ഇടറാതെ ശവമഞ്ചം തോളിലേറ്റികൊണ്ട്
പതറാതെ അടിവച്ചു നീങ്ങി ഞങ്ങള്‍
ഇത്തിരി മുമ്പെന്‍റെ ചങ്ങാതിയാണിത്
ഇപ്പോളെന്‍തോളിലെ ശവമഞ്ചവും
ധീരമായി പൊരുതി മുന്നേറുന്ന നേരവും
തീരെ തിരിഞ്ഞൊന്നു നോക്കിയില്ല
കരയുവാന്‍ കഴിയാത്ത കഥനമാണെങ്കിലും
പിരിയുമ്പോളൊരു വാക്കു ചൊല്ലിയില്ല
അതിരു കാക്കുന്നൊരാ ധീര ജവാന്‍മാര്‍ക്ക്
അതിഥിയായെപ്പഴും 'മരണ'മാണ്
ഒളിവിലാ ശത്രു തന്‍ 'തിര'യില്‍ പൊലിയുന്ന
വിടരാത്ത നിന്‍ സ്വപ്നജീവിതങ്ങള്‍
മഞ്ഞു പെയ്യുന്നൊരാതാഴ്‌വര നാട്ടിലും
കണ്ണു ചിമ്മാതവര്‍ കാവല്‍ നിന്നു
മറക്കില്ല- നാമുറങ്ങുമ്പോഴുറങ്ങാതെ
നാടുമെന്‍ ജീവനുംകാത്ത ധീര !
കീര്‍ത്തിയായ്-ധീരപതാകക്കടിയിലായ്
കാത്തു വഴിയോരങ്ങള്‍ കണ്ണുനീര്‍പ്പൂക്കളായ്
അന്ത്യോപചാരവും -അനുശോചനങ്ങളും
ആചാരവെടിയും ചടങ്ങു മാത്രം
സര്‍വ്വനാശം വരുത്തുന്നൊരാ ശത്രുവിന്‍
-സങ്കേതമൊക്കെ തകര്‍ത്തുവല്ലൊ
ഓര്‍ക്കുവാന്‍ -കവലയില്‍ തീര്‍ത്തൊരു സ്മാരകം
നേര്‍ത്തൊരു നൊമ്പരം തന്നെതന്നെ
പാടത്തും തൊടിയിലും പൂപറിച്ചന്നൊരാ -
ഓടിക്കളിച്ചൊരു കാലമോര്‍ത്ത്
എണ്ണിയെണ്ണികരയുന്നൊരു അമ്മ തന്‍
കണ്ണില്‍ മറഞ്ഞൊരു കാഴ്ചയെല്ലാം !
വധുവായി വന്നവള്‍ വരണമാല്യം ചാര്‍ത്തി
വിധവയായി തീര്‍ന്നതും എന്തുകൊണ്ട്?
ഓര്‍മ്മയില്‍ തെളിയുന്നൊരച്ഛന്‍റെ മുഖമുണ്ട് -
ധീരന്‍റെ ജീവനും നാടിനായി
അകത്തും പുറത്തും വളരുന്ന ശത്രു -
ഭീകരനൊ തീവ്രവാദിയാണോ?
നേടിനാടിന്‍റെയഭിമാനമേറേയും
വേറിട്ടയാത്രക്കു മുന്‍പുതന്നെ
എന്തിനാ കൂട്ടരേ എന്‍ സോദരന്‍റെ -
നെഞ്ചത്തുനോക്കി നിറയൊഴിച്ചു
ഭാഷയൊന്നല്ല-നിന്‍ ദേശവുമല്ലല്ലൊ
ദേഷ്യത്തിന്‍ കാരണം ചൊല്ലീടുമോ?