അനായാസേന കഴിയുമായിരുന്നെങ്കിലും ഈ രണ്ടു രാജ്യങ്ങളും പരസ്പരം ഘോരയുദ്ധത്തിലേർപ്പെട്ടിരുന്നപ്
പോൾപ്പോലും ദൂതന്മാരെ പിടിച്ചു തടവിലിടുകയെന്നത് ഒരിയ്ക്കൽപ്പോലും ചെയ്തിട്ടില്ലെന്നതു ശ്രദ്ധേയമാണ്. പരസ്പരബന്ധങ്ങൾ വഷളാകുമ്പോൾ നയതന്ത്രപ്രതിനിധികളെ തിരിച്ചു വിളിയ്ക്കുകയോ തിരിച്ചുവിളിയ്ക്കാനാവശ്യപ്പെടുകയോ ആണ് ഇന്ത്യയും പാക്കിസ്ഥാനും ചെയ്തിട്ടുള്ളത്.
രണ്ടാം‌ലോകമഹായുദ്ധകാലത്ത്, 1941ൽ അമേരിക്കയുടെ പേൾ ഹാർബർ ആക്രമിയ്ക്കുമ്പോൾ ആക്രമണത്തെപ്പറ്റിയുള്ള ഔപചാരികമായ ഒരു മുന്നറിയിപ്പും ജപ്പാൻ അമേരിക്കയ്ക്ക് നൽകിയിരുന്നില്ല. 2300ലേറെ അമേരിക്കൻ സൈനികർ ആ ഒറ്റദിവസത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ജപ്പാൻ ആ കൊടുംചതി ചെയ്തിട്ടും, ജപ്പാൻ‌വിരുദ്ധ ജനവികാരം അമേരിക്കയിൽ കൊടുമ്പിരിക്കൊണ്ടിട്ടും, അമേരിക്കയിലെ അന്നത്തെ ജാപ്പനീസ് അംബാസഡറായിരുന്ന നോമുറയേയോ മറ്റു നയതന്ത്രോദ്യോഗസ്ഥരേയോ അമേരിക്ക അന്നറസ്റ്റു ചെയ്തില്ല. നോമുറ ദൂതനാണ്, ദൂതന്മാരെ സംരക്ഷിയ്ക്കണം എന്ന തത്വമായിരുന്നു കാണണം അതിന്റെ പിന്നിൽ. അന്ന് അമേരിക്കയിലുണ്ടായിരുന്ന മറ്റ് ജപ്പാൻ‌കാരെ അമേരിക്ക കരുതൽത്തടങ്കലിലാക്കി (ഇതിന്ന് പിൽക്കാലത്ത് കോൺഗ്രസ് പാസ്സാക്കിയ ഒരു പ്രമേയത്തിലൂടെ അമേരിക്ക ക്ഷമായാചനം ചെയ്യുകയും ചെയ്തു). എന്നാൽ ജപ്പാന്റെ നയതന്ത്രപ്രതിനിധികളെ അമേരിക്ക സ്പർശിച്ചതേയില്ല.

അന്യരാജ്യത്തിന്റെ ദൂതർ എന്നു പറയുമ്പോൾ ആ രാജ്യത്തിന്റെ നയതന്ത്രപ്രതിനിധിയെ -  അംബാസഡറെ - മാത്രമല്ല ആ ഗണത്തിൽ പെടുത്തുന്നത്. നയതന്ത്രകാര്യാലയത്തിൽ സേവനമനുഷ്ഠിയ്ക്കുന്ന ഉദ്യോഗസ്ഥരും അക്കൂട്ടത്തിൽ പെടും, പെടണം. അമേരിക്കയിലെ ഇന്ത്യൻ നയതന്ത്രപ്രതിനിധി മാത്രമല്ല, അമേരിക്കയിലെ വിവിധ ഇന്ത്യൻ നയതന്ത്രകാര്യാലയങ്ങളിൽ ഇന്ത്യാഗവണ്മെന്റു നിയമിച്ചിരിയ്ക്കുന്ന ഇന്ത്യൻ നയതന്ത്രോദ്യോഗസ്ഥരും ഇന്ത്യയുടെ ദൂതർ തന്നെ. ഇന്ത്യൻ നയതന്ത്രകാര്യാലയത്തിന് അമേരിക്കയിലെ വിവിധസ്ഥലങ്ങളിൽ വിവിധ തലങ്ങളിലുള്ള ഓഫീസുകളുണ്ടാകാം. അവിടങ്ങളിൽ സേവനമനുഷ്ഠിയ്ക്കുന്ന ഇന്ത്യൻ നയതന്ത്രോദ്യോഗസ്ഥരും ദൂതർ തന്നെ. കുറഞ്ഞ ദൂതർ, കൂടിയ ദൂതർ എന്നിങ്ങനെ ദൂതരെ പല ശ്രേണികളിലായി വേർതിരിയ്ക്കുന്നതു ശരിയല്ല. അവരെല്ലാം ഇന്ത്യാഗവണ്മെന്റിന്റെ പ്രതിനിധികൾ തന്നെ. ദേവയാനി ഖോബ്രഗഡെ ഉൾപ്പെടെയുള്ള ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ അമേരിയ്ക്കയിൽ ചെന്നിരിയ്ക്കുന്നത് ഇന്ത്യയും അമേരിക്കയും തമ്മിൽ നയതന്ത്രബന്ധം പുലർത്താനും ആ നയതന്ത്രബന്ധം ബലപ്പെടുത്താനുമാണ്. അതുകൊണ്ട് അവരെയെല്ലാം ഇന്ത്യയുടെ ദൂതരായിത്തന്നെ അമേരിക്ക കണക്കാക്കണം.

ഒരു രാജ്യത്തെ പൌരന്മാർ ആ രാജ്യത്തെ നിയമങ്ങൾക്കു വിധേയരാണ്. അമേരിക്കൻ പൌരന്മാർ അമേരിക്കയിലെ നിയമങ്ങൾക്കു വിധേയരാണ്. എന്നാൽ അമേരിക്കയുമായി നയതന്ത്രബന്ധം പുലർത്താൻ വേണ്ടി അന്യരാജ്യങ്ങളുടെ പ്രതിനിധികളായി അമേരിക്കയിലെത്തിയിരിയ്ക്കുന്
നവർ അമേരിക്കൻ പൌരന്മാരല്ല, അതുകൊണ്ടു തന്നെ അമേരിക്കൻ നിയമങ്ങൾ അവർക്കു ബാധകമാകാൻ പാടില്ല. അമേരിക്കയിൽ താമസിയ്ക്കുന്ന ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ അമേരിക്കൻ പൌരന്മാരല്ല, ഇന്ത്യാഗവണ്മെന്റിന്റെ നയതന്ത്രപ്രതിനിധികളാണ്. അവർ അമേരിക്കൻ നിയമങ്ങൾക്കു വിധേയരല്ല, വിധേയരാകാൻ പാടില്ല. ചുരുക്കത്തിൽ അമേരിക്കൻ പൌരന്മാർക്ക് അമേരിക്കൻ നിയമങ്ങൾ ബാധകമാണ്, പക്ഷേ ആ നിയമങ്ങൾ ഇന്ത്യൻ നയതന്ത്രോദ്യോഗസ്ഥർക്കു ബാധകമാകരുത്.
ഇന്ത്യൻ നയതന്ത്രപ്രതിനിധികളോ നയതന്ത്ര ഉദ്യോഗസ്ഥരോ അല്ലാത്ത, സ്വമേധയാ അമേരിക്കയിൽ ചെന്നു താമസിച്ച് അവിടെ സേവനമനുഷ്ഠിയ്ക്കുകയോ ബിസിനസ്സ് ചെയ്യുകയോ പഠനം നടത്തുകയോ ചെയ്യുന്ന ഇന്ത്യൻ പൌരന്മാരുണ്ട്. ഇവർ ഇന്ത്യാഗവണ്മെന്റിനെ പ്രതിനിധീകരിയ്ക്കാൻ നിയോഗിയ്ക്കപ്പെട്ടിരിയ്ക്കുന്ന നയതന്ത്ര പ്രതിനിധികളോ നയതന്ത്ര ഉദ്യോഗസ്ഥരോ അല്ല. സ്വമേധയാ അമേരിക്കയിൽ ചെന്നു താമസിച്ച് അവിടെ സേവനമനുഷ്ഠിയ്ക്കുകയോ ബിസിനസ്സ് ചെയ്യുകയോ പഠനം നടത്തുകയോ ചെയ്യുന്ന ഇന്ത്യൻ പൌരന്മാർ അമേരിക്കൻ നിയമങ്ങൾ അനുസരിയ്ക്കാൻ സമ്മതിച്ചിട്ടുള്ളവരും അതിനു ബാദ്ധ്യസ്ഥരുമാണ്. അമേരിക്കൻ നിയമങ്ങൾ ലംഘിച്ചാൽ അമേരിക്കൻ നിയമങ്ങളനുസരിച്ചുള്ള ശിക്ഷ അവർക്കു നൽകേണ്ടിവരുന്നതു സ്വാഭാവികവുമാണ്. എന്നാൽ അമേരിക്കൻ നിയമങ്ങൾ ലംഘിയ്ക്കുന്ന ഇന്ത്യൻ നയതന്ത്രോദ്യോഗസ്ഥർ ശിക്ഷിയ്ക്കപ്പെടാൻ പാടില്ല, കാരണം ഇന്ത്യൻ നയതന്ത്രോദ്യോഗസ്ഥർ ഇന്ത്യാഗവണ്മെന്റിന്റെ പ്രതിനിധികളാണ്, അവർ അമേരിക്കൻ നിയമങ്ങൾക്കു വിധേയരല്ല.

വലിപ്പത്തിലും സമ്പന്നതയിലും രാഷ്ട്രങ്ങൾ തമ്മിൽ സാരമായ വ്യത്യാസങ്ങളുണ്ടാകാമെങ്കിലും നയതന്ത്രബന്ധങ്ങളുടെ കാര്യത്തിൽ രാഷ്ട്രങ്ങൾ തുല്യരാണ്. രാഷ്ട്രങ്ങൾ നയതന്ത്രപ്രതിനിധികളെ പരസ്പരം ക്ഷണിയ്ക്കുകയുമാണു ചെയ്യുന്നത്: അമേരിക്ക ഇന്ത്യാഗവണ്മെന്റിന്റെ നയതന്ത്രപ്രതിനിധികളെ ക്ഷണിയ്ക്കുന്നു, ഇന്ത്യ അമേരിക്കൻ ഗവണ്മെന്റിന്റെ നയതന്ത്രപ്രതിനിധികളെ ക്ഷണിയ്ക്കുന്നു. രാഷ്ട്രങ്ങളുടെ പരസ്പര ക്ഷണമനുസരിച്ചു ചെന്നെത്തിയിരിയ്ക്കുന്നവർ അഥവാ വന്നെത്തിയിരിയ്ക്കുന്നവരാണ് നയതന്ത്രപ്രതിനിധികൾ. ക്ഷണിച്ചു വരുത്തിയിരിയ്ക്കുന്നവരെ ജയിലിലടയ്ക്കാനോ ശിക്ഷിയ്ക്കാനോ പാടില്ല. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയ ഉടനെ തന്നെ അന്നത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന ഹാരി എസ് ട്രൂമാൻ ഇന്ത്യയുമായി നയതന്ത്രബന്ധം സ്ഥാപിച്ചു. 1949ൽ അമേരിക്കയുടെ ക്ഷണമനുസരിച്ച് ജവഹർലാൽ നെഹ്രു അമേരിക്ക സന്ദർശിച്ചു. 1959ൽ ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ഡ്വൈറ്റ് ഐസനോവർ ഇന്ത്യ സന്ദർശിച്ചു. 1961ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന ജോൺ എഫ് കെന്നഡിയുടെ ക്ഷണം സ്വീകരിച്ചുകൊണ്ട് നെഹ്രു വീണ്ടും അമേരിക്ക സന്ദർശിച്ചു. ഈ സന്ദർശനങ്ങൾക്കിടയിലും അതിനു മുൻപുമെല്ലാം നടന്ന ചർച്ചകളിൽ പലതും നയതന്ത്രബന്ധങ്ങൾ ബലപ്പെടുത്താനുദ്ദേശിച്ചുള്ളവ കൂടിയായിരുന്നു കാണണം. ചുരുക്കത്തിൽ ഞാൻ പറഞ്ഞുവരുന്നത്, നയതന്ത്രബന്ധങ്ങൾ ഏതെങ്കിലും ഒരു രാഷ്ട്രത്തിന്റെ മാത്രം താത്പര്യമനുസരിച്ചല്ല, പ്രത്യുത ഇരുരാജ്യങ്ങളുടേയും താത്പര്യമനുസരിച്ചാണു സ്ഥാപിയ്ക്കപ്പെടുന്നത്. നയതന്ത്രപ്രതിനിധികളായാലും നയതന്ത്രോദ്യോഗസ്ഥരായാലും നിലവിലിരിയ്ക്കുന്ന ഈ പരസ്പര ക്ഷണമനുസരിച്ചുതന്നെ ചെന്നിരിയ്ക്കുന്നവരും വന്നിരിയ്ക്കുന്നവരുമാണ്. ക്ഷണമനുസരിച്ചുവന്നെത്തിയിരിയ്
ക്കുന്നവരെ അവർ വന്നെത്തിക്കഴിയുമ്പോൾ നിയമമെടുത്തുയർത്തിക്കാട്ടി, അവയെല്ലാം അവർ അനുസരിയ്ക്കണമെന്നു പറയുന്നതു ശരിയല്ല.
ഒരു രാജ്യത്തു താമസിയ്ക്കുന്ന അന്യരാജ്യദൂതർക്ക് വിയന്നാ കൺ‌വെൻഷൻ പോലുള്ള അന്താരാഷ്ട്ര നിയമങ്ങളാണു ബാധകമായിട്ടുള്ളത്. അമേരിക്കയിലെ എല്ലാ ഇന്ത്യൻ നയതന്ത്രപ്രതിനിധികളും നയതന്ത്രകാര്യാലയങ്ങളിലെ എല്ലാ ഇന്ത്യൻ ഉദ്യോഗസ്ഥരും അമേരിക്കൻ നിയമങ്ങളല്ല, അന്താരാഷ്ട്ര നിയമങ്ങളാണ് അനുസരിയ്ക്കേണ്ടത്. ഈ വ്യവസ്ഥകളും നിബന്ധനകളും തലമുടിനാരിഴ കീറി വ്യാഖ്യാനിയ്ക്കുമ്പോൾ നയതന്ത്രപ്രതിനിധികൾക്കും നയതന്ത്രോദ്യോഗസ്ഥർക്കും അനുകൂലമായ നിലപാടെടുക്കണം; അവർ ക്ഷണിയ്ക്കപ്പെട്ടവരാണ് എന്നതുതന്നെ കാരണം. അമേരിക്കയിലെ ഇന്ത്യൻ നയതന്ത്രപ്രതിനിധികളോ നയതന്ത്രകാര്യാലയങ്ങളിലെ ഇന്ത്യൻ ഉദ്യോഗസ്ഥരോ അന്താരാഷ്ട്രനിയമങ്ങൾ ലംഘിച്ചാൽ, അമേരിയ്ക്കയ്ക്ക് ആകെക്കൂടി ചെയ്യാവുന്നത് ആ വ്യക്തികളെ അമേരിക്കയിൽ നിന്നു പുറത്താക്കുക മാത്രമാണ്. ഒരമേരിക്കൻ പൌരൻ സ്വന്തം രാജ്യമായ അമേരിക്കയ്ക്കെതിരെ ചാരപ്പണി നടത്തുന്നെന്നു കരുതുക. അമേരിക്കയ്ക്ക് അയാളെ വിചാരണ ചെയ്ത്, അയാൾക്ക് വധശിക്ഷ പോലും നൽകാൻ സാധിയ്ക്കും. അമേരിക്കയ്ക്കെതിരെ ചാരപ്പണി നടത്തുന്നത് അവിടുത്തെ ഇന്ത്യൻ നയതന്ത്രപ്രതിനിധിയോ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനോ ആണെങ്കിൽ അമേരിക്ക അയാളെപ്പിടിച്ച് ജയിലിലിടരുത്. അമേരിക്കയ്ക്ക് അയാളെ പുറത്താക്കാം, അല്ലെങ്കിൽ അയാളെ പിൻ‌വലിയ്ക്കാൻ ഇന്ത്യാഗവണ്മെന്റിനോട് ആവശ്യപ്പെടാം. ഏകപക്ഷീയമായി, ബലമായി പുറത്താക്കലല്ല, പിൻ‌വലിയ്ക്കാൻ ആവശ്യപ്പെടുന്നതാണ് ഏറ്റവും ശരി. ഇന്ത്യൻ നയതന്ത്രപ്രതിനിധിയോ നയതന്ത്ര‌ഉദ്യോഗസ്ഥനോ കൊലപാതകം, ബലാൽക്കാരം, മോഷണം, എന്നിങ്ങനെയുള്ള ഗുരുതരമായ ക്രിമിനൽക്കുറ്റങ്ങൾ ചെയ്താൽ‌പ്പോലും അയാളെ അനഭിമതനായി പ്രഖ്യാപിച്ച് പുറത്താക്കാനോ അയാളെ പിൻ‌വലിയ്ക്കാൻ ഇന്ത്യാഗവണ്മെന്റിനോട് ആവശ്യപ്പെടാനോ മാത്രമേ പാടുള്ളു.

നയതന്ത്രപ്രതിനിധികളേയും നയതന്ത്ര‌ഉദ്യോഗസ്ഥരേയും അറസ്റ്റുചെയ്ത് തടങ്കലിലിടുകയും ശിക്ഷിയ്ക്കുകയും ചെയ്യാൻ തുടങ്ങിയാൽ അവർ ഭയഭീതരാകുകയും, അത് അവർ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രത്തിന്റെ താത്പര്യങ്ങളെ പ്രതികൂലമായി ബാധിയ്ക്കുകയും ചെയ്യും. ഇത് നയതന്ത്രബന്ധങ്ങളുടെ അടിസ്ഥാനശിലകളായ തത്വങ്ങളുടെ ലംഘനവുമാകും. ദേവയാനി ഖോബ്രഗഡെ ഇന്ത്യൻ നയതന്ത്ര‌ഉദ്യോഗസ്ഥയാണ്. ഇന്ത്യാഗവണ്മെന്റിന്റെ പ്രതിനിധിയാണ്. അവർ അമേരിക്കയിൽ ജീവിയ്ക്കാൻ വേണ്ടി സ്വമേധയാ ചെന്നിരിയ്ക്കുന്നതല്ല. ഇന്ത്യാഗവണ്മെന്റാണ് തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥയായി അവരെ അമേരിക്കയിലേയ്ക്കയച്ചിരിയ്ക്കുന്നത്. അവർ ക്രിമിനൽക്കുറ്റം ചെയ്തെന്ന് അമേരിക്കയ്ക്ക് ഉറപ്പുണ്ടെങ്കിൽ അമേരിക്ക ദേവയാനിയെ അനഭിമതയായി പ്രഖ്യാപിച്ച് പുറത്താക്കുകയോ, അവരെ പിൻ‌വലിയ്ക്കാൻ ഇന്ത്യയോടാവശ്യപ്പെടുകയോ ആണു വേണ്ടിയിരുന്നത്. അതിനുപകരം ദേവയാനിയെ അറസ്റ്റു ചെയ്തത് നയതന്ത്രബന്ധങ്ങളുടെ അടിസ്ഥാനതത്വങ്ങളുടെ ലംഘനമാണ്.