Followers

Tuesday, November 30, 2010

ഒരു വിഷുക്കവിത


kavalam sasikumar

കണികാണൽ

മഞ്ഞയാൽ മരക്കൂട്ടം തോരണം കെട്ടിത്തൂക്കി
കുഞ്ഞിളം വിഷുപ്പക്ഷി സ്വാഗതം നീട്ടിപ്പാടീ
സ്പഷ്ട നീലിമ നീക്കി മാനത്തെ മച്ചിൽ നിന്നും
കൃഷ്ണ നിൻ വരവുണ്ടെന്നോതുന്നു മയിൽപ്പീലി

കൈനീട്ടം

കൊന്നക്കു തമ്പ്രാൻ നൽകീ കുന്നോളം വരാഹൻ ഹാ
കൊന്നയിന്നതു കോർത്തു നാട്ടാർക്കു കാണാൻ ചാർത്തീ
നിന്നു നിൻ കൈനീട്ടമെന്നാർത്താർത്തു ജനക്കൂട്ടം
ഒന്നുമേ മിച്ചം വെയ്ക്കാതങ്ങറയ്ക്കുള്ളിൽ തൂക്കീ

വെടി വെട്ടം

തൃശ്ശൂരെ പൂരത്തിന്റെ മുഖ്യമാം വെടിക്കെട്ടു
നിരത്തുവാൻ ഹർജീം പിന്നെ കോടതിക്കുരുക്കുകൾ
പൊട്ടുന്നൂ അമിട്ടുകൾ, അവർതൻ വീട്ടിൽ പോലും
മേടത്തിൻ പകർച്ചയിൽ ലാത്തിരി വെട്ടം ഹൃദ്യം

വിഷുഫലം

അങ്ങേതോ മറുനാട്ടിൽ തങ്ങുന്ന മണിക്കുട്ടൻ
പൊങ്ങുന്ന മണിനാദം കേട്ടാണൊന്നുണർന്നത്‌
അമ്മയാണങ്ങെത്തല'യ്ക്കെന്റെ മോൻ കണികണ്ടോ'
എങ്ങനെ ചൊല്ലും കള്ളം 'അമ്മേ ഞാൻ കണി കേൾപ്പൂ.