Followers

Sunday, August 2, 2009

വേദഗണിതം-ശ്രീകുമാരി രാമചന്ദ്രന്‍


പത്രത്തിന്‍റെ പുതിയ എഡിഷന്‍ തുടങ്ങാന്‍ പോകുന്നു. എന്നറിഞ്ഞപ്പോള്‍
അതിങ്ങനെ ഒരിടത്താവുമെന്നോര്‍ത്തില്ല. മായ പൂരം!! കേരളം തമിഴ്‌നാട്‌
അതിര്‍ത്തിയിലെ ഒരു കാട്ടുപ്രദേശം തനി കുഗ്രാമം.

" സ്ഥലത്തിനു തുച്ഛമായ വില. ഏക്കറു കണക്കിനല്ലേ
വാങ്ങികൂട്ടിയിരിക്കുന്നത്‌. ഇരട്ടി ശമ്പളം തന്നാല്‍പ്പോലും ഞങ്ങളില്ലേ"
വര്‍മ്മയും അന്‍സാരിയും അടക്കം എഡിറ്റോറിയലിലെ സീനിയേഴ്‌സ്‌ എല്ലാവരും
പിന്‍ വലിഞ്ഞു.

" ലുക്ക്‌ മിസ്റ്റര്‍ വെങ്കിടപതീ, ഇപ്പോള്‍ കിട്ടുന്ന സാലറിയുടെ അമ്പതു
ശതമാനം വരെ കൂട്ടിത്തരാന്‍ ഞങ്ങള്‍ തയ്യാറാണ്‌. ചീഫ്‌ സബ്‌ എഡിറ്ററായി
പ്രമോഷനും!" മാനേജരുടെ ക്യാബിനില്‍ വിളിച്ചു വരുത്തി റസിഡെന്‍റ്‌
എഡിറ്റര്‍ വാഗ്ദാനം ചെയ്‌തപ്പോള്‍ മനസ്സിളകി.

എണ്‍പത്തഞ്ചു കഴിഞ്ഞിട്ടും ചൊറുചൊറുക്കു കാത്തുസൂക്ഷിക്കുന്ന പാട്ടി,
ഭാര്യ ,രണ്ടു പെണ്‍മക്കള്‍..... തന്നെപ്പോലൊരു പ്രാരാബ്‌ധക്കാരന്‌ ഇതൊരു
നല്ല അവസരമായെങ്കിലൊ?! മാസം പകുതിയാകുമ്പോഴേക്ക്‌ പത്രോസിനോടും
അന്‍സാരിയോടും കടം മേടിക്കാതെ കഴിയാം. ഒന്നാം തീയതിതോറും കനമുള്ള ഒരു തുക
കയ്യിലെത്തും. സാമ്പത്തിക നില ഭദ്രമാകും. അയാള്‍ നിമിഷാര്‍ദ്ധംകൊണ്ടൊരു
കണക്കു കൂട്ടി. പുതിയ ഓഫര്‍ സ്വീകരിച്ചാല്‍ നന്നായൊന്നു നിവര്‍ന്നു
നില്‍ക്കാം.

"മായപുരം നല്ല സ്ഥലമാണ്‌. തെറ്റില്ലാത്ത കാലാവസ്ഥ. ഉയര്‍ന്നു വരുന്ന
ബിസിനസ്സ്‌ സോണ്‍. നമ്മുടെ ആപ്പീസ്‌ കൂടാതെ രണ്ടെണ്ണം
ഇപ്പോള്‍ത്തന്നെയുണ്ട്‌. ജംബോകണ്‍ഫെക്‌ഷണറിയും ലിയോണ്‍ സോഡാഫാക്‌ടറിയും.
ഇനിയും ഡെവലപ്പ്‌മെന്‍റ്‍സ്‌ വരുന്നുണ്ട്‌........." ആര്‍. ഇ.യുടെ വക
പിന്നേയും പ്രലോഭനങ്ങള്‍.

"ജംബോകണ്‍ഫെക്‌ഷണറിയുടെ കോളനിയുണ്ട്‌ വല്ലിപ്പാറയില്‍ മായപുരത്തു
നിന്ന്‌ അരമണിക്കൂറ്‍ ബസ്‌ യാത്ര. മൂന്നാലു ഗവണ്‍മെണ്റ്റു
ബസ്സുകളോടുന്നുണ്ട്‌. ആ റൂട്ടില്‍. കോളനിക്കു പുറത്തു കുറേ വീടുകളുണ്ട്‌.
വില്ലേജായതിനാല്‍ നിസ്സാര വാടകയേ ഉണ്ടാവു. ആറേഴു കിലോമീറ്റര്‍ വടക്കുമാറി
ജംബോയുടെ വക ഇംഗ്ളീഷ്‌ മീഡിയം സ്ക്കൂളും ഗവണ്‍മെണ്റ്റാശുപത്രിയും ഉണ്ട്‌.
.. ആര്‍. ഇ. നിര്‍ത്താനുള്ള ഭാവമില്ല. "

ഞങ്ങള്‍ നിര്‍ബന്ധിക്കുകയല്ല സ്വാമി ധൃതി വെക്കുകയും വേണ്ട. നല്ലതുപോലെ
ആലോചിച്ച്‌' മറുപടി പറഞ്ഞാല്‍ മതി. അതറിഞ്ഞിട്ടേ മറ്റാരേയെങ്കിലും
കണ്‍സിഡര്‍ ചെയ്യു. വേണ്ടിവന്നാല്‍ പുതിയ ഒരാളെ ..." മാനേജര്‍ നീട്ടിയ
ചൂണ്ടയില്‍ അയാളുടെ മനസ്സു കൊളുത്തി.

" അയ്യോ ആ പട്ടിക്കാട്ടിലേക്കോ? നിങ്ങള്‍ക്കെന്താ ഭ്രാന്തുണ്ടോ? വസന്ത
വേവലാതി പൂണ്ടു.

ഭ്രാന്തൊന്നുമില്ല നിനക്കറിയോ ഇവിടുത്തേക്കാള്‍ പകുതി വടാകക്കു വീടു
കിട്ടും പാലിനും പച്ചക്കറിക്കുമൊക്കെ നിസ്സാരവില. സ്ക്കൂള്‍ഫീസ്‌
വളരെക്കുറവ്‌. പിന്നെ നിണ്റ്റത്താന്‌ ചീഫ്‌ സബ്‌ എഡിറ്ററായി പ്രമോഷനും.
മൂവ്വായിരത്തിരുനൂറു രൂപ കൂടുതലും... എന്താ മോശമാണോ..?

അയാള്‍ അവളെ മുട്ടിയുരുമ്മി നിന്നു.

" കൊഞ്ചം എട്ടി നില്ലുമ്പോ. പാട്ടി പാര്‌പ്പാ..." വസന്ത നാണം കുണുങ്ങി
ഒഴിഞ്ഞു മാറി..


നമ്മുടെ പ്രാരബ്‌ധങ്ങളൊക്കെ കുറയും. മാസം തോറും കുറേശ്ശെ പണം മിച്ചം
വെക്കാം. നിന്‍റെ അപ്പാ എഴുതിത്തന്ന സ്ഥലത്ത്‌ ഒരു കൊച്ചുവീടു പണിയാം.
അയാള്‍ വസന്തയുടെ നഗ്‌നമായ വയറില്‍ ഇക്കിളിയാക്കിയത്‌ പാട്ടി
ഒളിച്ചുനിന്നു കണ്ടുരസിച്ചു.

വാളയാറില്‍ നിന്നും ഒന്നരമണിക്കൂറ്‍ ടാറിട്ട റോഡുമാര്‍ഗ്ഗം യാത്ര.
മായപുരമായി. അവിടെ നിന്നും ചെങ്കല്‍പാതയിലൂടെ അരമണിക്കൂര്‍കൂടി.
വല്ലിപ്പാറ!


കാര്‍ത്തികപ്പുല്ലും മുളങ്കാടും നിറഞ്ഞ പ്രദേശം. ഉയരം കുറഞ്ഞ
മൊട്ടക്കുന്നുകള്‍. താഴ്‌വരയില്‍ കടാലാസു കൂടുകള്‍ നിരത്തി വെച്ചതു
കണക്കെ കോണ്‍ക്രീറ്റു വീടുകള്‍. ജംബോയുടെ തൊഴിലാളി കോളനി! വിസ്‌താരമുള്ള
ചെങ്കല്‍പ്പരപ്പ്‌. കരിങ്കല്ലുകള്‍കൊണ്ട്‌ കെട്ടിമറിച്ച ചിറകിളകള്‍
മുലക്കച്ച കെട്ടിയ തമിഴത്തിപ്പെണ്ണുങ്ങള്‍ തുടിച്ചു കുളിച്ചു. അവിടവിടെ
ഗ്രാമീണരുടെ ഒറ്റപ്പെട്ട വീടുകള്‍. ടാറിടാത്ത തെരുവീഥികളില്‍ എരുമ
ച്ചാണത്തിന്‍റെ ചൂര്‌. കൌപീനം മാത്രം ധരിച്ച കന്നാലിപ്പിള്ളേര്‍
ഒച്ചവെച്ചു കളിച്ചു. ഏണ്ണക്കറുപ്പുള്ള അവരുടെ ശരീരങ്ങള്‍ക്ക്‌
കന്നുകാലികളുടെ ഗന്ധമുണ്ടായിരുന്നു.


അവസാനത്തെ സ്റ്റോപ്പില്‍ ബസിറങ്ങി. അവിടെ അയാള്‍
കാത്തുനില്‍പ്പുണ്ടായിരുന്നു. മുരുകേശന്‍.

" കണ്ടാല്‍ ഭയങ്കരനാണെന്നു തോന്നും പക്ഷേ പാവമാ പിന്നെ ഒരു കുഴപ്പം
മാത്രം ഇടക്കിടക്ക്‌ അയാള്‍ടെ ഒരു ചിരിയുണ്ട്‌ കഴുത ചെനക്കുമ്പോലെ. ഹൊ
ചെവി പൊട്ടിപ്പോവും. അതു മാത്രം സഹിക്കാന്‍ ഇത്തിരി വിഷമാ" മായപുരത്തു
നിന്നു ബസു കയറുംമുമ്പു തന്നെ ദുര്‍ഗ്ഗാദത്തന്‍ പറഞ്ഞിരുന്നു, പുതിയ
ഓഫീസിലെ പി. ആര്‍. ഒ! "

വാങ്ക സാര്‍ വീടെല്ലാം വൈറ്റ്‌ വാഷ്‌ പണ്ണി റെഡിയാ ഇരുക്ക്‌ സര്‍"
മുരുകേശന്‍ ഉറക്കെ ചിരിച്ചു. " കഴുത ചെനയ്ക്കുംപോലെ" എന്ന്‌
ദുര്‍ഗ്ഗാദത്തന്‍ പറഞ്ഞതോര്‍ത്തു.

ബാഗുകള്‍ കയ്യില്‍ വാങ്ങി അയാള്‍ പിന്നെയും ചിരിച്ചു. വസന്തയും
കുട്ടികളും വായ്‌ പൊത്തിച്ചിരിക്കാന്‍ തുടങ്ങിയപ്പോള്‍ കണ്ണുരുട്ടി
വിലക്കി.


" മാട്ടുവണ്ടി എടുത്തിട്ട്‌ വരണുമാ സാര്‍" മുരുകേശന്‍ പിന്നെയും ചിരിച്ചു.

വേണ്ടാ കിട്ടെയ്ക്കു താനെ? നടന്തേപോലാം... അയാള്‍ നടക്കാന്‍ തുടങ്ങി.

കോളനിയിലൂടെ പത്തു മിനുട്ട്‌ . പിന്നെ ഇടത്തോട്ടു തിരിഞ്ഞ്‌ മൂന്നു
മിനിട്ട്‌ നടന്നു. കോളനിയുടെ പുരത്തു കടന്നു. വീണ്ടും വലത്തോട്ട്‌ പത്തു
മിനുട്ട്‌... കുട്ടികള്‍ ക്ഷീണിച്ചു.

പാട്ടിയെ പിന്നീടു കൊണ്ടുവരാമെന്നു തോന്നിയതു ഭാഗ്യം. വസന്ത
സാരിത്തുമ്പു കൊണ്ട്‌ മുഖത്തെ വിയര്‍പ്പു തുടച്ചു. ഓടു മേഞ്ഞ വീട്‌
വൃത്തിയുള്ള അഞ്ചു മുറികള്‍. അടുക്കള വേറെ. തെളിവെള്ളമുള്ള കിണര്‍!
മുളകൊണ്ട്‌ വേലി കെട്ടിയ മുറ്റം നിറയെ നീല നിറമുള്ള കാക്കപ്പൂവുകള്‍.

വസന്തയുടെ മുഖം തെളിഞ്ഞപ്പോള്‍ അയാള്‍ക്കാശ്വാസമായി. അയാള്‍ കുട്ടികളെ
ചേര്‍ത്തുപിടിച്ചു. അടുത്ത ആഴ്ച തന്നെ പാട്ടിയെ കൂട്ടികൊണ്ടുവരണം. എത്ര
ദിവസമെന്നു വെച്ചാ വല്ലവരുടെയും വീട്ടില്‌......" വസന്ത സാധനങ്ങള്‍
അടുക്കിപ്പെറുക്കാന്‍ തുടങ്ങി.

എഡിറ്റര്‍മാര്‍ പേജുകള്‍ സെറ്റുചെയ്‌തു കഴിഞ്ഞാല്‍ പിന്നെ അയാളുടെ
ഊഴമാണ്‌. കംമ്പ്യൂട്ടറില്‍ സ്‌കാനിംഗ്‌ ചെയ്യും മുമ്പ്‌ ഒരു മേല്‍നോട്ടം
കൂടി . ചീഫ്‌ സബ്‌ എഡിറ്ററായതിനാല്‍ ഉത്തരവാദിത്വവും കൂടുതലാണ്‌. എല്ലാം
ബോധ്യപ്പെട്ട്‌ ഒപ്പിട്ടു കഴിഞ്ഞാല്‍ പണി തീരും. ആപ്പീസില്‍
നിന്നിറങ്ങുമ്പോഴേക്ക്‌ പാതിരാത്രി കഴിഞ്ഞിരിക്കും. ജംബോകണ്‍ഫെക്ഷണറിയിലെ
നൈറ്റ്‌ ഷിഫ്റ്റ്‌ കഴിഞ്ഞ്‌ തൊഴിലാളികളേയും കൊണ്ട്‌ വല്ലിപ്പാറക്കു
പോകുന്ന ഫാക്‌ടറി ബസില്‍ സൌകര്യം തരപ്പെടുത്തിത്തന്നത്‌ മുരുകേശനാണ്‌.

രാത്രി ഒമ്പതു മണിവരെ മാത്രമേ വല്ലിപ്പാറക്കു ഗവണ്‍മെണ്റ്റു ബസിന്‍റെ
സര്‍വ്വീസുള്ളു. " നോ പ്രോബ്ളം സര്‍. ജംബോവൊടെ ബസിരുക്കേ. നമ്മ ബസ്‌
താന്‍. എല്ലാരുമേ നമ്മ ആള്‍ക്കള്‍ താന്‍. ഡോണ്ട്‌ വറി സര്‍, അപ്പോഴും
മുരുകേശന്‍ ഉറക്കെ ചിരിച്ചു. അങ്ങനെയാണയാള്‍ ജംബോയുടെ ബസില്‍ സൌജന്യയാത്ര
തുടങ്ങിയത്‌.

വല്ലിപ്പാറയിലെ വസന്തവും വര്‍ഷവുമൊക്കെ നാട്ടിലേതുപോലെ തന്നെയായിരുന്നു.
സുഖപ്രദമായ ശിശിരം! പക്ഷേ വേനല്‍ കഠിനമായിരുന്നു. എങ്കിലും ജീവിതം
സ്വച്ഛസുന്ദരമായി. ..... കടങ്ങളില്ല , ദാരിദ്ര്യവുമില്ല .മാസാവസാനം
കിലുങ്ങുന്ന കീശ. !

"ഇപ്പൊ താങ്ക കൊഞ്ചം നിമ്മിതി കെടച്ചത്‌'. എല്ലാം ഉങ്ക ബുദ്ധി താന്‍.....
വെളുപ്പാന്‍ കാലങ്ങളില്‍ പൂവല്ലി കണക്കെ ദേഹത്തേക്ക്‌ പടര്‍ന്നു
കയറിക്കൊണ്ട്‌ വസന്ത കൊഞ്ചി....

അന്നൊരു വെള്ളിയാഴ്ചയായിരുന്നു. കൊച്ചിയും കോഴിക്കോട്ടുമായി നിരന്തരം
ബന്ധപ്പെടുന്നതിന്നിടയിലാണ്‌ - കമ്മ്യൂണിക്കേഷന്‍ സെക്ക്ഷനിലെ " മോഡം"
പണിമുടക്കിയത്‌. തല പുകഞ്ഞുപോയി. കേടുപാടുകള്‍ തീര്‍ത്തുകിട്ടാന്‍
മണിക്കൂറുകള്‍ വേണ്ടിവന്നു. അതു വരെ അനുഭവിച്ച ടെന്‍ഷന്‍! ഹൊ !


പതിവിലും ഒന്നൊന്നൊരമണിക്കൂറ്‍ വൈകിയാണ്‌ ആപ്പീസില്‍ നിന്നിറങ്ങിയത്‌.
ബദ്ധപ്പെട്ടു നടന്നു. ജംഗ്ഷന്‍ ശൂന്യം. വാച്ചില്‍ സമയം നോക്കി സമയം
ഒന്ന്‌ നാല്‍പ്പത്‌. കുറ്റാക്കൂരിരുട്ട്‌ . ഇനിയെന്തു ചെയ്യാന്‍.
അയാള്‍ക്കു ഭയം തോന്നി. വല്ലിപ്പാറ വരെ നടക്കുകയെന്നാല്‍ അസാദ്ധ്യം
തന്നെയാവും. വല്ല ലോറിയോ ടെമ്പോയോ അതുവഴി വന്നെങ്കില്‍ എന്നയാള്‍
ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു. ആകാശത്ത്‌ ഒരു നക്ഷത്രം പോലുമില്ല.
ആപ്പീസിലേക്കു തന്നെ മടങ്ങിയാലോ എന്നോര്‍ത്തു നില്‍ക്കുമ്പോഴാണ്‌ അകലെ
രണ്ടു ഭീമന്‍ വിളക്കുകള്‍! പ്രകാശം അടുത്തടുത്തു വന്നു. അതൊരു ബസാണെന്ന്‌
അയാള്‍ തിരിച്ചറിഞ്ഞു. അയാളെ കണ്ടതുകൊണ്ടാകണം , ജംഗ്ഷനില്‍ നിന്ന്‌ അത്‌
ബ്രേക്കിട്ടു. പച്ചച്ചായമടിച്ച സര്‍ക്കാര്‍ബസ്‌! " വല്ലിപ്പാറ" എന്നു
തമിഴില്‍ എഴുതിയതു വായിച്ചെടുത്തു. അയാള്‍ക്കാശ്വാസമായി. തനിക്കുവേണ്ടി
ഈശ്വരന്‍ അയച്ചതു തന്നെ.


മുന്‍വാതിലിലൂടെ അയാള്‍ ബസിനകത്തേക്ക്‌ കയറി. ഡ്രൈവറുടെ തൊട്ടു
പിന്നിലുള്ള ഒറ്റ്‌ സീറ്റില്‍ അമര്‍ന്നിരുന്നു. " ടിക്കറ്റ്‌" അയാള്‍
കണ്ടക്‌ടറുടെ മുഖത്തേക്ക്‌ ഉറ്റു നോക്കി. " വേണ്ട" എന്നര്‍ത്ഥത്തില്‍
കണ്ണടച്ചുകാട്ടി കണ്ടക്‌ടര്‍. ബസ്‌ മുന്നോട്ടു നീങ്ങി. തണുത്ത
കാറ്റിന്‍റെ കരസ്പര്‍ശം അയാളുടെ ക്ഷീണമകറ്റാന്‍ പാകമായിരുന്നു. ബസില്‍
നിറയെ യാത്രക്കാരുണ്ടായിരുന്നു. സ്ത്രീകളും പുരുഷന്‍മാരും എല്ലാവരും
ഉറക്കം തൂങ്ങുന്നുണ്ട്‌. അയാള്‍ മെല്ലെ ചിരിച്ചു. വസന്തയും കുട്ടികളും
പരിഭ്രമിച്ചീരിക്കുകയാവും. താന്‍ ചെല്ലാതെ പാട്ടിയും ഉറങ്ങാറില്ല.
താമസിയാതെ വീട്ടിലെത്തിപ്പെടാമല്ലൊ. എന്നോര്‍ത്തപ്പോള്‍ അയാളില്‍
നിന്നൊരു നിശ്വാസമുയര്‍ന്നു വീണു. അയാള്‍ സീറ്റില്‍ കണ്ണടച്ചിരുന്നു.
കണ്ടുമറന്ന ഏതോ സിനിമയിലെ ഗാനം മൂളി


മുളങ്കാടിന്‍റെ ഗന്ധം. ചെങ്കല്ലില്‍ എരുമച്ചാണകം കലര്‍ന്ന ചൂര്‌. അയാള്‍
അകത്തേക്ക്‌ ശ്വാസം വലിച്ചു. കണ്ണു തുറന്നു. വല്ലിപ്പാറ! അവസാനത്തെ
സ്റ്റോപ്പ്‌!


ഡ്രൈവര്‍ ശബ്ദമില്ലാതെ ബ്രേക്കിട്ടു ബസ്‌ നിര്‍ത്തി. അയാള്‍ മെല്ലെ
എഴുന്നേറ്റു. മറ്റുള്ളവര്‍ അപ്പോഴും ഉറക്കം തൂങ്ങുക തന്നെ." ഉറങ്ങട്ടെ
പാവങ്ങള്‍" അയാള്‍ ബസ്സില്‍ നിന്നിറങ്ങി. ടിക്കറ്റില്ലാതെ യാത്ര
ചെയ്യുന്നതല്ലേ. ഒരു നന്ദിവാക്കെങ്കിലും പറയാതെ വയ്യ.

അയാള്‍ വെട്ടിത്തിരിഞ്ഞു

ദൈവമേ!!!

അയാള്‍ ഞെട്ടിത്തെറിച്ചു. ശരീരം ആലില പോലെ വിറച്ചു.

ഹയ്യോ!!!

ഓടിവരണേ... തൊണ്ടയിലുയര്‍ന്ന ആര്‍ത്തനാദം ആരോ പിടിച്ചമര്‍ത്തിയതുപോലെ നിലച്ചു.

ആളിക്കത്തുന തീജ്വാലകള്‍ ബസിനെ വിഴുങ്ങുന്നു. അകത്ത്‌ കത്തിക്കരിയുന്ന
മനുഷ്യര്‍ ഒന്നു നിലവിളിക്കാന്‍പോലുമാവാതെ! പച്ചമാംസം വേവുന്ന ഗന്ധം.
അയാള്‍ക്ക്‌ ഓക്കാനമുണ്ടായി. ശരീരം തീക്കുണ്‌ഠത്തെ സ്പര്‍ശിച്ചതുകണക്കെ
പൊള്ളാന്‍ തുടങ്ങി. അടുത്ത നിമിഷം: എല്ലാം അപ്രത്യക്ഷമായി. തീ, പുക,
ബസ്‌, യാത്രക്കാര്‍ എല്ലാം....മുന്നില്‍ ശൂന്യത മാത്രം.

"ഹംമ്മേ!!'

വെട്ടിയിട്ടതു കണക്കെ അയാള്‍ ചെമ്മെണ്ണില്‍ കമിഴ്ന്നടിച്ചു വീണു

. ഏതോ പുനര്‍ ജന്‍മം പോലെ ! ശരീരമാസകലം പൊന്തിയിരുന്ന നീര്‍പ്പോളകള്‍
കരിഞ്ഞു. പനി നിശ്ശേഷം മാറി. തലവേദന കുറഞ്ഞു. വസന്ത അയാളുടെ ദേഹത്ത്‌
മഞ്ഞളും രക്തചന്ദനവും പുരട്ടി. ആര്യവേപ്പിന്‍റെ ഇലയിട്ടു
തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ കുളിപ്പിച്ചു. അലക്കിയ മുണ്ടുടുത്ത്‌
അയാള്‍ മാരിയമ്മന്‍ കോവിലില്‍ പോയി തൊഴുതു. മോരും കൂട്ടി
കുത്തരിച്ചോറുണ്ട്‌ അയാള്‍ ഉന്‍മേഷവാനായി.

' പൊള്ളുന്ന പനിയായിരുന്നില്ലേ , ഒരാഴ്ച ബോധമുണ്ടായിരുന്നില്ല.
മിണ്ടാട്ടം മുട്ടിയതുപോലുള്ള കിടപ്പും. ഞാന്‍ പേടിച്ചു പോയി വല്ലതും
ഓര്‍മ്മയുണ്ടോ നിങ്ങള്‍ക്ക്‌? വസന്ത ചുക്കുവെള്ളവും കാപ്പിയുമായി കടന്നു
വന്നു

. അയാള്‍ക്ക്‌ ഒന്നും മനസ്സിലായില്ല. ചെമ്മണ്ണില്‍ ബോധം കെട്ടു
കിടക്കായിരുന്നില്ലേ വായീന്ന്‌ നുരേം പതേം....... മുരുകേശന്‍ കണ്ടതു
ഭാഗ്യം. അവള്‍ കുപ്പിയില്‍ നിന്ന്‌ മരുന്ന്‌ സ്പൂണില്‍ പകര്‍ന്ന്‌
അയാളുടെ വായിലൊഴിച്ചു. വല്ലാത്ത ചവര്‍പ്പ്‌. അയാള്‍ ഒരിറുക്കു
ചുക്കുവെള്ളം കുടിച്ചു.

അതെ! ഇപ്പോള്‍ ഓര്‍മ്മ വരുന്നു.! ആ നശിച്ച രാത്രി! പച്ചച്ചായമടിച്ച ബസ്‌!
തീഗോളം! ശബ്ദമില്ലാതെ കത്തിയമരുന്ന ജീവിതങ്ങള്‍. പിന്നെ
ഭീതിപ്പെടുത്തുന്ന ശൂന്യത. എല്ലാം മായപോലെ! പറഞ്ഞാല്‍ ആരെങ്കിലും
വിശ്വസിക്കുമോ! "

ങ്‌ ഹാ, പിന്നേയ്‌ വയ്യാണ്ടെ കിടന്നതുകൊണ്ടു പറയാതിരുന്നതാ. നിങ്ങള്‍
എന്നും രാത്രി വരാറുള്ള ബസില്ലേ? വസന്തയുടെ മുഖത്ത്‌ കറുത്ത നിഴല്‍ ....

ഉവ്വ്‌ ജംബോ ഫാക്‌ടറിയുടെ കോളനി ബസ്‌'.... അയാളുടെ നെറ്റി ചുളിഞ്ഞു.

അതു തന്നെ .

നിങ്ങള്‍ പനിച്ചു കിടന്നതിന്‍റെ പിറ്റേന്ന്‌ അതായത്‌ ശനിയാഴ്ച
അര്‍ദ്ധരാത്രി പതിവുപോലെ തൊഴിലാളികളേയും കൊണ്ട്‌ കോലനിയിലേക്ക്‌
വരുമ്പോഴാണ്‌ അവസാനത്തെ സ്റ്റോപ്പില്‍ നിര്‍ത്തി നിര്‍ത്തിയില്ലാ
എന്നായപ്പൊ ഒരൊറ്റ പൊട്ടിത്തെറി. എന്തൊരു ശബ്ദമായിരുന്നു. ആരോ ബോംബു
വെച്ചതാത്രെ. ഒരു നിമിഷം കൊണ്ടെല്ലാം കത്തിച്ചാമ്പലായി. ഒരൊറ്റയാള്‍പോലും
രക്ഷപ്പെട്ടില്ല.... വസന്തയുടെ സ്വരവും ശരീരവും
വിറയ്ക്കുന്നുണ്ടായിരുന്നു. അയാള്‍ അന്തം വിട്ടിരുന്നു. "പാവം നമ്മുടെ
മുരുകേശനും" വസന്ത വിതുമ്പി അയാള്‍ക്കു തല ചുറ്റാന്‍ തുടങ്ങി.
കത്തിക്കാളുന്ന ബസും വെന്തുരുകുന്ന മനുഷ്യരും ഒരു ചലച്ചിത്രത്തിലേതുപോലെ
മുന്നില്‍ തെളിഞ്ഞു. ചുറ്റും മുരുകേശന്‍റെതു മാത്രമായ ചിരി
അലകളുയര്‍ത്തിയപ്പോള്‍