Followers

Tuesday, November 30, 2010

എഡിറ്റോറിയൽ


mathew nellickunnu

വേരില്ലാത്ത പ്രണയങ്ങൾ

ആധുനിക കവിതകളുടേയും കഥകളുടേയും കടന്നുകയറ്റത്തിൽ ജീവാംശമുള്ള കഥകളും കവിതകളും കുറഞ്ഞു. അതുകൊണ്ട്‌ വായന കനത്തഭാരമായി തീരുകയും ചെയ്തു.

മനുഷ്യജീവിതത്തിന്റെ പച്ചയായ യാഥാർത്ഥ്യങ്ങളും അനുഭവങ്ങളും ആവിഷ്കരിക്കുവാൻ കഴിവുള്ള അനേകം കഥാകൃത്തുക്കളും കവികളും മലയാള മണ്ണിൽ ജീവിച്ചിരുന്നു. അവരുടെ കഥകൾ വായിച്ചും കവിതകൾ
ചൊല്ലിയും കോൾമയിർകൊണ്ട്‌ ആദർശവാദികളായ ഒരു തലമുറ ഇവിടെ ഉണ്ടായിരുന്നു.

മറ്റൊരു തലമുറക്ക്‌ അക്ഷരങ്ങളുമായി ആത്മാർത്ഥത പുലർത്താൻ സഹായിച്ചതു നമ്മുടെ ചില എഴുത്തുകാരാണ്‌. അവർ ദൈനംദിനജീവിതത്തിൽ പ്രയാസം അനുഭവിക്കുന്നവരുടെ വികാര വിചാരങ്ങൾ പകർത്തി. അത്തരക്കാരുടെ വേദനകളും പ്രയാസങ്ങളും വർണ്ണിച്ചും, അതു കൊച്ചു കൊച്ചു വാചകങ്ങളിൽ തന്റെ ജീവിതം പോലെയാണല്ലോ എന്നു കരുതിയും പ്രാഥമിക അക്ഷരബോധമുള്ള സ്ത്രീകളും പുരുഷന്മാരും വേദപുസ്തകംപോലെ അവ വായിച്ചു. അതെഴുതിയവർ ആക്ഷേപിക്കപ്പെട്ടതു പൈങ്കിളികഥാകാരന്മാർ എന്നു പറഞ്ഞായിരുന്നു. പക്ഷെ ആ എഴുത്തുകാർ തങ്ങളുടെ കൂടെ കൂട്ടിയത്‌ ലക്ഷക്കണക്കിന്‌ വായനക്കാരെയായിരുന്നു.

എന്റെ കോളേജ്‌ പഠനകാലത്ത്‌ ഞാനവയെല്ലാം നെഞ്ചേറ്റി ലാളിച്ചിരുന്നു. ചങ്ങമ്പുഴയേയും വൈലോപ്പിള്ളിയേയും വയലാറിനേയും പോലുള്ള ഭാവനാ തീവ്രതയേറിയ കവികൾ ഈ മണ്ണിൽ ജനിച്ച്‌ ജീവിച്ച്‌ മരിച്ചവരാണ്‌. അവരുടെ സൃഷ്ടികളിലൂടെ അവർ ഇന്നും ജീവിക്കുന്നു. അവർക്ക്‌ പകരം വയ്ക്കാൻ വളരെ കുറച്ചു പ്രതിഭകളേ ശേഷിച്ചിട്ടുള്ളു. ഇന്നു നിലനിൽക്കുന്ന മറ്റുള്ളവരൊക്കെ തങ്ങളുടെ പരമമായ ഉത്തരവാദിത്വങ്ങളിൽ നിന്നും പിന്നോക്കം പോയിരിക്കുന്നു.

ആദ്യം അച്ചടിച്ചു ആറുദശകം പിന്നിട്ടിട്ടും ആസ്വാദക മനസ്സുകളിൽ ആലോലം സൃഷ്ടിക്കുന്ന കൃതിയാണ്‌ ചങ്ങമ്പുഴയുടെ രമണൻ. രമണനും ചന്ദ്രികയും ഇന്നും ജനഹൃദയങ്ങളിൽ ഓരോ വായനയിലും പുനർജനിക്കുന്നു. അവരുടെ വിശുദ്ധമായ പ്രേമത്തിന്റെ ഉദാത്ത ഭാവങ്ങൾ വെളിപ്പെടുത്തുകയാണ്‌ ആ കൃതിയിലെ ഓരോ വരിയും. ലക്ഷക്കണക്കിനു മനസ്സുകളിൽ ആർദ്രതപരത്തിയ രമണന്‌ മരണമുണ്ടാവില്ല തീർച്ച.

'കാനനഛായയിലാടു മേയ്ക്കാൻ
ഞാനും വരട്ടെയോ നിന്റെ കൂടെ?
പാടില്ല പാടില്ല നമ്മെ നമ്മൾ
പാടെ മറന്നൊന്നും ചെയ്തുകൂടാ'

അത്തരം ഈരടികൾ ഇന്നും രോമാഞ്ചമണിയിക്കുന്നു. ഇങ്ങനെ വിശുദ്ധ പ്രേമത്തിന്റെ തീവ്രതലങ്ങളിലേക്കിറങ്ങിച്ചെന്ന കവി ഇന്ന്‌ ജീവിച്ചിരുന്നെങ്കിൽ ഇന്നത്തെ അർത്ഥശൂന്യമായ പ്രണയത്തെക്കുറിച്ച്‌ എന്തെഴുതുമായിരുന്നു എന്നതു വേറെ കാര്യം.
ഇന്ന്‌ സ്വാർത്ഥതയാണ്‌ എല്ലാ സ്നേഹബന്ധത്തിലും മുന്നിട്ടുനിൽക്കുന്നത്‌. കാലത്തിന്റെ കുത്തൊഴുക്കിൽ നഷ്ടപ്പെട്ടുപോയ ഈ സ്നേഹരാഹിത്യത്തിന്റെ മുഖം മൂടി നമ്മൾ കണ്ടില്ലെന്നു നടിക്കുകയാണ്‌.
നിഷ്ക്കളങ്കമായ മുഖങ്ങളിൽ നിന്നുതിരുന്ന ചെറുപുഞ്ചിരികൾക്കായി നമുക്ക്‌ കാത്തിരിക്കാം. സ്നേഹസ്മാരകങ്ങളുടേതായ താജ്മഹലുകൾ തീർക്കാം. ഇനിയൊരു ജന്മമുണ്ടെങ്കിൽ ഈ മനോഹരതീരത്തു തന്നെ പിറന്നു വീഴാൻ കൊതിച്ച പ്രതിഭയുടെ മോഹം വിസ്മരിച്ചു കൂടാ. അന്നും കാലഹരണപ്പെടാത്ത പച്ചപ്പാർന്ന മനോഹരിയായ കേരളനാടും ഒപ്പമുണ്ടാവണേ എന്നാണ്‌ പ്രാർത്ഥന.