Followers

Tuesday, November 30, 2010

ഭ്രാന്തി


sindhu s

അഴിഞ്ഞമുടിയും
കുഴിഞ്ഞകണ്ണും
പിറുപിറുക്കും ചുണ്ടും
എന്നോടോതി
നീയൊരു ഭ്രാന്തി

പാദസരമിട്ടകാൽകളുമായ്‌
തുള്ളിക്കളിച്ചൊരാ
കൊച്ചുബാല്യം
കളിവാക്കുചൊല്ലിയോ
നീയൊരു കളിഭ്രാന്തി

കളിമാറികൗമാരമെത്തു-
മ്പോഴോ മറ്റൊന്നുചൊല്ലി
യെൻ സൗഹൃദങ്ങൾ
പൊട്ടിച്ചിരിച്ചവരോതിമെല്ലെ
നീയൊരു തോഴിയാം ഭ്രാന്തി

എൻ സീമന്തരേഖയെ
സിന്ദൂരമണിയിച്ച
പ്രാണപ്രിയനുമെൻ
ചെവിയിലോതി
നീയൊരു ഭാര്യയാം ഭ്രാന്തി

എൻജീവരക്തം
കുടിച്ചുവളർന്നൊരു
മക്കൾക്കും ഞാനൊരു ഭ്രാന്തി
താരാട്ടുപാട്ടിന്റെ ശീലുമായെത്തു-
ന്നൊരമ്മയാം ഭ്രാന്തി

പഴംകഥചൊല്ലി ഞാൻ
പുതുകഥപാടി
മറ്റൊരു ഭ്രാന്തിയായി
കഥപറയുന്നൊരു
മുത്തശ്ശി ഭ്രാന്തിയായി

ഇരുളിമ തിങ്ങിയ
മുറിക്കുള്ളിൽ ഞാൻ
വീണ്ടുമൊരു ഭ്രാന്തിയായി
ഉള്ളിലിരുന്നാരോയെന്നോടു
ചൊല്ലി, നീയൊരു മുഴുഭ്രാന്തി.