Followers

Tuesday, November 30, 2010

പരാഗം


chathanath achuthanunni

തൂവെളിച്ചത്തിൽ പരാഗമേ! ജീവിത-
പ്പൂവിൽ നിറയുക.
ഓരോ ദലവും സുവർണ്ണരേണുക്കളാൽ
മൂടുക മൂടുക!
ഈയിരുൾക്കാട്ടിലെ നീലവല്ലിക്കുടി-
ലാകെത്തുടുത്ത വെളിച്ചം നുകർന്നു
വിടർന്നൊരു പൊന്നുഷസ്സായിപ്പകരട്ടെ!
മർമ്മരം മൂളിപ്പറക്കും ശലഭങ്ങ-
ളുന്മാദനർത്തനമാടിത്തിമിർക്കട്ടെ!

തൂവെളിച്ചത്തിൻ പരാഗമേ! മാനസ-
പ്പൂവിൽ നിറയുക!
ശ്യാമയുഗങ്ങളിലെന്നിലുറങ്ങിയ
ഭാവരേണുക്കളേ!
കാലപ്രലയജലത്തിലെത്താമര-
ത്താരിലോളങ്ങളി-
ലാടിയുണർന്ന ചൈതന്യലവങ്ങളേ!
ആദിസർഗ്ഗോഷസ്സിലാ മന്ദവാതത്തി-
ലൂയലാടി പ്രപഞ്ചത്തിൻ
വിശാലതീരങ്ങളിൽ
താരാഗണങ്ങളിൽ
സൂരബിംബങ്ങളിൽ
ദൂരഗ്രഹാന്തരദീപ്രബിന്ദുക്കളിൽ
വീണു വിരിഞ്ഞ കണങ്ങളേ!
മൂടുക മൂടുക നിങ്ങളിപ്പൂവിലും;
മഞ്ഞിൽ കുളിച്ചു വിശുദ്ധയായ്‌
രാവിന്റെ കുഞ്ഞിക്കിനാവായ്‌
മിഴിതുറന്നാകാശ-
നിർമ്മലനീലിമയോളമിതളുക-
ളൊന്നു വിരിയാൻ കൊതിക്കൂമിപ്പൂവിലും.
ഹാ! തുളുമ്പട്ടെ ഞാൻ
സൗവർണ പൂരമായ്‌
പ്രേമപ്രകർഷമായ്‌!
ഹാ! വിടരട്ടെ ഞാൻ
ചക്രവാളങ്ങളി-
ലാമോദഹർഷമായ്‌!

ചെമ്പൻമുടിയുമഴിച്ചിട്ടു സന്ധ്യവ-
ന്നെന്നെ വിളിയ്ക്കവെ,
വാടിത്തളർന്നു മയങ്ങിയെ
ന്നന്ത്യനിശ്വാസവും
ഞാനു-
മക്കൈകളിൽച്ചായവെ,
പൊന്നിൻചിറകുകൾ വീശി-
യെൻ ചൂഴു-
മുയർന്നെന്നെ മൂടുവാൻ
തൂവെളിച്ചത്തിൻ പരാഗമേ! മാനസ-
പ്പൂവിൽ നിറയുക!