Followers

Thursday, July 1, 2010

മയക്കം


brindaഅനസ്തേഷ്യ നൽകാൻ വന്ന ഡോക്ടർ ശരിക്കും ഒരു സുന്ദരനായിരുന്നു. അയാൾ അടുത്തുവന്നപ്പോൾ ചന്ദനസുഗന്ധം പ്രസരിച്ചു. ആപ്പിൾ വൈറ്റ്‌ ഷർട്ടിലും നീല ജീൻസിലും അയാൾ വല്ലാതങ്ങു തിളങ്ങി. എന്റേതു പോലെ ഒരു ചതുരക്കണ്ണട അയാൾക്കും ഉണ്ടായിരുന്നു. അതിനുള്ളിൽ രണ്ടു നീലക്കണ്ണുകൾ...
ക്ലീൻ ഷേവ്‌ ചെയ്ത മുഖം, മുൻപല്ലിനിടയിൽ നേരിയ വിടവ്‌. ഇരുകവിളിലും നുണക്കുഴി, താടിയിൽ വലം ചുഴി... എന്നെ കൊതിപ്പിക്കാൻ പിന്നെന്തുവേണം?
എന്താണു പേര്‌?
എന്റേയടുത്തേക്ക്‌ മുഖം ചായ്ച്ച്‌ അയാൾ ചോദിച്ചു. ഞാനപ്പോഴേക്കും അയാളെ പ്രണയിച്ചു കഴിഞ്ഞിരുന്നു. ആ സ്വരത്തിനും കൊഞ്ചലിനും എന്തൊരു ഭംഗി! അതെന്നെയങ്ങ്‌ കൊത്തിയെടുത്തു.
'രാകേന്ദു' ഞാൻ മെല്ലെ പറഞ്ഞു.
ഡോക്ടർ പേര്‌ ആവർത്തിച്ചു. 'മീൻസ്‌?'
'മൂൺ'
ഹായ്‌! ഡോക്ടർ പൂനിലാവുപോൽ പുഞ്ചിരിച്ചു.
മയങ്ങുന്ന ഡോക്ടർ ഞാൻ മന്ത്രിച്ചു.
'എന്നെക്കണ്ടാൽ അങ്ങനെ തോന്നുമോ?'
കണ്ണടയ്ക്കുളളിൽ കുസൃതി.
ഓപ്പറേഷൻ തീയേറ്റർ എന്നെ ഭയപ്പെടുത്തിയിരുന്നു. അതിനാൽ ഞാൻ കണ്ണുകൾ ഇറുകെയടച്ചു. എന്നാൽ ഞാൻ ഡോക്ടറിന്റെ മുഖത്തേക്കു നോക്കിയപ്പോൾത്തന്നെ അവിടമാകെ പ്രകാശമാനമായി.
എനിക്ക്‌ അനസ്തേഷ്യ നൽകുന്നതിനു പകരം അദ്ദേഹം എന്നെ സ്പർശിച്ചുകൊണ്ട്‌ അടുത്തുനിന്നാൽമതിയെന്ന്‌ ഞാനെങ്ങനെ പറയും?
ഡോക്ടർ എന്നോട്‌ ഓരോന്നൊക്കെ ചോദിച്ചു കൊണ്ടിരുന്നു. എന്നിലെ പരിഭ്രമത്തെ അലിയിച്ചുകളയാനാകണം. അതിനെല്ലാം സ്വപ്നത്തിലെന്നവണ്ണം ഞാനുത്തരം നൽകി. ജീവിതത്തിനും മരണത്തിനുമിടയിലുള്ള ആ പ്രണയലോകത്ത്‌ ഞങ്ങൾ മാത്രമായിരുന്നു.
അപ്പോൾ അവിടേക്ക്‌ ഡോ.ശ്രീലേഖ വന്നെത്തി. വെളുത്ത മെലിഞ്ഞ സുന്ദരിയായ ഒരു സ്ത്രീയായിരുന്നു ഡോ. ശ്രീലേഖ. അവരെക്കാണുമ്പോൾ തുളസിച്ചെടിയാണ്‌ ഓർമ്മ വരിക. അവർ വലംകയ്യിൽ ഇന്ദ്രനീല മോതിരം ധരിച്ചിരുന്നു. ഭംഗിയുള്ള സാരിയോ, സാരിക്കു ചേരുന്ന ബ്ലൗസോ ധരിച്ച്‌ ആരും അവരെ കണ്ടിട്ടില്ല. സാറിക്കൊതിച്ചികളായ എത്ര സ്ത്രീകളാണ്‌ ദിവസവും അവരെ കാണാനെത്തുന്നത്‌. എന്നിട്ടു...നമ്മുടെയൊക്കെ വീട്ടിലെ സകല ഉത്തരവാദിത്വവും ഏറ്റെടുത്ത്‌ കഷ്ടപ്പെടുന്ന സ്നേഹമയിയായ ഒരമ്മയെപ്പോലെയായിരുന്നു ഡോ.ശ്രീലേഖ.
അവർ എന്റെ ബ്രൗൺ നിറത്തിലുള്ള നെയിൽ പോളീഷ്‌ അണിഞ്ഞ കാൽവിരലിൽ പിടിച്ചുകൊണ്ട്‌ ഇപ്രകാരം പറഞ്ഞു 'ഇതു നമ്മുടെ കവിതാരോഗിയാണ്‌.'
അപ്പോഴേക്കും നീലക്കണ്ണുള്ള ഡോക്ടർ എന്റെ ഹൃദയമിടിപ്പ്‌ പരിശോധിക്കാൻ തുടങ്ങി. അതുവരെയുള്ള വേദനകളും വിഷമതകളും അകന്ന്‌ പ്രശാന്തമായി എന്റെ ഹൃദയം മയങ്ങാൻ തുടങ്ങി.
'ഇത്‌ ഷേർളി ഡോക്ടറുടെ ഫ്രണ്ടാണ്‌.' ഞാൻ മിഴി തുറന്നു. സിസ്റ്റർ ഉഷാനന്ദിനി എന്നെ നോക്കി പുഞ്ചിരിച്ചു. അവർക്ക്‌ വളരെയധികം കൺപീലിയുണ്ടായിരുന്നു.
ഷേർളി കവിതയെഴുതുന്ന ഡോക്ടർ ആയിരുന്നു. അവർ മുടി ബോബ്‌ ചെയ്ത്‌ എനിക്കിഷ്ടമുള്ളപോലത്തെ കടും നിറ വസ്ത്രങ്ങൾ അണിഞ്ഞു വന്നു. അലിവും വിഷാദവും നിറഞ്ഞ കണ്ണുകളായിരുന്നു അവരുടേത്‌. കവിതയിലൂടെ പരിചയപ്പെട്ട കാലത്ത്‌ അവർ എന്റെ കവിളിൽ ഒരുമ്മ നൽകിയിരുന്നു.
എന്റെ അമ്മ നൽകിയ ഉമ്മകൾ എനിക്ക്‌ ഓർമ്മയുണ്ടായിരുന്നില്ല. അകമേ സ്നേഹം ഒളിപ്പിച്ചുവയ്ക്കുന്ന രീതിയായിരുന്നു അമ്മയ്ക്ക്‌.
എന്റെ ചെറിയമ്മയുടെ അമ്മായി എന്നോട്‌ അത്യന്തം വാത്സല്യമുള്ളവർ ആയിരുന്നു. അവർ എന്നോട്‌ എപ്പോഴും വളരെയേറെ സംസാരിച്ചു. ഒരിക്കൽ ഞാൻ മടങ്ങിപ്പോരാൻ തുടങ്ങുമ്പോൾ എന്റെ കവിളിൽ ചുംബിക്കുകയും ചെയ്തു. അത്തരമൊരു സ്നേഹാനുഭവം ആദ്യമായതുകൊണ്ട്‌ ഞാനാകെ അതിശയിച്ചു. ആ അമ്മയുടെ വെളുത്ത മുടിയിഴകളിലും ചുളിവുവീണ മുഖത്തും ഞാനതുവരെ കണ്ടിട്ടില്ലാത്ത എന്തോ ഒന്ന്‌ ദർശിച്ചു.
പിന്നീട്‌ എന്നെ ചുംബിച്ച സ്ത്രീ ഡോ.ഷേർളി ആയിരുന്നു. അപ്പോൾ ഞാൻ മരണപ്പെട്ടുപോയ ചെറിയമ്മയുടെ അമ്മായിയെ ഓർത്തു.
ഞാൻ മുട്ടറ്റമെത്തുന്ന പച്ച ഗൗൺ ധരിച്ച്‌ പ്രണയഭരിതയായി ഓപ്പറേഷൻ ടേബിളിൽ കിടന്നു.
മുട്ടിനു താഴെ എന്റെ കാലുകളിൽ കറുത്ത രോമങ്ങൾ തിളങ്ങുന്നുണ്ടായിരുന്നു. കണ്ണടയ്ക്കിടയിലൂടെ നീലക്കണ്ണുകൾ അവിടേക്കെങ്ങാനും പായുന്നുണ്ടോ എന്നൊരു ലജ്ജ എന്നെ കീഴ്പ്പെടുത്തി. സിസ്റ്റർമാർ ആരെങ്കിലും എന്റെ കാലുകൾ പുതച്ചുതന്നിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചു.
ഞാൻ തിരയിൽ കാൽ നനയ്ക്കുന്നത്‌ സജിയേട്ടന്‌ ഇഷ്ടമായിരുന്നില്ല. കടൽ എപ്പോഴും എന്റെ ഹരമായിരുന്നു. രോമങ്ങൾ നനഞ്ഞുതൂകി കാലിലൊട്ടിപ്പിടിച്ചിരിക്കുന്ന കാഴ്ച അദ്ദേഹത്തെ ആവേശഭരിതനാക്കും.
ഞങ്ങൾ കടൽത്തീരത്തേക്കു പോകുമ്പോൾ അദ്ദേഹം എപ്പോഴും മൂന്നാര്റിയിപ്പു നൽകും 'നിന്റെ രോമക്കാലുകൾ മറ്റാരും കാണുന്നത്‌ എനിക്കിഷ്ടമല്ല' എന്ന്‌.
ഞാനിപ്പോൾ ഏറ്റവും നിസ്സഹായയായി വേദനയുടെ ഇരുണ്ട ഇടങ്ങളിലൂടെ ക്ഷീണിതമായ ശരീരവുമായി കടന്നു പൊയ്ക്കൊണ്ടിരുന്നു.
'എനിക്ക്‌ ഇൻജക്ഷൻ പേടിയാണ്‌' ഞാൻ നൊമ്പരമോടെ സജിയേട്ടനോടു പറഞ്ഞു.
'ഓ, അതു പ്രാണഭയം കൊണ്ടാണ്‌. എല്ലാ ജീവികൾക്കും പ്രാണഭയം ഉണ്ട്‌.'
അദ്ദേഹം ഏറ്റവും നിസ്സാരമായി പറഞ്ഞു. ഞാൻ ക്രുദ്ധയായി. ആ ചെവിയിൽ പറഞ്ഞു 'നീയെന്റെ ചുണ്ടുകൾ കടിച്ചുപൊട്ടിക്കുമ്പോൾ എനിക്കീ പ്രാണഭയം ഉണ്ടാകാത്തതെന്താ?'
ഒരു കനൽത്തുള്ളി എന്റെ ചുണ്ടിൽ വീണുടഞ്ഞു.
എന്റെ വേദനകളെയെല്ലാം മയക്കിയുറക്കാൻ പ്രണയമഴയായി എന്റെ മേൽ പെയ്തിറങ്ങിയ നീലമിഴികളെ നന്ദിയോടെയും പ്രണയമോടെയും ഞാൻ നോക്കിക്കൊണ്ടിരുന്നു.
ഒടുവിൽ ഉണർന്നപ്പോൾ സ്വച്ഛമായി ശ്വസിച്ചു കൊണ്ട്‌ ഞാനിങ്ങനെ. ഞരമ്പുകളിലൂടെ ജീവപ്രവാഹങ്ങൾ... ശരീരമനക്കാനാകാതെ വെളുത്ത ചുവരിലേക്കു നോക്കി ഞാനിങ്ങനെ...
നാലാം നിലയ്ക്കുതാഴെ നദി ഒഴുകിക്കൊണ്ടിരുന്നു. എനിക്ക്‌ ഓളങ്ങൾ കാണണമെന്നു തോന്നി. മഴക്കാലങ്ങളിൽ ചെയ്യാറുള്ളതുപോലെ ഓളങ്ങളിൽ കാൽ നനച്ച്‌ സജിയേട്ടനെ കാട്ടണമെന്നും...
എനിക്ക്‌ ചുറ്റിനും പ്രിയപ്പെട്ടവരുടെ കണ്ണുകൾ. ഞാൻ വെറുതെ നീലക്കണ്ണുകൾ തിരഞ്ഞുകൊണ്ടിരുന്നു.
നേരമെത്രയായിക്കാണും.
സമയത്തെക്കുറിച്ച്‌ ഞാനപ്പോഴാണ്‌ ചിന്തിച്ചതു....
'ഹായ്‌ മൂൺ!'
കാതോരം മന്ത്രണം
വെണ്ണിലാ വെട്ടിത്തിളക്കം.
ഞാൻ ഞെട്ടിയുണർന്നു. ഇരു കവിളിലും നുണക്കുഴി തെളിയിച്ച്‌, താടിയിൽ വലം ചുഴി വിരിയിച്ച്‌...
എന്നെത്തന്നെ നോക്കി എന്താ ഒരു ചിരി!
ഹൊ! ഞാനങ്ങ്‌ മയങ്ങിപ്പോയി !