Followers

Thursday, July 1, 2010

കച്ചിതുരുമ്പു വിപ്ലവം


baburaj k t


ഇറ്റാലോ കാല്‍വിനോ
ഭാഷാന്തരം: ബാബുരാജ്‌.റ്റി.വി.



എല്ലാം നിരോധിച്ച ഒരു നഗരമുണ്ടായിരുന്നു.

ഇപ്പോള്‍, കുട്ടിയും കോലും കളി മാത്രം നിരോധിച്ചിട്ടില്ലാതിരുന്ന സ്ഥിതിയ്ക്ക്, നഗരവാസികള്‍ നഗരത്തിനു പുറകിലുള്ള പുല്‍ത്തകിടികളില്‍ ഒത്തു ചേര്‍ന്ന് കുട്ടിയും കോലും കളിച്ച് ദിവസം മുഴുവന്‍ അവിടെ ചിലവാക്കാറുമുണ്ടായിരുന്നു.

മിക്കവാറും, തക്കതായ കാരണത്താല്‍ ഒരിക്കല്‍ അവതരിപ്പിച്ച കാര്യങ്ങള്‍ നിയമം നിരോധിച്ചപ്പോള്‍ , ആരും തന്നെ യാതൊരുവിധ പരാതിയോ അഥവാ കുഴപ്പമോ കണ്ടെത്താത്ത വിധം അതുമായി പൊരുത്തപ്പെട്ടു.

വര്‍ഷങ്ങള്‍ കടന്നുപോയി. എല്ലാം എന്തിനാണ് നിരോധിക്കുന്നതെന്നതിന് കൂടുതലായി യാതൊരു വിധ കാരണങ്ങള്‍ ഇല്ലെന്നു ഒരിക്കല്‍ പോലീസുകാര്‍ കണ്ടെത്തിയപ്പോള്‍, അവര്‍ അവരുടെ നഗരവാസികളുടെ അടുത്തേയ്ക്ക്,
അവര്‍ക്ക് ഇഷ്ടമുള്ളത് എന്തും ചെയ്യാമെന്നറിയിച്ചുകൊണ്ടു ദൂതന്മാരെ അയച്ചു.

നഗരവാസികള്‍ പതിവായി ഒത്തുകൂടാറുള്ള സ്ഥലങ്ങളിലേയ്ക്ക് ദൂതന്മാര്‍ പോയി.
"മാന്യ മഹാജനങ്ങളെ..നിങ്ങള്‍ കേള്‍ക്കുക..ഇനിമുതല്‍ യാതൊന്നും നിരോധിക്കുന്നതായിരിക്കില്ല", അവര്‍ വിളംബരം ചെയ്തു.

ആളുകള്‍ കുട്ടിയും കോലും കളി തുടര്‍ന്നു.

"മനസ്സിലായോ?" ദൂതന്മാര്‍ ഉറപ്പിച്ചു പറഞ്ഞു,"നിങ്ങള്‍ ആഗ്രഹിക്കുന്ന എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കുണ്ട്‌. "

"കൊള്ളാം," നഗരവാസികള്‍ മറുപടി പറഞ്ഞു. "ഞങ്ങള്‍ കുട്ടിയും കോലും കളിക്കുകയാണ്."

ഒരിക്കല്‍ അവര്‍ ഏര്‍പ്പെട്ടിരുന്ന മനോഹരവും ഉപകാരപ്രദവുമായ തൊഴിലുകളെക്കുറിച്ചും,
വീണ്ടും ഒരിക്കല്‍ ക്കൂടി അവര്‍ക്ക് അതില്‍ ഏര്‍പ്പെടാന്‍ കഴിയും എന്നതിനെക്കുറിച്ചും ദൂതന്മാര്‍ തിടുക്കത്തോടെ അവരെ ഓര്‍മ്മിപ്പിച്ചു. എന്നാല്‍ ഇതൊന്നും ചെവിക്കൊള്ളാതെ,
ഇടതടവില്ലാതെ, നഗരവാസികള്‍ കളിയോടു കളി തുടര്‍ന്നു.

അവരുടെ ശ്രമങ്ങളെല്ലാം പാഴാകുന്നെന്നു കണ്ട്‌, ദൂതന്മാര്‍ അത് പോലീസുകാരോട് പറയാന്‍ പോയി.

"വിഷമിയ്ക്കേണ്ട," പോലീസുകാര്‍ പറഞ്ഞു. "നമുക്ക് കുട്ടിയും കോലും കളി നിരോധിയ്ക്കാം."

ജനങ്ങള്‍ പ്രക്ഷോഭമുണ്ടാക്കി അവരില്‍ കണ്ടമാനം പേരെ ചുട്ടുകൊന്നത് അപ്പോഴായിരുന്നു. അതിനുശേഷം സമയം ഒട്ടും പാഴാക്കാതെ, വീണ്ടെടുത്ത, കുട്ടിയും കോലും കളി അവര്‍ തുടര്‍ന്നു.
================