Followers

Tuesday, November 30, 2010

പൂർണ്ണിമ- 1

ഒരു ഗുജറാത്തി സാമൂഹ്യാഖ്യായിക
മൂലഗ്രന്ഥ കർത്താവ്‌ :- ശ്രീരമൺലാൽ
തർജ്ജമ :- കെ.ബാലകൃഷ്ണശാസ്ത്രി

അദ്ധ്യായം - ഒന്ന്‌.
"ഭാരതീയർക്ക്‌ ജീവിതം എന്താണെന്നറിഞ്ഞു കൂടാ. ജീവിതസുഖവും രസവും അവർ മനസ്സിലാക്കുന്നില്ല."
"കിട്ടുന്ന സുഖവും രസവും മതിയെന്ന്‌ കരുതുന്നതാണ്‌ നല്ലത്‌. അധികം സുഖവും തേടിപ്പോയാൽ ഉള്ളതും നശിക്കും."
"പഴഞ്ചൻ വേദാന്തം! നമ്മുടെ ചെറുപ്പക്കാരുടെ ഹൃദയത്തിൽ കിഴവന്മാർ കുടിയേറിപ്പാർക്കുകയാണെന്നു തോന്നിപ്പോകുന്നു.
"രണ്ട്‌ ദിവസം യൂറോപ്യൻ നൃത്തം കണ്ടതിന്റെ ഫലമാണീ വിചാരം. നാം നല്ലവരല്ലാ യൂറോപ്യന്മാർ ദേവന്മാരാണ്‌. ഒരു കാര്യം മറക്കരുതു അവിനാശ! ഭാരതവും യൂറോപ്പുതമ്മിലുള്ള ദൂരം.
അവിനാശനും രജനീകാന്തനും യൂറോപ്യൻ നൃത്തം കണ്ടു മടങ്ങുംവഴി ഉണ്ടായ സംഭാഷണമാണ്‌ ഇത്‌. ഇന്ത്യൻ ജീവിതരീതിയെ കഠിനമായി വിമർശിക്കുന്നവനാണ്‌ അവിനാശൻ, പ്രഭുകുമാരനുമാണ്‌. ദരിദ്രകുടുംബത്തിൽ ജനിച്ചുവളർന്ന രജനീകാന്തനാകട്ടെ അവനവന്റെ സ്ഥിതിക്കനുസരിച്ചു ജീവിച്ചാലേ സമാധാനവും ശാന്തവുമായ ഒരു ജീവിതസുഖം കൈവരിക്കാൻ സാധിക്കയുള്ളു എന്ന്‌ ദൃഢമായി വിശ്വസിക്കുന്ന അനുഭവസമ്പന്നനായ ഒരു യുവാവും ധനികരുടെ പ്രതാപജീവിതം കണ്ട അതേവിധം ജീവിക്കണം എന്നാഗ്രഹിക്കുന്ന ഒരു സാധാരണക്കാരൻ അതിലേക്കായി കഠിനപ്രയത്നം ചെയ്താൽ കിട്ടുന്ന സുഖം വാസ്തവത്തിൽ കടംവരുത്തി വച്ചു മനഃപ്രയാസം ക്ഷണിച്ചുവരുത്തുകയല്ലേ ചെയ്യുന്നത്‌. ഈ വാസ്തവും നന്നായി കണ്ട്‌ മനസ്സിലാക്കിയവനാണ്‌ രജനീകാന്തൻ.
"യൂറോപ്യൻ നൃത്തം കാണുന്നതിന്‌ മുമ്പ്‌ അവിനാശനീ വിചാരമുണ്ടായിരുന്നോ?"
"നല്ല കലാവാസനയുണ്ടാവണമെങ്കിൽ നല്ല ജീവിതം നയിക്കണം, എന്റെ അഭിപ്രായം അതാണ്‌.
"അർദ്ധരാത്രിസമയം. ആകാശത്തിൽ നക്ഷത്രജാലങ്ങൾ മിന്നിമിന്നിത്തിളങ്ങുന്നുണ്ട്‌. നല്ല ചന്ദ്രികയും.
അവിനാശന്റെ അഭിപ്രായത്തിൽ നൃത്തകല ഭാരതീയർക്കില്ലെന്നാണോ."
"പെൺകുട്ടികളുടെ കൈകൊട്ടിക്കളി നൃത്തമായിട്ട്‌ കാണാൻ എനിക്ക്‌ സാധിക്കുന്നില്ല."
"അത്‌ നൃത്തത്തിന്റെ ഒരു പ്രാരംഭദശയാണ്‌. യഥാർത്ഥ നൃത്തം വേറെയുണ്ട്‌.
"അപ്പോൾ നമ്മുടെ നൃത്തകല ബാല്യദശയിലായിട്ടേയുള്ളു എന്നർത്ഥം."

"അവിനാശൻ വേടന്മാരുടെ നൃത്തം കണ്ടിട്ടുണ്ടോ?"

ആ സമയം അടുത്തുള്ള ക്ഷേത്രത്തിൽ നിന്ന്‌ മൂന്നുപേർ അവർക്കഭിമായി വരുന്നത്‌ ആ സ്നേഹിതർ കണ്ടു. അവരുടെ നടത്തംകണ്ടപ്പോൾ രണ്ട്‌ സ്ത്രീകളും ഒരു പുരുഷനുമാണെന്നു മനസ്സിലാക്കി. കുറച്ചു കൂടെ അടുത്തായപ്പോൾ ഒരു യുവതിയും ഒരു മദ്ധ്യവയസ്കനും ഒരു മദ്ധ്യവയസ്കനുമാണ്‌ എന്ന്‌ സ്പഷ്ടമായി അവർ കണ്ടു. ക്ഷേത്രത്തിൽ താമസിക്കുന്നത്‌ ജനങ്ങളുടെ ആദരവിന്‌ പാത്രീഭൂതനായ ശിവനാഥശാസ്ത്രി എന്നുപേരുള്ള ഒരു ബ്രാഹ്മണ ബ്രഹ്മചാരിയാണ്‌.

"ശിവനാഥ ശാസ്ത്രി ആള്‌ രസികനാണല്ലോ രജനീ."
"എല്ലാ സംസ്കൃത പണ്ഡിതന്മാരും അത്തരക്കാരാണ്‌ അവനിനാശ.
അവർ നടന്നടുക്കാറായപ്പോൾ രജനീകാന്തൻ അവിനാശന്റെ കൈപിടിച്ചു വലിച്ചു ഒരു കെട്ടിടത്തിന്റെ മറവിൽ എത്തിയപ്പോൾ പറഞ്ഞു. "അവർ ആരാണെന്നു മനസ്സിലാക്കണമല്ലോ."

അൽപസമയത്തിനകം അവർ തെരുവിളക്കിന്റെ മുമ്പിലെത്തി. അവരെ മൂവരെയും ആ സ്നേഹിതന്മാർ ശരിക്കും കണ്ടു. പുരുഷൻ യുവതിയുടെ കരംഗ്രഹിച്ചു. അടുത്തുള്ള ഒരു കെട്ടിടത്തിനുള്ളിലേക്ക്‌ കൊണ്ടു പോകാൻ ശ്രമിക്കുന്നതും യുവതി കൈവിടുവിച്ചും അകന്നുമാറുന്നതും രണ്ടുപേരും കണ്ടു. കൂടെയുള്ള സ്ത്രീ ഇത്രത്തോളം താൽപര്യപ്പെട്ടതല്ലേ, അൽപ സമയം അവിടെ കയറി ഇരുന്നിട്ടു പോകാം." എന്നു പറഞ്ഞതും "ഇന്നു വേണ്ട ഇനി ഒരിക്കൽ" എന്ന യുവതിയുടെ മൃദുവായ ശബ്ദവും കേട്ടു.
"ഇത്ര ദിവസം കഴിഞ്ഞിട്ടും" പുരുഷന്റെ സ്വരം മുഴുവൻ കേൾക്കാൻ കഴിഞ്ഞില്ല അവർ മൂവരും ഇരുളിൽ മറഞ്ഞുപോയി.


"എങ്ങനെയുണ്ട്‌ ചങ്ങാതി ഗുരുനാഥനെ മനസ്സിലായോ" രജനി ചിരിച്ചുകൊണ്ട്‌ ചോദിച്ചു.
എനിക്കു വിശ്വാസം വരുന്നില്ല. അവിനാശൻ.
വരൂ; നമുക്കു സംശയം തീർക്കാം. അവർ അധികം ദൂരെയായിട്ടില്ല. രജനി അവിനാശന്റെ കൈപിടിച്ചു മുന്നോട്ടു പോകാൻ ഒരുങ്ങി.
ഇല്ല, ഇല്ല അതിന്റെ ആവശ്യമില്ല. സ്നേഹിതകളുമായി സവാരിക്കിറങ്ങിയതാകാം" അവിനാശൻ പറഞ്ഞു.

സ്നേഹികൾ! നമ്മുടെ സമുദായം അനുവദിക്കുമോ അർദ്ധരാത്രി ഇങ്ങനെ സ്നേഹിതകളുമായി സവാരിക്കിറങ്ങുവാൻ" രജനി പറഞ്ഞു.
വക്കീൽ പത്മനാഭനെക്കുറിച്ചെന്തെങ്കിലും പറയുന്നതു സൂക്ഷിച്ചുവേണം. നല്ല വിലയും നിലയും ഉള്ള ആളാണ്‌ അദ്ദേഹം.
ചങ്കും കരളും കാണിച്ചു തന്നാലും ഇക്കണക്കിന്‌ നിങ്ങൾ പറയും ചെമ്പരത്തിപ്പൂവാണെന്ന്‌.
വക്കീൽ പത്മനാഭനെ ഞാനങ്ങനെ കരുതുന്നില്ല."
ആ സ്ത്രീകൾ ആരാണെന്നാണ്‌ അവിനാശൻ കരുതുന്നത്‌.?
അവരെ ഞാൻ ഇതിനു മുമ്പ്‌ കണ്ടിട്ടില്ലല്ലോ. പിന്നെ എങ്ങനെ തിരിച്ചറിയാൻ.
എന്നാലും അവരുടെ വസ്ത്രധാരണരീതി നടത്തം ഇവകൊണ്ടെങ്കിലും അവരാരാണെന്നറിയാല്ലോ.
ദൂരെ നിന്നെന്തുകാണാൻ ഒരുത്തിയുടെ യൗവനം ഉദിച്ചു തുടങ്ങി. മറ്റവരുടേത്‌ അസ്തപ്രായമായി.
ഭേഷ്‌, സമർത്ഥൻ, അങ്ങിനെ സ്ത്രീ സൗന്ദര്യത്തിന്റെ ഉദയാസ്തമനമെങ്കിലും കണ്ടു മനസ്സിലാക്കിയല്ലോ അതും ഒരു നല്ല അറിവല്ലേ?"
അവിനാശന്റെ മാളികയുടെ പടിപ്പുര അടുത്ത്‌. 'ആരത്ത്‌' എന്ന പടിപ്പുരക്കാവൽക്കാരന്റെ ചോദ്യത്തിനു "ഞാനും രജനിയും" എന്നു അവിനാശൻ പറഞ്ഞു.

അമ്മാവൻ ഇതുവരെ ഉറങ്ങിയില്ലേ' രജനി. 'രാത്രി ഉറക്കം കാവൽക്കാർക്കു വിധിച്ചിട്ടുണ്ടോ. മക്കൾ ഈ സമയം വരെ എവിടെയായിരുന്നു.'
'ഞങ്ങൾ യൂറോപ്യൻ നൃത്തം കാണാൻ പോയിരുന്നു.'
ദൈവമേ, നിർത്തോ....കിർത്തോം കാണാൻ കൊള്ളൂല്ല മക്കളേ, മനുഷേൻ ചീത്തയാകും." കിളവൻ ചെന്നു കട്ടിലിലിരുന്നു.

അമ്മാവനറിഞ്ഞോ ഞങ്ങളോടൊപ്പം നൃത്തം കാണാൻ വന്നിരുന്നവർ. പേര്‌ കേട്ട പാതിരിമാർ. മൗലവിമാർ പൂജാരികൾ മുതലായവരാണ്‌. നാടൻ നൃത്തം കാണാൻ ഞങ്ങളുടെ പട്ടിപോലും പോകൂല്ല. രജനി അവിനാശിനെ നോക്കി ചിരിച്ചു.
വൃദ്ധൻ തന്റെ നീണ്ട താടി തടവിക്കൊണ്ടിരുന്നു. അൽപനേരം കഴിഞ്ഞ്‌ എന്റെ റബ്ബേ എന്നു പറഞ്ഞു കട്ടിലിൽ ചരിഞ്ഞു കിടന്നു.
അവിനാശന്റെ വീട്ടിൽ എല്ലാവരും ഉറക്കത്തിലായിരുന്നു. ബിലാത്തിയിൽ പോയി പഠിച്ചു. എം.എ ബാരിസ്റ്റർ പാസ്സായ മകന്റെ മേൽ അവർ യാതൊരു നിയന്ത്രണവും ചെലുത്തിയിരുന്നില്ല.
അച്ഛന്റെ തൊഴിലോ വക്കീൽ പണിയോ അയാൾ ഇഷ്ടപ്പെട്ടില്ല. അയാളുടെ ആഗ്രഹം ഒരു പ്രോഫസ്സർ ആകണമെന്നായിരുന്നു. അക്കാലത്ത്‌ നാട്ടുകാർക്ക്‌ വലിയ ഉദ്യോഗം അത്ര എളുപ്പത്തിൽ കിട്ടുമായിരുന്നില്ല. ബിലാത്തിയിൽ പോയി പഠിച്ചു വന്നതുകൊണ്ടു വേഗം ഉദ്യോഗം ലഭിച്ചേക്കും മാതാപിതാക്കൾ ധനികരും അവിനാശൻ അവരുടെ ഏക മകനുമായത്‌ കൊണ്ട്‌ അല്ലലില്ലാതെ കഴിയാമായിരുന്നു.

രണ്ട്‌ പേരും ഉറങ്ങാൻ കിടന്നു. അവിനാശൻ ചോദിച്ചു. നമ്മുടെ നാട്ടിൽ സ്ട്രീറ്റ്‌ വർക്കേഴ്സ്‌ ഉണ്ടോ?
ഇല്ല ചങ്ങാതി. ആ ഭാഗ്യം യൂറോപ്പിലെ തെരുവുകൾക്കേ ലഭിച്ചിട്ടുള്ളു. സ്ത്രീകളുടെ പുറകേ മണത്തു മണത്തു നടക്കുന്ന ചെറുപ്പക്കാരെ കണ്ടേക്കാം പുരുഷന്മാരെ തേടി നടക്കുന്ന, അവരെ വേട്ടയാടിപ്പിടക്കുന്ന സ്ത്രീകൾ നമ്മുടെ നാട്ടിലില്ല. നമ്മുടെ സ്ത്രീകൾ പഠിപ്പും പത്രാസും ഇല്ലാത്തവരായിരിക്കാം. എന്നാലും അവർക്ക്‌ മാനവും നീതിബോധവും വേണ്ടുവോളം ഉണ്ട്‌.
"ശരി, നിങ്ങളുടെ ഈ നാട്ടുകാർ നീതിഭിക്ഷയിൽ മിടുക്കുള്ളവരാണ്‌. സമ്മതിച്ചു. അതുകൊണ്ടല്ലേ പട്ടിണിയും ദാരിദ്രവും നടമാടുന്നതും ഇന്നത്തെകാര്യം തന്നെ നോക്കു. എല്ലാവരും നൃത്തം കണ്ടു രസിക്കുമ്പോൾ നിങ്ങൾ മാത്രം പുച്ഛഭാവത്തിൽ ഇരുന്നുകളഞ്ഞില്ലേ? നല്ലത്‌ ഏത്‌ രാജ്യക്കാരുടേതായാലും നല്ലതെന്നു സമ്മതിച്ചു കൂടെ."

ഇന്നു കണ്ടതായ നൃത്തം എനിക്കു രസിക്കാൻ വകതന്നില്ല. കൈയ്യും, കാലും സാധിക്കുന്നോളം നീട്ടി കാണിക്കുന്നതു നൃത്തമാണോ, കസർത്താണോ? നാടൻ നൃത്തം ഞാൻ ധാരാളം കണ്ടിട്ടുണ്ട്‌. അതു ഹൃദ്യവും ഭാവപൂർണ്ണവുമാണ്‌.

"അങ്ങനത്തെ നൃത്തം ഭാരതത്തിലുണ്ടോ?
നിങ്ങൾക്കുകാണണോ, ദൂരെയെങ്ങും പോകണ്ട. ഇവിടെ അടുത്ത്‌ തന്നെ ഉണ്ടാകും.
തീർച്ചയായും കാണണം അതിൽ കലയുണ്ടെങ്കിൽ അധഃപതിച്ച കൂട്ടരുടെ ഇടയിൽ പക്ഷേ അതിന്‌ സാധ്യതയുണ്ടോ? അവരിൽ കല എങ്ങനെ ശോഭിക്കാൻ.
എന്ത്‌ വക്കീൽ പത്മനാഭനെപ്പോലുള്ളവർ സമൂഹത്തിലെ സംസ്കാരസമ്പന്നന്മാർ ഇങ്ങനെയുള്ളവർ ബഹുമാനിക്കുന്നതു അത്ര അധഃപതിച്ച കൂട്ടരെയാണോ? ഓ.. ബിലാത്തിയിലെ നർത്തകികളെല്ലാം ഉന്നതകുല ജാതകളായിരിക്കും കളയൂ ഈകാര്യം. നമുക്കുറങ്ങാം. എനിക്ക്‌ നാളെ ജോലിക്ക്‌ പോകണം.
ആ സ്നേഹിതർ നിദ്രയിലാണ്ടു.