Followers

Thursday, July 1, 2010

ഒരു നീലനായ്ക്കുട്ടിയുടെ കണ്ണുകൾ

v p johns

ഗാർഷ്യ ഗബ്രിയേൽ മാർക്വേസിന്റെ കഥയുടെ സ്വതന്ത്രാവിഷ്കാരം

ആകാശം മേഘാവൃതം. അത്യന്തം ആകാംക്ഷയോടെ അവൾ എന്നെ ഉറ്റുനോക്കുന്നു. ഞാൻ അത്ഭുതവിവശൻ. അവൾ ആദ്യമായിട്ടാണ്‌ എന്നെ കാണുന്നതെന്ന്‌ ഞാൻ കരുതി. അവൾ വിളക്കിനപ്പുറത്തേക്കു മാറിനിന്നതും എന്റെ പിറകിൽ വന്നുപെട്ടു. ഞങ്ങൾ അന്യോന്യം കാണുന്നത്‌ ഇത്‌ ആദ്യമായിത്തന്നെ. അപ്രതീക്ഷിതമായി എന്തെല്ലാം സംഭവിക്കുന്നു ലോകത്തിൽ.
ഞാൻ ഒരു സിഗരറ്റിനു തീപിടിപ്പിച്ചു. കാലുകൾ നന്നായി ഒതുക്കി ആയാസരഹിതം കസേരയിൽ ഇരുപ്പുറപ്പിച്ചു. അഞ്ചാറു നല്ല പുകയെടുത്തു.
എല്ലാ ദിവസവും രാവിലെ അവൾ വിളക്കിനു സമീപം വന്നു നിൽക്കുന്നതു ഞാൻ ശ്രദ്ധിച്ചു പോന്നു. സത്യമായും അതു നേരു തന്നെ. ആദ്യമൊക്കെ ഞാനിത്‌ മനഃപൂർവ്വം ഭാവന ചെയ്യുന്നു എന്നാണ്‌ ഞാൻ വിചാരിച്ചതു. എന്നാൽ സംഗതി പകൽപോലെ വാസ്തവമായിരുന്നു.
മുഖത്തോടുമുഖം കാണുമ്പോഴെല്ലാം ഞങ്ങൾ പരസ്പരം കണ്ണുകൾ കൈമാറുക മാത്രമേ ചെയ്തിരുന്നുള്ളു. ഇപ്പോൾ കസേരയിൽ ഒന്നുകൂടി അമർന്നിരുന്ന്‌ തലയൊന്നു വെട്ടിച്ചു ഞാൻ സാകൂതം അവളുടെ മുഖത്തേക്കു ദൃഷ്ടികൾ പായിച്ചു.
എന്തു വിസ്മയജനകം!
അവൾ തിരിച്ചു എന്നെയും അങ്ങനെതന്നെ നോക്കിക്കൊണ്ടിരിക്കുകയാണ്‌. അവളുടെ സ്വർണ്ണമിഴികൾ നക്ഷത്രതുല്യം ജ്വലിക്കുന്നു. രാത്രിയിൽ നിറയെ പൂത്ത ആകാശത്തിന്റെ പ്രകാശധോരണി.
നിന്റെ മിഴികൾ എത്രമനോഹരം! എന്റെ പ്രിയപേടമാൻ കുഞ്ഞേ,നിന്റെ അധരങ്ങൾ എത്ര മധുരം!
ഞാൻ വികാരാധീനനായി.
ഒരു നീലനായ്ക്കുഞ്ഞിന്റെ ശോഭയൂറുന്ന നയനങ്ങൾ.
വിളക്കിൻ തിരിയിൽ നിന്നും കരങ്ങൾ മാറ്റാതെ അവൾ ഉരിയാടി.
നാം അതൊരിക്കലും വിസ്മരിച്ചുകളയരുത്‌.
എന്ത്‌? എന്നു ഞാൻ ചോദിക്കാനായും മുമ്പേ അവൾ ക്ഷണത്തിൽ അവിടം വിട്ടു പൊയ്ക്കളഞ്ഞു.
എനിക്കു വല്ലാത്ത ഇച്ഛാഭംഗമായി
നീലനായ്ക്കുഞ്ഞിന്റെ മിഴിയിണകൾ
എന്റെ മനസ്സ്‌ അടക്കം പറയുന്നു.
ഞാനക്കാര്യം ഹൃദയത്തിന്റെ സകല അറകളിലും സ്പഷ്ടമായി ഭംഗിയായി എഴുതി വച്ചിട്ടുണ്ട്‌.
എന്റെ കണ്ണുകൾ അവൾക്കു പിറകെ പായുന്നു.
അവൾ നേരെ ഡ്രസ്സിങ്ങ്‌ ടേബിളിലേയ്ക്കാണ്‌ നടന്നു നീങ്ങിയത്‌. വൃത്താകാരത്തിലുള്ള കണ്ണാടിക്കു മുമ്പിൽ ചെന്നു നിന്നു.
അതെ. ഞാൻ കലർപ്പില്ലാത്ത സത്യമാണ്‌ ബോധിപ്പിക്കുന്നത്‌.
തന്റെ ചൂടുറ്റ മിഴികൾ കൊണ്ടു അവൾ എന്നെത്തന്നെ ഉഴിഞ്ഞു നിൽക്കുകയാണ്‌. അവൾ മറ്റൊന്നിലും വ്യാപൃതയല്ലായിരുന്നു എന്നു തന്നെ കരുതാം. അൽപ നിമിഷങ്ങൾക്കുള്ളിൽ പിങ്കുനിറമുള്ള മുത്തിരിക്കുന്ന പെട്ടി തുറന്ന്‌ മുഖമാസകലം പൗഡർ പൂശുന്നു. ശേഷം പെട്ടിയിൽ യഥാസ്ഥാനത്ത്‌ വെച്ച്‌ നീണ്ടു നിവർന്നു നിന്നു. സ്വതവേ പിങ്കുവർണ്ണമുള്ള ആ ചാരുമുഖം റോസ്‌ പൗഡറിന്റെ മിനുമിനുപ്പിൽ കൂടുതൽ കമനീയമായി തീർന്നിരിക്കുന്നു.
കോമളാംഗി വീണ്ടും വിളക്കിന്നടുത്തേക്കു തിരിച്ചുവന്നു.
അവൾ ഇപ്രകാരം പിറുപിറുക്കുന്നുണ്ടായിരുന്നു.
ആരെങ്കിലും ഒരാൾ ഈ മുറിയെപ്പറ്റി സ്വപ്നം കാണുകയും സ്വപ്നദർശനത്തിലൂടെ എന്റെ രഹസ്യങ്ങൾ മുഴുവൻ വെളിപ്പെടുത്തിയേക്കുമെന്ന്‌ ഞാൻ വല്ലാതെ ഭയന്നുപോയിരിക്കുന്നു.
അവൾ തന്റെ നീണ്ടുമെലിഞ്ഞ കൈകൾ വിളക്കിലേക്കടുപ്പിക്കുകയും ദേഹം സ്വയം ചൂടുപിടിപ്പിക്കുകയും ചെയ്തു.
തുടർന്ന്‌ എന്നോടു ചോദിച്ചു.
തണുപ്പനുഭവപ്പെടുന്നില്ലേ നിങ്ങൾക്ക്‌?
സത്യമാണ്‌. വല്ലാത്ത ശൈത്യം.
എങ്കിലും ഞാൻ പ്രതിവചിച്ചതിങ്ങനെ.
ഓ.... ചിലപ്പോഴൊക്കെ.
എന്റെ അലസമായ മറുപടി അവളെ കുഴക്കിയിരിക്കണം.
എന്നാൽ നിങ്ങൾക്കുടൻ തന്നെ തണുപ്പിന്റെ കാഠിന്യം നല്ലവണ്ണം അനുഭവപ്പെടാതിരിക്കില്ല. നോക്കിക്കോളൂ.
അവൾ താക്കീതിന്റെ സ്വരത്തിൽ പറയുന്നു.
ഞാനപ്പോൾ ചിന്തിച്ചു.
എന്തിനാണ്‌ ഞാൻ ഈ കസേരയിൽ ഒറ്റക്കിങ്ങനെ കുത്തിയിരിക്കുന്നത്‌.
അസ്ഥികൾ തുളച്ചിറങ്ങുന്ന ശൈത്യമാണ്‌ ചുറ്റിലും. എന്നാൽ ഏകാന്തത്തയുടെ സംഗീതമാണ്‌ അതെനിക്കു സമ്മാനിക്കുന്നത്‌. പറഞ്ഞുപറഞ്ഞിരിക്കെ അതെന്നെ മേലാസകലം ആക്രമിക്കാൻ തുടങ്ങി. കൈകളിലൂടെ തണുപ്പ്‌ അതിവേഗം അരിച്ചുകയറിത്തുടങ്ങി എന്നിട്ടും എന്തൊരാശ്ചര്യം! രാത്രി ഇപ്പോഴും അസാധാരണമാംവിധം ശാന്തമാണ്‌.
ആ ഷീറ്റ്‌ താഴേക്കു പതിക്കട്ടെ.
ശബ്ദം താഴ്ത്തി പതിയെ പറയാനാണ്‌ ഞാൻ ഉദ്ദേശിച്ചതു.
പക്ഷെ പുറത്തേക്കെത്തിയപ്പോൾ ഉച്ചത്തിലായെന്നു മാത്രം.
എന്റെ വാക്കുകൾക്കു പകരമൊന്നും ഉച്ചരിക്കുകയുണ്ടായില്ല.
അതൊന്നും അശേഷം ഗൗനിക്കാതെ അവൾ വീണ്ടും ഡ്രസ്സിങ്ങ്‌ ർറൂമിലേക്കു തന്നെപോയി.
ഞാൻ കസേരയിൽ തന്നെ അമർന്നു.
അവളെ മുഖഭാവം കാണാതെ തന്നെ അവൾ എന്തു ചെയ്യുകയായിരിക്കുമെന്ന്‌ എനിക്ക്‌ ഊഹിക്കാൻ കഴിയുന്നുണ്ട്‌. കണ്ണാടിക്കു മുകളിലാണെങ്കിലും എന്റെ പിൻഭാഗം അവൾക്കു നന്നായി കാണാൻ കഴിയും. അവളുടെ മുഖത്തിനും മേനിക്കും പൂർവ്വാധികം ചന്തം വന്നുകൊണ്ടിരിക്കുന്നു. ഒരു ലാവണ്യക്കുടുക്ക തന്നെ. സംശയമില്ല. ഉത്തരക്ഷണം എന്റെ ദൃഷ്ടിക്കെതിർ ദിശയിൽ മിനുസമാർന്ന ഒരു ഭിത്തി പ്രത്യക്ഷപ്പെട്ടു. കണ്ണാടിപോലെ മിനുസമുണ്ടതിന്‌.
പക്ഷെ അവളുടെ കോമളരൂപം അതിൽ പ്രതിഫലിക്കുന്നില്ല. ചുമർ കണ്ണാടിയിൽ അവൾ കൂടൂതൽ മഞ്ജുളാംഗിയായി മാറുകയാണെന്ന്‌ ഞാൻ ഭാവനയിൽ കണ്ടു.
എന്റെ ഉള്ളിന്റെ ഉള്ളിൽ നിന്നും അവൾക്കുവേണ്ടി ഒരു ചെമ്പനിനീർപ്പൂ ഞൊടിയിടയിൽ വിരിഞ്ഞുവരുന്നുണ്ട്‌. അതിന്റെ പരിമളം എനിക്കു ആസ്വദിക്കാൻ കഴിയുന്നുണ്ട്‌.
ഞാൻ നിന്നെ കാണുന്നുണ്ട്‌ - (എനിക്കു നിന്നെ കാണാൻ കഴിയുന്നുണ്ട്‌) ഞാൻ വികാരഭരിതനായി ഉറക്കെ വിളിച്ചു കൂവി.
തത്സമയം അവൾ മീൻമിഴികൾ ഉയർത്തി എന്നെ തഴുകുന്നതും ഓമനിക്കുന്നതും ഞാൻ കണ്ടു. കസേരയിൽ ഇരിക്കുന്ന എന്റെ പുറകുവശം കണ്ണാടിയിൽ നിഴലിക്കുന്നതും അവൾ കണ്ടെത്തിക്കഴിഞ്ഞു. അവൾക്കുവല്ലാതെ കോരിത്തരിച്ചുപോയി. മഞ്ഞു പൊഴിക്കുന്ന ശൈത്യം അവളെ കൂടുതൽ മനോഹരിയാക്കുന്നു.
എന്റെ മുഖം വീണ്ടും ഭിത്തിയിലേക്കു ചാഞ്ഞു. മനോജ്ഞമായ കണ്ണിമകളിലൂടെ ഞാനവളെ പിന്നെയും പിന്നെയും കണ്ടുകൊണ്ടിരിക്കുകയാണ്‌.
ബ്രേസിയറിലാണിപ്പോൾ ആ കണ്ണുകൾ കുടുങ്ങിക്കിടക്കുന്നത്‌ അവൾ നിശ്ശബ്ദയുമാണ്‌.
ഞാൻ ശബ്ദം വല്ലാതെ താഴ്ത്തി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു: നിന്നെ എനിക്കു കാണാം.
അവൾ മിഴികൾക്കൊപ്പം ബ്രായും ഉയർത്തിപ്പിടിച്ചു.
അതസാധ്യമാണ്‌.
അവൾ തറപ്പിച്ചുപറയുന്നു.
-എന്തുകൊണ്ടില്ല?-
ഞാൻ കസേര ദിശ തിരിച്ചിട്ടു.
എന്റെ ചുണ്ടുകളിലിപ്പോഴും സിഗരറ്റുപൂവുകൾ എരിഞ്ഞുകൊണ്ടിരുന്നു.
ഞാൻ കണ്ണാടിക്കുനേരെ അഭിമുഖമായപ്പോൾ അവൾ വിളക്കിനുനേർപിൻവശത്തായി വന്നുപെട്ടു. മൃദുലമായ കൈകൾ വിളക്കിൻ ജ്വാലകൾക്കു നേരെ അതാവിരുത്തിപ്പിടിക്കുന്നു. എനിക്കത്‌ പിടക്കോഴി ചിറകു വിടർത്തുന്നതുപോലെ തോന്നി. അവൾ ആകുലചിത്തയായി പറഞ്ഞു.
എനിക്കു ജലദോഷം പിടിപെട്ടേക്കുമോ എന്നു ഞാൻ ഭയപ്പെടുന്നു.
വല്ലാത്ത ഉൽക്കണ്ഠയാണീ സുന്ദരിപ്പെണ്ണിന്‌.
ഇത്‌ ഒരു ഹിമ നഗരമാണെന്നു തോന്നുന്നു.
അവൾ ഭയചകിതയായി മൊഴിഞ്ഞു.
അവളുടെ മൃദുലചർമ്മം ചെമ്പുതകിടു നിറത്തിൽ നിന്നും കടുംചുവപ്പിലേക്കു പടർന്നു കഴിഞ്ഞു.
അവൾ കഠിന ദുഃഖിതയാണ്‌. എന്താണീ സുന്ദരിക്കിത്ര സങ്കടത്തിനു കാരണം?
ഞാൻ വിഷാദവാനായി ആലോചിച്ചു.
എന്തെങ്കിലും ഒരു പ്രതിവിധി ഉടനടി ചെയ്തേ ഒക്കൂ. ഞാൻ ആലോചിക്കുമ്പോഴേക്കും രംഗ വ്യതിയാനം.
അവൾ അതിവേഗം വിവസ്ത്രയാകാൻ തുടങ്ങി. ആദ്യം ബ്രേയിസിയർ പിന്നെപ്പിന്നെ അടിവസ്ത്രങ്ങൾ, ഒടുവിൽ മേൽവസ്ത്രം. ക്രമത്തിൽ അവൾ ഓരോന്നും അഴിച്ചുമാറ്റിക്കൊണ്ടിരുന്നു.
പൊടുന്നനെ ഞാൻ ഭിത്തിയിലേക്കു ദൃഷ്ടികൾ പറിച്ചുനട്ടു. അതിന്റെ ആവശ്യമില്ല. നിങ്ങൾ നേരത്തെ തല വെട്ടിച്ചുനോക്കിയപ്പോൾ കണ്ടതുപോലെ ഇപ്പോഴും നിങ്ങൾക്കെന്നെ കാണാം.
അങ്ങനെ പറഞ്ഞിട്ടും അവൾ പൂർണ്ണമായും വിവസ്ത്രയായി (നഗ്നയായി) അവളുടെ രമണീയചർമ്മം ദീപജ്വാലകൾ ആവേശത്തോടെ നക്കിത്തോർത്തിക്കൊണ്ടിരുന്നു.
പ്രഹരമേൽക്കുമ്പോൾ പുളഞ്ഞ്‌ അടിവയറ്റിൽ ധാരാളം ചുളിവുകൾ വീഴ്ത്തുന്ന നിന്റെ ചേതോഹരമായ ചർമ്മഭംഗി കാണാനാണ്‌ എനിക്കിഷ്ടം.
എന്റെ വാക്കുകൾ വെളിക്കും വരുംമുമ്പു തന്നെ അവളുടെ നഗ്നത കണ്ടിട്ടു എനിക്കു വല്ലാത്ത ജാള്യതതോന്നി. വളരെ മേച്ഛമായിപ്പോയി അത്‌! എനിക്കു അതിയായ ലജ്ജാഭാരവും അനുഭവപ്പെട്ടു അവൾ പക്ഷെ തികച്ചും നിശ്ചലയാണ്‌. തീജ്വാലകൾ കൊണ്ടു ഉടലാകെ ചുട്ടുപിടിപ്പിക്കുകയാണവൾ.
അവൾ, പറയാൻ തുടങ്ങി.
ചിലപ്പോൾ ഞാൻ വിചാരിക്കും. എന്റെ ദേഹം ലോഹനിർമ്മിതമോ മറ്റോ ആണെന്ന്‌.
തുടർന്നവൾ അൽപസമയം മൗനമായിരുന്നു. കൈകൾ മാത്രം സാവധാനം ചലിപ്പിച്ചു.
കേട്ട മാത്രയിൽ ഞാൻ കുറച്ചു ലാഘവത്തോടെ പറഞ്ഞു.
ഏതോ മ്യൂസിയത്തിന്റെ മൂലയിൽ കാഴ്ചക്കാരിൽ കൗതുകമുണർത്താൻ ഒരുക്കിവെച്ചിരിക്കുന്ന ഒരു കൊച്ചു വേങ്കലപ്രതിമയാണ്‌ നീ എന്ന്‌ എനിക്കപ്പോൾ തോന്നുന്നു. അതുകൊണ്ടാവണം നിനക്കിത്രമാത്രം തണുപ്പനുഭവപ്പെടുന്നത്‌.
ഉറങ്ങാനായി ഞാൻ കിടക്കുമ്പോൾ എന്റെ ഉടൽ പൊള്ളയായി മാറുന്നതും എന്റെ തൊലി ഒരു പ്ലെയിറ്റായിത്തീരുന്നതും പോലെ എനിക്കതനുഭവപ്പെടുമായിരുന്നു.
"ധമനികളിൽ രക്തപ്രവാഹം അലയടിക്കുമ്പോൾ ആരോ എന്റെ ഉദരത്തിൽ വന്ന്‌ ഊക്കോടെ അടിക്കുന്നതുപോലെ എനിക്കു തോന്നും. അപ്പോൾ എന്റെ സ്വന്തമായ ചെമ്പുതകിടിന്റെ ഒച്ച എന്റെ കട്ടിലിൽ കിടന്നുകൊണ്ടുതന്നെ എനിക്കു കേൾക്കാൻ കഴിയും.
-എന്താ നിങ്ങൾ അതിനെക്കുറിച്ചു പറയ്യാ? ലാമിനേറ്റു ചെയ്ത കോപ്പറെന്നോ? അതോ?
അവൾ വിളക്കിനു അരികിലേക്കു കൂടുതൽ കൂടുതൽ അടുത്തുവന്നു.
- നീ പറയുന്നതു കേൾക്കാൻ എനിക്കു അതിയായ അനൽപമായ താൽപര്യമുണ്ട്‌. ഞാൻ ഉള്ളു തുറന്നു.
ഞാൻ കിടന്നറങ്ങുമ്പോൾ നിങ്ങൾ നിങ്ങളുടെ കാതുകൾ എന്റെ വാരിയെല്ലുകൾക്കു (മീതെ) മുകളിൽ അമർത്തിവെയ്ക്കണം അപ്പോൾ തീർച്ചയായും നിങ്ങൾക്ക്‌ അതിന്റെ മാറ്റൊലി കേൾക്കാതിരിക്കില്ല. അപ്പ, നിങ്ങൾ അതു കേൾക്കുക തന്നെ ചെയ്യും.
സംസാരിക്കുമ്പോൾ അവളുടെ ശ്വാസോച്ഛ്വാസം ക്രമാതീതമാകുന്നത്‌ ഞാൻ ശ്രദ്ധിച്ചു. വർഷങ്ങൾ പിന്നിട്ടിട്ടും അതിനു സാരമായ വ്യത്യാസമൊന്നും വന്നിട്ടില്ലെന്നു അവൾ ആണയിട്ടു പറഞ്ഞു. അവളുടെ ഭാവമാറ്റം എന്നിൽ വല്ലാത്ത കൗതുകം ഉളവാക്കി.
ഇക്കാര്യങ്ങൾ എന്നെ ബോധ്യപ്പെടുത്താൻ വേണ്ടിയാണ്‌ താൻ ജീവിതം സമർപ്പിച്ചിരിക്കുന്നതെന്ന്‌ അവൾ ദൃഢമായി വിശ്വസിക്കുന്നു. നീലമിഴികളുള്ള നായ്ക്കുട്ടി. എന്ന ശൈലി എന്നെ ശരിക്കും ബോധ്യപ്പെടുത്താൻ വേണ്ടി മാത്രമായി തെരുവോരങ്ങളിൽ മുഴുവൻ അവൾ ഇക്കാര്യം വിളിച്ചു കൂവി നടക്കും.
ഈ ലോകത്ത്‌ തന്നെ മനസ്സിലാക്കാൻ കഴിയുന്ന ഏക മനുഷ്യൻ-ഇതാ ഈ ഒരേ ഒരാൾ മാത്രം-എന്നവൾ തെരുവുകൾ തോറും ഉച്ചത്തിൽ പാടി നടക്കുമത്രെ.
ഞാൻ ഒരാൾ മാത്രമാണ്‌ എല്ലാ രാത്രികളിലും പെയ്തിറങ്ങുന്ന സ്വപ്നങ്ങളിൽ അവൾക്കു പ്രത്യക്ഷപ്പെടുന്നതും, നീലമിഴികളുള്ള നായ്ക്കുട്ടി എന്നവളെ കൊഞ്ചിച്ച്‌ ലാളിക്കാറുള്ളതും-
അവൾ അത്യന്തം ആവേശ ദുരിതയായിരിക്കുന്നു.
റസ്റ്റോറന്റുകളിൽ ബെയറർമാരോടു ഞാൻ പറയുമായിരുന്ന നീലനായ്ക്കുഞ്ഞിന്റെ കണ്ണുകൾ. വെയിറ്റർമാർ ആദരപൂർവ്വം തലകുനിച്ചു നിൽക്കും. തങ്ങളുടെ സ്വപ്നങ്ങളിൽ അത്തരം ഒന്നുണ്ടായതായി അവർക്കാർക്കും ഓർമ്മിച്ചെടുക്കാൻ കഴിയുന്നില്ല. സ്വപ്നങ്ങൾക്കു മീതെ സ്വപ്നങ്ങൾ വന്നു പതിച്ചു.
ബെയറർമാരെയെല്ലാം ഒരു നിമിഷം അമ്പരപ്പിച്ചുകൊണ്ടു അവൾ ടേബിളുകളിലും നാപ്കിനുകളിലുമെല്ലാം ഒരു നീല നായ്ക്കുട്ടിയുടെ കണ്ണുകൾ എന്നു വലിയ അക്ഷരങ്ങളിൽ എഴുതിവച്ചു. ഹോട്ടലുകളുടെ ജനൽക്കതകുകൾ, ജാലകവിരികൾ, റയിൽവേ സ്റ്റേഷനുകൾ, പബ്ലിക്ബിൽഡിംഗുകൾ എന്നു വേണ്ട കണ്ടവയിലെല്ലാം തോന്നിയതുപോലെ അവൾ ഇപ്രകാരം കുറിച്ചുവെക്കുമായിരുന്നു.
ഒരിക്കൽ അവൾ ഒരു ഔഷധക്കടയിൽ ചെന്നുകയറി. സ്വപ്നത്തിൽ താൻ ദർശിച്ച തന്റെ മുറിയിൽ സ്വച്ഛന്ദം തലങ്ങും വിലങ്ങും അലസം നടന്നുനീങ്ങുന്ന ഒരു നായ്ക്കുട്ടിയുടെ പരിചിതഗന്ധം അവളുടെ മൂക്കിലേക്കടിച്ചു കയറി. നിശ്ചയമായും അതിവിടെ ഉണ്ട്‌. സമീപത്തൊരിടത്തുണ്ട്‌. അവൾക്കു ദൃഢവിശ്വാസമായിരുന്നു. അതുമായി അവൾക്കുണ്ടായിരുന്ന ഗാഢബന്ധം വേറെ മറ്റാർക്കും അറിയില്ലല്ലോ? മരുന്നുകടയിലെ പുത്തൻ ഫ്ലോർടെയിൽസിൽ നിന്നാണ്‌ മണം വരുന്നതെന്നു അവൾ ഊഹിച്ചു. കടയിലെ കണക്കെഴുത്തുകാരന്റെ (ഗുമസ്ഥന്റെ) സമീപം ചെന്ന്‌ അവൾ അറിയിച്ചു.
എന്റെ സ്വപ്നങ്ങളിൽ ഞാനെപ്പോഴും ഒരു മനുഷ്യനെ കണ്ടുമുട്ടാറുണ്ട്‌. അയാൾ 'ഒരു നീലനായ്ക്കുട്ടിയുടെ നയനങ്ങൾ എന്ന്‌ സദാ എന്നോട്‌ പറഞ്ഞുകൊണ്ടേയിരിക്കും.
അയാൾ അതുതന്നെ സ്വയം നിഗോ‍ൂഢമാക്കിക്കിടത്തി സ്വാഭാവിക ചേഷ്ടകളോടെ തിരിച്ചു പറഞ്ഞു.
മാഡം തുറന്നുപറയാമല്ലോ, താങ്കൾക്കു അത്തരം മനോഹരമായ നീലമിഴികൾ തന്നെയാണുള്ളത്‌.
അവൾ അത്യധികം ഉത്സാഹഭരിതയായി.
സ്വപ്നത്തിൽ എന്നോടപ്രകാരം ഉരുവിടുകയും സല്ലപിക്കുകയും ചെയ്യുന്ന ആ മനുഷ്യനെ എനിക്കു കണ്ടുപിടിച്ചേ തീരൂ.
അവളുടെ ദൃഢനിശ്ചയം കേട്ടിട്ടു പാവം ഉടമസ്ഥൻ ചിരിച്ചുചിരിച്ചു മണ്ണുകപ്പിയത്രെ!
പിന്നീടയാൾ കൗണ്ടറിന്റെ മറുപാർശ്വത്തേക്കു (തിരക്കിട്ട്‌) നീങ്ങി. അവളാകട്ടെ ഫ്ലോർടെയിൽസിന്റെ പുതുഗന്ധത്തിലേക്ക്‌ തന്റെ നാസാരന്ധ്രങ്ങൾ തുറന്നു പിടിച്ച്‌ എന്തോ ആവാഹിക്കുന്നതുപോലെ ഒരുപാടുനേരമങ്ങനെ നിൽക്കുകയും ചെയ്തു. അനന്തരം പഴ്സ്‌ തുറന്ന്‌ ലിപ്സ്റ്റിക്‌ എടുത്ത്‌ ടെയിൽസിലെമ്പാടും ഇപ്രകാരം കുറിച്ചു.
ഒരു നീലനായ്ക്കുട്ടിയുടെ മിഴികൾ
പൊടുന്നനെ കണക്കെഴുത്തുകാരൻ ഓടിപ്പിടഞ്ഞെത്തി അവളോടു കയർത്തു തുടങ്ങി.
മാഡം, നിങ്ങൾ ആ ടെയിൽസാകെ വൃത്തികേടാക്കിയല്ലോ? അവൾ മുഖമുയർത്തി, പ്രകാശത്തിരകളിലേക്കു ദൃഷ്ടികളൂന്നി. പിന്നെയും പിന്നെയും മുകളിലേക്ക്‌ ദൃഷ്ടികളുയർന്നു. നീറിപ്പുകഞ്ഞുകൊണ്ടിരിക്കുകയാണവൾ.
ഇപ്പോൾ അവൾ എന്നെ ദാഹാർത്തയായി എത്തി നോക്കുന്നു.
ഇതാ കസേരയിലിരുന്ന്‌ ത്രസിക്കാൻ ആരംഭിച്ചു. "നിങ്ങൾ അക്കാര്യം എന്നോടൊന്നു സൂചിപ്പിച്ചതുപോലുമില്ല."
അവൾ പരിഭവത്തോടെ പറഞ്ഞു. ഞാനിപ്പോൾ തന്നെ നിന്നോടതു പറയാം. തികച്ചും സത്യമാണക്കാര്യം.
എന്റെ വിരലുകൾക്കിടയിൽ നിന്നും സിഗരറ്റു കുറ്റികൾ അപ്രത്യക്ഷമായി കഴിഞ്ഞിരുന്നു. ഞാൻ പുകവലിച്ചു കൊണ്ടിരുന്ന കാര്യംപോലും മറന്നുപോയി.
എവിടെയാണത്‌ എഴുതിവെച്ചിരുന്നതെന്ന കാര്യവും ഓർമ്മയിൽ തെളിഞ്ഞുവരുന്നില്ല.
അവൾ കൂട്ടിച്ചേർത്തു.
അതെ. അതേ കാരണം കൊണ്ടുതന്നെ ആവാക്കുകൾ ഓർത്തെടുക്കാൻ എനിക്കും കഴിയുന്നില്ല. വല്ലാത്ത മറവി തന്നെ.
അവൾ വിഷാദവതിയായി. അല്ല. അക്കാര്യം വളരെ ശരിയാണ്‌. ഞാനതും സ്വപ്നത്തിൽ കണ്ടതുപോല സ്മരിക്കുന്നു.
ഞാൻ വേഗം എഴുന്നേറ്റു വിളക്കിനടുത്തേക്കു പോയി.
നാളെ ഞാൻ അതുമറന്നേക്കുമെന്നു ഞാൻ കരുതുന്നില്ല.
ഞാനെപ്പോഴും അങ്ങനെ പറഞ്ഞുപോന്നിരുന്നുവേങ്കിലും ഉണർന്നുകഴിയുമ്പോൾ വാക്കുകൾ ഞാൻ മറന്നുപോകുമായിരുന്നു.
അവൾ പറഞ്ഞു.
ആദ്യ ദിവസം തന്നെ നീയതു കണ്ടുപിടിച്ചു കഴിഞ്ഞു.
ഞാൻ മറുപടി വിശദീകരിച്ചു. ഞാൻ അതുകണ്ടെത്താൻ കാരണം നിന്റെ ചാരവർണ്ണം കലർന്ന മിഴിയിണകൾ തന്നെ. നിർഭാഗ്യകരമെന്നുപറയട്ടെ പ്രഭാതത്തിൽ അതെന്റെ ഓർമ്മയിൽ നിന്നും അപ്രത്യക്ഷമാകുന്നു.
വിളക്കിന്റെ നാളങ്ങൾക്കു താഴെ അവളുടെ, ദീർഘനിശ്വാസങ്ങൾ അലഞ്ഞു നടന്നു.
അവളുടെ ദന്തനിരകൾ തീ ജ്വാലകളിൽ പ്രകാശിക്കുന്നു.
ഞാൻ എന്തെഴുതുന്നുവേന്നെങ്കിലും താങ്കൾ ഒന്നു ഓർത്തെങ്കിൽ
എനിക്കു നിന്നെയൊന്നു സ്പർശിക്കണം.
ഞാൻ നിസ്സങ്കോചം ഉരിയാടി.
അവൾ സംസാരം അവസാനിപ്പിക്കുമ്പോൾ കാലുകളിട്ടിളക്കി കസേരയിൽ തന്നെ ഇരിക്കുകയായിരുന്നു ഞാൻ.
ഓരോ ദിവസവും ആ പ്രയോഗത്തെക്കുറിച്ചു നിന്നെ ഓർമ്മിപ്പിക്കാൻ ഞാൻ ഉദ്യമിക്കുകയായിരുന്നു.
അവളുടെ കരചലനങ്ങൾ ഇപ്പോഴും മനസ്സിൽ അംഗനം ചെയ്തു കിടപ്പുണ്ട്‌.
ഹൃദയഹാരിയായ ദൃശ്യങ്ങൾ മനസ്സിൽ നിന്നും എങ്ങനെ ഊരി മാറ്റാനാകും?