Followers

Sunday, August 2, 2009


മഴത്തോറ്റം
പി.കെ. ഗോപി

മലമുടികളില്‍ നിത്യമൌനം ഘനീഭവി-
ച്ചഴലിന്‍ കരിമ്പടം മൂടി
നഭസ്സിന്‍റെ നിറുകതൊട്ടാത്മഹര്‍ഷങ്ങളില്‍
അലിയും ഹിമസ്വരം പാടി
പ്രണവനാദങ്ങള്‍ക്കു പഞ്ചേന്ദ്രിയങ്ങളില്‍
ഒഴുകാന്‍ ജലശ്രുതി മീട്ടി
ഋതുഭേദ നവഭാവ നടനാങ്കണങ്ങളില്‍
ജനിമൃതിത്താളം ചവിട്ടി
തിറയാടുമജ്ഞാത മൂര്‍ത്തിപ്രഭാവത്തി-
ലസുരവാദ്യങ്ങള്‍ മുഴക്കി
മകുടജടയുലയും മഹാശൈല സംഗീത-
ഗഗനക്കൊടുംകാടിളക്കി
ഇതിഹാസ വ്യസനങ്ങളുരുകിത്തളംകെട്ടു-
മുറവ പ്രദേശങ്ങള്‍പൊട്ടി
ഇടവിടാതുതിരുന്ന മിഴിനീര്‍പ്രവാഹത്തെ
മഴയെന്നു ചൊല്ലുന്നതാര്‌?

മുകില്‍മരം പെയ്യുന്ന കാരുണ്യവര്‍ഷമായ്‌
ചുമരിറമ്പില്‍ വന്നു നിന്നും
തൊടിയിലെ കുഞ്ഞിലക്കുമ്പിളില്‍ ചേക്കേറി
ശലഭക്കിനാവുകള്‍ കണ്ടും
വയലിലെ ഞാറ്റടിത്തോറ്റങ്ങളില്‍ നൂറു
പവിഴക്കതിര്‍ക്കച്ച നെയ്‌തും
തുളസിക്കതിര്‍ത്തുമ്പിലുമ്മ വച്ചമ്മയായ്‌
പ്രകൃതീശ മന്ത്രം ജപിച്ചും
ചിതറിപ്പൊഴിഞ്ഞു വീണോര്‍മ്മപ്പരല്‍മീന്‌
പ്രണയക്കളിപ്പൊയ്‌ക തീര്‍ത്തും
ഇടവഴിചിന്തും ചിലങ്കയും ചേര്‍ത്തുവ-
ച്ചുദയചിത്രങ്ങള്‍ വരച്ചും
ഇടവ-ത്തുലാവര്‍ഷ മേഘപ്പുരാവൃത്ത-
മറവിപ്പഴമ്പാട്ടുരച്ചും
നെടുവീര്‍പ്പടക്കിക്കുനിഞ്ഞ മണ്‍കൂരയില്‍
കരിനീര്‍ക്കുഴമ്പുപോല്‍ ചോര്‍ന്നും
തെരുവിന്‍റെ നരകപ്പഴഞ്ചാക്കില്‍ ഭ്രാന്തന്‍റെ
സുഖ നിദ്ര തഴുകിത്തകര്‍ത്തും
മലിന ദുര്‍ഗ്ഗന്ധങ്ങളൊന്നിച്ചൊഴുക്കിന്‍റെ
കളഭകസ്തൂരിയാല്‍ മായ്‌ച്ചും
മുടിയഴിച്ചാടിച്ചിരിക്കുന്ന പെയ്‌ത്തിന്ന്‌
മഴയെന്നു പേരിട്ടതാര്‌?


അകലെയെങ്ങോ വിപിന ദു:ഖം പകര്‍ന്നെടു-
ത്തലയും കൊടുങ്കാറ്റിനൊപ്പം
ഇടിമിന്ന,ലുരുള്‍പൊട്ട,ലട്ടഹാസങ്ങളില്‍
പിടയുന്ന ഭൂതലം ചുറ്റി
രുധിരത്തിരക്കോളിലാര്‍ത്തനാദങ്ങളെ
കഴുകിക്കടല്‍പ്പൂക്കളാക്കി
ഉറുമി പുളപ്പിലെ തീക്കൊടിജ്ജ്വാലയില്‍
ചിറകടിക്കും പക്ഷിയായി
മുറിവേറ്റ നെഞ്ചിലെ മൃണ്‍മയച്ചെന്തുടിക-
ളെരിയും വിരല്‍പ്പൂരമായി
ദലമര്‍മ്മരച്ചൂളമാളിപ്പടര്‍ന്നാദി-
രഥവേഗ ഗന്ധര്‍വ്വമായി
ഒരു കോടിയശ്വങ്ങളൊന്നിച്ചഴിഞ്ഞോടു-
മിരുളിലെ ഹുങ്കാരമായി
നഗരങ്ങളൊന്നിച്ചടിച്ചുലയ്‌ക്കും വിശ്വ-
നടനപ്പെരുങ്കാളിയായി
പുളിനങ്ങളൊന്നായഗാധ ഗര്‍ത്തങ്ങളില്‍
മറയും ചുഴിച്ചക്രമായി
പ്രളയമായ്‌ പേതുള്ളിയെത്തുന്ന പെയ്‌ത്തിന്ന്‌
മഴയെന്നു പേരിട്ടതാര്‌?


മതിവരാപ്രതികാര മരണക്കുതിപ്പിന്ന്‌
മഴയെന്നു പേരിട്ടതാര്‌?
പുഴ തന്‍ ജഡം കാത്തുവയ്‌ക്കും മണല്‍ത്തട്ടില്‍
പ്രണമിച്ചു നീറിക്കരഞ്ഞും
സകലകാലങ്ങളും ദേശങ്ങളും ഒരേ
ജലനൂലിലണിയായ്‌ കൊരുത്തും
മഴയെന്നതേതോ സമുദ്രത്തിലിന്നലെ
തിരയായിരുന്നെന്നറിഞ്ഞും
മഴയെന്നിലുണ്ടെന്നറിഞ്ഞും, ചരാചര-
ചിരബന്ധമേതെന്നറിഞ്ഞും
നനയുന്നു ഞാനീ കൊടുംവെയില്‍ പൊള്ളിച്ച
തെരുവില്‍ തെളിഞ്ഞും മറഞ്ഞും
കുതിരുന്നു ഞാനീ മനുഷ്യായുസ്സിന്‍ വഴി-
പ്പടവില്‍ പിഴിഞ്ഞും കുടഞ്ഞും
കുടചൂടുമാത്മത്തിടമ്പേറ്റുമജ്ഞാന
മുഖപടം മഴയില്‍ തകര്‍ന്നും
നടകൊള്‍കയാണു ഞാനീ വഴി നന്‍മ
തന്‍മൊഴിവിത്തു പിന്നെയും പാകി....
. ഒടുവിലേകാന്തസ്സമാധിപോല്‍ ശാന്തമായ്‌
മറയുന്നു മഴയെന്ന ഞാനും
ഒടുവില്‍ ചിദാകാശ ശൂന്യതയ്‌ക്കുള്ളിലേയ്‌
-ക്കലിയുന്നു ഞാനെന്ന മഴയും......


ഇടിമിന്നൽ
പി.കെ.ഗോപി

മിണ്ടാത്തവന്റെ
നാവിലായിരുന്നു
ആദ്യമായി
തീ കണ്ടത്‌.
കൊല്ലാത്തവന്റെ
പല്ലിലായിരുന്നു
ആദ്യമായി
ചോര കണ്ടത്‌
നീലമേഘം തൊടാൻ
വിരൽ നീട്ടിയ
ചോലമരങ്ങൾ നിറയെ
പറയാത്ത പ്രണയങ്ങളുടെ
കുങ്കുമപ്പൂക്കൾ.
കുഴിക്കാത്ത
കിണറുകളിൽ
ജലമുണ്ടെന്നറിയുന്നത്‌
തുറക്കാത്ത
കണ്ണുകൾ
നിറഞ്ഞു കവിയുമ്പോഴാണ്‌.
ഒടുക്കത്തെ
അക്കമെഴുതി
ലാഭപ്പെരുക്കം എണ്ണിക്കെട്ടി
നിലവറ പൂട്ടി
താക്കോലൊളിപ്പിച്ച്‌
ഉറങ്ങാൻ പോയ രാത്രിയിൽ
എല്ലാ കണക്കുകളും
തെറ്റിച്ച്‌
ഇടിവെട്ടി.
തുടിക്കാത്ത കടുന്തുടിയിൽ
കാറ്റു വന്ന്‌
തലയിട്ടടിച്ച്‌
അലമുറയിട്ടപ്പോൾ മാത്രമേ
അവരുണർന്നുള്ളൂ,
മായാസ്വപ്നങ്ങളുടെ
മണിയറയിൽ നിന്ന്‌ !