Followers

Thursday, July 1, 2010

എഡിറ്റോറിയൽ

mathew nellickunnu

അവരുടെ അവസാനം വൃദ്ധസദനത്തിൽ
നല്ല വിദ്യാഭ്യാസവും മെച്ചപ്പെട്ട തൊഴിലും ഉള്ള പ്രവാസി, കുടുംബത്തിനുകൂടി വിസ സംഘടിപ്പിക്കുന്നു. അങ്ങനെ അവരും വിദേശത്തേക്ക്‌ ചേക്കേറുന്നു. പക്ഷെ ഇതെല്ലാം വിദേശരാജ്യങ്ങളിലും സാധ്യമാക്കാവുന്ന കാര്യമല്ല.
പിന്നെ കുടുംബത്തിൽ അവശേഷിക്കുന്ന പ്രായമായ മാതാപിതാക്കൾ വല്ലപ്പോഴും വരുന്ന മക്കളെ പ്രതീക്ഷിച്ച്‌ കണ്ണിൽ എണ്ണയും ഒഴിച്ച്‌ കാത്തിരിക്കുന്നു. അവർക്കാണെങ്കിൽ തിരക്കൊഴിഞ്ഞിട്ട്‌ നാട്ടിലൊന്ന്‌ വരാനോ പ്രായമായ മാതാപിതാക്കളെ ഒരു നോക്കു കാണാനോ നേരമില്ല. അവർ തിരക്കുകളുടെ ലോകത്താണ്‌.
ഇപ്പോൾ കത്തെഴുതാനും ആർക്കും നേരമില്ല. നേരിട്ട്‌ സംസാരിക്കുവാൻ പറ്റിയ മറ്റ്‌ മാർഗ്ഗങ്ങളുള്ളപ്പോൾ ആർക്കാണ്‌ ഇതിന്‌ താൽപര്യം? പേജുകൾ നീണ്ടകത്തുകളിലൂടെ സ്നേഹം പങ്കുവയ്ക്കുമ്പോൾ ലഭിക്കുമായിരുന്ന അനുഭൂതി ആധുനികയുഗത്തിലെ യന്ത്രസംവിധാനങ്ങൾക്ക്‌ നൽകാനാവില്ല. ഒരു കത്ത്‌ വായിക്കുന്ന സുഖം-അതിന്റെ ഊഷ്മളത, സ്നേഹം-ഇന്നത്തെ മറ്റ്‌ ടെലിഫോൺ മാർഗ്ഗങ്ങൾക്ക്‌ ഉണ്ടോ എന്ന്‌ സംശയമാണ്‌. കത്തുകൾ എഴുതിയിരുന്നത്‌ ഹൃദയത്തിന്റെ ഭാഷയിലാണ്‌. ഹൃദയത്തിന്റെ ഭാഷ സ്നേഹമാണ്‌. ആ സ്നേഹത്തിന്‌ അളവുകോൽ ഇല്ല.
ഇപ്പോൾ മക്കൾ പറയും-അമ്മച്ചി അല്ലെങ്കിൽ അപ്പച്ചൻ ഇങ്ങ്‌ പോര്‌. ഇവിടെ കുറച്ചുദിവസം താമസിക്കാം-ഇത്‌ കേട്ട്‌ മക്കളെ ഒരുനോക്ക്‌ കാണുവാനോ അല്ലെങ്കിൽ മകന്റെയോ മകളുടെയോ കൊച്ചിനെ നോക്കുവാനോ വിമാനം കയറുന്ന അമ്മച്ചിക്ക്‌ അവിടെ ചെന്ന്‌ കുറച്ച്‌ കഴിയുമ്പോൾ തന്നെ മടുക്കും. വീർപ്പുമുട്ടും. ജീവിതം അസ്വസ്ഥതകൾ നിറഞ്ഞതായി മാറുന്നു.
നാട്ടിലാണെങ്കിൽ വാ തോരാതെ പച്ച മലയാളത്തിൽ വർത്തമാനം പറയാൻ അയൽക്കാരും പരിചയക്കാരും പലർ. അവരോട്‌ ഓരോ വിശേഷങ്ങളും പറഞ്ഞ്‌ പറമ്പിലെ കാര്യവും പശുവിന്റെ പാടും നോക്കി നേരം പോക്കിയിരുന്ന അമ്മച്ചി ഭാഷപോലും വശമില്ലാതെ അരോടും സംസാരിക്കാനില്ലാതെ നട്ടം തിരിയുന്ന കാഴ്ച കാണാം. അവിടെ ചെന്നു കഴിയുമ്പോൾ നേരം വെളുത്താലും രാത്രിയായാലും മക്കളെ ഒന്ന്‌ അടുത്ത്‌ കാണാൻ അവർക്ക്‌ കിട്ടാറില്ല. പിന്നെ എങ്ങനെയും ഒന്ന്‌ നാട്ടിൽ വന്നുപറ്റിയാൽ മതി എന്നാണ്‌ അവരുടെ ചിന്ത. എന്നാൽ ഇതിനോക്കെ അപവാദമായ അപ്പച്ചന്മാരും അമ്മച്ചിമാരും ഉണ്ട്‌. ആ സംഖ്യ ചെറുതാണ്‌.
ചില അമ്മച്ചിമാർ അമേരിക്കയിലും മറ്റും പോയി തിരിച്ചുവരുമ്പോൾ ഇംഗ്ലീഷ്‌ അമ്മൂമ്മ എന്ന പേരിലും മറ്റും അറിയപ്പെടുന്നു. ഇവർക്ക്‌ കെട്ടിലും മട്ടിലും നടപ്പിലും മൊത്തത്തിൽ മാറ്റം വന്നെത്തിയിരിക്കും. ഇതെന്തൊരു നാട്‌ എന്ന ഭാവം.
മറ്റൊരു വിഭാഗം മാതാപിതാക്കൾ വിദേശത്തേക്ക്‌ പോകാൻ തന്നെ ഇഷ്ടപ്പെടുന്നില്ല. മരിക്കുകയാണെങ്കിൽ ഈ മണ്ണിൽ കിടന്ന്‌ എന്നു പറഞ്ഞ്‌ ഒറ്റ നിൽപ്പാണ്‌. അങ്ങിനെ നാട്ടിൽ തമ്പടിച്ചുവശം കെടുമ്പോൾ അവർക്ക്‌ പിന്നെ ആശ്രയം വൃദ്ധസദനങ്ങളാണ്‌. കൃത്യസമയത്ത്‌ ആഹാരം കഴിച്ച്‌ മക്കളേർപ്പെടുത്തിയ സ്വന്തം മുറിക്കുള്ളിൽ കഴിയാം. ഉറങ്ങാം.
നോക്കാനാരുമില്ലാതെ നാട്ടിലുള്ള മാതാപിതാക്കളെ വൃദ്ധസദനങ്ങളിലാക്കുന്നുണ്ട്‌. സ്വന്തം മക്കൾ തന്നെ മാതാപിതാക്കളെ തെരുവിലേക്ക്‌ ഇറക്കി വിടുന്ന അവസ്ഥ നല്ല പ്രായത്തിൽ മക്കൾക്കു വേണ്ടി അഹോരാത്രം കഷ്ടപ്പെട്ട്‌, അവരെ നല്ലനിലയിൽ ആക്കിയെടുക്കാൻ ബലികഴിച്ച ജീവിതങ്ങൾ ഇന്ന്‌ ആർക്കും വേണ്ടാതെ വൃദ്ധസദനങ്ങളിൽ അഭയം കണ്ടെത്തുകയാണ്‌.
കൊച്ചുമക്കളെ ലാളിച്ചും നാടൻ പാട്ടുകൾ പാടിയും കഥകൾ പറഞ്ഞുകൊടുത്തും കഴിഞ്ഞിരുന്ന മുത്തശ്ശിമാരും മുത്തച്ഛന്മാരും ഇന്ന്‌ കാലഹരണപ്പെട്ടിരിക്കുന്നു. അവരുടെ സങ്കടങ്ങൾ ആരറിയുന്നു. ഒടുവിൽ ആരോരുമറിയാതെ ആറടി മണ്ണിൽ വിലയം പ്രാപിക്കാമെന്നു മാത്രം.