Followers

Tuesday, November 30, 2010

പരസ്യമല്ലാത്ത രഹസ്യം


santhosh palai

ഒരു കാലത്ത്
കണ്ണും കരളും
നല്ല
കൂട്ടായിരുന്നു

എന്ത് കണ്ടാലും
കണ്ണ് കരളിനെ
വിവരം അറിയിയ്ക്കും,
തിരിച്ചും.

പക്ഷേ
പിന്നീടൊരിയ്ക്കല്‍
അവര്‍
കടുത്ത
ശതൃതയിലായി

ഇരുളില്‍
തട്ടിവീഴുന്നവരും
ഇരുള്‍ തേടി
അലയുന്നവരും,
കമിതാക്കളും
കാമാര്‍ത്തരും
ഒന്നാണെന്ന്
കരള്‍ പറഞ്ഞു
കണ്ണത് വിശ്വസിച്ചില്ല

കല്ലില്‍
കൊത്തിയ രൂപവും
പടത്തില്‍ പതിഞ്ഞതും,
ദൈവമാണ്,
അത് പാല്‍ കുടിയ്ക്കുമെന്ന്
ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന്
പ്രാണന്‍ കാക്കുമെന്ന്
കണ്ണ് പറഞ്ഞു
കരളത് വിശ്വസിച്ചില്ല

അവര്‍ ഉടക്കായി
മധ്യസ്ഥനായി
എത്തിയ
വായെ
അവര്‍
മൈന്‍ഡ് ചെയ്തില്ല
മാത്രമല്ല,
പൊത്തിപ്പിടിച്ച്
ഉരിയാടാതാക്കി

വായ
നൊന്തു ശപിച്ചു,
രണ്ടാള്‍ക്കും
മേലില്‍
ബലാബലം നോക്കാന്‍
ഇടവരാതിരിയ്ക്കട്ടെ!

അങ്ങനെയാണ്
കരളലിയുന്ന കാഴ്ചകള്‍
മിന്നി വരുമ്പോള്‍
ഒരാള്‍
കണ്ണടയ്ക്കുന്നതും
ഒരാള്‍ കണ്ണടയ്ക്കുമ്പോള്‍
എല്ലാവരുടെയും
കരളലിയാന്‍
തുടങ്ങുന്നതും!

അടിക്കുറിപ്പ്:

രഹസ്യം
ഇന്റര്‍നെറ്റില്‍
ലഭ്യമല്ല