Followers

Sunday, August 2, 2009

ഒരു പ്രസാധകന്‍റെ പിന്‍കുറിപ്പുകള്‍-ഷെല്‍വി


പത്താംക്ളാസ്സ്‌ പരീക്ഷ കഴിഞ്ഞുള്ള ആയിരത്തി
തൊള്ളായിരത്തിയെഴുപത്തഞ്ചിലെ വേനലവധിക്കാലം പാഠ്യേതരമായ എന്തെങ്കിലും
പുസ്‌തകങ്ങള്‍ വാങ്ങുവാനോ വായിക്കുവാനോ വീട്ടുകാര്‍ അനുവദിച്ചു
തന്നിട്ടുള്ള ഹ്രസ്വമായ ഒരു ഇടവേള. ഒരുമനയൂരില്‍ നിന്ന് ചാവക്കാട്‌ വഴി
ഗുരുവായൂരിലെത്താന്‍ മൂന്നോ നാലോ കിലോമീറ്റര്‍ കാണും
പള്ളിപ്പെരുന്നാളിനും ഗൈഡുകള്‍ വാങ്ങാനും മുമ്പു ബന്ധുക്കള്‍ തന്ന ചില്ലറ
നോട്ടുകള്‍ സൂക്ഷിച്ച്‌ പോക്കറ്റിലിട്ടിട്ടുണ്ട്‌. ഗുരുവായൂര്‍
'കൃഷ്‌ണ'യില്‍ നിന്ന്‌ നല്ലൊരു സെക്സ്‌ പടം കാണാനാണ്‌ സത്യത്തില്‍
ഞാനന്ന് പുറപ്പെട്ടത്‌. എത്തിയപ്പോള്‍ തീയേറ്ററിന്‍റെ ടിക്കറ്റ്‌
കൌണ്ടറുകള്‍ അടച്ചിരുന്നു. ഇത്ര അടുത്തായിരുന്നിട്ടും ഗുരുവായൂരമ്പലം
ഞാനന്നുവരെ കണ്ടിരുന്നില്ല. അങ്ങിനെ പടിഞ്ഞാറെ നടയിലൂടെ കുറച്ചു
മുന്നോട്ടു നടന്നു. അപ്പോള്‍ ശാന്താ ബുക്‌സ്റ്റാള്‍ എന്നൊരു ബോര്‍ഡു
കണ്ടു നിന്നു. വായിക്കുവാന്‍ കുറച്ചു നല്ല പുസ്‌തകങ്ങള്‍ വേണമെന്ന്
എനിക്കപ്പോളൊരു മോഹം തോന്നി. ഭക്തി മാര്‍ഗ്ഗ പുസ്‌തകങ്ങളായിരുന്നു അവിടെ
കൂടുതലും കണ്ടത്‌ എനിക്കപ്പോള്‍ അടുപ്പം തോന്നിയ ബുക്‌സ്റ്റാളിലെ ആ
മനുഷ്യനോട്‌ (ഫ്രാന്‍സിസ്‌ എന്നോ മറ്റോ ആണ്‌ അദ്ദേഹത്തിന്‍റെ പേര്‌) നല്ല
ചില പുസ്‌തകങ്ങള്‍ സ്വയം തിരെഞ്ഞെടുത്തു തരുവാന്‍ ഞാന്‍ ആവശ്യപ്പെട്ടു.
അല്‍പ്പം തിരഞ്ഞ്‌ അദ്ദേഹം എനിക്കു മൂന്നു പുസ്‌തകങ്ങള്‍ നല്‍കി.
-ഖസാക്കിന്‍റെ ഇതിഹാസം, കാലം, അരനാഴിക നേരം. എന്‍റെ മാനസികമായ
ദൌര്‍ഭാഗ്യങ്ങളുടേയും പീഡകളുടെയും തുടക്കം ആ ഒരു മുഹൂര്‍ത്തത്തില്‍
നിന്നാവാം. വായനയുടെ അശാന്തി, അകക്കണ്ണു വിടരല്‍ , ആത്മാവിന്‍റെ അകിടു
ചുരത്തല്‍.... അതൊക്കെ അവിടെ നിന്നാവാം!

* * *
മള്‍ബെറിയുടെ ആദ്യ പുസ്‌തകമായ മൂന്നാം ലോകകഥ (1985 )യില്‍ ആനന്ദും ഒ വി
വിജയനും മാത്രമായിരുന്നു മലയാളത്തെ പ്രതിനിധീകരിച്ച രണ്ടെഴുത്തുകാര്‍. കഥ
സമാഹാരത്തില്‍ ചേര്‍ക്കാന്‍ അനുമതി ചോദിച്ച്‌ ഞാനദ്ദേഹത്തിന്‌ കത്തെഴുതി.
അന്ന് തന്‍റെ പ്രസാധകരായ എസ്‌ പി സി എസ്സി നോട്‌ എഴുതിചോദിക്കുവാനാണ്‌
നാളുകള്‍ക്കുശേഷം , മാന്യമായ രീതിയില്‍ അദ്ദേഹം മറുപടിയെഴുതിയത്‌.
അദ്ദേഹത്തിന്‍റെ മറുപടി കിട്ടും മുമ്പേ പുസ്‌തകമിറങ്ങി. കോപ്പി
കിട്ടിയപ്പോള്‍ വിജയന്‍ ഏതാണ്ടിങ്ങനെ എഴുതി " പ്രസാധകന്‍
(മള്‍ബെറി)അമിതാവേശം കൊണ്ട്‌ എടുത്തു ചേര്‍ത്തതാണ്‌ ആ കഥ. (ആല്‍മരം)
മാപ്പാക്കുവാന്‍ ഞാന്‍ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തോട്‌
അപേക്ഷിക്കാം.
* * *


ഏതാണ്ട്‌ രണ്ടു വര്‍ഷം മുമ്പേ ഞാനും ഇംപ്രിന്‍റ്‌ ബുക്‌സിലെ റഹീമും കൂടി
കോട്ടയത്തു നിന്ന് വിജയനെ കാണാന്‍ പോയി. വീട്ടിലപ്പോള്‍
ഒ.വി.ഉഷയുണ്ടായിരുന്നു. കാപ്പി കുടിച്ചുകൊണ്ട്‌ (കൈകള്‍ അനുനിമിഷം
വിറച്ചുകൊണ്ടിരുന്നു) വിജയന്‍ വളരെ കുറച്ചു സംസാരിച്ചു. ഒ വി വിജയനുമായി
പലരും നടത്തിയ അഭിമുഖസംഭാഷണങ്ങളുടെ ഒരു സമാഹാരം പുസ്‌തകമാക്കാനുള്ള
എന്‍റെ ആഗ്രഹം ഞാനറിയിച്ചു. വിജയന്‍ സന്തോഷപൂര്‍വ്വം സമ്മതം മൂളി. ഒപ്പം
വിജയന്‍റെ എല്ലാ കൃതികളുടേയും പ്രസാധകനായ ഡി സി യുടെ മകന്‍ രവി ഡി സി
യോട്‌ ഇതേക്കുറിച്ച്‌ സംസാരിക്കണം എന്നും ചുണ്ടുകള്‍ പതുക്കെയനക്കി.
അദ്ദേഹം പറഞ്ഞു , പ്രസാധകനും എഴുത്തുകാരനും തമ്മിലുള്ള ആത്മാര്‍ത്ഥമായ
പാരസ്‌പര്യത്തിന്‍റെ സത്യം ഞാനറിഞ്ഞു. ഞാനപ്പോള്‍ രവിക്ക്‌
ഇതേക്കുറിച്ച്‌ എഴുതി. പിന്നീട്‌ ഈയ്യിടെയാണ്‌ പി.കെ. പാറക്കടവ്‌ വീണ്ടും
ഇക്കാര്യം ഓര്‍മ്മപ്പെടുത്തുന്നതും അതിനു വേണ്ട ലേഖനങ്ങളും അഭിമുഖങ്ങളും
തയ്യാറക്കി തരുന്നതും ഒരര്‍ത്ഥത്തില്‍ കാല്‍നൂറ്റാണ്ടിലേറെ പഴക്കമുള്ള
ഒരു മാനസിക ബന്ധം പി കെ സഫലമാക്കിയെന്നു പറയാം

* * *
ഇനി ഞാന്‍ വിജയന്‍ എന്ന വായനാനുഭവത്തെ ഇതിനു താഴെ ചില വാക്കുകളില്‍
അപൂര്‍ണ്ണമായി കോറിയിടട്ടെ.

മഴ, വയല്‍, വയല്‍ നിറയെ വെയില്‍

തുമ്പി


വെയിലിന്‍റെ മദ്ധ്യാഹ്‌ന വിജനതയില്‍
നിറ നിറയെ തുമ്പികള്‍
പാലക്കാടന്‍ വയലുകളിലെ തുമ്പികള്‍
രാത്രിയില്‍ , ഏകാന്തമായ രാത്രിയില്‍
മനസ്സോര്‍ക്കുമ്പോള്‍
ഓരോ തുമ്പിയും ഓരോ ഓര്‍മ്മയെ സ്പര്‍ശിക്കുന്നു.
പൂവമ്പു പോലെ ഹൃദയത്തില്‍ തറയ്‌ക്കുന്ന
പ്രണയത്തിന്‍റെ നിതാന്ത വിരഹത്തിന്‍റെ
തുള്ളിമഴ
കാറ്റ്‌:
പിന്നെ വരുന്നത്‌ പല ദിക്കില്‍ നിന്നുമുള്ള
ഒരുപാടൊരുപാട്‌ കാറ്റുകളാണ്‌.
കാറ്റുകളില്‍ നിറയെ ചിത്രങ്ങളും ചരിത്രങ്ങളും
ചിരിപ്പാട്ടങ്ങളും കഥകളും ഉണ്ടായിരുന്നു.
കാറ്റ്‌ ഏറ്റവും പ്രാക്തനമായിരുന്നു.
കാറ്റ്‌ ജീവനായിരുന്നു.
കാറ്റിന്‍റെ വെളിച്ചപ്പാട്‌
നെറുക വെട്ടിപ്പൊളിച്ച്‌
ചോരയൊലിപ്പിച്ച്‌
ഒരു ഗതികിട്ടാ പ്രേതം പോലെ
അവസാനത്തെ വെളിപാടുമായി
അലയുന്നു അലയുന്നു അലയുന്നു

കരിമ്പന


ഒടുവില്‍ ഫ്രെയ്‌മില്‍ നിറയുന്നത്‌
സാക്ഷാല്‍ കരിമ്പനയാണ്‌
അര്‍ദ്ധരാത്രിയില്‍
ഒറ്റക്കൊരു കരിമ്പന
മുഴുനീളെ നിലാവില്‍ കാണുക
അപാര വിസ്‌മയമാണ്‌.
കരിമ്പന അമ്മാമയും അമ്മയും കാമുകിയുമാകുന്നു.
അത്‌ രഹസ്യങ്ങളുടെ രഹസ്യവും
വേദനയുടെ വേദനയും പകരുന്നു.
അപ്പോള്‍ അകാലം
നീയും കരിമ്പനയും
തനിയെ.



ഓല


എഴുത്തച്ഛന്‍ ബാക്കി വെച്ച
ഏതാനും ചില പനയോലകള്‍
പറന്നു പറന്നു പറന്ന്
പാലക്കാടെത്തി എന്നൊരു ഐതിഹ്യമുണ്ട്‌.
അതിലെഴുതിയയാളെ ശങ്കയില്ലാതെ വിളിക്കാം :
ഒ വി വിജയന്‍




[മള്‍ബറി പ്രസിദ്ധീകരിച്ച 'വിജയന്‍ എന്ന പ്രവാചകന്‍ ' എന്ന പുസ്തകത്തില്‍ നിന്ന്‌]