Followers

Sunday, August 2, 2009

ദേശത്തിന്‍റെ കാവ്യലോകത്ത്‌ ഇത്തിരി നേരം-ധന്യഹരികൃഷ്‌ണന്‍




അഭിമുഖം



വേനല്‍ചൂടിന്‍റെ ആധിക്യത്തിലും, മനസ്സില്‍ ദേശം കവിതകളുടെ
കുളിര്‍മ്മയുമേന്തി എന്‍.കെ. ദേശത്തിന്‍റെ വീട്ടിലേക്ക്‌ യാത്ര തിരിച്ചു.
മലയാള കവിതാരംഗത്ത്‌ ഇന്ന് ശ്രദ്ധിക്കപ്പെടുന്നവരില്‍ മുഖ്യനാണ്‌ എന്‍
കെ. ദേശം എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന എന്‍
കുട്ടിക്കൃഷ്‌ണപ്പിള്ള. സ്വന്തം അയല്‍ക്കാരന്‍കൂടിയായ അദ്ദേഹവുമായി ഒരു
ചെറു സാഹിത്യസംഭാഷണം നടത്തണമെന്നത്‌ ഏറെ നാളായി കൊണ്ടു നടക്കുന്ന
ആഗ്രഹമാണ്‌. ഒത്തിരി ആകാംക്ഷയോടും ഉത്‌കണ്‍ഠ്‌യോടും കൂടി അവിടെ
എത്തിച്ചേര്‍ന്ന എന്നെ അദ്ദേഹം ഒരു പിതാവിന്‍റെ വാല്‍സല്ല്യത്തോടെ
സ്വീകരിച്ചു. എന്‍ കെ. ദേശവുമായുള്ള കുശലസംഭാഷണങ്ങള്‍ക്കായി എന്‍റെ
ശിഷ്യഗണങ്ങളും കൂടെ കൂടിയിരുന്നു. അതിനാല്‍ തന്നെ ഉള്ളു തുറന്നു
സംസാരിക്കുവാനും , അനുഭവങ്ങള്‍ പങ്കിടാനും നിഷ്‌പ്രയാസം കഴിഞ്ഞു. നിറഞ്ഞ
വാല്‍സല്ല്യത്തോടെ അദ്ദേഹം ഞങ്ങളുമായുള്ള സംഭാഷണം ആരംഭിച്ചു.


ചോദ്യം:' എന്‍കെ. ദേശം' എന്ന പേരില്‍ നിന്നു തന്നെ താങ്കളുടെ
ജന്‍മദേശത്തോടുള്ള ആഭിമുഖ്യം വ്യക്തമാകുന്നു. ഈ ദേശം എത്രത്തോളം
താങ്കളുടെ സാഹിത്യ ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്‌?

ഉത്തരം: എന്‍റെ ജന്‍മ നാടായ ഈ 'ദേശം' എന്‍റെ കാവ്യജീവിതത്തെ മാത്രമല്ല
, വൈയക്തിക ജീവിതത്തെ ആകമാനം രൂപപ്പെടുത്തുന്നതില്‍ സഹായിച്ചിട്ടുണ്ട്‌.
ഒരു വ്യക്തിയുടെ രൂപ ഭാവങ്ങള്‍ , സംസ്ക്കാരം, താല്‍പ്പര്യങ്ങള്‍
ആചാരങ്ങള്‍ ഭാഷ എന്നിവയെല്ലാം രൂപപ്പെടുത്തുന്നതിന്‌ സമൂഹത്തിന്‌ വലിയൊരു
പങ്കുണ്ട്‌. പ്രത്യേകിച്ച്‌ ഒരു എഴുത്തുകാരന്‍റെ ജീവിതത്തെ ഏറെ
സ്വാധീനിക്കുന്ന ഘടകമാണ്‌ ജന്‍മനാട്‌. എന്നെ അപേക്ഷിച്ചു
നോക്കുകയാണെങ്കില്‍ ഈ പെരിയാറും ,നിഷ്‌ക്കളങ്കരായ ഇവിടുത്തെ ദേശം
നിവാസികളുമെല്ലാം തന്നെ എന്‍റെ തൂലിക ത്തുമ്പിനെ ഇന്നും
നിയന്ത്രിക്കുന്നു. എന്‍റെ സാഹിത്യലോകത്തു നിറഞ്ഞു നില്‍ക്കുന്ന ഗ്രാമീണ
ചായ്‌വ്‌ ഒരു പക്ഷേ ഇതിന്‍റെ പ്രതിഫലനങ്ങളായിരിക്കാം എത്ര
ഉയരങ്ങളിലേക്ക്‌ കുതിച്ചാലും ജന്‍മനാടിനേയും , മാതൃഭാഷയേയും അവഗണിക്കാന്‍
സാധ്യമല്ല. ചോ: ആദ്യകൃതി എഴുതുവാനുണ്ടായ സാഹചര്യം എന്താണ്‌?ഉ: വിദ്യാലയ
ജീവിതക്കാലത്തു തന്നെ ഞാന്‍ കവിതയുടെ പണിപ്പുരയിലേക്ക്‌ പ്രവേശിച്ചു
എന്നു വേണം പറയാന്‍ ഒരു പക്ഷേ ഇന്നത്തെ തലമുറക്ക്‌ അപരിചിതമായ
'കയ്യെഴുത്തു മാസിക' എന്നൊരു സംരംഭം അക്കാലത്തുണ്ടായിരുന്നു.
സാഹിത്യാഭിരുചിയുള്ള ഏതാനും വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന്
'ഉദയഭാസ്‌ക്കരന്‍' എന്നൊരു മാസികക്ക്‌ രൂപം നല്‍കി. കഥകളും കവിതകളും
തുടങ്ങി നിരവധി സൃഷ്‌ടികള്‍ കൊണ്ടു സമ്പന്നമായിരുന്നു ഈ മാസിക. ഇത്തരമൊരു
സംരംഭം വിദ്യാര്‍ത്ഥികളെ എഴുത്തു രംഗത്തു മാത്രമല്ല എഡിറ്റിംഗ്‌
,ഡിസൈനിങ്ങ്‌, തുടങ്ങി ഒരു മാസികക്ക്‌ ആവശ്യമായ എല്ലാ വശങ്ങളും
അറിഞ്ഞിരിക്കാന്‍ പ്രാപ്‌തരാക്കുന്നു. അങ്ങനെ ബാല്യത്തിന്‍റെ
ചുറുചുറുക്കില്‍ കയ്യെഴുത്തു മാസികയിലൂടെയാണ്‌ എന്‍റെ ആദ്യകൃതി
ജന്‍മമെടുത്തത്‌. എന്നാല്‍ പുറം ലോകം കണ്ട ആദ്യകൃതി 'അന്തിമലരി' എന്ന
കവിതാസമാഹാരമാണ്‌.

ചോ: ഛന്ദസ്സിനേയും അലങ്കാരത്തേയും പാടേ
അവഗണിച്ചുകൊണ്ടുള്ളതാണല്ലൊ ഇന്നത്തെ കവിതാരചന താങ്കളുടെ 'വയാകരണന്‍' എന്ന
കവിതയുടെ പ്രമേയവും ഇതു തന്നെ. ഈയൊരു രചനാരീതി വ്യതിയാനത്തെക്കുറിച്ച്‌
താങ്കള്‍ക്ക്‌ എന്താണ്‌ പറയുവാനുള്ളത്‌?


ഉ: വൃത്തവിരുദ്ധമായ കവിതകളോട്‌ എനിക്ക്‌ പൊതുവെ യോജിപ്പില്ല. ഇന്നത്തെ
ജനതക്ക്‌ വൃത്തഭംഗിയോട്‌ പൊതുവെ താല്‍പ്പര്യമില്ലായ്‌മയാണ്‌ കാണുന്നത്‌.
ഒരു പക്ഷേ ഇതില്‍ വേണ്ടത്ര ജ്ഞാനമില്ലാത്തതുകൊണ്ടും ആകാം. രാഗത്തേയും
താളത്തേയും മാറ്റിനിര്‍ത്തിക്കൊണ്ട്‌ ഒരു കര്‍ണ്ണാടകസംഗീതം ആലപിക്കുവാന്‍
കഴിയുമൊ? ഒരിക്കലും ഒരു കവിതാസ്വാദനം ഒരു നോവല്‍ വായനയെപ്പോലെയാകരുത്‌.
നമ്മുടെ കവിതാപാരമ്പര്യം തന്നെ വൃത്തഭംഗിയില്‍ അടിയുറച്ചതാണ്‌. എന്തിനേറെ
പറയുന്നു? രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസകൃതികളില്‍ നിന്നു തുടങ്ങി
വേദങ്ങള്‍ ആനശാസ്‌ത്രം എന്നിവപ്പോലും വൃത്തനിബന്ധമായിട്ടാണ്‌ ആലേഖനം
ചെയ്യപ്പെട്ടിട്ടുള്ളത്‌. ആശയം മാത്രമാകയാല്‍ അതൊരിക്കലും കവിതയാകില്ല.
ഗദ്യത്തിലെഴുതിയതുകൊണ്ട്‌ അതു കവിതയാകണമെന്ന് നിര്‍ബന്ധമില്ല.
പദ്യത്തിലെഴുതിയതേ കവിതയാക്കാവൂയെന്ന് എവിടേയും പറഞ്ഞിട്ടുമില്ല. എം. പി.
പോള്‍ നോവലിനെ നിര്‍വ്വചിച്ചിരിക്കുന്നതു തന്നെ 'ഗദ്യകാവ്യം' എന്നല്ലെ.
കവിതയുടെ മാറ്റുരച്ചു നോക്കുന്നത്‌ ഗദ്യത്തിലൂടെ തന്നെയാണ്‌. ജി.
ഉള്‍പ്പെടെ നമ്മുടെ പല മഹാകവികളും ഗദ്യകവിതകള്‍ എഴുതിയിട്ടുണ്ട്‌. എന്‍റെ
'മുദ്ര' എന്ന കവിതയും അതിനോട്‌ ചായ്‌വുള്ളതാണ്‌. എങ്കിലും ഗദ്യ- പദ്യ
രൂപങ്ങളില്‍ ഒന്നും ഒന്നിനു പകരം വെക്കാന്‍ സാധ്യമല്ല. മലയാള
സാഹിത്യമാകുന്ന നാണയത്തിന്‍റെ ഇരുപുറങ്ങളാണവ.

ചോ: സമകാലിക സാഹിത്യരംഗത്തെ സ്‌ത്രീ സാന്നിദ്ധ്യത്തെക്കുറിച്ചുള്ള
താങ്കളുടെ അഭിപ്രായമെന്താണ്‌? അങ്ങയുടെ 'അല്‍ഫോണ്‍സ' എന്ന കവിത ഇതിനു
ദൃഷ്‌ടാന്തമാണല്ലൊ?


ഉ: ഇത്തരമൊരു തരംതിരിവിന്‍റെ തന്നെ ആവശ്യമുണ്ടെന്ന് എനിക്കു
തോന്നുന്നില്ല മലയാള സാഹിത്യരംഗത്ത്‌ ആദ്യകാലത്തുതന്നെ
സ്‌ത്രീസാന്നിദ്ധ്യം ഉണ്ടായിരുന്നു. ലളിതാംബികാന്തര്‍ജ്ജനം ,
സരസ്വതിയമ്മ, തുടങ്ങിയവരെല്ലാം തന്നെ എടുത്തുപറയേണ്ട്‌
വ്യക്തിത്വങ്ങളാണ്‌. എന്നാല്‍ ഫെമിനിസത്തിന്‍റെയൊ, പെണ്ണെഴുത്തിന്‍റെയൊ
ചുവ പിടിച്ചല്ല ഇവരൊന്നും തന്നെ ഉയര്‍ന്നു വന്നത്‌. നല്ല
കഥകളിലൂടെമാത്രമാണ്‌ . അവര്‍ ഒരിക്കലും സ്‌ത്രീക്കുവേണ്ടി അവകാശവാദങ്ങള്‍
ഉന്നയിക്കുവാനോ പുരുഷ വിദ്വേഷം ഉയര്‍ത്തിക്കാട്ടാനോ ശ്രമിച്ചിട്ടുമില്ല.
തങ്ങളുടെ കഥകളിലൂടെ സ്‌ത്രീക്ക്‌ അന്നത്തെ സമൂഹത്തില്‍ നേരിടേണ്ടി
വന്നിരുന്ന യാതനകളെ ചൂണ്ടിക്കാണിച്ചു എന്നു മാത്രം. കുമാരാനാശാന്‍
ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി, തുടങ്ങി നിരവധി സ്‌ത്രീ പ്രാധാന്യമുള്ള
കൃതികള്‍ രചിച്ചിട്ടുണ്ടല്ലൊ. എന്നാല്‍ അതുകൊണ്ട്‌ ആശാന്‍ ഒരു സ്‌ത്രീ
വിഷയവാദിയാണെന്ന് പറയാന്‍ കഴിയുമോ? ഫെമിനിസം എന്നത്‌ ഒരിക്കലും പുരുഷനെ
ധിക്കരിക്കാനുള്ള വഴിയല്ല.


ചോ: ദേശം കവിതയിലെ നര്‍മ്മരസം ഏവരും എടുത്തുപറയുന്ന ഒരു
സവിശേഷതയാണല്ലൊ. സഞ്ജയനെപ്പോലെ ഗൌരവമായ കാര്യങ്ങള്‍ നര്‍മ്മരസത്തോടെ
അവതരിപ്പിച്ചാല്‍ വയനക്കാരില്‍ വേഗം എത്തിക്കാം എന്നാണോ ഇതിനു പിന്നില്‍?


ഉ: ശരാശരിയും അതില്‍ താഴ്ന്നവരും ആയ വായനക്കാര്‍ ഒരിക്കലും ഗൌരവമായ
വായന നടത്തുന്നവരല്ല. അങ്ങനെയുള്ളവര്‍ക്ക്‌ ഇത്തരമൊരു രചനാരീതി വളരെ
ഉപകാരപ്രദമായിരിക്കും നര്‍മ്മരസം ചിലപ്പോള്‍ ആക്ഷേപഹാസ്യത്തിന്‍റെ
രൂപത്തില്‍ വരെ എത്തിചേര്‍ന്നേക്കാം പാരമ്പര്യം, വിദ്യാഭ്യാസം, സഹവസം
എന്നിവകൊണ്ടെല്ലാം നര്‍മ്മരസം വളരാം. ഞാനൊരിക്കലും നര്‍മ്മരസം
കരുതിക്കൂട്ടിയെഴുതുന്നതല്ല. നാട്ടറിവുകളിലൂടേയും,
ജീവിതാനുഭവങ്ങളിലൂടേയും സ്വാംശീകരിച്ചെടുത്തതാണ്‌.

ചോ: സംഗീതം തുളുമ്പുന്നവയാണ്‌ താങ്കളുടെ ഒട്ടുമിക്ക കൃതികളും .
രചനാവേളയില്‍ ഇതിനു പ്രത്യേകം ശ്രദ്ധിക്കാറുണ്ടോ?


ഉ: കവിതാരചന തൃപ്തിയാകണമെങ്കില്‍ സംഗീതരസം വേണമെന്നെനിക്കു
നിര്‍ബന്ധമാണ്‌. ചെരുപ്പകാലത്തു വളര്‍ത്തിയെടുത്ത അക്ഷരശ്ളോക പാടവം
ശ്ളോകങ്ങളോടും,ദൈവീകനാമ സങ്കീര്‍ത്തനങ്ങളോടുമുള്ള പ്രത്യേക താത്‌പ്പര്യം
, ഈണത്തില്‍ ചൊല്ലാവുന്ന കുഞ്ചന്‍നമ്പ്യാര്‍, വെണ്‍മണി കൃതികള്‍
എന്നിവയോടുള്ള മമത എന്നിവയെല്ലാം തന്നെയെന്നില്‍ സ്വാധീനം
ചെലുത്തിയിട്ടുണ്ട്‌.


ചോ: 'വായന മരിക്കുന്നു' എന്ന അഭിപ്രായത്തോട്‌ താങ്കള്‍ യോജിക്കുന്നുണ്ടോ?


ഉ: ' മരണം' എന്ന വിശേഷണം അതിനു ചാര്‍ത്തിക്കൊടുക്കാമോ എന്നു സംശയമാണ്‌.
എന്നിരുന്നാലും 'ക്ഷീണം പറ്റിയിട്ടുണ്ട്‌.' എന്നതു` സത്യം തന്നെ.
മാധ്യമരംഗവും സാങ്കേതികയുഗവും തമ്മില്‍ ചെലുത്തിയ സ്വാധീനമാണ്‌ ഇതിനു
പ്രധാന കാരണം. ദൃശ്യ-ശ്രവ്യ മാധ്യമങ്ങള്‍ നാട്ടിന്‍പുറങ്ങളില്‍ നഗരങ്ങളെ
അപേക്ഷിച്ച്‌ കുറവായതിനാല്‍ വായനാശീലം അവിടെയായിരുന്നു ഏറെ
കണ്ടിരുന്നത്‌. എന്നാല്‍ ഇന്ന് അതിനും വ്യതിയാനം വന്നു. വായനയെ പൊതുവെ
രണ്ടായി തിരിക്കാം. 'നേരം പോക്കിനുള്ള വായനയും, ഗഹനമായ വായനയും ഇവിടെ
യഥാര്‍ത്ഥത്തില്‍ മരിക്കുന്നത്‌ ഗഹനമായ വായനയാണ്‌. കുഞ്ഞുണ്ണി മാഷിന്‍റെ
വരികളാണ്‌ ഈ സന്ദര്‍ഭത്തില്‍ നാവിന്‍ത്തുമ്പില്‍ ഓടിയെത്തുന്നത്‌. '
വായിച്ചാലും വളരും , വായിച്ചില്ലേലും വളരും വായിച്ചു വളര്‍ന്നാല്‍ വിളയും
വായിക്കാതെ വളര്‍ന്നാല്‍ വളയും'



ചോ: ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രാദായത്തെ ഒരു സമൂഹസ്നേഹി എന്ന
നിലയില്‍ താങ്കള്‍എങ്ങിനെ നോക്കിക്കാണുന്നു?



ഉ: നല്ല പൌരന്‍മാരെ വാര്‍ത്തെടുക്കുകയെന്നതായിരിക്കണം
വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യം. സാഹിത്യത്തേയും മാതൃഭാഷയേയും അവഗണിച്ചു
കൊണ്ടുള്ളതായിരിക്കരുത്‌ അത്‌. യഥാര്‍ത്ഥത്തില്‍ അക്ഷരാഭ്യാസം മാത്രമെ
ഇന്ന് വിദ്യാലയങ്ങളില്‍ പൂര്‍ത്തീകരിക്കപ്പെടുന്നുള്ളു. വിദ്യാഭ്യാസം
പൂര്‍ത്തിയാകുന്നില്ല്. കൊടുക്കുംന്തോറും ഏറിടുന്നതാണ്‌ വിദ്യ.
ഹൃദയത്തില്‍ ഉള്‍ക്കൊണ്ടുള്ളതാകണം പഠനം. വിദ്യാഭ്യാസരംഗത്ത്‌ ഇന്ന്
കച്ചവട താല്‍പ്പര്യങ്ങളാണ്‌ മുന്നിട്ടു നില്‍ക്കുന്നത്‌.


ചോ: പത്തിരുപതു വര്‍ഷങ്ങള്‍ക്കുശേഷം നമ്മുടെ മലയാള സാഹിത്യത്തിന്‍റെ
നിലയെന്തായിരിക്കും?


ഉ: ഒരു പക്ഷേ വരണ്ട ഒരു ഗദ്യലോകമായിരിക്കും നമ്മെ
കാത്തിരിക്കുന്നത്‌. നിരൂപണരംഗവും സത്യസന്ധമല്ലാതായിത്തീരും.



ചോ: ഇന്നത്തെ യുവതലമുറക്കായി നല്‍കാന്‍ താങ്കളുടെ സന്ദേശം?


ഉ: ഭാഷ പഠിക്കുക, വായന വളര്‍ത്തുക, അതായിരിക്കണം നമ്മുടെ ലക്ഷ്യം.
കഥയിലും കവിതകളിലും മാത്രം ഒതുങ്ങിക്കൂടരുത്‌ നമ്മുടെ വായന.
മഹാത്മാക്കളുടെ ജീവച്ചരിത്രം, ആത്മകഥ, എന്നിവയിലെല്ലാം നമ്മുടെ വായന
എത്തിച്ചേരണം. അതില്‍ നിന്നെല്ലാം വൈയക്തിക ജീവിതത്തില്‍ ഉള്‍ക്കൊള്ളാന്‍
നിരവധിയുണ്ട്‌. നല്ല മനുഷ്യനാകാന്‍ നല്ല സാഹിത്യം ഏെറെ സഹായിക്കും. വായന
മരിക്കാതെ കാത്തുസൂക്ഷിക്കേണ്ടത്‌ നിങ്ങളാണ്‌. മാതൃഭൂമി, മാതൃഭാഷ ഇവ
രണ്ടും സ്വര്‍ഗ്ഗത്തേക്കാള്‍ ശ്രേഷ്‌ഠമാണ്‌. ഏതു രാജ്യത്തും ഏതു നിലയിലും
എത്തിച്ചേര്‍ന്നാലും ഇതു മറക്കാതിരിക്കുക