Followers

Sunday, August 2, 2009

ജീവിത സ്പന്ദനങ്ങൾ-പറവൂർ ഗോപാലകൃഷ്ണൻ

ജീവിത സ്പന്ദനങ്ങൾ
പറവൂർ ഗോപാലകൃഷ്ണൻ
നാടിന്റെ അതിസാധാരണ തലങ്ങളിലെ അസ്സൽ ജീവിതത്തിന്റെ സൂക്ഷ്മ സ്പന്ദങ്ങൾ ജാടകളില്ലാതെ ആവിഷ്കരിച്ച കഥാകാരനായ വൈക്കം മുഹമ്മദ്‌ ബഷീർ അന്തരിച്ചിട്ട്‌ ഇപ്പോൾ ഒരു ദശാബ്ദം കഴിഞ്ഞു. 1908 ജനുവരിയിൽ തലയോലപ്പറമ്പിൽ ജനിച്ച്‌ 1994 ജൂലൈ 5ന്‌ ബേപ്പൂരിൽ അന്തരിച്ച ബഷീറിന്റെ ജീവിതം കർമ്മ ബഹുലമായിരുന്നു. വിദ്യാർത്ഥിയായിരുന്ന കാലത്തു തന്നെ സ്വാതന്ത്ര്യ സമരാവേശത്തിൽ പഠനം നിർത്തി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ ചേർന്ന ബഷീർ കോഴിക്കോട്ടു നടന്ന പ്രസിദ്ധമായ ഉപ്പുസത്യാഗ്രഹത്തിൽ പങ്കാളിയായി. അന്നും തുടർന്നും പോലീസ്‌ പീഡനങ്ങൾക്കും ജയിൽ ശിക്ഷകൾക്കും വിധേയനായി.
ഇന്ത്യയിൽ ഉടനീളം സഞ്ചരിച്ച അദ്ദേഹം അറേബ്യൻ നാടുകളിലും ആഫ്രിക്കയിലും പര്യടനം നടത്തി. നാട്ടിൽ തിരിച്ചെത്തി ബഷീർ ബുക്സ്റ്റാൾ തുടങ്ങി. യാത്രകൾക്കിടയ്ക്കും ജയിൽ ജീവിത കാലങ്ങളിലും കുറിച്ച കഥകളിൽ മിനുക്കു പണികൾ നടത്തി അവ ഒഴിവുവേളകളിൽ പകർത്തിയെഴുതി. പുസ്തകങ്ങൾ പ്രസിദ്ധീകരണത്തിന്റെ വെളിച്ചം കണ്ടു. കഥ,നോവൽ,ലേഖനം,നാടകം തുടങ്ങിയ ഒട്ടേറെ മേഖലകളിൽ ബഷീർ നിരന്തരം പ്രവർത്തിച്ച്‌ ജനപ്രിയ രചനകൾ ഒട്ടേറെ കാഴ്ച വച്ചു. ബാല്യകാല സഖി, മാന്ത്രികപ്പൂച്ച, ശബ്ദങ്ങൾ, പാത്തുമ്മാടെ ആട്‌, വിഡ്ഢികളുടെ സ്വർഗ്ഗം, വിശ്വവിഖ്യാതമായ മൂക്ക്‌, ന്റുപ്പാപ്പാക്കൊരാനേണ്ടാർന്ന്‌! മതിലുകൾ, മുച്ചീട്ടുകളിക്കാരന്റെ മകൾ തുടങ്ങിയ അതി പ്രശസ്ത രചനകളിൽ പലതും വിവിധ ഇന്ത്യൻ ഭാഷകളിൽ പരിഭാഷകളായി വന്നിട്ടുണ്ട്‌. ബാല്യകാലസഖി ചലച്ചിത്രമായിട്ടുണ്ട്‌. നീലവെളിച്ചം ഭാർഗ്ഗവീനിലയം എന്ന പേരിൽ സിനിമയായി ജനസമ്മിതി നേടി. മതിലുകൾ അതേ പേരിൽ തന്നെ ചലച്ചിത്രമായി വന്നു. ബഷീറിന്റെ 16 കഥകളുടെ ഒരു ഇംഗ്ലീഷ്‌ പരിഭാഷാ സമാഹാരം പുറത്തിറങ്ങിയിട്ടുണ്ട്‌. കേരള സാഹിത്യ അക്കാദമിയുടെയും കേന്ദ്രസാഹിത്യ അക്കാദമിയുടേയും വിശിഷ്ടാംഗത്വം ലഭിച്ച അദ്ദേഹത്തിന്‌ സ്വതന്ത്രസമര പങ്കാളിത്തത്തിനുള്ള താമ്രപത്ര പുരസ്കാരവും തുടർന്ന്‌ പത്മശ്രീ ബഹുമതിയും കൈവന്നിട്ടുണ്ട്‌.
എറണാകുളത്ത്‌ തൊള്ളായിരത്തി നാൽപതുകളിൽ നടത്തിയിരുന്ന ബഷീർ ബുക്സ്റ്റാളിലും പിൽക്കാലത്ത്‌ ബേപ്പൂരിലെ വീട്ടുമുറ്റത്തെ മാങ്കോസ്റ്റിൻ മരത്തണലിലും ഒത്തുകൂടാറുണ്ടായിരുന്ന സുഹൃത്തുക്കളുമൊത്തുള്ള വെടിവട്ടത്തിൽ വീണു കിട്ടിയ പല കാര്യങ്ങളും കഥാ ബീജങ്ങളായിത്തീരുകയും അടുത്ത ദിവസങ്ങളിൽ തന്നെ അവ ബഷീറിന്റെ രസകരങ്ങളായ കഥകളായി രൂപപ്പെടുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ അന്നത്തെ ആത്മമിത്രങ്ങളുടെ മനസ്സിൽ ഇന്നും ആ നർമ്മ സംഭാഷണങ്ങൾ തുടിക്കുന്ന ഓർമ്മകളാണ്‌. അരികിൽ കോളാമ്പിയിലൂടെ പാടുന്ന പാട്ടുപെട്ടിയായ ഗ്രാമഫോണും ചുണ്ടുകളിൽ എരിയുന്ന കാക്കി ബീഡിയുമായി ചാരുകസേരയിൽ ചാഞ്ഞിരിക്കുന്ന ബേപ്പൂർ സുൽത്താനും അവർക്കു മായാത്ത ചിത്രങ്ങളാണ്‌.
ഉമ്മുസൽമയുടെ ഖാൻ എന്ന നായയുടേയും പാർവതിയുടെയും മാളു എന്ന പട്ടിയുടെയും കഥയായ മാന്ത്രികച്ചരടിലൂടെ എത്ര സരസമായാണ്‌ മുസ്ലീങ്ങളുടേയും ഹിന്ദുക്കളുടേയും സൗമനസ്യത്തിന്റെയും എതിർപ്പുകളുടേയും ഭാവങ്ങൾ ബഷീർ ആവിഷ്കരിക്കുന്നത്‌! സ്ഥലത്തെ പ്രധാന ദിവ്യൻ, എട്ടുകാലി മമ്മൂഞ്ഞ്‌ തുടങ്ങിയ രചനകളിൽ അവതരിക്കപ്പെട്ടിരിക്കുന്ന കഥാപാത്രങ്ങളെ ചില പ്രത്യേക സ്വഭാവക്കാരായ വ്യക്തികളുടെ യഥാർത്ഥ അനുകരണങ്ങളായി നമുക്കു കാണാം. എക്സൈസ്‌ ഇൻസ്പെക്ടറുടെ മകൾ രാധാമണി പുസ്തകത്തിൽ വയ്ക്കാൻ മയിൽപ്പീലി സമ്മാനിച്ചതിനു പകരം ഒരു ആനവാൽ രോമം അവൾക്കു നൽകാൻ പൂതി പൂണ്ട്‌ ബഷീർ അതിനായി പാപ്പാനെ സോപ്പിടാൻ കാണിക്കുന്ന കൗശല പൂർണ്ണമായ ലോഹ്യവും ആനയെ കുളിപ്പിക്കാൻ കിടത്തിയ പുഴയിലിറങ്ങി മുങ്ങാംകുഴിയിട്ട്‌ ആനയ്ക്ക്‌ പിന്നിൽ നീന്തിയെത്തി ആനവാൽ രോമം കടിച്ചെടുക്കാൻ ഒരുമ്പെടുന്ന സാഹസികതയും എങ്ങനെ മറക്കാൻ കഴിയും? ബസ്സിൽ കയറിപ്പറ്റുന്നതിനിടയിൽ കക്ഷത്തിൽ ഇറക്കിപ്പിടിച്ചിട്ടും വീണുപോയ പെൻഷൻ ബുക്കും ഉള്ളിലെ രൂപയും റോഡിൽ കിടക്കുന്നതു കണ്ടെടുത്ത്‌ വീട്ടിൽ എത്തിച്ചുകൊടുത്ത വത്സരാജനും, പൊൻകുരിശുതോമയ്ക്കും, നത്തു ദാമുവിനും, മമ്മൂഞ്ഞിനും, ആനവാരി രാമൻനായർക്കും, മതിലിനപ്പുറത്തു നിന്നും അശരീരിപോലെയെത്തിയ നാരായണിയുടെ ശബ്ദത്തിലൂടെ പ്രണയിയായി മാറിയ ജയിൽപ്പുള്ളിയ്ക്കും, റോഡിലെ കുണ്ടും കുഴിയും കയറി ഇറങ്ങിയപ്പോൾ ടാക്സിയിൽ നിന്നു തെറിച്ചു പുറത്തുവീണ്‌ ദൈവത്തെ വിളിച്ച്‌ ഞരങ്ങി എഴുന്നേറ്റ്‌ കുടിക്കാൻ വെള്ളം ചോദിച്ച ശവശരീരത്തിനും, ഒക്കത്തിരുന്ന്‌ ചീച്ചി മുള്ളുന്ന കൊച്ചിനും, അച്ചാലും മുച്ചാലും തല്ലുന്ന നങ്ങേലിക്കും, അണക്കെട്ടു പൊട്ടുന്നപോലെ കരയുന്ന മാലതിക്കുട്ടിക്കും, കുടുകുടാ വെള്ളം കുടിച്ചു ശിക്കാറു പള്ളവീർപ്പിച്ചു പാതിരാ നേരത്ത്‌ പായിൽ കിടന്നു മുള്ളുന്ന കശ്മലനായ ഇയ്ക്കായ്ക്കയാക്കുമൊന്നും ഒരിക്കലും മരണമില്ല.
ആറുഭാഗങ്ങളിലായി എഴുതപ്പെട്ട ഒരു ലഘു അഖ്യായന (നോവലെറ്റ്‌)യാണ്‌ ബഷീറിന്റെ മുഖ്യകൃതികളിലൊന്നായ പാത്തുമ്മയുടെ ആട്‌. ഗ്രാമീണാന്തരീക്ഷം ആദ്യന്തം നിറഞ്ഞു നിൽക്കുന്ന ഈ കൃതിയിൽ ബഷീർ, സുദീർഘ സഞ്ചാരവും പ്രവാസി ജീവിതവും ഒരു ഇടവേളയിലെത്തിയപ്പോൾ വൈക്കത്തെത്തി തലയോലപ്പറമ്പിലെ വീട്ടിൽ താമസത്തിനു ചെന്ന ദിവസങ്ങളിലെ രസനീയങ്ങളായ കൊച്ചു കൊച്ചു സംഭവങ്ങളാണ്‌ ആവിഷ്കരിക്കുന്നത്‌. മുറ്റവും, തോട്ടവും, തൊടിയും, കുളവും, ഓലകെട്ടി ഇല്ലി മുൾച്ചില്ലകൾ ഏടിയ ചുറ്റുവേലിയുമൊക്കെയുള്ള ഗ്രാമീണ ഗൃഹത്തിൽ ബഷീർ ഒറ്റാന്തടിയായി മുച്ചാംവയറുമായി കഴിഞ്ഞിരുന്ന ചെറുപ്പകാലത്തെ ഒരു ഘട്ടം. രാവിലത്തെ എണ്ണ പുരട്ടി ലങ്കോട്ടി കെട്ടിയുള്ള കസർത്തും, കൂടപ്പിറപ്പുകളുമൊത്തുള്ള കുന്നായ്മകളും കളികളും നർമ്മഭാഷണങ്ങളും, എഴുത്തുകുത്തുകളും, കഥയെഴുത്തുമൊക്കെ ചേർന്ന ദിവസങ്ങൾ. അഭയാർത്ഥിപ്പൂച്ചകൾ; മച്ചും പുറത്തെ എലികൾ, കേറിക്കൊത്തിത്തിന്നു കുറുങ്ങുന്ന കൊതിച്ചി കോഴികൾ; മച്ചും പുറത്തെ എലികൾ, കേറിക്കൊത്തിത്തിന്നു കുറുങ്ങുന്ന കൊതിച്ചി കോഴികൾ, കോഴിക്കുഞ്ഞുങ്ങളെ റാഞ്ചുവാൻ കണ്ണും നട്ട്‌ മരക്കവരങ്ങളിൽ തക്കം പാർത്തിരിക്കുന്ന വില്ലന്മാരായ പ്രാപ്പിടിയന്മാർ, പരുന്തുകൾ, ബഹളക്കാരായ കാക്കകൾ, കരച്ചിൽ-യജ്ഞക്കാരി ആരിഫക്കുഞ്ഞ്‌, ജനിച്ച പടിനിൽക്കുന്ന സെയ്തുമുഹമ്മദ്‌, അവനെ ഉള്ളാടത്തിപ്പാറുവേന്നു പരിഹസിക്കുന്ന പീക്രിപ്പെണ്ണ്‌ ലൈല, ഉമ്മയുടെ വെറ്റിലവട്ടിയിൽ നിന്നും പണം മോഷ്ടിക്കുവാൻ, വലുതായിട്ടും മുല കുടിക്കാൻ ചെല്ലുന്ന അറുക്കീസായ ഹനീഫ, ചട്ടനനുജൻ അബ്ദുൾ ഖാദർ, അവന്റെയും താഴെയുള്ള ഇളയ പെങ്ങൾ പാത്തുമ്മ, അവളുടെ കുസൃതിയും തീറ്റപ്പണ്ടാരവുമായ തവിട്ടു രോമങ്ങളുള്ള ആട്‌-വരാന്തയിൽ വച്ച തീപ്പെട്ടി വരെ നാക്കു നീട്ടി ഏന്തിച്ചെടുക്കുന്ന സൂത്രക്കാരി-വലിയ ചുവന്ന മഞ്ഞുതുള്ളികൾ പോലെ ഞാന്നു കിടക്കുന്ന ചാമ്പക്കകൾ ഉന്നമിട്ട്‌ കാലുപൊക്കി കഴുത്തു നീട്ടി നിൽക്കുന്ന സർക്കസ്സുകാരി-തോട്ടപ്പച്ച ചെടികളും, വീഴുന്ന പ്ലാവിലകളുമെന്നല്ല. ബഷീറിന്റെ അച്ചടിച്ച കൃതികളുടെ കടലാസുകൾ വരെ കടിച്ചു ചവയ്ക്കുകയും വെള്ളേപ്പം ട്രൗസർ പോക്കറ്റടക്കം കടിച്ചുകീറിത്തിന്നുകയും ചെയ്യുന്ന ആനക്കൊതിച്ചി, കത്തുകൾ എത്തിക്കുന്ന പോസ്റ്റുമാൻ അബു-എല്ലാവരും ഇതിലെ വ്യവസ്ഥ സ്വഭാവികളായ കഥാപാത്രങ്ങൾ മാത്രം. ആട്ടിൻകുട്ടിയെ പിടിച്ചു കെട്ടിയിട്ട്‌ ആടിനെ കട്ടു കറന്നു ചായ കൂട്ടിക്കുടിക്കുന്നതു നിർത്താൻ വേണ്ടി അരക്കുപ്പി പാൽ ദിവസേന കൊണ്ടു കൊടുക്കാൻ പോലും തയ്യാറാവുന്ന പാത്തുമ്മയുടേയും, എന്നിട്ടും, കക്കുന്ന പാലും കിട്ടുന്ന പാലും- ഒന്നിച്ചനുഭവിക്കുന്ന കുസൃതി സഹോദരങ്ങളുടേയും പോലുള്ള നിറം ചാലിച്ചു വരച്ച ഒന്നാംതരം ചിത്രങ്ങൾ ചേർന്നവയാണ്‌, ഈ കൃതിയിലെ ഗ്രാമീണ കൂട്ടുകുടുംബ ജീവിതത്തിന്റെ ദൃശ്യങ്ങൾ. മഹാകവി പി.കുഞ്ഞിരാമൻനായരുടെ ആത്മകഥകളിൽ കാണുന്നതു പോലെ, ബഷീറിന്റെ ഓരോ കഥയും സകല ചരാചരങ്ങളും നിറഞ്ഞു നിൽക്കുന്ന, പരിസര ഘടകങ്ങളോരോന്നും പങ്കുകൊള്ളുന്ന, അലോസരങ്ങളും സന്തോഷങ്ങളും നിറഞ്ഞ്‌ നാടൻ ജീവിതത്തനിമയുടെ യഥാർത്ഥ പരിച്ഛേദമത്രെ. ജിന്നുകളും ഷൈത്താരന്മാരും രോമം പിഴുതെടുത്തുണ്ടാക്കുന്ന കഷണ്ടിയേയും, ഷോക്കടിപ്പിച്ചു ശപിക്കുന്ന ഇലക്ട്രിക്‌ ഭഗവാനേയും, വസൂരിയുടെ നേരെ-അനുജനായ അഞ്ചാംപനിയേയും, തെങ്ങിന്റെ ഉച്ചിയിൽ കയറിരുന്ന്‌ എല്ലാം കാണുന്ന സൂര്യനേയും, കൊമ്പനാനയുടെ കവയ്ക്കിടയിലൂടെ നൂണ്ടാൽ മാറിപ്പോകുന്ന രാപ്പനിയേയും സങ്കൽപിക്കാൻ ബഷീറിനു മാത്രമേ കഴിയൂ. ബഷീർ കഥകൾ വിരൽ ചൂണ്ടിയ മീൻകുളങ്ങളിൽ, എന്തും വെട്ടി വിഴുങ്ങി ഇന്നും ബ്‌രാൽ മത്സ്യജോഡികൾ വാൽ തൊട്ടുവട്ടം ചുറ്റി തുഴഞ്ഞു കളിക്കുന്നു! വഴിയിലുള്ള പലതിനേയും വക വരുത്തിക്കൊണ്ട്‌, ഇരച്ചു കേറി കാറുകൾ ബഷീറിയൻ ശൈലിയിൽ 'ഷ്‌റുഫുൾ ടോഫും!'എന്ന്‌ അട്ടഹസിച്ചു പാഞ്ഞു പോകുന്നു! ബഷീർ പറഞ്ഞ 'ലൊടുക്കൂസ്‌ ബണ്ട്‌' മാതിരിയുള്ള ശൂന്യത ഹർത്താൽ ദിവസങ്ങളിൽ ഇന്നും നിരത്തുകളിൽ നിറയുന്നു! സ്നേഹവും സഹകരണ മനോഭാവവും സമഭാവനയും ബഷീർ കൃതികളിൽ അടിയൊഴുക്കുകളായി അനുഭവപ്പെടുന്ന വികാരങ്ങളാണ്‌.
സാധാരണന്മാരായ ജനങ്ങളുടെ ചേതോവികാരങ്ങൾ അവരുടെ തന്നെ നാടൻ ഭാഷയിലാണ്‌ ബഷീർ അവതരിപ്പിച്ചിട്ടുള്ളത്‌. ഈ ദുനിയാവിനെ മുഴുവൻ സ്നേഹിച്ച ആ പഹയൻ മനസ്സിന്റെ അനുഭവങ്ങൾ ഭാഷ തേടിപ്പോവുകയല്ല ചെയ്തത്‌, ഭാഷ അനുഭവങ്ങളുമായി ഇഴുകിച്ചേർന്ന്‌ ഒന്നാവുകയായിരുന്നു. അവിടെ 'ഒന്നും' 'ഒന്നും' ചേർന്ന 'ഇമ്മിണി ബല്യ ഒന്ന്‌' ഉണ്ടാവുകയായിരുന്നു. ബഷീർ കൃതികളുടെ പ്രചാരത്തിന്റെയും പ്രശസ്തിയുടേയും മൂലകാരണം ഹൃദയ സ്പർശിയായ ആ നാടൻ ശൈലിയാണ്‌ എന്നതിൽ രണ്ടഭിപ്രായമുണ്ടാവില്ല.