സന്തോഷ് പാലാ
നേരം വെളുക്കുന്നു കൂട്ടുകാരാ
നിന്റെ നേരിന്‍
വെളിച്ചം
നിഴല്‍ തേടിയെത്തുന്നു
കാലം കലര്‍പ്പുമായി
കൊഞ്ഞനം കുത്തുന്നു
കാണുന്നു ഞാന്‍
നിന്റെ ജീവതാളം
ആരാണ് നിന്നുടെ
അത്ഭുതക്കാഴ്ചകള്‍ക്കന്ത്യം
വരുത്തിയുന്മാദം
തീര്‍ത്തത്?
ആരാണ് നിന്നുടെ
ജീവിതസന്ധിയെ
കാലപ്പഴക്കം
കനപ്പിച്ചറുത്തത്?
വിസ്മയം വിഭ്രാന്തി
തീര്‍ത്തതിനുത്തരം
തേടുമ്പോള്‍
എത്ര നിസ്സാരമീ
ജീവിതമോര്‍ത്തുപോയ്!
ഒരു മിഴിനീര്‍ക്കണ-
മുറങ്ങാതെയിന്നുമീ
മുറിത്തറയിലു-
ണര്‍ന്നിരിക്കുന്നു
ഇരുളിലെവിടെയോ
സ്വരമൊതുക്കിയൊരു
നിശാശലഭമെന്റെ
നിഴലളന്നിരിക്കലാം
കരുതി നില്‍ക്കുന്നു
നിന്മുന്നില്‍
ഞാനെന്റെ കരുതലായി
കണ്ണിലെ
കാഴ്‌ചകള്‍ കൂടെയും
നില്‍ക്കനില്‍ക്കയെന്‍
സ്നേഹിതാ
നമ്മുടെ ചൊല്‍പ്പടിക്കു
നടക്കുമോ
സൂര്യനും ചന്ദ്രനും?
അസ്തമിച്ചുവെന്നാരു
ചൊല്ലീടുന്നു
കത്തി നിന്നോരാ
വിപ്ലവനാളുകള്‍
വര്‍ത്തമാനം
പറഞ്ഞീടുവാനെത്തുമ്പോള്‍
ഉത്സവാഘോഷം
മദിക്കുന്നു മാനസ്സേ
കെട്ടിയിട്ടോരു
ചങ്ങലക്കപ്പുറത്തുറ്റു
നോക്കുന്നു
ജാലകപ്പാളികള്‍
ഉഗ്രമുന്മാദമൊഴിപ്പിച്ചു
തീര്‍ക്കുമോ
സ്വപ്ന ഭൂമിക
വീണ്ടുമെനിക്കായ്
തൊട്ടു തൊട്ടു
ഞാന്‍
നില്‍ക്കുന്നു മണ്ണിതില്‍
വിട്ടുപൊകുവാന്‍
വയ്യെന്റെ ചങ്ങാതീ
എത്ര ഇരുട്ടിലും
ഒത്തനിഴലായി
എത്തുക,
മുന്നില്‍ നടന്നുകൊള്‍ക!
എത്ര ദൂരത്തില്‍
നിന്നാകിലും
എന്‍ വിളിക്കൊന്നു
സമ്മാനിയ്ക്ക
നിന്റെ മറുവിളി!