Followers

Thursday, July 1, 2010

ഗൃഹാതുരത്വത്തിന്റെ ആത്മനൊമ്പരം


chacko sankarathil

അമേരിക്കയിലെ മലയാളസാഹിത്യ പ്രവർത്തകരിൽവച്ച്‌ ഏറ്റവും ശക്തനും ശ്രദ്ധേയനുമാണ്‌ മാത്യുനെല്ലിക്കുന്ന്‌. ഏകദേശം ഒരു ഡസനിലധികം കൃതികളുടെ കർത്താവാണ്‌ അദ്ദേഹം. ചെറിയ ചെറിയ വാചകങ്ങളിലൂടെ വലിയ അർത്ഥവ്യാപ്തിയുള്ള കഥാരചന മാത്യുവിന്റെ പ്രത്യേകതയാണ്‌. അതുകൊണ്ടുതന്നെ മാത്യു മറ്റുള്ള മലയാളസാഹിത്യകാരന്മാരിൽനിന്നും വ്യത്യസ്തനുമാണ്‌.
1989 മധ്യത്തോടെയാണ്‌ ഞാൻ മാത്യുവിനെ പരിചയപ്പെടുന്നത്‌. 'രജനി' മാസിക തുടങ്ങിയിട്ട്‌ അധികനാളുകളായിരുന്നില്ല. കെ.പി.എ.സിയുടെ നാടകങ്ങളുമായി തോപ്പിൽഭാസി അമേരിക്ക സന്ദർശിക്കുന്ന സമയം. ഞാൻ അദ്ദേഹവുമായി സംസാരിച്ചപ്പോൾ തോപ്പിൽഭാസി സാറ്‌ ചോദിച്ചു: "ഹൂസ്റ്റണിലുള്ള മാത്യുനെല്ലിക്കുന്നിനെ അറിയാമോ?" "ഇല്ല." ഒറ്റവാക്കിൽ ഞാൻ മറുപടി നൽകി. "മാത്യു പ്രതിഭാധനനായ ഒരു സാഹിത്യകാരനാണ്‌. അദ്ദേഹത്തിന്റെ ഏതാനും സാഹിത്യരചനകൾ എനിക്കു വായിക്കുവാൻതന്നു. എനിക്കിഷ്ടമായി. മാത്യുവിനെ പരിചയപ്പെടുന്നത്‌ 'രജനി'യുടെ വളർച്ചയ്ക്ക്‌ നല്ലതായിരിക്കും." ഭാസിസാറിന്റെ വാക്കുകൾകേട്ട ഉടൻതന്നെ ഞാൻ മാത്യുവുമായി ബന്ധപ്പെട്ടു. അദ്ദേഹം 'രജനി'യിൽ പ്രസിദ്ധീകരിച്ചു. അന്നു തുടങ്ങിയ സുഹൃദ്ബന്ധം വളർന്ന്‌ ഞങ്ങൾ ആത്മമിത്രങ്ങളായി മാത്യുവിന്റെ സംഭാവനകൾ 'രജനി'യുടെ വളർച്ചയ്ക്ക്‌ ഏറെ സഹായിച്ചു. ഇപ്പോൾ അദ്ദേഹം 'രജനി'യുടെ എഡിറ്റർ കൂടിയാണ്‌.
മാത്യുവിന്റെ ഏറ്റവും പുതിയ നോവലാണ്‌ 'പത്മവ്യൂഹം' മാത്യുവിന്‌ കഥ എഴുതാനറിയാം; നോവലെഴുതാനറിയാം. അദ്ദേഹത്തിന്റെ കൃതികൾ വായിച്ചാൽ ഇതു വ്യക്തമാകും. ഒരിക്കൽ ഞാൻ മാത്യുവിനോടു ചോദിച്ചു. "നിങ്ങൾ ആർക്കുവേണ്ടിയാണ്‌, എന്തിനുവേണ്ടിയാണ്‌ എഴുതുന്നത്‌?"
അതിനദ്ദേഹം തന്ന മറുപടി കേൾക്കണ്ടെ? "ഞാൻ ആർക്കുവേണ്ടിയും എന്തിനുവേണ്ടിയും എഴുതുന്നില്ല. സ്വന്തം അനുഭവങ്ങളും ആത്മപീഡനങ്ങളും മനനംചെയ്ത്‌, തലമുറകൾ കടന്നുപോകുന്ന ശൈഥില്യങ്ങളിലെ ഉൾക്കാഴ്ചകൾ ദാർശിനികതലത്തിലൂടെ പദയാത്ര ചെയ്യുമ്പോൾ വിളിച്ചറിയിക്കാൻ അക്ഷരം എന്ന മാധ്യമത്തെ ആശ്രയിക്കുന്നുവേന്നുമാത്രം" അതാണ്‌ അമേരിക്കയിലെ മറ്റുള്ള എഴുത്തുകാരും മാത്യുവും തമ്മിലുള്ള അന്തരം. മാത്യു ധാരാളം വായിക്കുന്നു. സൃഷ്ടികളെ കൂലങ്കഷമായി പഠനം ചെയ്യുന്നു.
അമേരിക്കയിലായിട്ടും മലയാളത്തിന്റെ തനിമകൾ മറക്കാത്ത സാഹിത്യകാരനാണ്‌ മാത്യു. മനനത്തിന്റെ ഗഗാരങ്ങളിൽ ധ്യാനിക്കുമ്പോൾ, ഹിമശൈലങ്ങൾ കടന്നുകയറുമ്പോൾ മഞ്ഞിന്റെ തണുപ്പറിയാത്ത ധ്യാനം. അപ്പോൾ സൃഷ്ടിയുടെ നാമ്പുകൾ കിളിർത്തുകൊള്ളും. അതാണ്‌ മാത്യുവിന്റെ ആത്മവിശ്വാസം.
മാത്യുവിന്റെ എല്ലാ കൃതികളിലും ഗൃഹാതുരത്വത്തിന്റെ ആത്മനൊമ്പരം ഒളിഞ്ഞിരിക്കുന്നതു കാണാം. ഒരു നിയോഗത്തിലെ അന്യമായ അനുഭവം മാത്രമാണ്‌ പ്രവാസം. നിങ്ങളുടെ ഭൗതികശരീരം പ്രവാസത്തിലെങ്കിലും എന്തോ തേടി മാതൃഭൂമിയിലൂടെ എന്നും നടക്കാറുണ്ട്‌. അടുത്ത ഭാഷയുടെ കുതിപ്പ്‌ ഇവിടെനിന്നായിരിക്കാം ഈ പ്രവാസം മറ്റൊരു തേങ്ങലിന്റെയും മുറിവിന്റെയും ആരംഭവുമായിരിക്കണം ഈ നിമിഷവും ഇതിന്റെ ബന്ധനങ്ങളും മറ്റൊരു കുരുക്കിന്റെയും പാശങ്ങളുടെയും തുടക്കവും ജനനവുമായിരിക്കണം. അതാണ്‌ നിയോഗങ്ങൾ എന്നുവിളിക്കുന്ന ജന്മാന്തരങ്ങളിലെ പാശങ്ങൾ.
'പത്മവ്യൂഹ'ത്തിലെ രവീന്ദ്രൻ ശക്തനാണ്‌. ധൈര്യമുള്ളവനാണ്‌. അമ്മാവന്റെ മകൾ ശാരദയെ അവനിഷ്ടമാണ്‌. അവളുടെ മുടിയിഴകളിൽ മുല്ലപ്പൂക്കൾ അർപ്പിക്കുവാൻ രവീന്ദ്രൻ മോഹിച്ചു. സുഗന്ധങ്ങളിൽ ലയിച്ച്‌ ഏറെ നേരം മടിച്ചുനിൽക്കുവാൻ അവൻ അശക്തനായിരുന്നു. അരുതാത്തതെന്തോ ചെയ്യുന്നതിന്റെ വിലക്കുകൾ മനസ്സിൽ ഉയർന്നപ്പോഴും പാദങ്ങൾ മുന്നോട്ടു ചലിച്ചു. ഇരുളിൽ മുറ്റത്തിന്റെ കോണിലെ ചാമ്പമരത്തിന്റെ മറപറ്റി ശാരദയുടെ ചുണ്ടിൽ അവൻ ഒരു മുദ്രയിട്ടു. എന്നിട്ട്‌ മുല്ലപ്പൂക്കൾ അവളുടെ മുടിയിഴകളിൽ തിരുകിവച്ചു. ശാരദയുടെ നനവാർന്ന ചുണ്ടിലെ മാധുര്യം അവനിലേക്ക്‌ ഒഴുകിയെത്തി. പക്ഷേ, അവളെക്കുറിച്ചോർക്കുമ്പോഴെല്ലാം അമ്മാവന്റെ ക്രൂരമായ കണ്ണുകളിലെ തീയുടെ ചൂടിൽ അവൻ തളർന്നുപോയി. എന്നിട്ടും അവൻ ആശ്വസിച്ചു. എന്നെങ്കിലും താൻ ശക്തനും, സ്വന്തം കാലിൽ നിൽക്കാൻ കെൽപ്പുള്ളവനുമാകും. അപ്പോൾ താൻ ആർജ്ജിക്കുന്ന കരുത്തിന്റെ പിൻബലത്തിൽ ശാരദയുടെ കൈപിടിച്ച്‌ അമ്മാവന്റെ മുന്നിലൂടെ പടിയിറങ്ങും. എത്ര ഭംഗിയായിട്ടാണ്‌ ഈ രംഗം അവതരിപ്പിച്ചിരിക്കുന്നത്‌. ഒരു ഉത്തമകലാകാരനുമാത്രമേ അവന്റെ വികാരങ്ങൾ മുഴുവൻ കടലാസിൽ പകർത്താനാവൂ.
തന്റെ കാമുകി പനിവന്നു മരിച്ചു. രവീന്ദ്രൻ എല്ലാം മറക്കാൻ ശ്രമിച്ചു. എന്നാൽ ഓർമ്മകൾ മരിക്കുന്നില്ല. അവ ഉറങ്ങുകയേയുള്ളുവേന്ന്‌ അവനു ബോധ്യമായി. ബാല്യത്തിലും കൗമാരത്തിലും ഒളിപ്പിച്ചോമനിച്ച അനുരാഗവല്ലരി അകാലത്തിൽ വാടിക്കരിഞ്ഞപ്പോൾ ആ ഓർമ്മകൾ ഒരു വ്യാളിപോലെ അവനെ പീഡിപ്പിച്ചു.
രവീന്ദ്രൻ വിദ്യാഭ്യാസം പൂർത്തിയാക്കി നാട്ടിൻപുറത്തെ വില്ലേജാഫീസിൽ ഗുമസ്തനായി. അവൻ താമസിച്ചിരുന്ന ലോഡ്ജിന്റെ അടുത്ത വീട്ടിൽ ഒരു ദിവസം പാവാടയുടുത്ത്‌ മുറുക്കി ചുണ്ടുചുവപ്പിച്ച സുന്ദരിയായ ഒരു പെൺകുട്ടിയെ കണ്ടു. രവീന്ദ്രന്‌ അവളെ ഇഷ്ടമായി. 'ഞാൻ നിന്നെ സ്നേഹിക്കുന്നു' എന്നവളുടെ കാതുകളിൽ അവൻ മന്ത്രിച്ചു. രവീന്ദ്രന്‌ പുതിയ സ്ഥലത്തേക്ക്‌ സ്ഥലംമാറ്റമായി. കഴുത്തിൽ താലികെട്ടാൻ വരാമെന്നവൻ അവൾക്കു വാക്കുകൊടുത്തു.
പക്ഷേ, വിധി അതായിരുന്നില്ല. വടക്കേന്ത്യയിൽ വലിയ ഉദ്യോഗസ്ഥനായ ഒരാൾ രാധയെ അവന്റെ ഇഷ്ടപെൺകുട്ടിയെ വിവാഹംചെയ്തു എന്നറിഞ്ഞപ്പോൾ അയാൾക്ക്‌ ഉറക്കെ കരയണമെന്നു തോന്നി.
രവീന്ദ്രൻ സ്വപരിശ്രമത്തിലൂടെ വലിയ പണക്കാരനായി. സ്വന്തം ബിസിനസ്സുകളുടെ ഒരു ശൃംഖലതന്നെ അയാൾ പടുത്തുയർത്തി. രാധയും ഭർത്താവും ബോംബെയിൽ താമസമുണ്ടെന്നറിഞ്ഞ രവീന്ദ്രൻ അവളെ കാണണമെന്നാഗ്രഹിച്ചു. അവിടേക്ക്‌ ഒരു ബിസിനസ്സ്‌ ടൂർ തരമാക്കി. പക്ഷേ രാധയെ കാണണമെന്ന മനസ്സിന്റെ അദമ്യമായ മോഹത്തെ അയാൾ കുഴിച്ചുമൂടി. ധാമ്യമായ കാലം തനിക്കെന്നും കാരുണ്യവും തുണയും നൽകുക മാത്രമാണ്‌ ചെയ്തിട്ടുള്ളതെന്നയാൾ കൃതജ്ഞതയോടെ സ്മരിച്ചു. പ്രകൃതിയുടെ അനുഗ്രഹവർഷങ്ങൾകൊണ്ടാകാം താനിന്നും സുരക്ഷിതത്വങ്ങളുടെ മറപറ്റി ജീവിതം തുടരുന്നത്‌.
ഒറ്റയിരുപ്പിൽ വായിച്ചുതീർക്കാൻ കഴിയുന്ന മനോഹരമായ നോവലാണ്‌ 'പത്മവ്യൂഹം' എന്ന നോവൽ. തങ്കംപോലെ ഉരുക്കി കടഞ്ഞെടുത്ത വാക്കുകൾകൊണ്ടു മെനഞ്ഞെടുത്ത ഒരു ഉത്തമകലാസൃഷ്ടി.
ഈ പുസ്തകത്തിന്‌ ഒരവതാരികയെഴുതാൻ അവസരം ലഭിച്ചതുതന്നെ അംഗീകാരവും ഭാഗ്യവുമായി കരുതുന്നു. അമേരിക്കയിലെ മലയാളസാഹിത്യത്തിൽ അഗ്രജനും ശ്രദ്ധേയനുമായ മാത്യുനെല്ലിക്കുന്നിന്‌, എന്റെ ഉത്തമസുഹൃത്തിന്‌ എല്ലാ മംഗളങ്ങളും നേരുകയും നല്ല നല്ല കൃതികൾ ഇനിയും അദ്ദേഹത്തിൽ നിന്നും ഉണ്ടാകട്ടെയെന്നാശംസിക്കുകയും ചെയ്യുന്നു.