Followers

Thursday, July 1, 2010

കാഫ്കയുടെ കണ്ണുകളിലെ തിളക്കം

v p johns

എൺപതുകളുടെ ഇടവപ്പാതികളിൽ ഒരു മഴനൂലുപോലെ മലയാളിയുടെ സാഹിത്യരാവുകളിൽ കാഫ്ക നിറഞ്ഞുനിന്നു. ഇരുളിലും പൊരുളിലും ഫ്രാൻസ്‌ കാഫ്കയെ ഉദ്ധരിക്കുക എന്ന ഒരനുഷ്ടാനവ്രതനിഷ്ഠ എഴുത്തുകാരുടെ വേഷപ്പകർച്ചയായി, ഹൃസ്വകാലം വ്യാഖ്യാനിക്കപ്പെട്ടു.
"തീരുമാനങ്ങളി"ൽ കാഫ്ക പറഞ്ഞു. മനസ്സ്‌ കെട്ടിരിക്കുന്ന ഒരവസ്ഥയിൽ നിന്ന്‌ സ്വയം വിമുഖനാകുക എന്നത്‌ ഇച്ഛാശക്തിയുടെ മനഃപൂർവ്വമായ പ്രയോഗം കൊണ്ടേ സാധ്യമാകൂ." ഭാഷയുടെ നവീകരണപ്രക്രീയക്ക്‌ ഓജസ്സും ചൈതന്യവും പ്രദാനം ചെയ്തതോടൊപ്പം, ആശയത്തേക്കാൾ ഭാഷയുടെ രൂപാന്തരീകരണത്തിന്‌ മൂർച്ചനൽകിയ ഫ്രാൻസ്‌ കാഫ്ക, തദ്വാര കഥയെ കാവ്യമൂർച്ഛയുടെ അഗ്നിനീരുകൊണ്ട്‌ ജ്ഞാനസ്നാനം ചെയ്യിച്ചു. സ്വന്തം രചനാവൈദഗ്ധ്യം ക്രാഫ്റ്റ്‌ തീവ്രാനുഭവങ്ങളുടെ തീച്ചൂളയിലിട്ടു ഉരുക്കുമ്പോൾ അനുഭവിച്ച വേദനകൾ." സ്വാസ്ഥ്യം കെടുത്തിയ സ്വപ്നങ്ങൾ തടവറ വിട്ടുണർന്ന്‌ ഭീമാകാരമായ ഒരു കീടമായി രൂപാന്തരം പ്രാപിച്ചതായി സ്വയം തിരിച്ചറിയുന്നു. പെസസ്റ്റിയൻ ഇന്റലക്ച്വൽസിന്‌ ഇക്കാര്യം അന്യമാകാതിരിക്കണമെന്നില്ല.
കാഫ്കയുടെ, അമ്പത്തിമൂന്നു കഥകൾ മലയാളത്തിലേക്കു മൊഴിമാറ്റം നടത്തി സ്വന്തം സ്വത്വത്തോടുള്ള കടമ നിറവേറ്റിയ വി.രവികുമാർ ഭാഷയുടെ സംതാര്യവും സ്ഥൂലവുമായ ഒരെഴുത്തുപലക നിർമ്മിച്ചു. സ്ഥലകാലങ്ങളെ അതിജീവിക്കുക എല്ലാ അർത്ഥത്തിലും ദീർഘമൗനം ആവശ്യപ്പെടുന്ന സൃഷ്ടികളുടെ വിധിയും നിയോഗവും തന്നെ. കാലത്തെ അതിജീവിക്കുന്ന കാഫ്കയുടെ ഋജുവായ ഭാഷ അസഹനീയമാണ്‌ എന്നു തെറ്റിദ്ധരിപ്പിച്ച നിരൂപകമാന്യർനമുക്കുണ്ടായിരുന്നു. ആ അഴുക്കു കഴുകിക്കളഞ്ഞ ദിശാമാറ്റം ഭവിച്ച കാഫ്കയാണ്‌ രവികുമാറിന്റെ വിവർത്തനത്തിലെ നായകൻ. ഭാഷയുടെ അതാര്യവും സ്ഥൂലവുമായ ഗോത്രത്തിലെ വള്ളി പുള്ളികളും നീല ഞെരമ്പുകളും ഉണ്ടക്കണ്ണുകളും, ഉദ്ധതമായ ശിരസ്സും രൂക്ഷനോട്ടങ്ങളും സമിചീനമായ നിരീക്ഷണവ്യഗ്രതയോടെ അനാവൃതമാക്കുന്നു രവികുമാർ.
കാഫ്കയുടെ കഥാലോകം ഏക്കാളത്തെയും വിസ്മയമാണ്‌. സമകാലീനരുടെയും അഗ്രഗാമികളുടെയും അനന്തരഗാമികളുടെയും നിനവുകളിൽ നിന്നും ചിഹ്നങ്ങളിൽ നിന്നും വ്യതിരിക്തമാകുന്നതെങ്ങനെ എന്ന തിരിച്ചറിവ്‌ കഥയുടെ അധിതുകകളിൽ ഉത്തരവാദിത്തത്തോടെ ചെയ്യുന്നവർക്ക്‌ കൃത്യമായി സമീക്ഷിക്കാനാവും. എന്നാൽ ദയാരഹിതമായ വ്യാഖ്യാനങ്ങൾക്കും വിവർത്തനങ്ങൾക്കും പിഴവിധിക്കാൻ കാഫ്ക്ക നിശേഷം അശക്തനാണുതാനും.
കഥാപാത്രങ്ങളുടെ അകമെ കുറുകുന്ന വാക്കുകളുടെ അസ്ഫുടത അനുവാചകന്റെ ആത്മാവിലേക്കു ചെരിച്ചു കയറ്റുന്ന ടെക്നിക്കുകൾ കാഫ്കക്കറിയാം. സമസ്യകളുടെ സങ്കീർണ്ണതകൾ നിമിത്തം സ്വർഗ്ഗത്തിന്റെയും നരകത്തിന്റെയും പാതാളത്തിന്റെയും ഗഹനതകളിലേക്കു ഒറ്റക്കാലിൽ ഉരുമ്മി ഇറങ്ങുകയാണ്‌ കാഫ്കയുടെ ആധുനിക മനുഷ്യൻ. കാഫ്കയുടെ ഹൃദയം കിനിയുകയും നെഞ്ചുപിടയുകയും മിഴികൾ സജലങ്ങളാവുകയും ചെയ്യുമ്പോഴും മനസ്സിന്‌ ഉരുക്കിന്റെ ദൃഢത കൈവരുന്നതാണ്‌ ആശ്ചര്യജനകം! ഇത്തരം അടി വീക്ഷണങ്ങൾക്കു അതിരുകളില്ലാത്ത ആകാശമാണതിര്‌. ഭൂഖണ്ഡങ്ങളുടെ സർവ്വേക്കല്ലുകൾ പിഴുതുമാറ്റുന്ന സർഗ്ഗചിത്തങ്ങളാണ്‌ കാലത്തിന്റെ ഭ്രമണസൂചിയെ പിടിച്ചുനിർത്താൻ ഉദ്യമിക്കുന്നതെന്നും, ധിഷണാസംഗരത്തിലെ വിജയപരാജയങ്ങളിൽ താൻ സഹിഷ്ണുവായിരുന്നുവോ എന്നൂഹിക്കാൻ കാഫ്ക നിരൂപകരെ അനുവദിച്ചിരുന്നുവോ എന്നും ഊഹിക്കാനേ സാധിക്കൂ.
അപാരമായ ഒരു ലോകം-അത്‌ ധീരനൂതനമാണെന്നൊന്നും വ്യാഖ്യാനിക്കേണ്ടതില്ല-അത്‌ വശ്യനാകാൻ വിധിക്കപ്പെട്ട ഒരുവൻ, ഒരു മന്ദബുദ്ധിയുടെ ധൈഷണികമുദ്രകൾ പ്രദർശിപ്പിച്ച്‌ സഞ്ചാര്യയായ കാഫ്കയെ അജതപരതന്ത്രനാകുകയാണ്‌ "പീനൽകോളനി'യിൽ. ഒന്നു തുറന്നുവിട്ടാലും അവൻ കൃത്യസമയത്തുതന്നെ തിരിച്ചുവന്ന്‌ നീതിയുടെ കൃത്യനിർവ്വഹണദൗത്യത്തിൽ ഹാജരായിക്കൊള്ളും എന്ന്‌ ഉറപ്പുതരികയാണ്‌ കാഫ്ക. സ്വയം അടിമത്തം ഏറ്റുവാങ്ങുന്ന വരിയുടയ്ക്കപ്പെട്ടവന്റെ ദൈന്യം, സ്വത്വനിരാകരണം, ബുദ്ധിഹീനരായ ബുദ്ധിജീവികളെ പഴിക്കാനുള്ള മികവുറ്റ ഉപാധിയാക്കുകയാണ്‌ കഥാകാരൻ. മനുഷ്യന്റെ ജീവിതശൈത്യത്തിന്റെ ഏതൊരു മൂലയിലും, തദവസ്ഥ ഒരുപോലെയാണെന്ന സാർവ്വലൗകികാശയം സ്പഷ്ടമാക്കുകയാണ്‌ കാഫ്ക.
മധ്യകാല ജഡാവസ്ഥയിൽ നിന്ന്‌ ആധുനിക അന്തരീക്ഷത്തിലേക്ക്‌ ചിന്താപരമായ ഒരു ധാരസംക്രമം നടന്നു. താദൃശമായ ഒരു ദിശാമാറ്റം കാഫ്കൻ കഥകളുടെ വിളനിലമാണ്‌. കൺവേൺഷനൽ റൈറ്റിംഗിൽ നിന്ന്‌ കഥയുടെ മഴുകൊണ്ട്‌ വെട്ടിവെട്ടി ഒരു ചാലുകീറി എന്നത്‌ കാഫ്കയുടെ കരവിരുതും, മനോവിരുതും സമഞ്ജസംപ്രദർശിപ്പിക്കുന്നു. ഞങ്ങളുടെ നിയമങ്ങളെ സംബന്ധിച്ച ഒരു പ്രശ്നം പിറവി കൊള്ളുന്നത്‌ ഈ 'പാല'ത്തിന്മേൽ വച്ചാണ്‌. പക്ഷെ പ്രഭുവർഗ്ഗം മാഞ്ഞുപോകുമെന്ന പ്രത്യാശ കാഫ്ക കൈവെടിയുന്നില്ല. എന്നാൽ അധീരരുടെ തലമുറക്ക്‌ അതിന്‌ ബാധിക്കില്ലെന്ന അശുഭചിന്ത കാഫ്ക വച്ചു പുലർത്തുകയും ചെയ്യുന്നുണ്ട്‌.
"നിയമത്തിന്റെ പടിവാതിൽക്കൽ" പോലുള്ള കഥകളിൽ പ്രവചനശേഷിയുള്ള ധ്വനനവ്യഗ്രതയുള്ള കഥകളുടെ സ്രഷ്ടാവാണ്‌ കാഫ്ക. മനുഷ്യജന്മങ്ങളുടെ ഉദ്യേഗങ്ങൾ, ഉത്കണ്ഠകൾ, ആകാംക്ഷകൾ, ആർത്തികൾ, ആർദ്രതകൾ, കൗശലങ്ങൾ, കാപട്യങ്ങൾ ഇവയിൽനിന്നെല്ലാം ഊറ്റിയെടുത്ത ഉറവവറ്റാത്ത എണ്ണയിൽ ഹൃദയത്തിരി കൊളുത്തിയാണ്‌ കാഫ്ക കഥാപ്രപഞ്ചം സൃഷ്ടിച്ചതു. വായനക്കാരനെ ചില കഥകളിൽ സീക്വൻസുകളിൽ കമ്മ്യൂണിക്കേഷനുകളിൽ-സംവേദനക്ഷമതയിൽ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകൾ കാഫ്ക അശേഷം ഗൗനിക്കുന്നത്‌ സൂക്ഷ്മാന്വേഷണത്തിൽ കാണാം. വായനക്കാരന്റെ ഉൾക്കണ്ണ്‌ ആകാശത്തിനുമപ്പുറം കടന്നുപോകണമെന്ന്‌ കാഫ്ക കരുതുന്നുണ്ടാവണം.
'രൂപാന്തര'ത്തിന്റെ ദൈർഘ്യം 'പ്രോമിഥ്യൂസി'ലെത്തുമ്പോൾ ആറുവാചകങ്ങളിൽ ഹ്രസ്വത കൈവരിക്കുന്നു. നിയതിയുടെ വേട്ടമൃഗങ്ങളാകുവാൻ വിധിക്കപ്പെട്ട മനുഷ്യാത്മക്കളോടുള്ള അവിച്ഛിന്നമായ ഹൃദയബാന്ധവം വഴി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന കാഫ്ക ഭാഷയിൽ നിർവ്വഹിക്കുന്ന ട്രപ്പീസുകളിയാണ്‌ കൗതുകം ജനിപ്പിക്കുന്ന മുഖ്യഘടകം.
കാഫ്കൻ കഥകളുടെ കുലചിഹ്നം എല്ലാ കഥകളുടെയും മുകളിലും മുതുകിലും മുദ്രണം ചെയ്യപ്പെട്ടിട്ടുണ്ട്‌. ഇപ്പോഴും കാഫ്ക കഥാലോകത്തെ രാജകുമാരനാണെന്ന്‌ നിസ്സംശയം വ്യക്തമാക്കുന്നവയാണ്‌ എല്ലാ കഥകളും.
പരമ്പരാഗത നിരൂപണ രീതിശാസ്ത്രത്തിനു വഴങ്ങിത്തരാത്ത എഴുത്തുകാരനാണ്‌ താനെന്ന്‌ കാഫ്ക തെളിയിക്കുന്ന കഥകൾ വിവർത്തനം ചെയ്യപ്പെടുമ്പൊഴൊക്കെ മലയാളത്തിന്റെ മൗലികത കൂടുതൽ കൂടുതൽ സമ്പന്നമാവുകയത്രെ ചെയ്യുന്നത്‌.
കാഫ്കയുടെയും മറ്റും കഥകൾ മൊഴിമാറ്റം ചെയ്യപ്പെട്ടു വായിക്കപ്പെടുമ്പോഴാണ്‌ അൽപം ചില സാഹിത്യകാരന്മാരെങ്കിലുമൊക്കെ പരിസര സൃഷ്ടിയ്ക്കോ മറ്റോ ഇവ ഉപയോഗപ്പെടുത്തിയിട്ടുണ്ടാവാം എന്നൊരു ശങ്ക നമ്മെ പിടികൂടുന്നത്‌. എന്നാൽ കാഫ്കയുടെ കണ്ണുകളിലെ തിളക്കം അവർക്കില്ലാതെപോകുന്നു അതാണ്‌ ദയാരഹിതമായ ദൃശ്യം.