Followers

Tuesday, November 30, 2010

ഖുജുരാഹോവിലെ രതിശിൽപ്പങ്ങൾ'


a q mahdi

അമേരിക്കൻ ഭൂഖണ്ഡത്തിലെ രണ്ടു രാജ്യങ്ങളാണ്‌ മെക്സിക്കോയും ബ്രസീലും.
അമരേന്ത്യൻ വർഗ്ഗത്തിൽപ്പെട്ട, നിറത്തിലും ശരീരഘടനയിലും ഏതാണ്ട്‌ കേരളീയരെ അനുസ്മരിപ്പിക്കുന്ന രൂപഭാവത്തിലുള്ള മെക്സിക്കോയിലെ ഈ സ്പാനിഷ്‌ ജനതയുടെ സംസ്കാരസവിശേഷതകൾ നേരിട്ട്‌ കണ്ടു പഠിക്കാൻ വളരെ കാലം മുതൽക്കേ എനിക്കു താൽപ്പര്യമുണ്ടായിരുന്നു. അതുപോലെത്തന്നെ തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യമായ ബ്രസീൽ സന്ദർശിക്കാനും.
ഈ രണ്ടു രാജ്യങ്ങളും രണ്ടാഴ്ചക്കാലം കൊണ്ട്‌ സന്ദർശിച്ചു മടങ്ങുക എന്നതായിരുന്നു ഈ വർഷത്തെ എന്റെ വിദേശയാത്രാ പരിപാടികളിലൊന്ന്‌.
തുടക്കം മുതലേ ഈ യാത്രയുമായി ബന്ധപ്പെട്ട്‌ ചില തടസ്സങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു. മെക്സിക്കൻ വിസയുടെ വിഷയത്തിലായിരുന്നു പ്രശ്നം. മെക്സിക്കൻ വിസയ്ക്ക്‌ ന്യൂഡൽഹിയിലുള്ള അവരുടെ എമ്പസിയിൽ നേരിട്ടുതന്നെ ഹാജരാകണം എന്നാണു നിർദ്ദേശം കിട്ടിയത്‌. ഇതിനുവേണ്ടിമാത്രം ഒരു ഡെൽഹിയാത്ര, അതാണെന്നെ അലട്ടിയ പ്രശ്നം.
എങ്കിലീ ഡൽഹിയാത്ര അൽപ്പം ഫലപ്രദമാക്കിയാലോ എന്നായി എന്റെ ചിന്ത. ഡൽഹിയ്ക്കു പോകുംവഴി ഒരു ഖജുരാഹോ സന്ദർശനം, അതാണു ഞാൻ ലക്ഷ്യമിട്ടത്‌.
ഖജുരാഹോ മദ്ധ്യപ്രദേശിലാണ്‌, എന്നാൽ ഡൽഹി റൂട്ടിലല്ലതാനും. തീവണ്ടിയിൽ ഡൽഹിയ്ക്കു പോകുമ്പോൾ കടന്നുപോകുന്ന സ്റ്റേഷനാണ്‌ ത്ധാൻസി, ഝാൻസി റാണിയുടെ നാട്‌. അത്‌ യു.പി.യാണ്‌. അവിടെ ഇറങ്ങി വേണം ഖുജരാഹോവിനു പോകേണ്ടത്‌.
കേരളാ എക്സ്പ്രസ്സിൽ പുറപ്പെട്ട്‌, മൂന്നാംനാൾ പുലർച്ചയ്ക്ക്‌ ഝാൻസി സ്റ്റേഷനിലെത്തിച്ചേർന്നു. വടക്കേ ഇന്ത്യയിൽ വസന്തകാലത്തിന്റെ തുടക്കമാണ്‌. ആ പുലർച്ച സമയത്തും വലിയ തണുപ്പൊന്നും അനുഭവപ്പെട്ടില്ല.
ഝാൻസിയിൽ നിന്നും മദ്ധ്യപ്രദേശ്‌ ടൂറിസ്റ്റ്‌ വകുപ്പിന്റെ ഒരു വാഹനത്തിലാണ്‌ റോഡ്മാർഗ്ഗം അഞ്ചു മണിക്കൂർ സഞ്ചരിച്ചു ഖജുരാഹോവിലെത്തിയത്‌.
ഖജുരാഹോ ഒരു ചെറിയ ഗ്രാമമാണ്‌. സമീപകാലത്തുമാത്രം ഒരു കൊച്ചു പട്ടണമായി വികസിച്ച ഗ്രാമം. ഇവിടെ താജ്ഗ്രൂപ്പിന്റേതടക്കം ചില വൻകിട ഹോട്ടലുകളും നിരവധി ലോഡ്ജിങ്‌ ഹൗസ്സുകളും റസ്റ്ററന്റുകളും ഉണ്ട്‌. എന്തിന്‌, ഒരു എയർപോർട്ട്‌ പോലുമുണ്ടീ കൊച്ചു പട്ടണത്തിൽ.
പ്രകൃതിഭംഗി തീരെ അനുഗ്രഹിച്ചിട്ടില്ലാത്ത ഒരു ഊഷരപ്രദേശമാണിത്‌. വെള്ളം കിട്ടാതെ വരണ്ടുണങ്ങിക്കിടക്കുന്ന വയലേലകൾ. അവയ്ക്കരികിൽ കൊച്ചുകൊച്ചു കുടിലുകൾ. നനവുള്ള ഇടങ്ങളിൽ മാത്രം ഗ്രാമീണർ കടുകും ഇടയ്ക്കിടെ കരിമ്പും കൃഷിചെയ്യുന്നു.
വിണ്ടുകീറിയ പരുക്കൻമണ്ണുള്ള ഈ ചെറുപട്ടണം പ്രശസ്തമായ ഒരു ടൂറിസ്റ്റ്‌ കേന്ദ്രമാണിന്ന്‌. അന്തർദ്ദേശീയ പ്രസിദ്ധി നേടിയ ഒരു ടൂറിസ്റ്റ്‌ കേന്ദ്രം. ഈ ഇടുങ്ങിയ പട്ടണത്തിലെ പൊടിപാറുന്ന ചെളിമൺ നിരത്തുകളിലൂടെ നടന്നുനീങ്ങുന്നവരിലധികവും വിദേശികളാണെന്ന്‌ നമ്മിൽ കൗതകമുണർത്തും. യൂറോപ്പിലും അമേരിക്കയിലും നിന്നുള്ള ടൂറിസ്റ്റുകൾ. യൂറോപ്യരിൽ അധികവും ഇറ്റലിയിൽ നിന്നുള്ളവരാവാമെന്നത്‌ ഹോട്ടലുകളുടെ ഇറ്റാലിയൻ ചുവയുള്ള പേരുകളും റസ്റ്ററന്റുകളിലെ മെനുകാർഡുകളും സൊ‍ാചന നൽകുന്നു.
ടൂറിസ്റ്റുകൾക്ക്‌ വേണ്ടത്ര സൗകര്യമൊരുക്കിക്കൊടുക്കാൻ സംസ്ഥാന ഗവണ്‍മന്റ്‌ തീരെ ശ്രദ്ധ ചെലുത്തിക്കണ്ടില്ല. വൃത്തിയും പരിഷ്കാരവുമില്ലാത്ത ഗ്രാമവാസികൾ. എവിടെയും, വിദേശടൂറിസ്റ്റുകൾക്കു മുന്നിൽ കൈനീട്ടി യാചിക്കുന്ന ദരിദ്രവേഷം ധരിച്ച ബാലികാബാലന്മാർ. അവർ, പുറംലോകത്തിനു മുന്നിൽ ഇന്ത്യയുടെ ഇരുണ്ടമുഖത്തിന്റെ മാത്രം നരച്ച വെളിച്ചം കാട്ടുന്നതുപോലെ തോന്നി.
വിചിത്രതരമായി എനിക്കു തോന്നിയ മറ്റൊന്ന്‌, അവിടത്തെ വ്യാപാരസ്ഥാപനങ്ങളുടെ ഇംഗ്ലീഷിൽ പേരെഴുതിവച്ച ബോർഡുകളിലെ അക്ഷരപ്പിഴവുകളാണ്‌; മിക്ക ബോർഡുകളിലും ഗുരുതരമായ അക്ഷരത്തെറ്റുകൾ. സംസ്ഥാന സർവ്വെ ഡിപ്പാർട്ട്‌മന്റ്‌ ആഫീസിനു മുമ്പിൽ കണ്ട വലിയൊരു ബോർഡിലെ അക്ഷരത്തെറ്റുകൾ കണ്ട്‌ ഞാനമ്പരന്നുപോയി, ഒന്നല്ല നാലു തെറ്റുകൾ.
എന്താണീ ഗ്രാമത്തിന്റെ അന്തർദ്ദേശീയ പ്രസിദ്ധിക്കു കാരണം? കാരണമെന്തായാലും ഈ സ്ഥലത്തിന്റെ പ്രാധാന്യത്തെപ്പറ്റി ഞാൻ ശരിക്കു മനസ്സിലാക്കിയത്‌ ഒരു വിദേശ രാജ്യത്തുവച്ചാണ്‌. ആറുമാസം മുമ്പ്‌. എന്റെ കഴിഞ്ഞ യൂറോപ്പ്‌ യാത്രയ്ക്കിടെ ലണ്ടനിലെ ഒരു ട്യൂബ്‌റെയിലിലൂടെ സഞ്ചരിക്കുമ്പോൾ പരിചയപ്പെട്ട സഹയാത്രികൻ, അദ്ദേഹം ഒരു സ്വീഡിഷ്‌ പൗരനായിരുന്നു, ഒരു കോളേജ്‌ അദ്ധ്യാപകൻ, ഇന്ത്യയെപ്പറ്റി സംസാരിച്ചപ്പോൾ എന്നോടു ചോദിച്ചു, ഖജുരാഹോ സന്ദർശിച്ചിട്ടുണ്ടോ എന്ന്‌. ഇല്ല എന്ന അർത്ഥത്തിൽ ഞാൻ തലയാട്ടിയപ്പോൾ സൗമ്യമായ നേർത്ത ഒരു പരിഹാസഭാവമായിരുന്നു ആ മുഖത്തു കണ്ടത്‌. അദ്ദേഹം അന്ന്‌ എന്നോട്‌ പറഞ്ഞ വാക്കുകൾ ഞാനിപ്പോഴും ഓർക്കുന്നു.

"നിങ്ങളുടെ ഖജുരാഹോ പോലും കാണാതെയാണോ ഒരു ടൂറിസ്റ്റ്‌ എന്ന നിലയിൽ താങ്കൾ യൂറോപ്പ്‌ സന്ദർശിക്കാനെത്തിയത്‌. ഞാൻ രണ്ടു പ്രാവശ്യം ഖജുരാഹോവിൽ വന്നിട്ടുണ്ട്‌. ഒരിക്കൽ ഒറ്റയ്ക്കും, മറ്റൊരിക്കൽ എന്റെ കോളേജിലെ കുറേ വിദ്യാർത്ഥികളുമൊത്തും. ആയിരം വർഷം പഴക്കം ചെന്ന ഏതു പുരാതനദേവാലയമാണ്‌ നിങ്ങൾക്കീ പടിഞ്ഞാറൻദേശങ്ങളിൽ കാണാൻ കഴിയുക....?"
എനിക്കു മറുപടി പറയാൻ കഴിഞ്ഞില്ല. ഫ്രഞ്ച്‌ താടിവച്ച കറുത്ത കണ്ണടയുള്ള ആ മനുഷ്യന്റെ തുടർന്നുള്ള വാക്കുകൾ കൂടി കേട്ടപ്പോൾ എന്റെയുള്ളിൽ ആഗ്രഹം ജനിച്ചതാണ്‌ ഖജുരാഹോ സന്ദർശിക്കണമെന്ന്‌.
അദ്ദേഹം തുടർന്നു പറഞ്ഞു.
"ഒരു സഹസ്രാബ്ദം മുമ്പു നിർമ്മിക്കപ്പെട്ട ആ ക്ഷേത്രങ്ങൾക്കു ചുറ്റും വിന്യസിക്കപ്പെട്ട മനോഹരമായ ശിൽപമാതൃകകൾ പോലെയൊന്ന്‌ ഇന്ത്യയിലല്ലാതെ ലോകത്ത്‌ മറ്റൊരിടത്തും കാണാൻ കഴിയില്ല."
അടുത്ത സ്റ്റേഷനിൽ ഇറങ്ങും വരെ അദ്ദേഹം ഖജുരാഹോ കഥകൾ പറഞ്ഞുകൊണ്ടിരുന്നു.
ആ വാക്കുകൾ എന്റെ മനസ്സിൽ പുതിയൊരു ആഗ്രഹത്തിന്റെ, ആശയത്തിന്റെ വെളിച്ചം പകർന്നു തരികയായിരുന്നു.
ഭൂതകാലത്തിലേയ്ക്ക്‌ ഞാനൽപ്പം കടന്നു പോകുന്നു, ഒരു സഹസ്രാബ്ദത്തിനും അപ്പുറത്തേക്ക്‌.

ഖജുരാഹോ,
ഈ കൊച്ചുഗ്രാമത്തിലെ ക്ഷേത്രങ്ങൾ, ഭാരതം ലോകത്തിനു നൽകിയ അതുല്യ അതിവിശ്ഷ്ട സംഭാവനകളാണ്‌. ജീവിതത്തേയും പ്രേമത്തേയും ആനന്ദത്തേയും വാഴ്ത്തുന്ന സ്തുതിഗീതങ്ങളും, ജീവിതത്തെ അതിന്റെ സമസ്തരൂപത്തിലും ഭാവത്തിലും ആവാഹിച്ച്‌ ശിലാരൂപങ്ങളാക്കി മാറ്റിയ അപൂർവ്വകാഴ്ചകളുമാണ്‌ ഈ ക്ഷേത്രങ്ങളിൽ നമുക്കു കാണാൻ കഴിയുക. ഇവയാകട്ടെ, ശിൽപിയുടെ കരവിരുതിന്റെ സാക്ഷിപത്രം മാത്രമായിരുന്നില്ല, അന്ന്‌ ആ രാജ്യം ഭരിച്ചിരുന്ന ചന്ദേല-രജപുത്ര രാജാക്കന്മാരുടെ സങ്കൽപങ്ങളുടെയും കലാവിഷ്കാരത്തിന്റെയും സൃഷ്ടികൾ കൂടിയായിരുന്നു.
മധ്യപ്രദേശിലെ വിശ്വപ്രസിദ്ധമായ ക്ഷേത്രനഗരമായ ഖജുരാഹോ, ലോകത്തിന്റെ ഒരു സാംസ്കാരിക പൈതൃകസ്വത്തായി ഐക്യരാഷ്ട്രസഭയുടെ യുനസ്കോ തന്നെ അംഗീകരിച്ചിട്ടുണ്ട്‌.
ഖജുരാഹോവിലെ ഈ ക്ഷേത്രസമുഛയങ്ങൾ നിർമ്മിക്കപ്പെട്ടത്‌ ഇ.ഡി.950-1050 കാലഘട്ടങ്ങളിലായിരുന്നു, കേവലം 100 വർഷത്തെ സമയത്തിനുള്ളിൽ. തുടക്കത്തിൽ നിർമ്മിക്കപ്പെട്ട 85-ക്ഷേത്രങ്ങളിൽ 22 എണ്ണം മാത്രമേ ഇപ്പോഴും ലോകത്തിലെ അപൂർവ്വവും അതിമനോഹരവുമായ കലാരൂപങ്ങളായി അവശേഷിക്കുന്നുള്ളു.
ഖജുരാഹോവിലെ ഈ ശിവക്ഷേത്രങ്ങൾ നിർമ്മിച്ചതു ചന്ദ്രവർമ്മ രാജാവിന്റെ കാലത്താണെന്നാണ്‌ പറയപ്പെടുന്നത്‌. ഇതിനെ ചുറ്റിപ്പറ്റിയുള്ള ഐതിഹ്യങ്ങളാകട്ടെ അതീവ വിചിത്രതരവും.

ആരാണീ ചന്ദ്രവർമ്മൻ.....?
ഹേമവതിയെക്കുറിച്ചുകൂടി പറയേണ്ടിയിരിക്കുന്നു. ഒരു ബ്രാഹ്മണപുരോഹിതന്റെ മകളായിരുന്നു അവർ. വിധവയായ ഹേമവതി അതിസുന്ദരിയായിരുന്നു. ഒരിക്കലവൾ കാട്ടിലെ ഒരു പൊയ്കയിൽ കുളിക്കുകയായിരുന്നു. അവളുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായ ഗഗനചാരിയായ ചന്ദ്രദേവൻ, ഒരു യുവസുമുഖന്റെ രൂപം ധരിച്ച്‌ ഭൂമിയിലിറങ്ങി വന്ന്‌ അവളെ പ്രാപിക്കയും തുടർന്ന്‌ ഹേമവതി ഗർഭിണിയാവുകയും ചെയ്തു. ഒരു ദുർബലനിമിഷത്തിൽ സംഭവിച്ചുപോയ ആ തെറ്റിനെക്കുറിച്ച്‌ അവൾ സ്വയം മനസ്സിലാക്കിയപ്പോഴേയ്ക്കും വൈകിപ്പോയിരുന്നു. കുറ്റബോധവും അപമാനഭാരവും അവളെ വല്ലാതെ വേട്ടയാടി. സമൂഹത്തെ ഭയന്ന്‌ അവൾ കാട്ടിനുള്ളിൽ അഭയം തേടുകയും അവിടെ ജീവിക്കുകയും അവിടെവച്ചു ഒരാൺകുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. ഹേമവതി, മകന്‌ ചന്ദ്രവർമ്മൻ എന്ന പേരു നൽകി. ചന്ദ്രവർമ്മൻ പിൽക്കാലത്ത്‌ രാജാവാകുകയും ചന്ദേല രാജവംശം സ്ഥാപിക്കുകയും ചെയ്തു. ചന്ദ്രവർമ്മൻ രാജാവായി അവരോധിക്കപ്പെട്ട സമയത്ത്‌ അദ്ദേഹം തന്റെ അമ്മയെ സ്വപ്നത്തിൽ കണ്ടു. സ്വപ്നദർശനത്തിൽ ചന്ദ്രവർമ്മനോട്‌ തന്റെ കഴിഞ്ഞകാല ജീവിതത്തിനിടയിലൊരിക്കൽ സംഭവിച്ചുപോയ തെറ്റിനു പ്രായശ്ചിത്തമായി സ്വന്തം നാട്ടിൽ 85 ക്ഷേത്രങ്ങൾ പണികഴിപ്പിച്ച്‌ ഒരു ഭാണ്ഡ്യയജ്ഞം നടത്തണമെന്നു അമ്മ നിർദ്ദേശിച്ചു.
മാതാവിന്റെ നിർദ്ദേശം ചന്ദ്രവർമ്മൻ അക്ഷരംപ്രതി അനുസരിച്ചു. യജ്ഞകർമ്മങ്ങളെല്ലാം യഥാവിധി നടത്തപ്പെട്ടു. ക്ഷേത്രനിർമ്മാണത്തിന്‌ ദേവശിൽപിയുടെ സഹായത്തിനായി രാജാവു പ്രാർത്ഥിച്ചു. ചന്ദ്രവർമ്മന്റെ പ്രാർത്ഥനയിൽ സംപ്രീതനായ വിശ്വകർമ്മാവ്‌ ഈ 85 ക്ഷേത്രങ്ങളുടെ നിർമ്മാണം ചുരുങ്ങിയ കാലം കൊണ്ടു പൂർത്തിയാക്കിക്കൊടുക്കുകയായിരുന്നുവത്രേ.

ഈ ക്ഷേത്രങ്ങളിലെ അകത്തളങ്ങളിലും പുറത്തുമായി കൊത്തുപണികളാൽ അലങ്കരിക്കപ്പെട്ട നിരവധി നിരവധി ശിൽപ്പങ്ങളുണ്ട്‌. അനുക്രമമായി കാണുന്ന ഈ ബിംബങ്ങളിൽ ഏറിയപങ്കും രതിശിൽപങ്ങളാണ്‌. സ്ത്രീ പുരുഷ സംഭോഗത്തിന്റെ വൈവിദ്ധ്യമാർന്ന നിലകൾ കലാപരമായി ചിത്രണം ചെയ്ത ശിൽപരൂപങ്ങൾ. മനുഷ്യശരീരസൗന്ദര്യത്തിന്റെ ഉത്തുംഗഭാവത്തിലെത്തിയ രൂപങ്ങൾ. ഒക്കെയും അസാധാരണ വടിവൊത്ത അംഗഘടനയോടു കൂടിയവയാണ്‌. വെറും കല്ലിൽകൊത്തിയ രൂപങ്ങൾ മാത്രമായിരുന്നില്ല ഒരിക്കലുമവ; ജീവൻ തുടിയ്ക്കുന്ന പ്രതിമകളായിരുന്നു അവയോരൊന്നും. ആ സ്ത്രീപുരുഷ പ്രതിമകളുടെ മുഖഭാവം ശ്രദ്ധിച്ചാൽ, അനാദൃശമായ വികാരപ്രപഞ്ചമാണ്‌ അവയിൽ നിഴലിക്കുന്നതെന്നു കാണാം. സ്ത്രീപുരുഷ സമ്മേളനത്തിന്റെ സ്വർഗ്ഗീയനിർവൃതിയിൽ ലയിച്ചു നിൽക്കുന്ന ആ രൂപങ്ങളുടെ മാസ്മരദൃശ്യം തീർച്ചയായും ഒരസാധാരണ അനുഭവം തന്നെയാണ്‌.

പുരുഷനേയും സ്ത്രീയേയും നഗ്നരായി ചിത്രീകരിക്കുന്നതും സംഭോഗം കൊത്തിവയ്ക്കുന്നതും ആഭാസകരമായി തോന്നാമെങ്കിലും ഈ ക്ഷേത്രങ്ങളിലെ രതിശിൽപങ്ങൾ കാണാനിടവന്നാൽ അവയുടെ മുഗ്ദതയിൽ മാത്രമേ നാം ലയിച്ചു നിന്നുപോകൂ, ഒരു അശ്ലീലതാബോധവും നമ്മിൽ ഉളവാകില്ല. ആ ശിൽപ്പങ്ങളുടെ കലാസുഭഗത ആനന്ദാനുഭൂതിയുടെ അഭൗമിക മേഖലകളിലേയ്ക്കാവും നമ്മെ ഉയർത്തിക്കൊണ്ടുപോവുക.

ക്ഷേത്രത്തിലെ രതിശിൽപങ്ങൾ പലതരത്തിലുള്ളവയാണ്‌. സ്ത്രീ-പുരുഷ നഗ്നരൂപങ്ങൾ മറയില്ലാതെ ചിലയിടത്തു കൊത്തിവച്ചിട്ടുണ്ടെങ്കിൽ, മറ്റു ചില ഭാഗങ്ങളിൽ സ്ത്രീയും പുരുഷനും ഇണചേരുന്നതിന്റെ ചിത്രീകരണമാണു കാണുക. അതീവബുദ്ധിമുട്ടുള്ള ചില പോസുകളിൽ ലൈംഗികപങ്കാളികളെ ഇരുവശത്തുനിന്നും മറ്റു സ്ത്രീ-പുരുഷന്മാർ സഹായിക്കുന്ന വിധത്തിലുള്ള ശിൽപ മാതൃകകളും അവിടവിടെ കാണാം. തിര്യക്കുകളുമായുള്ള വേഴ്ചയുടെ ദൃശ്യങ്ങളും അവിടെ കാണാൻ കഴിഞ്ഞു.
ക്ഷേത്രങ്ങളിൽ ഈ രതിശിൽപങ്ങൾ മാത്രമേയുള്ളൂ എന്നു ധരിക്കരുത്‌. ദേവീദേവന്മാർ, അഷ്ടദദിക്പാലകർ, അപ്സരസ്സുകൾ, ശാർദൂലങ്ങൾ, യോദ്ധാക്കൾ തുടങ്ങിയവരേയും ജീവസ്സുറ്റ രൂപങ്ങളായി കൊത്തുപണികൾക്കിടയിൽ കാണാം.

ഈ ദേവാലയങ്ങളുടെ ഏറ്റവും പുതുമയുള്ള വ്യത്യസ്ഥത, ഇവയിലൊരു ക്ഷേത്രത്തിന്റെ നിർമ്മാണത്തിനും കല്ല്‌ അല്ലാതെ മരത്തിന്റെ ചെറിയഅംശം പോലും ഉപയോഗിച്ചിട്ടില്ല എന്നതാണ്‌. ഇരുണ്ട നിറമുള്ള ഒരു പ്രത്യേകതരം മണൽക്കല്ലാണ്‌ ക്ഷേത്രനിർമ്മിതിയ്ക്ക്‌ ഉപയോഗിച്ചിരിക്കുന്നത്‌.
ഖജുരാഹോ ക്ഷേത്രങ്ങളിലെ ഈ രതിശിൽപനിർമ്മിതിയുടെ ഉദ്ദേശ്യം, മനുഷ്യന്റെ ഉള്ളിൽ മറഞ്ഞു കിടക്കുന്ന കാമവികാരം മറനീക്കി പുറത്തേക്കു കൊണ്ടുവരിക, ഇവയുടെ നിരർത്ഥകമായ പൊള്ളത്തരവും അർത്ഥശൂന്യതയും മനസ്സിലാക്കുക എന്നിവയത്രേ.മറ്റൊരു സാധ്യതയെക്കുറിച്ചും അനുമാനമുണ്ട്‌. ചന്ദേലർ, താന്ത്രിക്‌ ആരാധനാ സമ്പ്രദായത്തിൽ വിശ്വസിച്ചിരുന്നവരായതുകൊണ്ട്‌ രതിയെക്കുറിച്ചുള്ള അവരുടെ സങ്കൽപവും കാഴ്ചപ്പാടും സമൂഹത്തിലെ മറ്റുള്ളവരിൽ നിന്ന്‌ വ്യത്യസ്തമായിരുന്നു. സ്വതന്ത്രരതി ഒരു പരിധിവരെ ആ സമൂഹം അംഗീകരിച്ചിരുന്നു. ഭൗതിക ജീവിതത്തിലെ സുഖം, സംതൃപ്തി, ആനന്ദം ഇവ ഏതുതരത്തിലുള്ളതാണെങ്കിൽപ്പോലും സ്വർഗ്ഗപ്രാപ്തിയിലേക്കുള്ള പടവുകളാണെന്ന മിഥ്യാവിശ്വാസം അന്നത്തെ താന്ത്രികർ വച്ചു പുലർത്തുകയും, പ്രചരിപ്പിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇത്തരം ഭൗതികസുഖങ്ങൾ ഭൂമിയിലെ പാരതന്ത്രത്തിൽ നിന്നും മനുഷ്യരെ മോചിപ്പിക്കുകയും, നിർവാണത്തിലേക്ക്‌ നയിക്കുകയും ചെയ്യുമെന്ന്‌ അവർ കരുതിയിരിക്കണം. ഇത്തരമൊരു വികലചിന്താഗതിയുടെ പരിഷ്കരിച്ച രൂപമാണ്‌ ആധുനികകാലത്ത്‌ ഓഷോ (രജനീഷ്‌) പ്രാവർത്തികമാക്കാൻ ശ്രമിച്ചതു.
ക്ഷേത്രനിർമ്മിതിയ്ക്കായി ഖജുരാഹോ എന്ന ചെറുഗ്രാമം എന്തുകൊണ്ടു തിരഞ്ഞെടുത്തുവേന്നതു ഇന്നും അജ്ഞാതം. പല വിശ്വാസങ്ങളിൽ നിന്നും വിവിധ അഭിപ്രായങ്ങൾ സ്വീകരിച്ച്‌ ആ വിവിധ വിശ്വാസങ്ങളെ കൂട്ടിയിണക്കുന്നതിൽ താൽപര്യം കാട്ടിയ ചന്ദേലർ, ഖജുഖുജുരാഹോവിലെ രതിശിൽപ്പങ്ങൾ'