o v usha
നിന്നോടു പറയാൻ തുടങ്ങിയ വാക്കുകൾ-നീ എന്നോടു പറഞ്ഞ വാക്കുകളും-
ചിറകുകുടഞ്ഞ് പ്രകാശം ചിതറി,
കറുത്തകൊക്കുകളായി പരിണമിച്ച്
ഹൃദയത്തിൽ പന്തലിച്ച
അന്ധകാരമരത്തിൽ
പറന്നൊളിച്ചതെന്തുകൊണ്ട്?
നഷ്ടപ്പെടലിന്റെ ആധിയിൽ
വെമ്പൽപൂണ്ട്
അവയെ തിരയാൻ തുടങ്ങിയപ്പോൾ
അകമിഴികളിലെ വെട്ടം
പൊടുന്നനെ
അവസാനിച്ചതെന്തുകൊണ്ട്?
വിഫലശ്രമത്തിന്റെ
തളർന്നുപോയൊരരികിൽ
ഇങ്ങനെവന്ന്
ഒരു യുഗത്തിന്റെ ദൈർഘ്യം
തിക്കിക്കയറിയതെന്തുകൊണ്ട് ?
എന്താണ് കാലമെന്ന്
പ്രാണൻ മുറവിളികൂട്ടുന്നത്
എന്നേ പ്രതിദ്ധ്വനിച്ചുകൊണ്ടിരിക്കുന്ന
മറ്റനേകം നിലവിളികളിൽ
ഇടഞ്ഞുകലരുന്നതെന്തുകൊണ്ട് ?