Followers

Showing posts with label o v usha. Show all posts
Showing posts with label o v usha. Show all posts

Sunday, January 2, 2011

ഉൾക്കടൽ


o v usha
നിങ്കലാശയുദിച്ചതെങ്ങനെ
തിങ്കളിൻ പിറയെന്നപോൽ
സങ്കടക്കടലുള്ളിലെന്ത്‌ ക-
ലങ്ങി വന്നതുമിങ്ങനെ?
താഴ്‌ന്നു മുങ്ങിയ, താണ്ടുപോയത്‌
വാഴ്‌വു തന്നെ കളഞ്ഞതും
ലേശവും വെളിവേന്നിയേ, ഭയ
മേശിടാതെ, യിതെങ്ങനെ?
തീർന്നുപോയ ദിനങ്ങളും
വാർന്നു ചോർന്ന ബലങ്ങളും
ഒന്നിനിത്തിരികെക്കിടയ്ക്കുകി-
ലെന്ന ചിന്ത വരുന്നുവോ?
പോയി; പോരുവതെങ്ങനെ
പോയി മാഞ്ഞു മറഞ്ഞവ?
സങ്കടക്കടലാഴമീവിധ-
മെൻകരൾക്കര കാർന്നതും,
നിങ്കലാശ വളർന്നതും, മുഴു-
തിങ്കളായതുമെങ്ങനെ?
എന്റെ ജീവനളന്നത്തെങ്ങനെ
സങ്കടക്കടലാഴവും?
എന്റെ ജീവനളന്നത്തെങ്ങനെ
സങ്കടക്കടലാഴവും?

Tuesday, November 30, 2010

എന്തുകൊണ്ട്‌


o v usha
നിന്നോടു പറയാൻ തുടങ്ങിയ വാക്കുകൾ-
നീ എന്നോടു പറഞ്ഞ വാക്കുകളും-
ചിറകുകുടഞ്ഞ്‌ പ്രകാശം ചിതറി,
കറുത്തകൊക്കുകളായി പരിണമിച്ച്‌
ഹൃദയത്തിൽ പന്തലിച്ച
അന്ധകാരമരത്തിൽ
പറന്നൊളിച്ചതെന്തുകൊണ്ട്‌?
നഷ്ടപ്പെടലിന്റെ ആധിയിൽ
വെമ്പൽപൂണ്ട്‌
അവയെ തിരയാൻ തുടങ്ങിയപ്പോൾ
അകമിഴികളിലെ വെട്ടം
പൊടുന്നനെ
അവസാനിച്ചതെന്തുകൊണ്ട്‌?
വിഫലശ്രമത്തിന്റെ
തളർന്നുപോയൊരരികിൽ
ഇങ്ങനെവന്ന്‌
ഒരു യുഗത്തിന്റെ ദൈർഘ്യം
തിക്കിക്കയറിയതെന്തുകൊണ്ട്‌ ?
എന്താണ്‌ കാലമെന്ന്‌
പ്രാണൻ മുറവിളികൂട്ടുന്നത്‌
എന്നേ പ്രതിദ്ധ്വനിച്ചുകൊണ്ടിരിക്കുന്ന
മറ്റനേകം നിലവിളികളിൽ
ഇടഞ്ഞുകലരുന്നതെന്തുകൊണ്ട്‌ ?